വി.എച്.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിശ്വ ഹിന്ദു പരിഷത്ത് , ഇന്ത്യൻ ദേശീയത അടിസ്ഥാനമാക്കി 1964-ൽ രൂപംകൊണ്ട ഒരു വലതുപക്ഷ അന്താരാഷ്‌ട്ര ഹിന്ദു സംഘടനയാണ്.[1][2] ധർമ്മത്തെ സംരക്ഷിക്കുന്നവരെ ധർമ്മം സംരക്ഷിക്കുന്നു എന്നർഥം വരുന്ന "ധർമ്മോ രക്ഷതി രക്ഷ" എന്നതാണ് പ്രേരണാ വാചകം. ജാതീയതകൾക്കും മറ്റു വ്യത്യാസങ്ങൾക്കും അതീതമായി, വിവിധ ഹിന്ദു സമുദായങ്ങളുടെ ഏകീകരണവും ഹിന്ദുക്കളുടെ സംരക്ഷണവുമാണ്‌ സംഘടനയുടെ ലക്‌ഷ്യം. രാമജന്മഭൂമി-ബാബരി മസ്ജിദ്‌ തർക്കമന്ദിരത്തിൻറെ സ്ഥാനത്ത് ക്ഷേത്രം പണിയാനുള്ള പ്രക്ഷോഭത്തിലൂടെയാണ് വി.എച്ച്.പി ശ്രദ്ധയിൽ വരുന്നത്. പിന്നീട് ബാബറി മസ്ജിദ്‌ തകർത്ത സംഭവത്തിൽ വി.എച്.പിയും പങ്കാളികളായിരുന്നു.

വസ്തുതകൾ ചുരുക്കപ്പേര്, ആപ്തവാക്യം ...
വിശ്വ ഹിന്ദു പരിഷത്ത്
विश्व हिन्दू परिषद
VHP Logo
Logo of the V.H.P
ചുരുക്കപ്പേര്VHP
ആപ്തവാക്യംDharmo Rakshati Rakshitah
धर्मो रक्षति रक्षितः
രൂപീകരണം29 ഓഗസ്റ്റ് 1964 (60 വർഷങ്ങൾക്ക് മുമ്പ്) (1964-08-29)
സ്ഥാപകർM. S. Golwalkar
S. S. Apte
ചിന്മയാനന്ദ
തരംRight-wing organisation
ലക്ഷ്യംHindu nationalism and Hindutva
ആസ്ഥാനംNew Delhi, India
അക്ഷരേഖാംശങ്ങൾ28.33°N 77.10°E / 28.33; 77.10
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
അംഗത്വം
6.8 million
ഔദ്യോഗിക ഭാഷ
Hindi
International President
Vishnu Sadashiv Kokje
പോഷകസംഘടനകൾBajrang Dal (youth wing)
Durga Vahini (women's wing)
ബന്ധങ്ങൾSangh Parivar
വെബ്സൈറ്റ്vhp.org
അടയ്ക്കുക

അയോധ്യ തർക്കവുമായി ബന്ധപ്പെട്ട് 1992-ൽ ബാബറി മസ്ജിദ് തകർത്തതിൽ വഹിച്ച പങ്കിന്റെ പേരിൽ, ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരായ അക്രമത്തിന് സംഭാവന നൽകിയതിന് വിഎച്ച്പി വിമർശിക്കപ്പെടുന്നു.[3][4]ആർ.എസ്.എസിന്റെ കുടക്കീഴിലുള്ള സംഘപരിവാറിൽ ഉൾപ്പെടുന്ന ഒരു സംഘടനയാണ് വി.എച്.പി[5][6][7].

2018 ജൂൺ 4 ന്, അമേരിക്കൻ കേന്ദ്രീയ രഹസ്യാന്വേഷണ ഏജൻസി (സി.ഐ.എ) വി.എച്.പി, ബജ്റംഗ് ദൾ എന്നീ സംഘടനകളെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്ന മത സായുധസംഘങ്ങളിൽ ഉൾപ്പെടുത്തി[8][9]

ചരിത്രം

Thumb
വി.എച്.പി.യുടെ ലോഗോ

സ്വാമി ചിന്മയാനന്ദ, പ്രസിഡണ്ട്‌ ആയും മുൻ ആർ.എസ്.എസ് അംഗമായിരുന്ന എസ്.എസ്. ആപ്തെ ജനറൽ സെക്രട്ടറിയും ആയി 1964-ൽ മാസ്റർ താരാ സിങ്ങും ചേർന്ന് രൂപീകരിച്ചതാണ് വി.എച്.പി.[10] സംഘടനയുടെ പ്രാരംഭ സമ്മേളനം 1964 ആഗസ്റ്റ്‌ 29-ന് ജന്മാഷ്ട്ടമി ദിനത്തിൽ നടത്തപ്പെടുകയും ഹിന്ദു, സിഖ്, ബുദ്ധ, ജൈന വിശ്വാസികളിൽ പെട്ട നിരവധി പ്രതിനിധികൾ, ദലൈലാമ ഉൾപ്പെടെ, പങ്കെടുക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ആതിഥ്യം വഹിച്ചിരുന്ന ആർ.എസ്.എസ് സർസംഘചാലക് എം.എസ്. ഗോൾവർക്കർ സമ്മേളനത്തിൽ "എല്ലാ ഭാരതീയ വിശ്വാസങ്ങളും ഒന്നിക്കണം" എന്ന് ആഹ്വാനം ചെയ്യുകയും "ഹിന്ദു"(ഹിന്ദുസ്ഥാനിലെ ജനങ്ങൾ) എന്നത് എല്ലാ മതങ്ങളുടെയും അതീതമായിട്ടുള്ള ഒന്നാണ് എന്ന് വിശദീകരിക്കുകയും ചെയ്തു.[11] ആപ്തെ പ്രസ്താവിച്ചു:

ലോകം ക്രിസ്ത്യൻ, മുസ്ലീം, കമ്യൂണിസ്റ്റ് എന്നിങ്ങനെ തരം തിരിഞ്ഞിരിക്കുകയാണ്. അവർ എല്ലാവരും ഹിന്ദു സമൂഹത്തെ തടി വെക്കാൻ പറ്റിയ നല്ല ആഹാരമായിയാണ് കാണുന്നത്. ഈ കാലഘട്ടത്തിൽ ഈ മൂന്നു ചെകുത്താന്മാരിൽ നിന്നും രക്ഷ നേടാൻ ഹിന്ദു സമൂഹം ചിന്തിക്കുകയും സംഘടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്‌.

[അവലംബം ആവശ്യമാണ്]

ആ സമ്മേളനത്തിൽ സംഘടനയുടെ പേര് വിശ്വ ഹിന്ദു പരീഷത്ത് എന്ന് തീരുമാനിക്കുകയും ലോകത്തിലെ ഹിന്ദുക്കളുടെ ഒത്തുചേരലായ കുംഭമേള സമയത്ത്, 1996-ൽ അലഹാബാദിൽ വച്ച് സംഘടന നിലവിൽ വരുത്താനും തീരുമാനിച്ചു. കൂടാതെ, സംഘടന ഒരു രാഷ്ട്രീയേതര സംഘടയാക്കാനും മറ്റു രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനം വഹിക്കുന്നവർക്ക് വി.എച്.പിയിൽ ഒരേ സമയം സ്ഥാനം പാടില്ല എന്നും തീരുമാനമെടുത്തു. സംഘടനയുടെ ലക്ഷ്യങ്ങളായി തീരുമാനിക്കപ്പെട്ടത്‌,

  • ഹിന്ദു സമൂഹങ്ങളെ ഒന്നിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
  • ഹിന്ദു മൂല്യങ്ങളെ സംരക്ഷിക്കുകയും വളർത്തുകയും എല്ലാവരിലേയ്ക്കും പാരമ്പര്യത്തിന്റെയും ആത്മീയതയുടെയും ഘടകങ്ങൾ ആധുനിക കാലത്തിൽ എത്തിക്കുകയും ചെയ്യുക.
  • വിദേശങ്ങളിൽ വസിക്കുന്ന ഹിന്ദുക്കളുമായി ബന്ധം പുലർത്തുകയും ഹിന്ദുത്വം എന്നറിയപ്പെടുന്ന അവരുടെ ഹിന്ദു സത്വത്തെ സംരക്ഷിക്കുകയും ചെയ്യുക.

അയോധ്യാ വിവാദം

രാമജന്മഭൂമി-ബാബറി മസ്ജിദ്‌ തർക്കമന്ദിരത്തിന്റെ സ്ഥാനത്ത് ക്ഷേത്രം പണിയാനുള്ള 20 വർഷത്തോളം നീണ്ടു നിന്ന പ്രക്ഷോഭങ്ങൾക്ക് ശേഷം 1992-ൽ തകർത്ത സംഭവത്തിൽ വി.എച്.പിയും പങ്കാളികളായിരുന്നു.[12] ശ്രീരാമൻറെ ജന്മഭൂമിയിൽ നിലനിന്നിരുന്ന ക്ഷേത്രം തകർത്താണ് ബാബറി മസ്ജിദ് നിർമ്മിച്ചത്‌ എന്ന് വി.എച്.പി നിലപാടെടുത്തു. 1980-ന്റെ അവസാനം ഈ വിഷയം രാജ്യത്തിന്റെ രാഷ്ട്രീയ വിഷയമാക്കി ബി.ജെ.പ്പിയും വി.എച്.പിയും രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഈ വിഷയം രാജ്യത്തിലെ കോടതികളും പ്രധാന രാഷ്ട്രീയ കക്ഷിയായ കോണ്ഗ്രസും ഉപേക്ഷിച്ചിരിക്കുകയാണ് എന്നായിരുന്നു വി.എച്.പി നിലപാടെടുത്തത്. 1992 ഡിസംബർ 6-ന് വി.എച്.പി ഉൾപ്പെടുന്ന ഹിന്ദു സംഘടനകൾ തർക്കസ്ഥലത്ത് കർസേവക്കായി ഒത്തുകൂടുകയും പ്രക്ഷോഭകരിലെ ഒരു വിഭാഗം ഹിന്ദുക്കൾ തർക്ക മന്ദിരം തകർക്കുകയും ചെയ്തു. രാജ്യത്തിൽ തുടർന്ന് നിരവധി കലാപങ്ങൾ അരങ്ങേറുകയും 2000-നടുത്ത് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.[13][14]

ആദർശങ്ങളും ലക്ഷ്യങ്ങളും

സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇവയാണ്[15]:

  • സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ ആത്മീയ മൂല്യങ്ങളിലൂടെ ഹിന്ദുക്കളെ ഒന്നിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയും ലോകമാനവികതയ്ക്കും പുരോഗതിക്കും ഭാരതത്തിലെ പുരാതന മൂല്യങ്ങളിലൂടെ സംഭാവന നൽകുകയും ചെയ്യുക.
  • പാവങ്ങൾക്ക് വിദ്യാഭ്യാസ, വൈദ്യസഹായങ്ങളും ദുരിതാശ്വാസ സഹായങ്ങളും നൽകുക. ജനങ്ങൾക്ക്‌ ശാസ്ത്രീയ, സാമൂഹിക, മതപരമായ ചിന്തകളുടെ പ്രയോജനം എത്തിക്കുക.
  • ഇത്തരം പ്രവർത്തനങ്ങൾക്കാവശ്യമായ പണം പുസ്തക വിൽപ്പനയിലൂടെയും മറ്റു രീതികളിലൂടെയും കണ്ടെത്തുക.

വി.എച്.പി ഉയർത്തുന്ന മറ്റു ആവശ്യങ്ങൾ ഇവയാണ്,

  • രാമജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം പണിയുക.
  • ക്രിസ്ത്യൻ മിഷനറിമാരും മുസ്ലീം സംഘടനകളും നടത്തുന്ന നിർബന്ധിത മതപരിവർത്തനങ്ങൾ അവസാനിപ്പിക്കുക.
  • ഗോവധം നിരോധിക്കുക.
  • വിവിധ വിശ്വാസങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക.
  • ശക്തമായ ഭീകരവിരുദ്ധ നിയമം നടപ്പാക്കുകയും ഭീകരർക്ക്‌ കടുത്ത ശിക്ഷ നടപ്പാക്കുകയും ചെയ്യുക.
  • ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുക.
  • ഭരണഘടനയിലെ ആർട്ടിക്കൾ 370 എടുത്തുകളയുക.

ഹിന്ദൂയിസത്തിൻറെ അർത്ഥം

മറ്റു സംഘപരിവാർ സംഘടനകളെപ്പോലെ ഹിന്ദു എന്നാൽ ഇന്ത്യൻ ജനതയെയും ഹിന്ദുധർമ്മം എന്നാൽ ഭാതത്തിൽ നിന്നും ഉത്ഭവിച്ച ബുദ്ധ, ജൈന, സിഖ് വിശ്വാസങ്ങളെ ഉൾക്കൊള്ളുന്നതുമാണ് എന്നാണ് വി.എച്.പി വ്യാഖ്യാനിക്കുന്നത്.

ഹിന്ദൂയിസത്തിൽ നിന്നുള്ള പരിവർത്തനം

ഭാരതത്തിൻറെ വെളിയിൽ നിന്നും എത്തിയ മതങ്ങൾ ഭാരതത്തിലെ ധർമ്മങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കാനും അവഹേളിക്കാൻ ശ്രമിക്കുന്നുവെന്നും വി.എച്.പി അവകാശപ്പെടുന്നു. ക്രിസ്ത്യൻ മിഷനറിമാരും മുസ്ലീം സംഘടനകളും ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റിക്കാനായി പ്രവർത്തിക്കുന്നു എന്നും അതിനായി വിദേശത്ത് നിന്നും പണം ഒഴുക്കുന്നു എന്നും അവകാശപ്പെടുന്നു. ഇത്തരം നിർബന്ധിത പരിവർത്തനങ്ങളെ തടയുന്നത് കൂടാതെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദൂയിസത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വി.എച്.പി ചെയ്യുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളിൽ നിന്നും മതപരിവർത്തനം നടത്തിയതാണ് എന്നാണ് വി.എച്.പി വിലയിരുത്തിയിരിക്കുന്നത്.

സംഘടന

വി.എച്.പി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളിലൂടെ സംഘടിക്കുന്നു. ജനാധിപത്യരീതി പിന്തുടരുന്ന ഈ ദേശീയ സംഘടനയുടെ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നിവയാണ് ഉയർന്ന സ്ഥാനങ്ങൾ. എങ്കിലും മുതിർന്ന നേതാക്കൾ അടങ്ങുന്ന സെൻട്രൽ കൌൺസിൽ ആണ് വിവിധ സ്ഥാനങ്ങൾ നിശ്ചയിക്കുന്നത്. 'ധർമസൻസദ്' എന്ന ഹൈന്ദവ പാർലമെന്റിൽ ഹിന്ദു സന്യാസിമാരും മത പണ്ഡിതരും ഉൾക്കൊള്ളുന്നു. അവർ സംഘടയുടെ നിലപാടുകളുടെ വിവിധ വശങ്ങളും സാമൂഹിക-സാംസ്കാരിക ചോദ്യങ്ങളും ഉന്നയിക്കുന്നു.

വി.എച്.പി.യുടെ യുവജനവിഭാഗമായ ബജ്രംഗ് ദൾ വിവിധ സംസ്ഥാനങ്ങളിൽ ശാഖകൾ സംഘടിപ്പിക്കുകയും ആയിരക്കണക്കിന് യുവജനങ്ങൾ വിവിധ പ്രവർത്തങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ദുർഗാ വാഹിനി, 1991-ൽ ആരംഭിച്ച വി.എച്.പിയുടെ വനിതാവിഭാഗമാണ്. "ശാരീരികവും മാനസികവും ആത്മീയവുമായ അറിവും പുരോഗതിയും ലഭിക്കാൻ സ്വയം അർപ്പിക്കുക" എന്നതാണ് വി.എച്.പിയുടെ വിനിതാ-യുവജന വിഭാഗങ്ങളുടെ ലക്‌ഷ്യം.[16]

സാമുദായിക സ്പർധകൾ

ഹിന്ദുക്കൾ ക്രിസ്തീയതയിലെയ്ക്ക് മാറുന്നത് അവസാനിപ്പിക്കാൻ വി.എച്.പി നിരവധി പ്രവർത്തങ്ങൾ നടത്തി. ഇത്തരം മതം മാറ്റത്തിലൂടെ ഒരാൾക്കും ഗുണം ലഭിച്ചിട്ടില്ല എന്നതാണ് സംഘടന കണ്ടത്. അതിനാൽ ഹിന്ദൂയിസത്തിലെയ്ക്ക് തിരികെ കൊണ്ട് വരുന്നത് നേരായ മാർഗ്ഗമാണെന്ന് കാണുന്നു.[17][18][19]

പഞ്ചാബിലെ സിക്കുകാർ, പ്രത്യേകിച്ചും അധസ്ഥിതരായ സിക്കുകാർ ക്രിസ്തീയമതം സ്വീകരിക്കുന്നത് തടയാനുള്ള പ്രവർത്തങ്ങൾ നടത്തുകയും ഉയർന്ന ജാതിയിൽ പെട്ട സിക്കുകാരിൽ നിന്ന് എതിർപ്പുകൾ നേരിടുകയും ചെയ്തുവെങ്കിലും ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തനങ്ങൾക്ക് തടയിട്ടു.[20]

2005–2009 കാലഘട്ടത്തിലെ കേരളത്തിലെ ലൗ ജിഹാദ് വിവാദം ക്രിസ്ത്യൻ സംഘടനകളുമായി ചേർന്ന് ഉയർത്തിക്കൊണ്ടു വന്നത് വി.എച്.പി ആയിരുന്നു.[21] കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ് വിവാദം.[22]

വിവാദങ്ങൾ

ബിൽകീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ 2022 ലെ സ്വാതന്ത്ര്യ ദിനത്തിൽ വി.എച്ച് .പി ഓഫീസിൽ മാലയിട്ട് സ്വീകരിച്ചത് വലിയ വിമർശനങ്ങൾ ഉയർത്തുകയുണ്ടായി. കൂട്ടക്കൊലയ്ക്കും ബലാത്സംഗത്തിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. അന്ന് പുറത്തിറങ്ങിയ പ്രതികകൾക്ക് വി.എച്ച് പി ഓഫീസിൽ മധുരം നൽകുന്ന ചിത്രങ്ങളും പുറത്ത് വരികയുണ്ടായി.എന്നാൽ ഇതേ പ്രതികളെ വെറുതെ വിട്ട സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടും പ്രതികളെ പുറത്ത് വിട്ട നടപടി റദ്ധാക്കികൊണ്ടും 2024 ജനുവരി 8 ന് സുപ്രീം കോടതി വിധിപുറപ്പെടുവിക്കുകയുണ്ടായി.[23]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.