മലയാള സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരും From Wikipedia, the free encyclopedia
ആദ്യകാല മലയാള സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്നു സി.പി.അച്യുതമേനോൻ(1863-1937).
സി.അച്യുതമേനോൻ എന്നും സി.പി.അച്യുതമേനോൻ എന്നും അറിയപ്പെടുന്ന ചങ്ങരംപൊന്നത്ത് അച്യുതമേനോന്റെ ജനനം 1863ൽ തൃശ്ശൂരിലാണ്. പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞൻമേനോൻ,മാതാവ് ചങ്ങരംപൊന്നത്ത് പാർവ്വതിയമ്മ. ഇദ്ദേഹത്തിന്റെ പിതാമഹൻ പാലിയത്ത് ഗോവിന്ദൻ വലിയച്ചൻ, വേലുത്തമ്പി ദളവയോടൊപ്പം ബ്രിട്ടീഷുകാരോട് പൊരുതിയ കൊച്ചി ദിവാൻ ആയിരുന്നു. 1937 ൽ മരണം.
മദിരാശി പച്ചയ്യപ്പാസ് കോളേജിലെ മലയാളം പണ്ഡിതനായിട്ടാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത് .1886 മുതൽ കൊച്ചിസർക്കാരിന്റെ കീഴിൽ സേവനമാരംഭിച്ചു.അന്നത്തെ ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോൻ സംസ്ഥാനവ്യാപകമായി മലയാളവിദ്യാലയങ്ങളുടെ ശൃംഖല ആരംഭിച്ചപ്പോൾ അതിനായി രൂപവത്കരിയ്ക്കപ്പെട്ട വിദ്യാഭ്യാസവകുപ്പിന്റെ തലവനായി നിയമിതനായി. വിവിധ കർമ്മമേഖലകളിൽ ഉയർന്നപദവികൾ വഹിച്ച ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹ്യ-സാമ്പത്തികരംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. കൊച്ചിയിലെ ശിലാശാസനങ്ങളെപ്പറ്റിയുള്ള പഠനം, വ്യവസായപരിഷ്കരണ റിപ്പോർട്ട്, ഇൻഡസ്ട്രിയൽ സ്ക്കൂളുകളുടെ സ്ഥാപനം, ദേവസ്വം ഏകീകരിക്കുന്നതിനെപ്പറ്റിയുള്ള റിപ്പോർട്ട്, കുടിയായ്മ റിപ്പോർട്ട്, ലാന്റ് റവന്യു മാന്വൽ, എൻജിനീയറിങ്ങ് ഡിപ്പാർട്ടുമെന്റ് കോഡ്, വില്ലേജ് ഉദ്യോഗസ്ഥന്മാർക്കുവേണ്ടിയുള്ള നിർദ്ദേശങ്ങൾ, കൊച്ചിൻ സ്റേറ്റുമാന്വൽ ഇവയൊക്കെ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. പുരോഗമനചിന്താഗതിക്കാരനായ ഇദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്നു. തന്റെ ഭരണകാലത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ ഫീസ് നിർത്തലാക്കി എന്നത് ഇതിനൊരുദാഹരണമാണ്.
കൊച്ചിയിലെ ആദ്യത്തെ നിയമനിർമ്മാണ സഭയിൽ അംഗവുമായിരുന്ന സി.പി. അച്യുതമേനോൻ മുളങ്കുന്നത്ത് കാവ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.[1] 1912 ൽ തന്റെ അമ്പതാമത്തെ വയസ്സിൽ സി.പി.ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.[2]
1890ൽ ആണ് ഇദ്ദേഹം പത്രാധിപരായി 'വിദ്യാവിനോദിനി' എന്ന സാഹിത്യമാസിക തൃശ്ശൂരിൽ നിന്നും പുറത്തിറങ്ങിയത്. ഈ മാസികയിൽ പുസ്തകനിരൂപണരൂപത്തിൽ എഴുതപ്പെട്ട ഇദ്ദേഹത്തിന്റെ ലേഖനങ്ങളാണ് മലയാളനിരൂപണരംഗത്ത് ആദ്യമായി ഖണ്ഡനനിരൂപണം തുടങ്ങിവെച്ചത്. ഭാരതീയവും പാശ്ചാത്യവുമായ നിരൂപണസങ്കല്പങ്ങൾ സമന്വയിക്കപ്പെട്ട നിരൂപണാദർശമാണ് അച്യുതമേനോന്റെ സവിശേഷത. സുകുമാർ അഴീക്കോട് തന്റെ മലയാളസാഹിത്യവിമർശനം എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹത്തെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെടുന്നു.എന്തെന്നാൽ,പിൽക്കാലത്ത് ഉള്ളൂരും രാജരാജവർമയും കേരളവർമയും ഉയർത്തിയ പല പ്രശ്നങ്ങളും ഇദ്ദേഹം ആദ്യം തന്നെ സൂചിപ്പിച്ചിരുന്നു എങ്കിലും സൗകര്യപൂർവ്വം വായിയ്ക്കനുതകുന്ന ഗ്രന്ഥരചന നടത്തിയില്ല എന്ന പേരിൽ ഇദ്ദേഹം അവഗണിയ്ക്കപ്പെട്ടു. സി. പി. അച്യുതമേനോന്റെ ജീവ ചരിത്രം വി.കെ.രാമൻ മേനോൻ ആണ് രചിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.