ദുറാനി സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്നു ഷാ ഷൂജ എന്ന് പൊതുവേ അറിയപ്പെടുന്ന ഷൂജാ ഷാ ദുറാനി (യഥാർത്ഥനാമം:ഷൂജ അൽ മുൽക്) (ജീവിതകാലം:1785 നവംബർ 4 - 1842 ഏപ്രിൽ 5). രണ്ടാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന തിമൂർ ഷായുടെ ഏഴാമത്തെ പുത്രനായിരുന്ന ഷൂജ, മൂന്നാം ദുറാനി ചക്രവർത്തി സമാൻ ഷായുടെ നേർ സഹോദരനാണ്. തന്റെ അർദ്ധസഹോദരനും സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയുമായിരുന്ന മഹ്മൂദ് ഷായെ പരാജയപ്പെടുത്തിയാണ് 1803-ൽ ഷാ ഷൂജ അധികാരത്തിലെത്തിയത്. എന്നാൽ 1809-ൽ മഹ്മൂദ് ഷാ തന്നെ ഇദ്ദേഹത്തെ പരാജയപ്പെടുത്തി അധികാരം തിരിച്ചുപിടിച്ചു.

വസ്തുതകൾ ഷൂജ ഷാ ദുറാനി, ഭരണകാലം ...
ഷൂജ ഷാ ദുറാനി
ദുറാനി ചക്രവർത്തി (ഷാ)
Thumb
കാബൂൾ കൊട്ടാരത്തിലിരിക്കുന്ന ഷാ ഷൂജ
ഭരണകാലംദുറാനി സാമ്രാജ്യം: 1803–1809
പൂർണ്ണനാമംഷൂജ അൽ മുൽക്
പദവികൾഷാ ഷൂജ
മുൻ‌ഗാമിമഹ്മൂദ് ഷാ ദുറാനി
പിൻ‌ഗാമിമഹ്മൂദ് ഷാ ദുറാനി
ഭാര്യമാർ
  • ഫത് ഖാൻ തോഖിയുടെ പുത്രി
  • വഫാ ബീഗം
  • സയ്യിദ് ആമിർ ഹൈദർ ഖാന്റെ പുത്രി
  • ഖാൻ ബഹാദൂർ ഖാൻ മാലിക്ദീൻ ഖേലിന്റെ പുത്രി
  • സർദാർ ഹാജി റഹ്മത്തുള്ളാ ഖാൻ സാദോസായുടെ പുത്രി
  • സർവാർ ബീഗം
  • ബീബി മസ്താൻ
രാജവംശംദുറാനി രാജവംശം
പിതാവ്തിമൂർ ഷാ ദുറാനി
അടയ്ക്കുക

പിൽക്കാലത്ത് ബ്രിട്ടീഷുകാരുടെ ആശ്രിതനായി ലുധിയാനയിൽ കഴിഞ്ഞ ഷാ ഷൂജയെ 1839-ൽ ഒന്നാം ആംഗ്ലോ‌അഫ്ഗാൻ യുദ്ധത്തിലൂടെ ബ്രിട്ടീഷുകാർ കാബൂളിലെ ഭരണാധികാരിയായി വീണ്ടും വാഴിച്ചു.[1] തുടർന്ന് 1842-ൽ ഇദ്ദേഹത്തിന്റെ മരണം വരെ ഭരണാധികാരിയായി തുടർന്നു.

പശ്ചാത്തലം

ഷൂജയും ജ്യേഷ്ഠനായ സമാൻ ഖാനും, യൂസഫ്സായ് എന്ന അത്ര പ്രബലമല്ലാത്ത ഒരു പഷ്തൂൺ‌വംശത്തിലെ സ്ത്രീയിൽ തിമൂർ ഷാക്ക് ജനിച്ച മക്കളായിരുന്നു. തിമൂറിന്റെ മരണശേഷം 1793-ൽ സമാൻ ഷാ, മറ്റു സഹോദരന്മാരെ അടിച്ചമർത്തി അധികാരത്തിലെത്തിയപ്പോൾ ഷൂജയും തന്റെ സഹോദരനോടൊപ്പം നിന്നു. പിന്നീട് സമാൻ ഷായെ തോൽപ്പിച്ച് 1800-ൽ മഹ്മൂദ് ഷാ അധികാരത്തിലെത്തിയതിനു ശേഷം, ഷൂജ, മഹ്മൂദിനെതിരെ പോരാട്ടങ്ങൾ നടത്താനാരംഭിച്ചു[2].

അധികാരത്തിലേക്ക്

ബാരക്സായ് വംശത്തിലെ ഫത് ഖാന്റെ സൈന്യമായിരുന്നു മഹ്മൂദ് ഷായുടെ പ്രധാന ശക്തിസ്രോതസ്. 1803 ജൂൺ മാസം, ഫത് ഖാന്റെ അസാന്നിധ്യം മുതലെടുത്ത് ഷൂജ, മഹ്മൂദ് ഷായെ പരാജയപ്പെടുത്തി കാബൂളിൽ അധികാരത്തിലേറി. ഇതോടൊപ്പം മഹ്മൂദിനെ അപ്പർ ബാല ഹിസാറിൽ തടവുകാരനാക്കുകയും ചെയ്തു. കാബൂളിനു ശേഷം ഷൂജ, കന്ദഹാറും കൈയടക്കി.

കലാപങ്ങളും വിജയങ്ങളും

ഷൂജ അധികാരമേറ്റതിനു ശേഷം തിമൂറിന്റെ മറ്റൊരു പുത്രനായിരുന്ന അബ്ബാസ് ഖാൻ കാബൂളിൽ രാജാവായി സ്വയം പ്രഖ്യാപിച്ചെങ്കിലും ഷാ ഷൂജ അധികാരം തിരിച്ചുപിടിച്ചു. കന്ദഹാർ പിടിച്ചതിനു ശേഷം ഷാ ഷൂജ, സമാൻ ഷായുടെ പുത്രനായിരുന്ന ഖയ്സർ മിർസയെ അവിടത്തെ ഭരണകർത്താവായി നിയമിച്ചിരുന്നു. 1808-ൽ ഷാ ഷൂജ, സിന്ധിലായിരുന്ന സമയത്ത് ഖായ്സർ മിർസ കാബൂളിൽ അധികാരം പിടിച്ചെടുത്തു. തുടർന്ന് മിർസ പെഷവാറൂം നിയന്ത്രണത്തിലാക്കിയെങ്കിലും ഷാ ഷൂജ ഈ കലാപവും അടിച്ചമർത്തി. ഇങ്ങനെ ഇയാൾ പലവട്ടം ഷാ ഷുജാക്കെതിരെ തിരിഞ്ഞെങ്കിലും ഷുജ, മിർസയെ കന്ദഹാറിലെ ഭരണകർത്താവായി തുടരാനനുവദിച്ചു.

അബ്ബാസ് ഖാന്റെ കലാപശ്രമങ്ങൾക്കിടയിൽ തടവു ചാടിയ മഹ്മൂദ് ഷായും, ഫത് ഖാനും ഒത്തു ചേർന്ന് 1808-ൽ നടത്തിയ ഒരു സേനാമുന്നേറ്റത്തേയ്യും ഷാ ഷുജ കന്ദഹാറിൽ വച്ച് പരാജയപ്പെടുത്തി[2].

ബ്രിട്ടീഷുകാരുമായുള്ള ബന്ധം

ഇന്ത്യയിലെ ബ്രിട്ടീഷുകാരുമായി ആദ്യമായി ബന്ധം സ്ഥാപിച്ച കാബൂൾ ഭരണാധികാരിയായിരുന്നു ഷാ ഷൂജ. 1809 ജൂൺ മാസം പെഷവാറിലായിരിക്കുമ്പോൾ, ബ്രിട്ടീഷുകാരുടെ പ്രതിനിധിയായിരുന്ന മൗണ്ട്സ്റ്റ്യുവർട്ട് എൽഫിൻസ്റ്റോൺ (1779-1859) ഷാ ഷുജായെ സന്ദർശിച്ചിരുന്നു. പെഷവാറിൽ വച്ച് ഷാ ഷുജയും എൽഫിൻസ്റ്റോണും ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. ഫ്രഞ്ചുകാരോ, ഇറാനികളോ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ആക്രമണം നടത്തിയാൽ അഫ്ഗാനികൾ ബ്രിട്ടീഷുകാരോടൊപ്പം അവർക്കെതിരെ പൊരാടും എന്നായിരുന്ന ഈ കരാറിലെ വ്യവസ്ഥ. എന്നിരുന്നാലും ഈ കരാർ നടപ്പിൽ വന്നില്ല[2].

മഹ്മൂദ് ഷായോട് പരാജയപ്പെടുന്നു

1809-ൽ ജലാലാബാദിനും കാബൂളിനുമിടയിലുള്ള നിംലക്ക് സമീപത്തുവച്ച്[ക] 15000-ത്തോളം അംഗസംഖ്യയുണ്ടായിരുന്ന ഷാ ഷൂജയുടെ സൈന്യത്തെ വെറും 2000 പേർ മാത്രമടങ്ങുന്ന മഹ്മൂദ് ഷായുടേയും ഫത് ഖാന്റേയും സൈന്യം പരാജയപ്പെടുത്തി കാബൂൾ പിടിച്ചടക്കി. മഹ്മൂദ് രണ്ടാം വട്ടവും കാബൂളിൽ അധികാരത്തിലേറി.

ഷാ ഷൂജ ഇതിനിടയിൽ കന്ദഹാറിലേക്ക് കടന്നു. അവിടെ വച്ച് വീണ്ടും തോൽപ്പിക്കപ്പെട്ട ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് കശ്മീരിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് രക്ഷപെട്ട ഷുജ, ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടി. ഇവിടെ വച്ച് തന്റെ കൈയിലെ കോഹിന്നൂർ രത്നം 1813-ൽ രഞ്ജിത് സിങ്ങിന് കൈമാറേണ്ടിയും വന്നു.

1818 മുതൽ സമാൻ ഷായോടൊപ്പം ബ്രിട്ടീഷ് ആശ്രിതനായി ഇദ്ദേഹം ലുധിയാനയിൽ കഴിഞ്ഞു. പിന്നീട് അഫ്ഗാനിസ്താനിൽ ദോസ്ത് മുഹമ്മദ് ഭരണത്തിലേറിയ സമയത്ത് 1834-ൽ, സിഖുകാരുടേയ്യും ബ്രിട്ടീഷുകാരുടേയും പിന്തുണയോടെ ഷാ ഷൂജ, കന്ദഹാർ പിടിച്ചെടുത്തെങ്കിലും ഈ വർഷം അവസാനത്തോടെ ദോസ്ത് മുഹമ്മദിന്റെ സൈന്യം ഇദ്ദേഹത്തെ പരാജയപ്പെടുത്തി.[2]

ബ്രിട്ടീഷ് സഹായത്തോടെ അധികാരത്തിലേക്ക്

1823-ൽ ദുറാനി സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം ബാരക്സായ് വംശജർ, ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ കാബൂളിൽ അധികാരത്തിലെത്തി. ഇന്ത്യയിലെ ബ്രിട്ടീഷുകാരുമായി സഹകരിക്കാൻ വിസമ്മതിച്ച ദോസ്ത് മുഹമ്മദ് ഖാനെ പുറത്താക്കാനും തത്സ്ഥാനത്ത് തങ്ങൾക്ക് നിയന്ത്രണമുള്ള ഒരു ഭരണാധികാരിയെ അഫ്ഗാനിസ്ഥാനിൽ പ്രതിഷ്ഠിക്കാനും, അതുവഴി വടക്കുനിന്നുള്ള റഷ്യൻ കടന്നാക്രമണങ്ങൾക്ക് തടയിടാനും ബ്രിട്ടീഷുകാർ ശ്രമിച്ചതിന്റെ ഭാഗമായാണ് ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം നടന്നത്. ദോസ്ത് മുഹമ്മദിനു പകരം ഷാ ഷൂജയെയാണ് അഫ്ഗാനിസ്താനിലെ ഭരണാധികാരിയാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്.

ഇതിനായി 1838-ൽ ബ്രിട്ടീഷുകാരും സിഖുകാരും ഷാ ഷൂജയും ചേർന്ന് ഒരു ത്രികക്ഷി ഉടമ്പടി എന്നറിയപ്പെടുന്ന ഒരു ധാരണയിലേർപ്പെടുകയും ഷാ ഷൂജയെ അഫ്ഗാനിസ്താനിൽ ഭരണത്തിലേറ്റുമെന്ന് 1838 ഒക്ടോബർ 1-ന് സിംലയിൽ വച്ച് ബ്രിട്ടീഷ് ഗവർണർ ജനറൽ ഓക്ലന്റ് പ്രഭു പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് 1839-ൽ ഷാ ഷൂജ, ബ്രിട്ടീഷുകാരോടൊപ്പം അഫ്ഗാനിസ്താൻ ആക്രമണത്തിൽ പങ്കെടുക്കുകയും 1839 ഏപ്രിൽ 25-ന് കന്ദഹാറും ഓഗസ്റ്റ് 7-ന് കാബൂളും പിടിച്ചടക്കുകയും കാബൂളിലെ ഭരണാധികാരിയായി അവരോധിക്കപ്പെടുകയും ചെയ്തു[1].

അന്ത്യം

1839-ൽ കാബൂളിൽ അധികാരത്തിലേറിയെങ്കിലും ബ്രിട്ടീഷുകാരുടെ കീഴിൽ ആജ്ഞാനുവർത്തിയായി ഭരണം നടത്താനേ ഷാ ഷൂജക്ക് സാധിച്ചുള്ളൂ. 1842-ൽ ബ്രിട്ടീഷ് സൈന്യം കാബൂളിൽ നിന്ന് പിൻ‌വാങ്ങിയതിനുശേഷം, തദ്ദേശീയരായ ബ്രിട്ടീഷ് വിരുദ്ധരുടെ ശക്തമായ പ്രേരണ മൂലം ജലാലാബാദിലെ ബ്രിട്ടീഷ് സൈനികകേന്ദ്രത്തിലേക്ക് ഷാ ഷൂജ സൈനികാക്രമണം നടത്തി. ഇതിൽ തോറ്റോടിയ ഷൂജ, കാബൂളിലെ ബാലാ ഹിസാറിനടുത്തുവച്ച് കൊല്ലപ്പെടുകയായിരുന്നു.

ഷൂജയുടെ പുത്രനായിരുന്ന ഫത് ജംഗ്, കാബൂളിൽ പിന്നീട് അധികാരത്തിലുണ്ടായിരുന്നെങ്കിലും പോപത്സായ്/സാദോസായ്ക്കളുടെ പിന്തുണമാത്രമേ ഇയാൾക്കുണ്ടായിരുന്നുള്ളൂ. ബാരക്സായ് വംശജർ ഇയാളെ എതിർത്തിരുന്നു. 1842-ൽ ബ്രിട്ടീഷുകാർ ഫത് ജംഗിനെ പരാജയപ്പെടുത്തി കാബൂൾ കൊള്ളയടിക്കുകയും, അയാളുടെ ഇളയ സഹോദരൻ ഷാപൂറിനെ അധികാരമേൽപ്പിച്ച് മടങ്ങുകയും ചെയ്തു. ഇതിനു ശേഷം ദോസ്ത് മുഹമ്മദ് ഖാന്റെ പുത്രനായ മുഹമ്മദ് അക്ബർ ഖാൻ, ഷാപൂറിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലേറുകയും ചെയ്തു.[1]

കുറിപ്പുകൾ

ക.^ ഷൂജയുടെ ജ്യേഷ്ഠൻ സമാൻ ഷായെ, മഹ്മൂദ് ഷാ അന്ധനാക്കിയതും ഈ സ്ഥലത്തുവച്ചുതന്നെയാണ്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.