Remove ads
From Wikipedia, the free encyclopedia
അറിവിന്റെ ഉപയോഗരൂപത്തെയാണ് പൊതുവേ സാങ്കേതികവിദ്യ എന്ന് പറയുന്നത് (ആംഗലേയം: Technology). ഇത് വളരെ വിശാലമായ അർത്ഥതലത്തിൽ ഉപയോഗിക്കപ്പെടുന്ന പദമാണ് എന്നതിനാൽ കൃത്യമായ നിർവ്വചനം ഇല്ല. ഉത്പാദനത്തിലോ ശാസ്ത്രീയാന്വേഷണം പോലെയുള്ള ലക്ഷ്യപൂർത്തീകരണങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്ന കഴിവുകളുടെയും മാർഗങ്ങളുടെയും പ്രക്രിയകളുടെയും ഒരു ശേഖരമായി ഇതിനെ കണക്കാക്കാം.മനുഷ്യ സമൂഹത്തിൽ ശാസ്ത്രം, എൻജിനീയറിങ്ങ് എന്നീ മേഖലകളാണ് പ്രധാനമായും ഇതുമായി ബന്ധപ്പെടുന്നത്. ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവുമാണ് സാങ്കേതികവിദ്യയുടെ പ്രധാന മേഖല.
പ്രകൃതിവിഭവങ്ങളെ ലളിതമായ ഉപകരണങ്ങളായി മാറ്റിയതാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ സാങ്കേതികവിദ്യ എന്നു കണക്കാക്കാം.ചരിത്രാതീതകാലത്തെ കണ്ടുപിടിത്തമായ തീയിന്റെ നിയന്ത്രണവും പിന്തുടർന്ന് വന്ന നവീനശിലായുഗ വിപ്ലവവും ആഹാരസ്രോതസ്സുകൾ വർധിപ്പിക്കുകയും ചക്രത്തിന്റെ കണ്ടുപിടിത്തം മനുഷ്യരെ പരിസ്ഥിതിക്കകത്തു സഞ്ചരിക്കാനും നിയന്ത്രിക്കാനും സഹായിച്ചു. ചരിത്രത്തിലെ പല വികാസങ്ങളും, അച്ചടിയന്ത്രത്തിന്റെയും ടെലിഫോണിൻറെയും ഇന്റെർനെറ്റിന്റെയും കണ്ടുപിടിത്തങ്ങൾ അടക്കം, ആശയവിനിമയത്തിന്റെ ഭൌതികപരിതികൾ കുറക്കുകയും ആഗോളതലത്തിൽ സൗരവിഹാരം നടത്താൻ സാധ്യമാക്കുകയും ചെയ്തു. സൈനിക സാങ്കേതിക വിദ്യയിലെ തുടർച്ചയായ വളർച്ച കൂടുതൽ സംഹാരശേഷിയുള്ള ആയുധങ്ങൾ കൊണ്ടു വന്നു.
സാങ്കേതികവിദ്യക്ക് പല പ്രഭാവങ്ങളും ഉണ്ട്. ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥ ഉൾപ്പെടെ വിപുലമായ സമ്പദ് വ്യവസ്ഥകളുടെ വികാസത്തിന് അത് സഹായിച്ചിട്ടുണ്ട്. പല സാങ്കേതിക പ്രക്രിയകളും അനാവശ്യമായ ഉപോത്പന്നങ്ങൾ സൃഷ്ടിക്കാറുണ്ട്,മലിനീകരണം, ഭൂമിയുടെ പരിസ്ഥിതി ദോഷം, പ്രകൃതി വിഭവങ്ങളുടെ ക്ഷയം തുടങ്ങിയവ. അത് കൂടാതെ തന്നെ ഒരു സമൂഹത്തിന്റെ മൂല്യങ്ങളെ സ്വാധീനിക്കുകയും പുതിയ സാങ്കേതികവിദ്യ പലപ്പോഴും പുതിയ നൈതിക ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു.
സാങ്കേതികവിദ്യ മനുഷ്യാവസ്ഥയെ മെച്ചപ്പെടുത്തിയോ അതോ മോശപ്പെടുത്തിയോ എന്നതിനെ പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോട് കൂടിയ പല തത്ത്വശാസ്ത്രപരമായ സംവാദങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളെ ചൊല്ലി ഉടലെടുത്തിട്ടുണ്ട്.
അടുത്ത കാലം വരെ , സാങ്കേതികവിദ്യയുടെ വികസനം മനുഷ്യരിൽ ഒതുങ്ങുന്ന ഒന്നാണെന്നാണ് വിശ്വസിച്ചത് , എന്നാൽ 21 ാം നൂറ്റാണ്ടിൽ ശാസ്ത്രീയ പഠനങ്ങൾ മറ്റ് വർഗങ്ങളും ചില ഡോൾഫിൻ സമുദായങ്ങളും ലളിതമായ ഉപകരണങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ അറിവ് മറ്റ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു എന്നു സൂചിപ്പിക്കുന്നു.
ആദ്യകാല മനുഷ്യരാശിയുടെ ഉപകരണായുപയോഗം ഭാഗികമായി കണ്ടെത്തലിന്റെയും ഭാഗികമായി പരിണാമത്തിന്റെയും പ്രക്രിയ ആയിരുന്നു . ഉപകരണം ഉപയോഗം ആദ്യകാല മനുഷ്യ ചരിത്രത്തിൽ ഏറെ കാലവും താരതമ്യേന മാറ്റമില്ലാതെ തുടർന്നു . ഏകദേശം 50,000 വർഷം മുമ്പ് , ഉപകരണങ്ങളുടേയും സങ്കീർണ്ണമായ സ്വഭാവങ്ങളും ഉയർന്നുവന്നത്, ആധുനിക ഭാഷയുടെ ആവിർഭാവുമായി പല പുരാവസ്തുഗവേഷകരും ബന്ധിപ്പിക്കാറുണ്ട്.
ഹോമിനിഡുകൾ ദശവർഷങ്ങൾക്കു മുമ്പ് തന്നെ കല്ലുപകരണങ്ങൾ അതിന്റെ അപരിഷ്കൃത രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ആ കാലത്തുള്ള കല്ലുപകരണങ്ങൾ ഒരു പൊട്ടിയ പാറകഷ്ണത്തേക്കാൾ ഒട്ടും മെച്ചമല്ലായിരുന്നു, പക്ഷെ 40,000 വർഷങ്ങൾക്കു മുമ്പ് മർദ്ദം ചെലുത്തിക്കൊണ്ട് കുറച്ചു കൂടി മെച്ചപ്പെട്ട ഉപകരണങ്ങൾ ഉണ്ടാക്കാൻ പഠിച്ചു.
അഗ്നിയുടെ കണ്ടുപിടിത്തവും അതിന്റെ ഉപയോഗവും മനുഷ്യരാശിയുടെ സാങ്കേതിക പരിണാമത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. ഈ കണ്ടുപിടിത്തത്തിന്റെ യഥാർത്ഥ തിയതി ഇനിയും അറിവില്ല, എന്നിരുന്നാലും മനുഷ്യരാശിയുടെ കളിത്തൊട്ടിലിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള കരിഞ്ഞ മൃഗാസ്ഥികൾ സൂചിപ്പിക്കുന്നത് 1,000,000 ബി സി ക്ക് മുമ്പ് തന്നെ തീയിനെ മെരുക്കാൻ പഠിച്ചിരുന്നു എന്നാണ്. വൈജ്ഞാനിക സമവായങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഹോമോ ഇറക്റ്റസ് 500,000 ബി സി യുടെയും 400,000 ബി സി യുടെയും ഇടയ്ക്കു അഗ്നിയെ നിയന്ത്രിച്ചിരുന്നു എന്നാണ്. കല്ക്കരിയോ മരമോ ഉപയോഗിച്ചുള്ള തീ ആദിമ മനുഷ്യരെ അവരുടെ ഭക്ഷണം പാകം ചെയ്യാൻ അനുവദിച്ചു.
പ്രാചീന ശിലായുഗത്തുണ്ടായ മറ്റു സാങ്കേതികമായ മുന്നേറ്റങ്ങളാണ് വസ്ത്രവും പാർപ്പിടവും. രണ്ടിന്റെയും കാലഗണന ഇനിയും വ്യക്തമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ കൂടി മനുഷ്യരാശിയിലെ പുരോഗമനത്തിലെ അവയുടെ പ്രാധാന്യത്തെ അവഗണിക്കാൻ സാധ്യമല്ല. ശിലായുഗം മുന്നേറുന്നതിനനുസരിച്ചു പാർപ്പിടങ്ങൾ കൂടുതൽ വിശാലവും പരിഷ്കൃതവും ആയി മാറാൻ തുടങ്ങി. 380,000 ബി സി മുതൽക്കു തന്നെ മനുഷ്യർ താല്ക്കാലിക മരക്കുടിലുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. വേട്ടയാടി പിടിച്ച ജന്തുക്കളുടെ രോമത്തിൽ നിന്നും തോലുകളിൽ നിന്നും ഉൾക്കൊണ്ട വസ്ത്രങ്ങൾ തണുത്ത പ്രദേശങ്ങളിലേക്ക് വികസിക്കാൻ മനുഷ്യരെ സഹായിച്ചു. 200,000 ബി സി തൊട്ടു മനുഷ്യരാശി ആഫ്രിക്ക വിട്ടു യൂറേഷ്യ മുതലായ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറി തുടങ്ങി.
നവീന ശിലായുഗത്തിലാണ് മനുഷ്യൻ സാങ്കേതികമായി കുതിച്ചുയരാൻ തുടങ്ങിയത്. ചെത്തി മിനുക്കിയ കൽമഴുക്കളുടെ കണ്ടുപ്പിടുത്തം വൻതോതിൽ കാടുകൾ വെട്ടി തെളിച്ചു കൃഷി സ്ഥലങ്ങൾ നിർമ്മിക്കാൻ സഹായിച്ചു. കൃഷി വലിയ ജനസംഖ്യയെ ആഹാരത്തിന് സഹായിച്ചു. മുമ്പത്തെ പോലെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം മാറ്റി ഒരിടത്തു നിലനിന്നുള്ള ജീവിതരീതി ആരംഭിച്ചതിനാൽ ശിശുക്കളുടെ പരിപാലനവും സുഖകരമായി. അതിൽ കൂടുതലായി വിളകളുടെ ഉത്പാദനത്തിന് കുട്ടികൾക്ക് സഹായിക്കാനും സാധിച്ചു.
ജനസംഖ്യയിലുണ്ടായ ഈ വർധനവും കായികശേഷിയുടെ ലഭ്യതയും തൊഴിലാളികളുടെ തരംതിരിച്ചിലിനു ആക്കം കൂട്ടി. ആദ്യകാല നവീനശിലായുഗ ഗ്രാമങ്ങളിൽ നിന്നും ഊറുക്ക് പോലുള്ള ആദ്യ നഗരങ്ങളിലേക്കും സുമേർ പോലുള്ള ആദ്യ സംസ്കാരത്തിലേക്കും ഉള്ള വളർച്ചയുടെ കാരണം ഇനിയും പ്രത്യേകമായി അറിയില്ല. എന്നിരുന്നാലും സമൂഹത്തിന്റെ പല തട്ടുകളിലും ഉണ്ടായ തരം തിരിച്ചിലുകളും, സമീപ സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും കച്ചവടങ്ങളും, പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുന്നതിനു വേണ്ടി വന്ന കൂട്ടായ പരിശ്രമങ്ങളും ഇതിനു പങ്കു വഹിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു.
തുടർച്ചയായ മെച്ചപ്പെടുത്തലുകൾ ചൂളയുടെയും ഉലകളുടെയും ആവിർഭാവത്തിനു വഴിതെളിക്കുകയും അതുവഴി പ്രകൃതിയിൽ നിന്നും ശുദ്ധരൂപത്തിൽ കിട്ടുന്ന കിട്ടുന്ന ലോഹങ്ങളെ ഉരുക്കാനും ആവശ്യാനുസരണം രൂപാന്തരം വരുത്താനും സാധിച്ചു. സ്വർണം, ചെമ്പ്, വെള്ളി, ഈയം എന്നിവയായിരുന്നു ആദ്യകാല ലോഹങ്ങൾ. കല്ല്, എല്ല്, മരം ഇത്യാദി വസ്തുക്കളിൽ നിന്നും നിർമിച്ച ഉപകരണങ്ങളെക്കാളും ചെമ്പ് കൊണ്ട് നിർമിച്ച ഉപകരണങ്ങൾക്കുണ്ടായിരുന്ന മേല്ക്കൈ ആദ്യകാല മനുഷ്യര് തിരിച്ചറിഞ്ഞിരുന്നു. ചെമ്പ് പ്രാഥമിക രൂപത്തിൽത്തന്നെ ഏതാണ്ട് 8000 ബി സി ക്ക് അടുത്ത്, നവീന ശിലായുഗാരംഭത്തിൽ, തന്നെ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. ശുദ്ധരൂപത്തിൽ ചെമ്പ് ദുർലഭമാണ് എന്നാൽ ചെമ്പ് അയിര് സുലഭം ആയിരുന്നു താനും. മരതീയോ കല്ക്കരിതീയോ ഉപയോഗിച്ച് അവർ ലോഹം അയിരുകളിൽ നിന്ന് വേർതിരിച്ചെടുത്തു. ലോഹങ്ങളുമായുള്ള ദീർഘമായ സമ്പർക്കം വെങ്കലം, താമ്രം മുതലായ ലോഹസങ്കരങ്ങളുടെ കണ്ടുപിടുതതിലേക്ക് വഴിവച്ചു (ഏതാണ്ട് 4000 ബി സി). സ്റ്റീൽ മുതലായ ഇരുമ്പ് സങ്കരങ്ങളുടെ ഉപയോഗം തുടങ്ങിയത് 1400 ബി സി ക്ക് സമീപത്താണ്.
അതെ സമയംമനുഷ്യർ ഊർജ്ജത്തിന്റെ മറ്റു രൂപങ്ങളെ എങ്ങനെ വിനിയോഗിക്കാം എന്ന് പഠിക്കുകയായിരുന്നു. വായുവോർജ്ജത്തിന്റെ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഉപയോഗം പായക്കപ്പലായിരുന്നു. 3200 ബി സി യോട് അടുത്ത് പഴക്കം ഉള്ള ഒരു ഈജിപ്റ്റ്യൻ മൺഭരണികളിലാണ് കപ്പൽ യാത്രയെ പറ്റിയുള്ള ഏറ്റവും ആദ്യത്തെ രേഖപ്പെടുത്തലുകൾ ഉള്ളത്. പ്രാചീന കാലം മുതൽക്കു തന്നെ ഈജിപ്തുകാർ നൈൽ നദിയുടെ വാർഷിക വെള്ളപ്പൊക്കങ്ങളെ തങ്ങളുടെ കൃഷി സ്ഥലങ്ങൾ നനയ്ക്കാൻ ഉപയോഗിച്ചിരുന്നിരിക്കണം. പതിയെ ചാലുകൾ നിർമ്മിച്ച് അവർ അതിനെ നിയന്ത്രിക്കാൻ പഠിച്ചു. അത് പോലെ തന്നെ മെസൊപൊട്ടൊമിയയിലെ ആദ്യകാല നിവാസികൾ, സുമേറിയക്കാർ, ടൈഗ്രിസിനെയും യുഫ്രെട്ടിസിനെയും ഇതേ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പഠിച്ചിരുന്നു. എന്നിരുന്നാലും വായുവോർജ്ജത്തെയും ജലോർജ്ജത്തെയും ( കായികോർജ്ജത്തെയും) കൂടുതൽ നല്ല രീതിയിൽ വിനിയോഗിക്കാൻ മറ്റൊരു കണ്ടുപിടിത്തം കൂടെ ആവശ്യമായിരുന്നു.
പുരാവസ്തുഗവേഷകരെ അനുസരിച്ച്, ചക്രത്തിന്റെ കണ്ടുപിടിത്തം ഏതാണ്ട് 4000 ബി സി ക്ക് അടുത്താണ്. സമാനകാലയളവിൽ ഒരു പക്ഷെ സ്വന്തത്രവുമായി മെസോപോട്ടോമിയയിലും ( ഇന്നത്തെ ഇറാക്ക്), വടക്കാൻ കാക്കസസിലും (മെയ്‌ക്കൊപ്പ് സംസ്കാരം) മധ്യയുറോപ്പിലും ആണ് ചക്രത്തിന്റെ കണ്ടുപിടിത്തം ഉണ്ടായിട്ടുള്ളത്. 5500 ബി സി തൊട്ടു 3000 ബി സി വരെയുള്ള കാലയളവ് വരെ ഇതിന്റെ സാധ്യത കണക്കു കൂട്ടുന്നുണ്ടെങ്കിലും വിദഗ്ദ്ധർ 4000 ബി സി ക്ക് അടുത്തായി ഇതിനെ അനുമാനിക്കുന്നു. ചക്രങ്ങളോട് കൂടിയ കാളവണ്ടികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പുരാവസ്തുക്കളുടെ പഴക്കം 3000 ബി സി യോടടുത്താണ്. എങ്കിലും ചക്രങ്ങൾ അതിനെക്കാളേറെ മുമ്പേ തന്നെ ഉപയോഗിച്ചിരുന്നു. കുശവന്റെ ചക്രവും അക്കാലത്ത് ഉപയോഗിചിരുന്നതിനായി തെളിവുകളുണ്ട്. അറിയപ്പെടുന്നതിൽ ഏറ്റവും പുരാതനമായ മരചക്രം കണ്ടെടുത്തിട്ടുള്ളത് സ്ലൊവെനിയയിലെ ലിയൂബ്ലിയാന ചതുപ്പുകളിൽ നിന്നാണ്.
ചക്രങ്ങളുടെ കണ്ടുപിടിത്തം വ്യാപാരത്തിലും യുദ്ധത്തിലും വിപ്ലവങ്ങൾ തന്നെ വരുത്തി വച്ചു.
റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ആദ്യ കാല നൂറ്റാണ്ടുകളിൽ പട്ട്, ലാടം തുടങ്ങിയ കണ്ടുപിടിക്കപ്പെട്ടു. മധ്യയുഗസാങ്കേതികവിദ്യ ലിവർ, സ്ക്രൂ, കപ്പി തുടങ്ങിയ നിസ്സാര ഉപകരണങ്ങൾ ഉപയോഗിച്ച് കാറ്റാടി, ഘടികാരങ്ങൾ പോലെയുള്ള കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ നിർമിച്ചു തുടങ്ങി. നവോത്ഥാന പ്രസ്ഥാനം അച്ചടി ശാല പോലുള്ള ഒരു പാട് കണ്ടുപിടിത്തങ്ങൾ കൊണ്ട് വരികയും സാങ്കേതികവിദ്യ ശാസ്ത്രത്തോട് കൂടുതൽ ബന്ധപ്പെട്ടുകൊണ്ട് ഒരു അനുബന്ധചക്രത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഈ കാലയളവിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ഒരു സ്ഥിരതയാർന്ന ഭക്ഷണവിതരണവും കൂടുതൽ വിപുലമായ ഉപഭോക്തൃ ഉത്പന്നങ്ങളും അനുവദിക്കുന്നതിനു കാരണമായി.
മനുഷ്യനെക്കൂടാതെ മറ്റുചില ജീവികളും ലളിതമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിമ്പാൻസി, ഡോൾഫിനുകൾ, ബീവർ എന്നിവയാണ് അവയിൽ പ്രധാനം. ചിമ്പാൻസികൾ ലിവറുകൾ, ചിതലുകളെ പിടിക്കാനുള്ള കമ്പ് തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.