From Wikipedia, the free encyclopedia
പതിനാറാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാ ആലം രണ്ടാമൻ[൧] (ജീവിതകാലം: 1728–1806). മുഗൾ സാമ്രാജ്യത്തിലെ മറ്റുള്ള അവസാനത്തെ ചക്രവർത്തിമാരെപ്പോലെ നാമമാത്ര അധികാരം മാത്രമുണ്ടായിരുന്ന ഷാ ആലം, ബ്രിട്ടീഷുകാരുടെയും മറാഠരുടെയും തുണയിൽ 1759 മുതൽ 1806 വരെ 47 വർഷം സാമ്രാട്ടായിരുന്നു. ഇദ്ദേഹത്തിൻറെ ആദ്യത്തെ പേര് അലി ഗോഹർ എന്നാണ്. ചക്രവർത്തിയായിരുന്ന ആലംഗീർ രണ്ടാമന്റെ പുത്രനാണ്. തന്റെ പിതാവിൽ നിന്നും അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന ഗാസിയുദ്ദീൻ ഖാനിൽ നിന്നും രക്ഷപ്പെട്ട്, ദില്ലിയിൽ നിന്ന് കിഴക്കോട്ട് പലായനം ചെയ്ത ഇദ്ദേഹത്തെ വീണ്ടും സാമ്രാട്ട് പദവിയിലേക്ക് അവരോധിച്ചത് അഹ്മദ് ഷാ ദുറാനിയാണ് [1]
ഷാ ആലം രണ്ടാമൻ | |
---|---|
ഭരണകാലം | 1759 ഡിസംബർ 24 - 1806 നവംബർ 19 (46 വർഷം, 330 ദിവസം) |
കിരീടധാരണം | 1759 ഡിസംബർ 24 (ഗോഥോലിയിൽ വച്ച്) |
മുൻഗാമി | ആലംഗീർ രണ്ടാമനും ഷാജഹാൻ മൂന്നാമനും |
പിൻഗാമി | അക്ബർഷാ രണ്ടാമൻ |
ഭാര്യമാർ | നവാബ് താജ് മഹൽ ബീഗം സാഹിബക്കുപുറമേ നാലുപേർ |
മക്കൾ | |
അമ്പതിലേറെ മക്കൾ | |
പേര് | |
അബ്ദുള്ള ജലാലുദ്ദീൻ അബുൽ മുസാഫർ ഹമുദ്ദീൻ മുഹമ്മദ് അലി ഗവർ ഷാ-ഇ-ആലം | |
രാജവംശം | തിമൂറി |
പിതാവ് | ആലംഗീർ രണ്ടാമൻ |
മാതാവ് | നവാബ് സീനത്ത് മഹൽ സാഹിബ |
കബറിടം | ചെങ്കോട്ട, ഡെൽഹി |
മതം | ഇസ്ലാം |
യുവരാജാവായിരുന്ന അലി ഗോഹർ, മുഗൾ സാമ്രാട്ടായിരുന്ന അസീസുദ്ദീനിൻറെ (അലംഗീർ രണ്ടാമൻ) പുത്രനും കിരീടാവകാശിയുമായിരുന്നു. പക്ഷേ ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ എന്ന മന്ത്രിയുടെ തന്ത്രങ്ങളാൽ പുത്രനു പിതാവിൻറെ കടുത്ത നിരീക്ഷണത്തിനു വിധേയനാവേണ്ടി വന്നു. 1757-ൽ ഗാസി ഉദ്ദീൻ വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിൽ കൈയേറ്റം നടത്തിയതിൽ പ്രതികരിച്ച് അഫ്ഗാനിസ്താനിലെ അഹമ്മദ് ഷാ അബ്ദാലി ദില്ലിയിലേക്കെത്തുകയും ഗാസി ഉദ്ദീനേയും അലംഗീർ രണ്ടാമനേയും സ്വന്തം വരുതിയിൽ നിറുത്തി, നജീബ് ഉദ് ദൗള എന്ന റോഹിലാ സേനാനായകനെ ദില്ലിയുടെ മേൽനോട്ടം ഏല്പിച്ചു തിരിച്ചുപോകയും ചെയ്തു. വീട്ടുതടങ്കലിലായിരുന്ന അലി ഗൌഹറിനെ കൊട്ടാരവളപ്പിനകത്ത് കൂടുതൽ സുരക്ഷിതത്വമുളള സലീംഘർ എന്ന തുറുങ്കിലേക്കു മാറ്റാൻ ഗാസിയുദ്ദീൻ പരിപാടിയിട്ടു. എന്നാൽ ഇതറിഞ്ഞ അലി ഗൌഹർ, നജീബുദ്ദൌളയുടേയും മറ്റു ചിലരുടേയും സഹായത്തോടെ 1758-ൽ തടവു ചാടി, കിഴക്കൻ പ്രവിശ്യകളിൽ അഭയം തേടി.[2] ബംഗാൾ, ബീഹാർ, ഒറീസ്സ പ്രാന്തങ്ങളിൽ സ്വന്തം നിലയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. 1759-ൽ ഗാസി ഉദ്ദീൻ, അലംഗീർ രണ്ടാമനെ കൊലപ്പെടുത്തിയപ്പോൾ, അലി ഗോഹർ, സ്വയം മുഗൾ സാമ്രാട്ടായി പ്രഖ്യാപനം നടത്തി, ഷാ ആലം എന്ന പേരു സ്വീകരിച്ചു. 1761-ലെ മൂന്നാം പാനിപ്പത് യുദ്ധത്തിൽ വിജയിയായ അഹ്മദ് ഷാ ദുറാനി, ഷാ ആലമിനെ മുഗൾ സാമ്രാട്ടായി തുടരാനനുവദിച്ചു. എന്നാൽ അഹമ്മദ് ഷാ ദുറാനിയോട് ഏറെ കൂറ് പുലർത്തിയിരുന്ന നജീബ് ഉദ് ദൗളക്ക് തന്നെയായിരുന്നു ദില്ലിയിലെ യഥാർത്ഥ അധികാരം. അതുകൊണ്ട് ദില്ലിയിലേക്ക് മടങ്ങാതെ, ഷാ ആലം അവധിലും ബംഗാളിലുമായി താമസിച്ചു.
ബംഗാളിലെ പൊതുവെ മോശമായ രാഷ്ട്രീയാന്തരീക്ഷവും, മിർ ജാഫറിനോട് ജനതക്കുണ്ടായിരുന്ന വൈരാഗ്യവും തനിക്ക് ഹിതകരമാവും എന്ന് ഷാ ആലം രണ്ടാമൻ കണക്കു കൂട്ടി. പക്ഷേ 1764-ലെ ബക്സർ യുദ്ധത്തിലെ പരാജയത്തിനു ശേഷം ഷാ ആലത്തിന്, അലഹബാദ് ഉടമ്പടിയനുസരിച്ച് ബംഗാൾ, ബീഹാർ, ഒറീസ്സ പ്രാന്തങ്ങൾ എന്നിവ കമ്പനിക്ക് അടിയറ വെക്കേണ്ടിവന്നു. പകരം കമ്പനിയുടെ 26 ലക്ഷം രൂപ അടുത്തൂൺ പറ്റി അലഹബാദിൽ വാസമുറപ്പിച്ചു. [3]1772-ൽ വാറൻ ഹേസ്റ്റിംഗ്സ് പെൻഷൻ നിർത്തലാക്കി.
ഇതിനിടെ ജാട്ടുകളുടെ നിയന്ത്രണത്തിലായ ദില്ലി തിരിച്ചുപിടിക്കാനായി 1768-ൽ നജീബുദ്ദൗള മറാഠ ശക്തികളുടെ സഹായം തേടി. പക്ഷേ ഇതു പൂർണ്ണമായും സാധിച്ചെടുക്കും മുമ്പ്, 1770-ൽ നജീബുദ്ദൗള മരണമടഞ്ഞു. 1771-ൽ ജാട്ടുകളിൽ നിന്നും ദില്ലി പിടിച്ചടക്കിയ മറാഠർ ഷാ ആലമിനെ ചക്രവർത്തിസ്ഥാനത്തേക്ക് ക്ഷണിച്ചു.[4] ഇതിനിടെ നജീബുദ്ദൌളയുടെ പുത്രൻ സബീതാഖാൻ മുഗൾ രാജകൊട്ടാരത്തിൽ പ്രവേശിച്ച് രാജകുടുംബത്തിലെ സ്ത്രീകളെ കൈയേറ്റം ചെയ്തു. ഇതിനും പകരം വീട്ടാനും സാമ്രാജ്യത്തിൻറെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും ഉളള ലക്ഷ്യത്തോടെ ഷാ ആലം ദൽഹിയിലേക്കു തിരിച്ചു. കൂടെ മിർസാ നജഫ് ഖാന്റെ നേതൃത്വത്തിൽ ഒരു കൊച്ചു സംഘം പടയാളികളുമുണ്ടായിരുന്നു. 1772 ജനുവരിയിലാണ് ഷാ ആലവും കൂട്ടരും ദൽഹിയിൽ തിരിച്ചെത്തിയത്. മിർസാ നജഫ് ഖാൻ പ്രഗല്ഭനായ പടനായകനായിരുന്നു. നജഫ് ഖാൻറെ കാലശേഷം കഴിവും ആത്മാർത്ഥതയും ഇല്ലാത്തവരെയാണ് ഷാ ആലം ആ സ്ഥാനത്തേക്ക് നിയമിച്ചത്. മുഗൾ സാമ്രാജ്യത്തിൻറെ തകർച്ചക്ക് പിന്നെ അധികകാലം വേണ്ടി വന്നില്ല.
ഡെൽഹിയിലെത്തിയതിനു ശേഷം, മറാഠകളുടെ സഹായത്തോടെ ഷാ ആലം, സബീത്ത ഖാനെ തോൽപ്പിക്കുകയും അവരുടെ അധീനപ്രദേശങ്ങൾ മുഗൾ സാമ്രാജ്യത്തോട് ചേർക്കുകയും ചെയ്തു. സബീത്ത ഖാന്റെ പുത്രനായ ഗുലാം ഖാദിറിനെ ഷണ്ഡനാക്കി മുഗൾ കൊട്ടാരത്തിൽ പരിചാരകനാക്കി. ഏതാണ്ട് ആറു കൊല്ലക്കാലം ഷാ ആലം സിംഹാസനത്തിലിരുന്നു. സബീതാ ഖാന് മാപ്പു നല്കുകയും ഏതാനും പ്രവിശ്യകൾ തിരിച്ചു നല്കയും ചെയ്തു.
ഗുലാം ഖാദിർ ഇതിന് പ്രതികാരം വീട്ടി. 1788 ജൂലൈ 17-ന് ഷാ ആലത്തിനെ സ്ഥാനഭ്രഷ്ടനാക്കുകയും ആഗസ്റ്റ് 12ന് അന്ധനാക്കുകയും ചെയ്തു. നിരവധി മുഗൾ കുടുംബാംഗങ്ങളെ വധിക്കുകയും കൊട്ടാരം കൊള്ളയടിക്കുകയും ചെയ്തു.[1] [2] കിരീടാവകാശിയായ അക്ബർഷാ രണ്ടാമനെ തന്റെ ഇഷ്ടപ്രകാരം പാവ കളിപ്പിച്ചു. ഗുലാം ഖാദിർ കൊള്ളയടിച്ച സാമഗ്രികളുടെ കൂട്ടത്തിൽ ഷാ ആലത്തിന്റെ സുപ്രസിദ്ധമായ ഗ്രന്ഥശാലയും ഉൾപ്പെടുന്നു. തുടർന്ന് ഈ ഗ്രന്ഥങ്ങൾ അവധിലെ നവാബിന് വിറ്റു.[5] ഗുലാം ഖാദിറിന്റെ വാഴ്ച ഏതാനും മാസങ്ങളേ നീണ്ടു നിന്നുളളു. 1788 ഒക്റ്റോബറിൽ മറാഠകൾ ഗുലാം ഖാദിറിനെ പരാജയപ്പെടുത്തി ഡെൽഹിയുടെ ചക്രവർത്തിപദം അന്ധനായ ഷാ ആലത്തെ വീണ്ടും ഏൽപ്പിച്ചു. മറാഠർക്ക് ദില്ലിയിൽ യഥാർത്ഥ അധികാരം കൈവന്നു. [4]
ഗുലാം ഖാദിർ സംഭവത്തിനു ശേഷം മറാഠ സൈന്യത്തിന്റെ ഒരു വലിയ വിഭാഗം ദില്ലിയിൽ സ്ഥിരവാസമുറപ്പിച്ചു.[1] [2]. 1803-ൽ മറാഠകളിൽ നിന്ന് ദില്ലിയെ പ്രതിരോധിക്കുന്നതിന് ഷാ ആലം ബ്രിട്ടീഷുകാരെ ക്ഷണിച്ചു.[6] പക്ഷെ അത്തരമൊരു ക്ഷണത്തിനുളള സാഹചര്യങ്ങൾ തന്ത്രപൂർവ്വം സൃഷ്ടിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനി തന്നെയായിരുന്നു. മറാഠനേതാക്കന്മാർ തമ്മിലുളള അധികാര വടംവലിയും ഫ്രഞ്ചുകാരുടെ ശക്തിപ്പെട്ടു വരുന്ന സാന്നിധ്യവും ഇതിനു സഹായകവുമായി. 1803-ലെ ദൽഹി യുദ്ധത്തിനു ശേഷം ദില്ലിയുടെ ആധിപത്യം ഏതാണ്ട് പൂർണ്ണമായി ബ്രിട്ടീഷുകാർ ഏറ്റെടുത്തു. മുഗൾ ചക്രവർത്തിയുടെ അധികാരം നാമമാത്രമായി. ഷാ ആലത്തിന്റെ സാമ്രാജ്യം ദില്ലിമുതൽ പാലം വരെ എന്ന ഒരു ഫലിതം പോലും പ്രശസ്തമാണ്.[5] ഷാ ആലത്തിന്, 90,000 രൂപ പ്രതിമാസ പെൻഷൻ പറ്റി ചെങ്കോട്ടയുടെ നാലതിർത്തിക്കുളളിൽ കഴിയേണ്ടിവന്നു.[2]
1806 നവമ്പർ 19-ന് ഷാ ആലം അന്തരിച്ചു. മെഹ്റോളിയിൽ ബഹാദൂർ ഷായുടെ ശവകുടീരത്തിനടുത്തായാണ് കബറടക്കിയത് [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.