From Wikipedia, the free encyclopedia
സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ, അല്ലെങ്കിൽ വിധാൻ പരിഷത്ത് എന്നും അറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ (പരിഭാഷ: നിയമനിർമാണ സമിതി) (Legislative Council) ഇന്ത്യയിലെ ദ്വിമണ്ഡല സംസ്ഥാന നിയമനിർമാണസഭയുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭയാണ്.
കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നീ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനങ്ങളിലാണ് ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ളത്. ഇതിലെ അംഗങ്ങളെ മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ "എം.എൽ.സി." (MLC) എന്നു പറയുന്നു. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ പോലെ പരോക്ഷമായിട്ടാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 169ൽ അവയുടെ രൂപീകരണം, തിരഞ്ഞെടുപ്പ്, ഉന്മൂലനം എന്നിവ നിർവചിച്ചിരിക്കുന്നു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 6 സംസ്ഥാനങ്ങളിൽ മാത്രമാണ് ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ളത്. ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവയാണ് അവ. ഒരു കേന്ദ്രഭരണ പ്രദേശത്തിനും ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ല.
സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിന്റെ വലുപ്പം സംസ്ഥാന നിയമസഭയുടെ അംഗസംഖ്യയുടെ മൂന്നിലൊന്നിൽ കൂടുതലാകരുത്. എന്നിരുന്നാലും, അതിന്റെ അംഗബലം 40 അംഗങ്ങളിൽ കുറവായിരിക്കരുത്. ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗങ്ങളെ മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ അഥവാ എം.എൽ.സി. എന്ന് പറയുന്നു. ഈ അംഗങ്ങളാണ് സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും തിരഞ്ഞെടുക്കുന്നത്.
എംഎൽസിമാരെ തിരഞ്ഞെടുക്കുന്നത് ഇനിപ്പറയുന്ന രീതിയിലാണ്:
ഒരു സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലെ (എം.എൽ.സി.) അംഗങ്ങൾ ഇന്ത്യൻ പൗരനായിരിക്കണം, കുറഞ്ഞത് 30 വയസ്സ് പ്രായമുള്ളവരും, മാനസിക പ്രശനങ്ങൾ ഇല്ലാത്തവരും, പാപ്പരല്ലാത്തവരും, കൂടാതെ സംസ്ഥാനത്തെ എൻറോൾ ചെയ്ത വോട്ടറും ആയിരിക്കണം. ഒരു അംഗം ഒരേ സമയം പാർലമെന്റ് അംഗവും സംസ്ഥാന നിയമസഭാംഗവുമാകാനും പാടില്ല. ആറ് വർഷമാണ് അംഗങ്ങളുടെ കാലാവധി. സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലെ മൂന്നിലൊന്ന് അംഗങ്ങളും ഓരോ രണ്ട് വർഷത്തിനു ശേഷം വിരമിക്കുന്നു. ഈ ക്രമീകരണം ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയ്ക്ക് സമാന്തരമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 169 അനുസരിച്ച്, ഇന്ത്യൻ പാർലമെന്റിന് ഒരു സംസ്ഥാനത്തിന്റെ നിയമസഭ പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാൽ അതിന്റെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ സൃഷ്ടിക്കാനോ ഇല്ലാതാക്കാനോ കഴിയും.
ചില സംസ്ഥാനങ്ങൾക്ക് ജനപ്രതിനിധിസഭയായ ലെജിസ്ലേറ്റീവ് അസംബ്ലിയെക്കൂടാതെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലും കൂടി ഉണ്ടായിരിക്കും. ദ്വിമണ്ഡല (Bicameral legislature) നിയമനിർമാണസഭകളുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭ നിർത്തലാക്കുന്നതിനോ ഏകമണ്ഡല നിയമനിർമാണ സഭ(unicameral legislature)കളുള്ള സംസ്ഥാനങ്ങളിൽ ആവശ്യമെന്നു തോന്നുന്ന പക്ഷം ഉപരിസഭ കൂടി ഏർപ്പെടുത്തുന്നതിനോ നിയമംമൂലം നിബന്ധന ചെയ്യുവാൻ ഭരണഘടന ഇന്ത്യൻ പാർലമെന്റിന് അധികാരം നല്കിയിട്ടുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നതിന്, ബന്ധപ്പെട്ട സംസ്ഥാന നിയമസഭ (അസംബ്ലി) അതിലെ സന്നിഹിതരായ അംഗങ്ങളുടെ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുന്ന ഒരു പ്രമേയം മുഖാന്തിരം പാർലമെന്റിനോട് ആവശ്യപ്പെട്ടിരിക്കണം. ഈ മൂന്നിൽരണ്ട് ഭൂരിപക്ഷം പ്രസ്തുത അസംബ്ലിയുടെ ആകെ അംഗങ്ങളുടെ പൂർണഭൂരിപക്ഷത്തിൽ കുറവായിരിക്കാൻ പാടില്ലെന്നും ഭരണഘടന നിഷ്കർഷിച്ചിരിക്കുന്നു.
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 28 സംസ്ഥാനങ്ങളിൽ 6 സംസ്ഥാനങ്ങളിൽ മാത്രമാണ് സംസ്ഥാന നിയമനിർമ്മാണ സമിതിയുള്ളത് (State Legislative Council).
ലെജിസ്ലേറ്റീവ് കൗൺസിലുകൾ സ്ഥാപിക്കുന്നത് പലപ്പോളും രാഷ്ട്രീയമായി വിവാദമാകാറുണ്ട്. തങ്ങളുടെ ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കിയ നിരവധി സംസ്ഥാനങ്ങൾ പിന്നീട് അത് പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചു; നേരെമറിച്ച്, ഒരു സംസ്ഥാനത്തിന് ലെജിസ്ലേറ്റീവ് കൗൺസിൽ പുനഃസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങളും എതിർപ്പുകൾ നേരിട്ടിട്ടുണ്ട്. ഒരു സംസ്ഥാനത്തിന്റെ ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ഉള്ള പ്രമേയങ്ങൾക്ക് ഇന്ത്യൻ പാർലമെന്റിന്റെ സ്ഥിരീകരണം ആവശ്യമാണ്.
ഇന്ത്യൻ ഭരണഘടന സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിന് പരിമിതമായ അധികാരം മാത്രമാണ് നൽകുന്നത്. എന്നാൽ നിയമസഭക്കാണ് മുഴുവൻ അധികാരവും നൽകുന്നത്. സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിന് ഒരു സംസ്ഥാന സർക്കാർ രൂപീകരിക്കാനോ പിരിച്ചുവിടാനോ കഴിയില്ല. മണി ബില്ലുകൾ പാസാക്കുന്നതിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിന് പങ്കില്ല. എന്നാൽ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രിമാരുടെ അതേ പദവി ആസ്വദിക്കുന്നു എന്നതാണ് പ്രതേകത.
ലെജിസ്ലേറ്റീവ് കൗൺസിൽ | ആസ്ഥാനം(ങ്ങൾ) | സഭയിലെ അംഗബലം[1] | ഭരണ കക്ഷി | |||
---|---|---|---|---|---|---|
തിരഞ്ഞെടുക്കപ്പെട്ടത് | Nom. | ആകെ | ||||
ആന്ധ്രാപ്രദേശ് | അമരാവതി | 50 | 8 | 58 | വൈഎസ്ആർ കോൺഗ്രസ് പാർട്ടി | |
ബീഹാർ | പട്ന | 63 | 12 | 75 | ജനതാദൾ (യുണൈറ്റഡ്) | |
കർണാടക | ബെംഗളൂരു (summer) ബെൽഗാം (winter) |
64 | 11 | 75 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
മഹാരാഷ്ട്ര | മുംബൈ (summer) നാഗ്പൂർ (winter) |
66 | 12 | 78 | ശിവസേന | |
തെലങ്കാന | ഹൈദരാബാദ് | 34 | 6 | 40 | ഭാരത് രാഷ്ട്ര സമിതി | |
ഉത്തർപ്രദേശ് | ലഖ്നൗ | 90 | 10 | 100 | ഭാരതീയ ജനതാ പാർട്ടി | |
ആകെ | — | 367 | 59 | 426 | — |
Seamless Wikipedia browsing. On steroids.