Remove ads
From Wikipedia, the free encyclopedia
അഫ്ഗാനിസ്താന്റെ കിഴക്കേയറ്റത്തായി, ഒരു നാട പോലെ ചൈനയിലേക്ക് നീണ്ടുകിടക്കുന്ന ഭൂഭാഗമാണ് വഖാൻ ഇടനാഴി (Wakhan Corridor). പാമീർ പർവ്വതക്കെട്ടിലായി 4,293 മീറ്റർ ഉയരത്തിലായാണ് വാഖാൻ ഇടനാഴിയുടെ സ്ഥാനം. വടക്ക് തജിക്കിസ്ഥാൻ ,തെക്ക് കശ്മീർ, കിഴക്ക് ചൈന എന്നിങ്ങനെയാണ് ഇടനാഴിയുടെ അതിരുകൾ. ഏകദേശം 210 കിലോമീറ്റർ നീളവും 20 കിലോമീറ്ററിനും 60 കിലോമീറ്ററിനും ഇടയിലുള്ള വീതിയുമുണ്ട് വാഖാൻ ഇടനാഴിക്ക്[1].
വാഖാൻ ഇടനാഴി | |||||||||||||
Chinese name | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 瓦罕走廊 | ||||||||||||
Traditional Chinese | 瓦罕走廊 | ||||||||||||
Literal meaning | Wakhan Corridor | ||||||||||||
| |||||||||||||
Alternative Chinese name | |||||||||||||
Simplified Chinese | 阿富汗走廊 | ||||||||||||
Traditional Chinese | 阿富汗走廊 | ||||||||||||
Literal meaning | Afghan Corridor | ||||||||||||
| |||||||||||||
Second alternative Chinese name | |||||||||||||
Simplified Chinese | 瓦罕帕米尔 | ||||||||||||
Traditional Chinese | 瓦罕帕米爾 | ||||||||||||
Literal meaning | Wakhan Pamir | ||||||||||||
| |||||||||||||
Pashto name | |||||||||||||
Pashto | دهلېز واخان |
വൻകളിയുടെ സമാപനമെന്നോണം, റഷ്യയും ബ്രിട്ടീഷ് ഇന്ത്യയും തമ്മിൽ 1873-ൽ അംഗീകരിച്ച ഒരു കരാറിന്റെ ഫലമായാണ്, അഫ്ഗാനിസ്താനിലേക്ക് വഖാൻ ഇടനാഴി എന്ന ഒരു നാടപോയെയുള്ള പ്രദേശം കൂട്ടിച്ചേർക്കപ്പെട്ടത് . ഇരു സാമ്രാജ്യങ്ങളും തമ്മിൽ നേരിട്ട് അതിർത്തി പങ്കിടാതെ അഫ്ഗാനിസ്താനെ തങ്ങൾക്കിടയിലയിലെ ഒരു നിഷ്പക്ഷഭൂമിയാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.
ലോകത്തിലെ ഏതെങ്കിലും രണ്ട് രാജ്യങ്ങളുടെ അതിർത്തികൾ തമ്മിൽ ഏറ്റവും വലിയ സമയവ്യത്യാസം ഉള്ളതും വാഖാൻ ഇടനാഴിയിലാണ്. അതിർത്തിക്കിരുവശത്തുമുള്ള ചൈനയുടെ പ്രദേശവും വാഖാൻ ഇടനാഴിയും തമ്മിൽ മൂന്നര മണിക്കൂർ സമയ വ്യത്യാസം നിശ്ചയിച്ചിരിക്കുന്നു. അതായത് ചൈന പ്രദേശത്ത് രാവിലെ സമയം എട്ടു കണക്കാക്കുമ്പോൾ തൊട്ടടുത്ത വാഖാൻ ഇടനാഴിയിൽ സമയം രാവിലെ 4.30 മാത്രമായേ കണക്കാക്കുന്നുള്ളൂ.[1]
ഇടനാഴിയുടെ പടിഞ്ഞാറൻ കവാടത്തിലായി, അഫ്ഗാൻ പട്ടണമായ ഇഷ്കാഷിമിന് സമീപത്ത്, ഇടനാഴിക്ക് ഏകദേശം 18 കിലോമീറ്റർ (11 മൈൽ) വീതിയാണുള്ളത്.[2] ഇടനാഴിയുടെ പടിഞ്ഞാറൻ മൂന്നിലൊന്ന് 13-30 കിലോമീറ്റർ അഥവാ 8-19 മൈൽ വീതിയിലും മധ്യ വഖാനിൽ ഇതിൻറെ വീതി 65 കിലോമീറ്റർ (40 മൈൽ) വരെയായും വ്യത്യാസപ്പെടുന്നു.[3] അതിൻറെ കിഴക്കേയറ്റത്ത്, ഇടനാഴി രണ്ട് കവരങ്ങളായി വിഭജിക്കപ്പെടുകയും അത് ചൈനീസ് പ്രദേശത്തിൻറെ ഒരു സുപ്രധാന ഭാഗത്തെ ചുറ്റിക്കൊണ്ട് രണ്ട് രാജ്യങ്ങൾക്കുമിടയിൽ 92 കിലോമീറ്റർ (57 മൈൽ) അതിർത്തിയെ രൂപപ്പെടുത്തുന്നു.[4] തെക്കുകിഴക്കൻ അഗ്രത്തിൻറെ ഏറ്റവും കിഴക്കേയറ്റത്തുള്ള വഖ്ജീർ ചുരം ഇഷ്കാഷിമിൽ നിന്ന് ഏകദേശം 300 കി.മീ (190 മൈൽ) അകലെയാണ് സ്ഥിതിചെയ്യുന്നത്.[5] വടക്കുകിഴക്കൻ അഗ്രത്തിൻറെ കിഴക്കേയറ്റം ഇഷ്കാഷിമിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ (220 മൈൽ) അകലെയുള്ള ഒരു പേരില്ലാത്ത വിജനപ്രദേശമാണ്.[6] അതിർത്തിയുടെ ചൈനീസ് ഭാഗത്ത് സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്തിൻറെ താഷ്കുർഗാൻ താജിക് സ്വയംഭരണ കൗണ്ടി സ്ഥിതിചെയ്യുന്നു.
ഇടനാഴിയുടെ വടക്കൻ അതിർത്തെ പടിഞ്ഞാറ് പാമിർ നദിയും സോർകുൽ തടാകവും രൂപപ്പെടുത്തുമ്പോൾ കിഴക്കുഭാഗത്തെ അതിർത്തി പാമിർ പർവതനിരകളുടെ ഉയർന്ന കൊടുമുടികൾ ചേർന്ന് രൂപപ്പെടുത്തുന്നു. വടക്ക് താജിക്കിസ്ഥാനിലെ ഗോർണോ-ബദക്ഷാൻ സ്വയംഭരണ പ്രദേശമാണ്. ഇടനാഴിയുടെ തെക്കുവശം ഹിന്ദുകുഷ്, കാരക്കോറം എന്നിവയുടെ ഉയർന്ന പർവതനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇടനാഴിയുടെ തെക്ക് ഭാഗത്തുടനീളത്തിലായി, ഇടനാഴിയെ അതിൻറെ അയൽക്കാരുമായി ബന്ധിപ്പിക്കുന്ന രണ്ട് ചുരങ്ങൾ കടന്നുപോകുന്നു. ബ്രോഗോൾ പാസ് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുമ്പോൾ, ഇർഷാദ് പാസ് ഇടനാഴിയെ അധിനിവേശ കാശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാനുമായി ബന്ധിപ്പിക്കുന്നു. ഗിൽജിത്-ബാൾട്ടിസ്ഥാനുമായി ബന്ധിപ്പിക്കുന്ന മറ്റൊരു ചുരമായ ദിലിസാങ് ചുരം ഉപയോഗശൂന്യമാണ്.[7] കിഴക്കേയ റ്റത്തുള്ള വഖ്ജീർ ചുരം ചൈനയുമായി ബന്ധിപ്പിക്കുന്നതും ആ രാജ്യവും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക അതിർത്തി ബന്ധവുമാണ്.
ഈ ഇടനാഴി പടിഞ്ഞാറൻ ഭാഗത്തെ അപേക്ഷിച്ച് കിഴക്കുഭാഗം ഉയർന്നതും (വഖ്ജീർ ചുരം 4,923 മീറ്റർ അഥവാ 16,152 അടി ഉയരത്തിലും ഇഷ്കാഷിമിൽ ഏകദേശം 3,037 മീറ്റർ അഥവാ 9,964 അടിയിലേയ്ക്ക് ഇറങ്ങുന്നതുമാണ്.[8] വഖ്ജീർ ചുരത്തിൻ്റെ അഫ്ഗാൻ ഭാഗത്തുള്ള ഒരു മഞ്ഞു ഗുഹയിൽ നിന്ന് ഉറവെടുക്കുന്ന വഖ്ജീർ നദി പടിഞ്ഞാറോട്ട് ഒഴുകി, ബോസായ് ഗുംബസ് ഗ്രാമത്തിനടുത്തുള്ള ബോസായി ദര്യയിൽ ചേർന്ന് വഖാൻ നദി രൂപപ്പെടുന്നു. വഖാൻ നദി പിന്നീട് കല-ഇ-പഞ്ചിനടുത്തുള്ള പാമിർ നദിയുമായി ചേർന്ന് പഞ്ച് നദിയായി മാറുകയും ഇഷ്കാഷിമിലെ വഖാൻ ഇടനാഴിയിൽ നിന്ന് ഒഴുകുകയും ചെയ്യുന്നു.
തഗ്ദുംബാഷ് പാമിറുമായി ബന്ധിപ്പിക്കുന്ന ചൈനയുടെ ഭാഗത്ത്, വഖ്ജിർ പാസിന് കിഴക്കായി സ്ഥിതിചെയ്യുന്ന ചലച്ചിഗു താഴ്വരയെ വഖാൻ ഇടനാഴിയുടെ ഭാഗമായാണ് ചൈനക്കാർ കണക്കാക്കുന്നത്. പർവത താഴ്വരയ്ക്ക് ഏകദേശം 100 കിലോമീറ്റർ (60 മൈൽ) നീളമുണ്ട്. താഷ്കുർഗാൻ നദി ഒഴുകുന്ന ഈ താഴ്വരയ്ക്ക് പൊതുവെ 3–5 കിലോമീറ്റർ (2–3 മൈൽ) വീതിയും അതിൻറെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് 1 കിലോമീറ്റർ വരെ (0.6 മൈൽ) വീതി കുറവുമാണ്.[9] ചൈനയുടെ ഭാഗത്തുള്ള ഈ താഴ്വര മുഴുവനായി സന്ദർശകർക്കുമുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു; എന്നിരുന്നാലും, പ്രദേശവാസികൾക്കും പ്രദേശത്തെ ഇടയന്മാർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്.[10]
അങ്ങേയറ്റം ദുർഘടമായ ഭൂപ്രദേശം ഉൾപ്പെടുന്ന ഈ ഇടനാഴി ചരിത്രപരമായി ബദക്ഷനും യാർക്കണ്ടിനും ഇടയിലുള്ള ഒരു വ്യാപാര പാതയായി മുൻകാലം മുതൽക്കുതന്നെ ഉപയോഗിച്ചിരുന്നു.[11] മാർക്കോ പോളോ ഈ വഴി വന്നതായി കരുതപ്പെടുന്നു.[12] പോർച്ചുഗീസ് ജെസ്യൂട്ട് പുരോഹിതൻ ബെൻറോ ഡി ഗോസ് 1602 നും 1606 നും ഇടയിൽ വഖാനിൽ നിന്ന് ചൈനയിലേക്ക് കടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 1906 മെയ് മാസത്തിൽ സർ ഓറൽ സ്റ്റെയ്ൻ വഖാനിൽ പര്യവേക്ഷണം നടത്തുകയും അക്കാലത്ത് 100 പോണി ലോഡ് ചരക്കുകൾ ചൈനയിലേക്ക് പ്രതിവർഷം കടന്നിരുന്നതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു.[13] 1874-ൽ ബ്രിട്ടീഷ് സൈന്യത്തിലെ ക്യാപ്റ്റൻ ടി.ഇ. ഗോർഡൻ,[14] 1891-ൽ ഫ്രാൻസിസ് യങ്ഹസ്ബൻഡ്, 1894-ൽ കഴ്സൺ പ്രഭു തുടങ്ങി വിവിധ കാലഘട്ടങ്ങളിൽ കൂടുതൽ വഖാൻ ഇടനാഴി തരണം ചെയ്യലുകൾ നടന്നിട്ടുണ്ട്.[15]
ആദ്യകാല യാത്രക്കാർ മൂന്ന് റൂട്ടുകളിൽ ഒന്ന് ഉപയോഗിച്ചു:
അഫ്ഗാൻ ഇതര വീക്ഷണത്തിൽ, ഇടനാഴി ഭാഗികമായി ബ്രിട്ടീഷ് ഇന്ത്യയും റഷ്യൻ സാമ്രാജ്യവും തമ്മിലുള്ള ദി ഗ്രേറ്റ് ഗെയിമിൽ നിന്നുള്ള ഒരു രാഷ്ട്രീയ സൃഷ്ടിയാണ്. വടക്കുവശത്ത്, 1873-ൽ ഈ സാമ്രാജ്യങ്ങൾ തമ്മിലുള്ള ഒരു ഉടമ്പടി പ്രകാരം, പഞ്ച്, പാമിർ നദികളെ അഫ്ഗാനിസ്ഥാനും അന്നത്തെ റഷ്യൻ സാമ്രാജ്യവും തമ്മിലുള്ള അതിർത്തിയായി നിശ്ചയിച്ചുകൊണ്ട് വഖാൻ എന്ന ചരിത്രപരമായ പ്രദേശത്തെ അവർ ഫലപ്രദമായി വിഭജിച്ചു.[17] തെക്ക്, 1893-ലെ ഡ്യൂറൻഡ് ലൈൻ ഉടമ്പടിയനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി അടയാളപ്പെടുത്തി. ഇത് അഫ്ഗാനിസ്ഥാൻറെ ഭരണത്തിലുള്ള ഈ ഇടുങ്ങിയ ഭൂപ്രദേശത്തെ രണ്ട് സാമ്രാജ്യങ്ങൾക്കിടയിലുള്ള ഒരു ബഫറായി അവശേഷിപ്പിക്കുകയും 20-ാം നൂറ്റാണ്ടിൽ ഇത് വഖാൻ ഇടനാഴി എന്ന് അറിയപ്പെടുകയും ചെയ്തു.[18]
ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെയായി[19] സാധാരണ ഗതാഗതത്തിനെതിരെ അടച്ചിരിക്കുന്ന ഈ ഇടനാഴിയിലേയ്ക്ക് ആധുനിക പാതകളൊന്നുംതന്നെയില്ല. 1960-കളിൽ[20] നിർമ്മിച്ച ഇഷ്കാഷിമിൽ നിന്ന് സർഹാദ്-ഇ ബ്രോഗിലേക്ക്[21] നയിക്കുന്ന ഒരു പരുക്കൻ പാതയുണ്ടെങ്കിലും അതിനപ്പുറത്തേക്ക് ദുർഘട പാതകൾ മാത്രമാണുള്ളത്. നിലവിലുള്ള പാതയുടെ അറ്റത്ത് നിന്ന് ഏകദേശം 100 കിലോമീറ്റർ (60 മൈൽ) ദൂരത്തിൽ പോകുന്ന ഈ ദുർഘട വഴികൾ വഖ്ജിർ ചുരത്തിലെ ചൈനീസ് അതിർത്തി വരെയും തുടർന്ന് ലിറ്റിൽ പാമിറിൻറെ അങ്ങേയറ്റം വരെയും പോകുന്നു.
വഖാൻ ഇടനാഴി, വഖ്ജീർ പാസ് എന്നിവ വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള സാധ്യതയെക്കുറിച്ച് ജേക്കബ് ടൗൺസെൻഡ് ഊഹാപോഹം നടത്തുന്നുവെങ്കിലും ഇതുവഴിയുള്ള യാത്രാ ബുദ്ധിമുട്ടുകളും അതിർത്തി തരണം ചെയ്യലും കാരണം താജിക്കിസ്ഥാനിലെ ഗോർണോ-ബദാക്ഷാൻ സ്വയംഭരണ പ്രവിശ്യ അല്ലെങ്കിൽ പാകിസ്ഥാൻ വഴി നടത്തുന്ന കടത്തുകളെ അപേക്ഷിച്ച് ഇത് തീരെ നിസ്സാരമായിരിക്കാമെന്ന് നിഗമനം നടത്തുന്നു. രണ്ട് പ്രദേശത്തുകൂടിയും ചൈനയിലേക്ക് കൂടുതൽ പ്രവേശനം സുസാധ്യമായ വഴികളുണ്ട്.[22]
ഈ പ്രദേശത്തിൻറെ വിദൂരത കാരണം, 1970-കളുടെ അവസാനം മുതലുള്ള അഫ്ഗാനിസ്ഥാനിലെ ദീർഘകാല യുദ്ധങ്ങൾക്കിടയിലും, ഈ പ്രദേശം ഫലത്തിൽ ഈ സംഘർഷങ്ങളാൽ സ്പർശിക്കപ്പെടാതെ തുടരുന്നു, മാത്രമല്ല പാമിർ, കിർഗിസ് വംശജരടങ്ങയി നിരവധി പ്രദേശവാസികൾക്ക് ഈ യുദ്ധങ്ങളെക്കുറിച്ചുതന്നെ അറിയില്ല എന്നുള്ളതാണ് സത്യം.[23]
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ പലതവണ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയോട് വഖാൻ ഇടനാഴിയിലെ അതിർത്തി തുറക്കാൻ സാമ്പത്തിക കാരണങ്ങളാലോ അല്ലെങ്കിൽ താലിബാൻ കലാപത്തിനെതിരെ പോരാടുന്നതിനുള്ള ഒരു ബദൽ വിതരണ മാർഗമെന്ന നിലയിലോ ആവശ്യപ്പെട്ടിരുന്നു. ഇടനാഴിയുടെ അതിർത്തിയിലുള്ള പടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാങ്ങിലെ അശാന്തി കാരണം ചൈനക്കാർ ഈ ആവശ്യത്തെ നിരന്തരം അവഗണിച്ചു.[24][25] 2009 ഡിസംബറിൽ, ഇടനാഴി തുറക്കാൻ യു.എസ്. ചൈനയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[26]
2021 ജൂലൈയിൽ, താലിബാൻ സംഘങ്ങളുടെ വേനൽക്കാല ആക്രമണത്തിനിടെ ഈ പ്രദേശം ആദ്യമായി താലിബാൻ നിയന്ത്രണത്തിലായി.[27] നൂറുകണക്കിന് വംശീയ കിർഗിസ് നാടോടികളും അവരുടെ വളർത്തുമൃഗങ്ങളും വടക്കോട്ട് താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.[28] മുൻ നാറ്റോ പരിശീലനം സിദ്ധിച്ച അഫ്ഗാൻ ദേശീയ സുരക്ഷാ സേനയിൽ നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻറെ സേനയാണ് ഇവിടെ പട്രോളിംഗ് നടത്തുന്നത്.[29][30]
2023 ജൂൺ വരെ, ചൈനയുടെയും അഫ്ഗാനിസ്ഥാൻറെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ബെയ്ജിംഗും കാബൂളും തമ്മിലുള്ള വ്യാപാര ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഈ തന്ത്രപ്രധാനമായ ഇടനാഴി തുറക്കുന്നത് സംബന്ധിച്ച് ഏതാനും ചർച്ചകൾ നടന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ടിബറ്റിൽ വെച്ച് നടന്ന മൂന്നാം ട്രാൻസ്-ഹിമാലയ ഫോറം ഫോർ ഇൻറർ നാഷണൽ കോപ്പറേഷനിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.[31]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.