ക്രി. വ. 5, 6 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പ്രമുഖനായ പേർഷ്യൻ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും കിഴക്കിന്റെ സഭയുടെ പാർസ് സഭാപ്രവിശ്യയുടെ മെത്രാപ്പോലീത്തയും ആയിരുന്നു മാനാ. പാർസിലെ മാനാ, ശിറാസ്സിലെ മാനാ അല്ലെങ്കിൽ റെവ് അർദാശിറിലെ മാനാ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

വസ്തുതകൾ മാർ മാനാ മെത്രാപ്പോലീത്ത, സഭ ...
മാർ മാനാ മെത്രാപ്പോലീത്ത
ബേഥ് പാർസായെ, ബേഥ് ഹെന്ദ്വായെ എന്നിവയുടെ മെത്രാപ്പോലീത്ത
സഭകിഴക്കിന്റെ സഭ
മെത്രാസന പ്രവിശ്യപാർസ്
ഭദ്രാസനംപാർസ്
(റെവ് അർദാശിർ, ശിറാസ്സ്)
നിയമനംആബാ 1ാമൻ
സ്ഥാനാരോഹണം540
മുൻഗാമിഈശോബൊക്ത്,
അഖേഷ്യസ്
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
ജനനം5ാം നൂറ്റാണ്ട്
ശിറാസ്സ്
മരണം6ാം നൂറ്റാണ്ട്
വിഭാഗംക്രിസ്തുമതം
വിദ്യാകേന്ദ്രംഎദേസ്സയിലെ വേദശാസ്ത്രകേന്ദ്രം,
നിസിബിസിലെ വേദശാസ്ത്രകേന്ദ്രം
ഗുരുനർസായി
മുൻപദവി
അർസ്സൂനിലെ ബിഷപ്പ്
അടയ്ക്കുക

സുറിയാനി, ഗ്രീക്ക് ഭാഷകളിൽ നിന്ന് പേർഷ്യൻ പാഹ്ലവി ഭാഷയിലേക്ക് ക്രിസ്തുമത ഗ്രന്ഥങ്ങൾ തർജ്ജമ ചെയ്തതിനാണ് ഇദ്ദേഹം പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത്. പാഹ്ലവി ഭാഷയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രൈസ്തവ രചയിതാവാണ് ഇദ്ദേഹം.

വ്യക്തിത്വം

ചരിത്രരേഖകളുടെ ദൗർലഭ്യം മൂലം മാനായുടെ ജീവിതത്തെക്കുറിച്ച് പൂർണ്ണവും വ്യക്തവും ആയ ഒരു വിവരണം നൽകുക അസാധ്യമാണ്. 5ാം നൂറ്റാണ്ടിലും 6ാം നൂറ്റാണ്ടിലും ആയി ജീവിച്ചിരുന്ന സമാകാലികരായ ഒന്നിലധികം പേർ കിഴക്കിന്റെ സഭയിൽ ഇതേ പേരിൽ അറിയപ്പെട്ടിരുന്നതിനാൽ ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളിൽ ചില സംശയങ്ങളും നിലനിൽക്കുന്നു. 'മാനാ ശിറാസ്സി' എന്ന മറ്റൊരു വ്യക്തിയും 420ൽ സഭയുടെ കാതോലിക്കോസ് ആയിരുന്ന മാർ മാനായുമാണ് ഇതിൽ പ്രമുഖർ.[1] കിഴക്കിന്റെ സഭയുടെ പ്രധാന ചരിത്ര രേഖകളിൽ ഒന്നായ 'സീർത്തിന്റെ നാളാഗമം', യാക്കോബായ മഫ്രിയോനോ ആയിരുന്ന ബർ എബ്രോയോയുടെ സഭാചരിത്രം എന്നിവയിൽ മാനായെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ നിന്നാണ് അദ്ദേഹത്തിൻറെ ജീവിതത്തിൻറെ ഏകദേശ ചിത്രം വ്യക്തമാക്കുന്നത്.[1] അഞ്ചാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിന് മുന്നോടിയായി എദേസ്സയിലെ പഠനകേന്ദ്രം, അതിന്റെ നെസ്തോറിയൻ അനുഭാവം മൂലം, റോമാ സാമ്രാജ്യ അധികൃതർ അടച്ചുപൂട്ടിയപ്പോൾ സസ്സാനിദ് സാമ്രാജ്യത്തിലേക്ക് അഭയം തേടിപ്പോയ നെസ്തോറിയൻ പണ്ഡിതരിൽ ഒരാളായിരുന്ന മാനാ അവരോടൊപ്പം നിസിബിസിൽ വേദശാസ്ത്ര അദ്ധ്യയനം തുടങ്ങി. അവിടെ പ്രമുഖ പൗരസ്ത്യ സുറിയാനി സഭാ നേതാവായ മാർ ആബായുടെ ആത്മീയ ഗുരുവായി മാറിയ ഇദ്ദേഹം പിൽക്കാലത്ത് അർസ്സൂനിലെ ബിഷപ്പായി പ്രവർത്തിച്ചുവരവേ പാർസിലെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടു. അവിടെ സുറിയാനി രചനകൾ പ്രാദേശിക പാഹ്ലവി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രാദേശിക ജനങ്ങൾക്കും തൻ്റെ അധികാരത്തിന് കീഴിലുള്ള വിദൂര പ്രദേശങ്ങളിലെ സഭാംഗങ്ങൾക്കും അവ അയച്ച് കൊടുക്കുന്നതിലേക്ക് മാനാ തന്റെ ശ്രദ്ധ തിരിച്ചു.[2]

ആദ്യകാല ജീവിതവും ദൈവശാസ്ത്ര വീക്ഷണവും

മാനായുടെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ദുർലഭമാണ്. എദേസ്സയിലെ വേദശാസ്ത്ര പഠനകേന്ദ്രത്തിലെ അദ്ധ്യാപകരിൽ ഒരാളായി ആണ് മാനാ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.[1] അഞ്ചാം നൂറ്റാണ്ടിൽ കിഴക്കിന്റെ സഭയുടെ ഏറ്റവും പ്രമുഖ പരിശീലന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. അന്ത്യോഖ്യൻ വേദശാസ്ത്രധാരയോട് കൂറ് പുലർത്തിയിരുന്നവർ ആയിരുന്നു അവിടത്തെ പണ്ഡിതർ. എദേസ്സയിലെ വേദശാസ്ത്ര പണ്ഡിതരിൽ പ്രമുഖനായിരുന്ന ആദ്ദേഹം അവിടെ വെച്ച് മോപ്സുവേസ്ത്യായിലെ തിയദോറിന്റെയും താർസൂസിലെ ദിയദോറിന്റെയും കൃതികൾ ഗ്രീക്ക് ഭാഷയിൽ നിന്ന് സുറിയാനിയിലേക്ക് തർജ്ജമ ചെയ്യുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. ദിയദോറിന്റെ രചനകളിലാണ് അദ്ദേഹം പ്രധാനമായും തത്പരനായിരുന്നത്.[1] റോമാസാമ്രാജ്യത്തിലെ ക്രൈസ്തവ സഭയിൽ അഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായ നെസ്തോറിയൻ വിവാദത്തെ തുടർന്ന് എദേസ്സയിലെ വേദശാസ്ത്ര കേന്ദ്രം റോമാ ചക്രവർത്തി സീനോൻ അടച്ചുപൂട്ടി. 489ലാണ് ഈ അടച്ചുപൂട്ടൽ ഉണ്ടായത്. ദിയദോർ, തിയദോർ, നെസ്തോറിയസ് തുടങ്ങിയ അന്ത്യോഖ്യൻ ക്രിസ്തു ശാസ്ത്ര പണ്ഡിതരുടെ പ്രബോധനങ്ങളോട് എദേസ്സയിലെ പണ്ഡിതർ കൂറ് പുലർത്തിയതാണ് ഇതിന് കാരണമായത്. അക്കാലത്ത് അവിടത്തെ ബിഷപ്പ് ആയിരുന്ന കുറില്ലോസ് 2ാമന്റെ നിർബന്ധത്തെടുർന്നാണ് ചക്രവർത്തി ഈ നടപടി എടുത്തത്.[2]

നിസിബിസിലെ പ്രവർത്തനവും മാർ ആബായുമായുള്ള ബന്ധവും

എദേസ്സയിലെ വേദശാസ്ത്രകേന്ദ്രം അടച്ചു പൂട്ടാൻ റോമാ സാമ്രാജ്യം തീരുമാനിച്ചതോടെ അവിടത്തെ പ്രധാന ആചാര്യൻ ആയിരുന്ന നർസായിയുടെ നേതൃത്വത്തിൽ അവിടത്തെ പണ്ഡിതസമൂഹവും സന്യാസികളും വിദ്യാർത്ഥികളും നിസിബിസിലേക്ക് പോവുകയും അവിടത്തെ പുരാതന വേദശാസ്ത്ര കേന്ദ്രം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇവരിൽ മാനായും ഉൾപ്പെട്ടിരുന്നു. നിസിബിസിലെ വേദശാസ്ത്ര കേന്ദ്രത്തിൽ പിൽക്കാലത്ത് കാതോലിക്കോസ് പദവിയിലെത്തിയ മാർ ആബാ ഉൾപ്പെടെ നിരവധി ശിഷ്യന്മാരെ നേടാനും അവരെ പരമ്പരാഗത ദൈവശാസ്ത്ര രീതിയിൽ പരിശീലിപ്പിക്കാനും മാനാ ശ്രദ്ധ ചെലുത്തി. തന്റെ പ്രവർത്തനങ്ങൾ അവിടെ തുടർന്നുകൊണ്ടിരിക്കവെ സമീപത്തെ അർസ്സൂൻ രൂപതയുടെ അപ്പിസ്കോപ്പയായി മാനാ നിയോഗിക്കപ്പെട്ടു. നിസിബിസിനും വാൻ തടാകത്തിനും ഇടയിലുള്ള ഒരു പ്രദേശമായിരുന്നു അർസ്സൂൻ. ഇതിനെത്തുടർന്ന് ആബായും അദ്ദേഹത്തെ അവിടേക്ക് അനുഗമിക്കുകയും അവിടത്തെ പട്ടണത്തിൽ അദ്ദേഹത്തിന്റെ കീഴിൽ അദ്ധ്യാപനം നടത്തിവരുകയും ചെയ്തു. ഇതിനുശേഷം ആബാ സെലൂക്യാ-ക്ടെസിഫോണിലേക്ക് പോവുകയും അവിടെ ഉണ്ടായിരുന്ന വേദശാസ്ത്ര കേന്ദ്രത്തിൽ തന്റെ അദ്ധ്യാപന പ്രവർത്തനം തുടരുകയും ചെയ്തു. ദിയദോർ, തിയദോർ, നെസ്തോറിയസ് എന്നിവരുടെ ഗ്രീക്ക് കൃതികൾ സുറിയാനി ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നതിൽ തന്റെ ഗുരുവായ മാനായെപ്പോലെ അദ്ദേഹവും വളരെ തത്പരനായിരുന്നു.[3][4]

മാർ ആബായുടെ കാതോലിക്കോസ് വാഴ്ച

Thumb

540ൽ സെലൂക്യാ-ക്ടെസിഫോണിലെ വേദശാസ്ത്ര കേന്ദ്രത്തിന്റെ പ്രധാനാചാര്യൻ ആയിരിക്കെ മാർ ആബാ കിഴക്കിന്റെ സഭയുടെ കാതോലിക്കോസ്-പാത്രിയാർക്കീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ആബായെ സഭാദ്ധ്യക്ഷനായി തെരഞ്ഞെടുത്ത മെത്രാന്മാരുടെ സൂനഹദോസിൽ മാനായും പങ്കാളിയായിരുന്നു. അക്കാലത്ത് സഭ വലിയ വിഭാഗീയതയിലൂടെ കടന്നുപോവുക ആയിരുന്നു. ഏലീഷാ, നർസായി എന്നീ രണ്ട് സമാന്തര പാത്രിയർക്കീസുമാർ തമ്മിൽ നിലനിന്നിരുന്ന പരസ്പരമത്സരം കാരണം സഭയിൽ വിവിധ ഇടങ്ങളിൽ സമാന്തര മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും വാഴിക്കപ്പെട്ടു. കാതോലിക്കോസ് സ്ഥാനം ഏറ്റ മാർ ആബാ ഈ വിഭാഗീയതകൾ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്താൻ തുടങ്ങി. പാർസിലെ പൗരസ്ത്യ സുറിയാനി മെത്രാസനത്തിന്റെ അവസ്ഥയും ഇതിൽ നിന്ന് വിഭിന്നമായിരുന്നില്ല.[2]

പാർസിലെ മെത്രാപ്പോലീത്തയായി ഇസഹാഖ്, അഖേഷ്യസ് എന്നിവർ ഒരേസമയം അക്കാലത്ത് പ്രവർത്തിച്ചു വന്നു. 540ന് മുമ്പ് ഇസഹാഖ് മരിക്കുകയും അദ്ദേഹത്തിൻറെ പിൻഗാമിയായി ഈശോബൊക്ത് ചുമതലയേൽക്കുകയും ചെയ്തു. തുടർന്ന് ഈശോബൊക്തും അഖേഷ്യസും തമ്മിലായി കലഹം. 540ൽ കാതോലിക്കോസ് ആബാ ഇവരെ രണ്ടുപേരും മെത്രാപ്പോലീത്ത പദവിയിൽ നിന്ന് നീക്കി.[5] എന്നാൽ ഈശോബൊക്തിനെ വൈദികനായി തുടരാൻ അദ്ദേഹം അനുവദിച്ചിരുന്നു. ഇവർക്ക് പകരമായി തന്റെ ഗുരുവും അർസ്സൂനിലെ ബിഷപ്പുമായ മാനായെ അദ്ദേഹം നിയോഗിച്ചു.[5][2]

പാർസിന്റെ മെത്രാപ്പോലീത്ത

Thumb
പാർസ് മേഖലയും ഇന്ത്യൻ മഹാസമുദ്രതീരത്തെ സഭാ കേന്ദ്രങ്ങളും

പാർസിലെ മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്ത മാർ മാനാ വിഭാഗീയതയിൽ ബുദ്ധിമുട്ടിയിരുന്ന അവിടുത്തെ സഭയിൽ ഐക്യം കൊണ്ടുവരുന്നതിന് ക്രൈസ്തവ വിശ്വാസം തദ്ദേശീയ ഇതര മതവിഭാഗങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനും പരിശ്രമിച്ചു. പാർസിലെ ആസ്ഥാന നഗരമായ ശിറാസ്സ് കേന്ദ്രമാക്കിയാണ് പ്രവർത്തനം നടത്തിയിരുന്നത്. സഭയിൽ ഉടനീളം വ്യാപിച്ചിരുന്ന വിഭാഗീയതകൾ പരിഹരിക്കാൻ മാർ ആബാ നടത്തിയിരുന്ന നീക്കങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം കൊടുത്തു. 544ൽ മാർ ആബാ വിളിച്ചുചേർത്ത സൂനഹദോസിന്റെ തീരുമാനങ്ങൾക്ക് വിധേയത്വം അറിയിച്ചുകൊണ്ട് അദ്ദേഹം കത്ത് എഴുതി അയക്കുകയും ചെയ്തു.[2]

പേർഷ്യൻ ഭാഷ ഉപയോഗിച്ചിരുന്ന പാർസിലെ തദ്ദേശീയ ജനതയുടെ ഇടയിൽ ക്രൈസ്തവ വിശ്വാസത്തിന് വേരോട്ടം ഉണ്ടാക്കുവാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇതിനായി അദ്ദേഹം പാഹ്ലവി ഭാഷയിൽ കീർത്തനങ്ങൾ (മദ്റാസേ), പ്രബോധന ഗീതങ്ങൾ (മെമ്റേ), പ്രത്യുത്തര ഗാനങ്ങൾ (ഒന്യാസാ) എന്നിവ രചിച്ചു എന്ന് 'സീർത്തിന്റെ നാളാഗമം' രേഖപ്പെടുത്തുന്നു.[2] കടൽത്തീര ജനവാസകേന്ദ്രങ്ങളിലെയും (ബേഥ് ഖത്റായെ) ഇന്ത്യയിലെയും പള്ളികളിൽ ചൊല്ലപ്പെടേണ്ടതിന് ഇവയോടൊപ്പം ദിയദോറിന്റേയും തിയദോറിന്റേയും ഗ്രീക്കിൽ നിന്ന് സുറിയാനിയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട കൃതികളും വിതരണം ചെയ്തതായും ഈ ചരിത്രരേഖയിൽ വിവരിക്കുന്നു.[6][7] ഇന്ത്യാ മഹാസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അറേബ്യ, ഇന്ത്യ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ പാർസിലെ മെത്രാപ്പോലീത്തയുടെ ആത്മിയ മേലധ്യക്ഷത അംഗീകരിക്കുന്ന സഭാ സമൂഹങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു.[8] ഇക്കാലത്ത് മാർ ആബായുടെ ശിഷ്യനും പണ്ഡിതനുമായ അലക്സാണ്ട്രിയാ സ്വദേശി കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റെസ് താൻ ഒരു പര്യവേഷണ യാത്രയുടെ വിവരണത്തിൽ സൊക്കോത്രാ ദ്വീപിലും തെക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ 'കല്ല്യാണ' എന്ന സ്ഥലത്തും 'കുരുമുളക് വിളയുന്ന മാലി' എന്ന തീരപ്രദേശത്തും 'തപ്രൊബാനെ' ദ്വീപിലും (ശ്രീലങ്കയിലും) പേർഷ്യക്കാരായ മെത്രാന്മാരും പേർഷ്യയിൽ നിന്ന് നിയമിക്കപ്പെടുന്ന പുരോഹിതരും ക്രൈസ്തവ സമൂഹങ്ങളും ഉണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ മാർത്തോമാ നസ്രാണികളേക്കുറിച്ച് ലഭിക്കുന്ന ആദ്യ ആധികാരിക വിവരണം ഇതാണ്. [9] ഈ പശ്ചാത്തലത്തിലാണ് മാർ മാനാ ഈ വിദൂര പ്രദേശങ്ങളിലേക്ക് തൻ്റെ ആത്മീയ രചനകൾ എഴുതി അയച്ചുകൊടുത്തത്.[10]

പാഹ്ലവി സങ്കീർത്തനഗ്രന്ഥം

Thumb
ചൈനയിലെ തർപാനിലെ പൗരാണിക ക്രൈസ്തവ ആശ്രമ അവശിഷ്ടങ്ങൾ നിലനിൽക്കുന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ പാഹ്ലവി സങ്കീർത്തനത്തിന്റെ കൈയ്യെത്തുപ്രതി

പാഹ്ലവി ഭാഷയിലെ കീർത്തനങ്ങൾക്കും ആരധനാക്രമ രചനകൾക്കും പുറമേ മാർ മാനാ തയ്യാറാക്കി എന്ന് കരുതപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് പാഹ്ലവി ഭാഷയിലെ സങ്കീർത്തന പുസ്തകം.[11][12] പാർസിൽ, പ്രത്യേകിച്ച് ശിറാസ്സ് അടക്കമുള്ള അവിടുത്തെ പ്രധാന നഗരപ്രദേശങ്ങളിൽ, ബാബിലോൺ പ്രവാസ കാലം മുതൽ ഒരു വലിയ യഹൂദ സമൂഹം അധിവസിച്ചിരുന്നു. കാലക്രമേണ പേർഷ്യൻ ഭാഷ ഉപയോഗിക്കുവാൻ തുടങ്ങിയ ഇവരെ ഉദ്ദേശിച്ചാണ് ഈ സങ്കീർത്തന ഗ്രന്ഥം അദ്ദേഹം പരിഭാഷപ്പെടുത്തിയത് എന്നും അനുമാനിക്കപ്പെടുന്നു. പേർഷ്യൻ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഉപയോഗത്തിന് പേർഷ്യൻ ഭാഷയിൽ സങ്കീർത്തന പുസ്തകം ഉണ്ടാകുന്നത് അഭികാമ്യമാണ് എന്ന് മാനാ കരുതിയിരുന്നിരിക്കാം.[2]

പാഹ്ലവി ഭാഷയിൽ തയ്യാറാക്കപ്പെട്ട സങ്കീർത്തന പുസ്തകത്തിന്റെ ഈ തർജ്ജമ മാർ ആബായെയും വളരെ സംതൃപ്തനാക്കി. അദ്ദേഹം അത് പ്രചരിപ്പിക്കുകയും സഭയുടെ വിദൂര പ്രദേശങ്ങളിലെ രൂപതകളിലേക്കും പ്രേക്ഷിത മേഖലകളിലേക്കും ഉള്ള ഉപയോഗത്തിന് വേണ്ടി അതിൻറെ നിരവധി പകർപ്പുകൾ തയ്യാറാക്കിപ്പിക്കുകയും ചെയ്തു. ക്രൈസ്തവ വിശ്വാസത്തിന് ചേരുന്ന രീതിയിലുള്ള 'കാനോനാ' വാക്യങ്ങൾ വേറിട്ട മഷിയിൽ സങ്കീർത്തനങ്ങളുടെ ആദ്യാവസാനങ്ങളിൽ കൂട്ടിച്ചേർത്ത് പരിഷ്കരണങ്ങളും അദ്ദേഹം വരുത്തി. സസ്സാനിയൻ സാമ്രാജ്യത്തിലെ മത മർദ്ദനത്തെ തുടർന്ന് അദർബയ്ഗാനിലെ തടവറയിൽ കഴിഞ്ഞിരുന്ന കാലത്ത് മാർ ആബാ നിരവധി രചനകൾ നടത്തുകയും മതഗ്രന്ഥങ്ങൾ പകർത്തി എഴുതുകയും വിവർത്തനം ചെയ്യുകയും മറ്റും ചെയ്തിരുന്നു. ഇവയുടെ ഭാഗമായിരുന്നിരിക്കണം പാഹ്ലവി സങ്കീർത്തന ഗ്രന്ഥത്തിലെ ഈ പരിഷ്കാരങ്ങൾ.[13]

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.