From Wikipedia, the free encyclopedia
ന്യൂസിലാന്റിൽ വധശിക്ഷ സംബന്ധിച്ച നിയമങ്ങൾ ആദ്യമായി ക്രോഡീകരിക്കപ്പെട്ടത് 1840-ൽ ബ്രിട്ടീഷ് കോളനിയായ ശേഷമാണ്. ഇതിനു ശേഷം ആദ്യമായി വധശിക്ഷ ഉപയോഗിക്കപ്പെട്ടത് 1842-ലാണ്.[1] ന്യൂസിലാന്റിൽ അവസാനമായി വധശിക്ഷ ഉപയോഗിക്കപ്പെട്ടത് 1957-ലാണ്. കൊലപാതകത്തിന് വധശിക്ഷ നൽകുന്നത് 1961-ൽ നിർത്തിവയ്ക്കപ്പെട്ടു. ഒരു കുറ്റത്തിനും വധശിക്ഷ നൽകാൻ പാടില്ല എന്ന നിലപാട് 1989-ൽ എടുത്ത സമയം വരെ ന്യൂസിലാന്റിൽ 85 ആൾക്കാർക്ക് നിയമപരമായി വധശിക്ഷ നൽകപ്പെട്ടിട്ടുണ്ടായിരുന്നു.
തൂക്കിക്കൊല്ലലായിരുന്നു ന്യൂസിലാന്റിലെ ശിക്ഷാരീതി. ആദ്യം രാജ്യത്തിന്റെ പല ഭാഗത്തും വധശിക്ഷ നടന്നിരുന്നുവെങ്കിലും പിന്നീട് വെല്ലിംഗ്ടണിലും ഓക്ലാന്റിലും മാത്രമായി. ആരാച്ചാർ ജോലിക്ക് ആദ്യം സ്ഥിരമായി ആരെയും നിയമിച്ചിരുന്നില്ല. യോഗ്യതയുണ്ടെന്ന് തോന്നുന്ന ആരെയെങ്കിലും താൽക്കാലികമായി തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. ചിലപ്പോൾ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയും ആരാച്ചാർ ജോലി ഏൽപ്പിച്ചിരുന്നു. പണമോ ശിക്ഷ ഇളവോ ആയിരുന്നു ഇവർക്കു നൽകിയിരുന്ന കൂലി. 1877-ൽ ബ്ലെൻഹൈമിലെ ഷെരീഫ്, ഒരു ആരാച്ചാരെ സ്ഥിരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിൽ ആരാച്ചാരായിരുന്ന ടോം ലോംഗ് എന്നയാളെ ഇതിനായി തിരഞ്ഞെടുത്തു. ഇയാളല്ലാതെ മറ്റ് ആരാച്ചാർമാരുടെ പേരുവിവരം വെളിപ്പെട്ടിട്ടില്ല.
മാകെറ്റു എന്ന ഒരു മവോറി വംശജനെയാണ് ആദ്യം വധശിക്ഷയ്ക്ക് വിധിച്ചത്. ഒരു വെള്ളക്കാരനായ ആട്ടിടയനെ വധിച്ചു എന്നതായിരുന്നു ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. ശിക്ഷ നടപ്പാക്കും മുമ്പ് ഇയാൾ വയറ്റിളക്കം ബാധിച്ച് മരിച്ചുപോയി. ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തി വിറേമു കിങ്കി മകേറ്റു എന്നയാളായിരുന്നു. മോടുവാറോഹിത ദ്വീപിൽ അഞ്ചു പേരെ കൊന്നു എന്നതായിരുന്നു ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. മുഴുവൻ വെള്ളക്കാരുൾപ്പെട്ട ഒരു ജൂറി ഇയാളെ വധശിക്ഷയ്ക്കു വിധിച്ചു. 1842-ൽ ഇയാളെ തൂക്കിക്കൊന്നു.
മിന്നി ഡീൻ എന്ന സ്ത്രീ ഒഴികെ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട എല്ലാവരും പുരുഷന്മാരായിരുന്നു. 1895-ൽ മിന്നി ഡീൻ ശിശുഹത്യ നടത്തി എന്ന കുറ്റത്തിനാണ് തൂക്കിലേറ്റപ്പെട്ടത്. രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ട ഹാമിയോറ പെറെ ഒഴികെ ബാക്കിയെല്ലാവരെയും കൊലപാതകക്കുറ്റത്തിനാണ് ശിക്ഷിച്ചിട്ടുള്ളത്. 1957 ഫെബ്രുവരി 18-ന് വധിക്കപ്പെട്ട വാൾട്ടർ ജെയിംസ് ബ്രൌൺ ആണ് അവസാനമായി ശിക്ഷിക്കപ്പെട്ടയാൾ. സ്വന്തം ഭാര്യയെ വിഷം കൊടുത്തു കൊന്നു എന്നതായിരുന്നു ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. [1]
1935-ലെ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വന്ന ലേബർ പാർട്ടി എല്ലാ വധശിഷകളും ജീവപര്യന്തം തടവായി ഇളവു ചെയ്തു. 1941-ലെ ക്രൈംസ് അമ്ന്ഡ്മെന്റ് ആക്റ്റ് കൊലപാതകക്കുറ്റത്തിനുള്ള ശിക്ഷ കഠിനതടവോടു കൂടിയ ജീവപര്യന്തമായി കുറവുചെയ്തു. രാജ്യദ്രോഹം, കടൽക്കൊള്ള എന്നീ രണ്ട് കുറ്റങ്ങൾക്കു മാത്രമേ ഇതിനു ശേഷം വധശിക്ഷ വ്യവസ്ഥ ചെയ്തിരുന്നുള്ളൂ.
കൺസർവേറ്റീവ് പാർട്ടി 1949-ൽ അധികാരത്തിൽ വന്നപ്പോൾ വധശിക്ഷ തിരിച്ചു കൊണ്ടുവരാൻ തീരുമാനിച്ചു. പാർട്ടികളിലുള്ള വിശ്വാസമനുസരിച്ചായിരുന്നു അക്കാലത്ത് വധശിക്ഷയെപ്പറ്റിയുള്ള പൊതുജനാഭിപ്രായം കാണപ്പെട്ടിരുന്നത്. നാഷണൽ പാർട്ടി വധശിക്ഷ വീണ്ടും കൊണ്ടുവരുന്നതിനെ അനുകൂലിച്ചപ്പോൾ ലേബർ പാർട്ടിക്ക് ഇതിനോടെതിർപ്പായിരുന്നു. [2]1950-ൽ നടന്ന ഇതേപ്പറ്റിയുള്ള ചർച്ചയിൽ ലേബർ പാർട്ടി സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന അധികാരം ഭരണഘടനയെ എങ്ങനെ ബാധിക്കുമെന്ന സംശയം ഉയർത്തി. നാഷണൽ പാർട്ടിയുടെ അറ്റോർണി ജനറൽ വധശിക്ഷ കുറ്റം ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കും എന്ന അഭിപ്രായം പ്രകടിപ്പിച്ചു. [3] പിന്നീടു വന്ന അറ്റോർണി ജനറലായ ജാക്ക് മാർഷലിന്റെ (1955–1958) കാലത്ത് വധശിക്ഷകളുടെ എണ്ണം വളരെ വർദ്ധിച്ചത് ചർച്ചകൾക്ക് കാരണമായി.
നാഷണൽ പാർട്ടിയുടെ ഭരണകാലത്ത് (1949–1958), 36 ആൾക്കാർ കൊലക്കുറ്റം ചെയ്തതായി വിചാരണയിൽ തെളിയുകയും ഇതിൽ 22 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. വധശിക്ഷ നടത്തണോ എന്ന അവസാന തീരുമാനം എടുക്കാൻ മന്ത്രിസഭയ്ക്കായിരുന്നു അധികാരം. മരണശിക്ഷ ലഭിച്ചവരിൽ 8 പേരെയേ വധിച്ചുള്ളൂ. ബാക്കി ശിക്ഷകൾ ജീവപര്യന്തമായി ഇളവു ചെയ്യപ്പെട്ടു. അപ്പോഴും അഭിപ്രായ ഭിന്നത തുടർന്നുകൊണ്ടിരുന്നു. ഫിലിം സെൻസർ ഗോർഡൻ മിറാംസ് സിനിമകളിലെ തൂക്കിക്കൊല്ലൽ രംഗങ്ങൾ കുടുംബങ്ങൾക്ക് യോജിച്ചതല്ല എന്ന കാരണം പറഞ്ഞ് നീക്കം ചെയ്യുമായിരുന്നു. [4]
പൗളീൻ എങ്കൽ എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ ബ്രിട്ടനിലെ വധശിക്ഷയ്ക്കായുള്ള റോയൽ കമ്മീഷൻ (1953) വധശിക്ഷ നിർത്തലാക്കാനുള്ള ന്യൂസിലാന്റിലെ ശ്രമങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാം. ഹാരി വിറ്റ്ലാന്റ്, എഡ്വാർഡ് തോമസ് ടി വിയു എന്നിവരുടെ ശിക്ഷ സംബന്ധിച്ച വിവാദങ്ങളും ഇതിനെ സ്വാധീനിച്ചിട്ടുണ്ടാവാം. [5] യുദ്ധശേഷമുള്ള മാനസികാഘാതം (post-war trauma), മാനസികവും വളർച്ചാപരവുമായ പ്രശ്നങ്ങൾ എന്നിവ ദയ കാട്ടുന്നതിന്റെ ഘടകങ്ങളായെടുക്കണം എന്നും അഭിപ്രായമുയർന്നിരുന്നു.
സാമൂഹ്യചരിത്രകാരൻ റെഡ്മർ യ്സ്കയുടെ അഭിപ്രായത്തിൽ അത്തരം ചിന്തകൾ പണ്ടേ ഉണ്ടായിരുന്നവയാണ്. വധശിക്ഷ 1950-ൽ പുനരാരംഭിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് ശിക്ഷ നടപ്പാക്കൽ ഒരു തലവേദനയായിരുന്നുവത്രേ. [6] പ്രതി ആത്മഹത്യ ചെയ്യുന്നോ എന്ന് നോക്കുക, ആരോഗ്യം പരിപാലിക്കുക, പാതിരികളെ ഏർപ്പാടു ചെയ്യുക, സുരക്ഷ ഏർപ്പാടാക്കുക എന്നിവയൊക്കെ കുഴപ്പം പിടിച്ച കാര്യങ്ങളായിരുന്നു. [7]
ചട്ടങ്ങൾ പ്രകാരം മജിസ്ട്രേറ്റും ഡൊക്ടറും, ഷെറീഫും വധശിക്ഷ നടക്കുന്ന സ്ഥലത്ത് ഹാജരായിരിക്കണം. [8] 1950-കളൂടെ അവസാനം അറ്റോർണി ജനറൽ ജാക്ക് മാർഷൽ വധശിക്ഷകളുടെ എണ്ണം കൂട്ടിയപ്പോൾ ഉദ്യോഗസ്ഥർക്ക് പോസ്റ്റ് ട്രൗമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ, മദ്യത്തിനടിമപ്പെടൽ, കുടലിലെ അൾസർ തുടങ്ങിയ അസുഖങ്ങൾ കാണപ്പെടാൻ തുടങ്ങി. [8] ചില രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ വധശിക്ഷകൾ ഇളവു ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത് എതിർപ്പുകളുണ്ടാക്കിയിട്ടുണ്ട്. [8]
സാമൂഹിക സ്ഥിതിയും വിധിയെ സ്വാധീനിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഡോക്ടർ ബിൽ സൗണ്ടേഴ്സിനെ വെടിവച്ചു കൊന്ന ഡോക്ടർ സെങ്ക വിൻട്രിങ്ഹാമിനെ കൊലപാതകക്കുറ്റത്തിനു പകരം നരഹത്യക്കുറ്റത്തിനാണ് വിചാരണ ചെയ്തത്. ഒരു തൊഴിലാളിയായ ഫ്രെഡറിക് ഫോസ്റ്ററിനെ മാനസികവൈകല്യമുണ്ട് എന്ന സംശയമുണ്ടായിട്ടും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ഈ രീതിയിൽ പൗരന്മാരെ രണ്ടു തട്ടിൽ കാണുന്നതും പത്രമാദ്ധ്യമങ്ങൾ എതിർത്തിട്ടുണ്ട്. [9] ഫോസ്റ്റർ വധിക്കപ്പെട്ടുവെങ്കിലും മാനസികനിലയുടെ പ്രാധാന്യത്തെപ്പറ്റി ഈ കേസുകാരണം ചർച്ചകളുണ്ടായി. [10] ആൽബർട്ട് വെബ് എന്നയാളുടെ വിചാരണ സമയത്തും ഇത്തരം വിഷയങ്ങൾ ഉയർന്നുവന്നിരുന്നു. ന്യൂസിലാന്റ് ലിസണർ എന്ന പത്രം 1955 ജൂലൈ മാസത്തിൽ വധശിക്ഷയ്ക്കെതിരേ മുഖപ്രസംഗങ്ങളെഴുതി. ഇതിന് വായനക്കാരുടെ പിന്തുണയും കിട്ടുകയുണ്ടായി. [11]
എഡ്ഡി ടെ വിയൂ എന്നയാൾ മോഷണശ്രമത്തിനിടെ ഒരു വൃദ്ധയായ സ്ത്രീയെ കൊന്ന കുറ്റത്തിന് 1955-ൽ തൂക്കിക്കൊല്ലപ്പെട്ടു. [12] വധശിക്ഷ കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നില്ല എന്ന തോന്നൽ ശക്തമായിത്തുടങ്ങി. മാനസിക വൈകല്യമുള്ളയാളും തകർന്ന കുടുംബത്തിൽ നിന്നു വന്നയാളുമായിരുന്ന ടെ വിയൂവിനെ നരഹത്യക്കായിരുന്നില്ലേ വിചാരണ ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യവും ഉയർന്നുവന്നു. [13] ഇതിന്റെയൊക്കെ ഫലമായി 1956-ൽ വധശിക്ഷ നിർത്തലാക്കുന്നതിനെപ്പറ്റി പഠിക്കാൻ ഒരു നാഷണൽ കമ്മിറ്റി രൂപീകൃതമായി.
പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും വധശിക്ഷയ്ക്കെതിരായ നിലപാടുകൾ എടുത്തിരുന്നു. 1941-ലും 1951-ലും പ്രൊട്ടസ്റ്റന്റ് മതസംഘടനകൾ വധശിക്ഷ നിർത്തലാക്കുന്നതിനെ പിന്തുണച്ചിരുന്നു. കത്തോലിക്കരും വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു. പക്ഷേ കത്തോലിക് മത നേതൃത്വം ഇതെപ്പറ്റി ഒരു നിലപാടെടുത്തിരുന്നില്ല. ന്യൂസിലാന്റിലെ തിയോസഫിക്കൽ സൊസൈറ്റിയും വധശിക്ഷയെ എതിർത്തിരുന്നു. ബാപ്റ്റിസ്റ്റ് യൂണിയനും ചർച്ചസ് ഓഫ് ക്രൈസ്റ്റും ഇതിനോടുള്ള എതിർപ്പ് 1950-കളുടെ അവസാനം പ്രകടിപ്പിച്ചിരുന്നു. മതപരമായ എതിർപ്പുകൾ വർദ്ധിച്ചപ്പോൾ വധശിക്ഷയെ എതിർത്തിരുന്നവരുടെ പിൻബലം വർദ്ധിച്ചു. വധശിക്ഷ നടക്കുന്നിടത്ത് പോയി ശിക്ഷയെ അനുകൂലിക്കുന്ന നിലപാടെടുക്കാൻ പല പാതിരിമാരും തയ്യാറായിരുന്നില്ലത്രേ. [7]
കൂടിയ തോതിലുള്ള വധശിക്ഷകൾ കാരണം വധശിക്ഷ നിർത്തലാക്കണം എന്നാവശ്യപ്പെടുന്ന പെറ്റീഷനുകളും വർദ്ധിച്ചു. 1956-ൽ വധശിക്ഷയെപ്പറ്റി ഒരു രാജ്യവ്യാപക അഭിപ്രായ വോട്ടെടുപ്പു വേണം എന്ന അഭിപ്രായം നിയമമന്ത്രി ജാക്ക് മാർഷൽ മുന്നോട്ടുവച്ചു. 1957-ലെ പൊതു തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഈ റെഫറണ്ടത്തിലും വോട്ടെടുപ്പു നടക്കേണ്ടിയിരുന്നത്. പക്ഷേ ഈ തീരുമാനം മാറ്റിവച്ചു.
ഇതേസമയം വാൾട്ടർ ജെയിംസ് ബോൾട്ടൺ (1888–1957) എന്നയാളെ 1957 ഫെബ്രുവരിയിൽ തൂക്കിക്കൊന്നു. അയാൾ തന്റെ ഭാര്യയെ ആർസനിക് വിഷം കൊടുത്തു കൊന്നു എന്നായിരുന്നു ആരോപണം നാഷണൽ പാർട്ടി തോറ്റ് അധികാരത്തിൽ നിന്ന് പുറത്തു പോയതോടെ ന്യൂസിലാന്റിൽ പിന്നീട് വധശിക്ഷകൾ ഉണ്ടായിട്ടില്ല. 1960-ൽ വീണ്ടും നാഷണൽ പാർട്ടി അധികാരത്തിൽ വന്നശേഷമാണ് ജനപ്രാതിനിദ്ധ്യസഭയിൽ വധശിക്ഷകളെക്കുറിച്ച് ചർച്ചയുണ്ടായത്.
1961-ൽ നാഷണൽ പാർട്ടി വധശിക്ഷയ്ക്കുള്ള പിന്തുണ വീണ്ടും പ്രഘ്യാപിച്ചു. മുന്നൊരുക്കത്തോടെയുള്ള കൊലപാതകങ്ങൾക്കും മറ്റൊരു കുറ്റകൃത്യത്തിനോടൊപ്പമുള്ള കൊലപാതകങ്ങൾക്കും കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോഴുമുള്ള കൊലപാതകങ്ങൾക്ക് വധശിക്ഷ കൊടുക്കാമെന്നായിരുന്നു അവരുടെ അഭിപ്രായം. നാഷണൽ പാർട്ടിക്കകത്ത് ഇതെപ്പറ്റി വലിയ ചർച്ചകളുണ്ടായി.
വധശിക്ഷയോടുള്ള എതിർപ്പ് വർദ്ധിച്ചുവരുന്നതായി കണ്ട് നാഷണൽ പാർട്ടി ജനപ്രതിനിധികളെ മനസാക്ഷി വോട്ടു ചെയ്യാൻ അനുവദിച്ചു. പത്ത് നാഷണൽ പാർട്ടി അംഗങ്ങൾ ലേബർ പാർട്ടിക്കൊപ്പം വോട്ടു ചെയ്ത് 11 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വധശിക്ഷയ്ക്കെതിരായ ബിൽ 1961-ൽ പാസാക്കി. ഇതോടെ കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ ഇല്ലാതെയായി. രാജ്യദ്രോഹത്തിനും മറ്റു ചില കുറ്റങ്ങൾക്കും വധശിക്ഷ തുടർന്നും നിയമപുസ്തകങ്ങളിൽ നിലവിലുണ്ടായിരുന്നു. പ്രായോഗികമായി 1961-നു ശേഷം വധശിക്ഷ ഇല്ലാതെയാക്കപ്പെട്ടു. [1]
നിയമപുസ്തകങ്ങളിൽ നിന്നും വധശിക്ഷ അന്തിമമായി നീക്കം ചെയ്തത് 1989-ലെ ലേബർ പാർട്ടി സർക്കാരാണ്. [1] വധശിക്ഷ പുനസ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോഴും ചിലർ ഉയർത്തുന്നുണ്ട്. പക്ഷേ പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും ഇത് പ്രകടനപത്രികയുടെ ഭാഗമാക്കിയിട്ടില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.