Remove ads
From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനായിരുന്നു രാജേഷ് പിള്ള (7 ഒക്ടോബർ 1974 – 27 ഫെബ്രുവരി 2016)
ഓച്ചിറ സ്വദേശിയായ ഡോ. കെ. രാമൻപിള്ളയുടെയും ഹരിപ്പാട് വീയപുരം സ്വദേശിയായ സുഭദ്രാമ്മയുടെയും മകനായി 1974-ൽ ഡൽഹിയിൽ ജനനം. ഡൽഹിയിൽ കോളേജ് അധ്യാപകനായിരുന്ന പിതാവ് പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് സ്ഥലം മാറി. പട്ടം സെന്റ് മേരീസ്, ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജേഷ് പിള്ളയുടെ വിദ്യാഭ്യാസം.
ബിരുദത്തിനുശേഷം രാജീവ് അഞ്ചലിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. സൂര്യ ടി.വി.യിൽ 2002-ലെ ഓണക്കാലത്ത് പ്രക്ഷേപണം ചെയ്ത അരികിൽ ഒരാൾ കൂടി എന്ന ടെലിഫിലിം സംവിധാനം ചെയ്തു കൊണ്ട് രാജേഷ് സ്വതന്ത്ര സംവിധായകനായി. പിന്നീടൊരു ടെലിവിഷൻ സീരിയൽ കൂടി സംവിധാനം ചെയ്തു.[4] ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചലച്ചിത്രത്തിലൂടെ 2005-ൽ ചലച്ചിത്രലോകത്തെത്തി.[5] കുഞ്ചാക്കോ ബോബൻ, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്ത ഈ ചിത്രം സാമ്പത്തികമായി പരാജമായിരുന്നു. പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് വിജയകരമായ തിരിച്ചുവരവ് നടത്തിയത്. ബോബി-സഞ്ജയ് തിരക്കഥ രചിച്ച് 2011-ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഏറെ ശ്രദ്ധേയത നേടിയിരുന്നു. ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയായിരുന്നു ട്രാഫിക് എന്ന സിനിമയുടേത്.[6][7] മലയാളത്തിലെ ന്യൂ ജനറേഷൻ എന്ന തരംഗത്തിന് തുടക്കം കുറിച്ച ചിത്രമാണിതെന്നു പറയാം. ട്രാഫിക്കിന്റെ ഹിന്ദിപതിപ്പ് സംവിധാനം ചെയ്തെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. നിവിൻ പോളി, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015-ൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ മിലി എന്ന ഇൻസ്പിറേഷണൽ ചിത്രവും വിജയമായിരുന്നു.[8] 2016 ഫെബ്രുവരിയിൽ റിലീസ് ചെയ്ത വേട്ട ആണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.
നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) മൂർച്ചിച്ചതിനെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന രാജേഷ് പിള്ള കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വെച്ച് 2016 ഫെബ്രുവരി 27-ന് രാവിലെ ഏകദേശം 11.30-ന് അന്തരിച്ചു.[8] വേട്ട എന്ന ചിത്രം റിലീസ് ചെയ്ത് പിറ്റേ ദിവസമാണ് രാജേഷ് മരണപ്പെട്ടത്. മൃതദേഹം രവിപുരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വർഷം | ചലച്ചിത്രം | അഭിനേതാക്കൾ | തിരക്കഥ | കുറിപ്പുകൾ |
---|---|---|---|---|
2005 | ഹൃദയത്തിൽ സൂക്ഷിക്കാൻ | കുഞ്ചാക്കോ ബോബൻ, ഭാവന, നിത്യ ദാസ്, ഭാനുപ്രിയ, സിദ്ധിഖ് | കലവൂർ രവികുമാർ | |
2011 | ട്രാഫിക് | ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, അനൂപ് മേനോൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലെന, കാതൽ സന്ധ്യ | ബോബി-സഞ്ജയ് | മലയാളത്തിലെ ന്യൂജനറേഷൻ വിഭാഗത്തിലെ ആദ്യ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു |
2015 | മിലി | നിവിൻ പോളി, അമല പോൾ | മഹേഷ് നാരായണൻ | നായികാ കേന്ദ്രീയ ചിത്രം |
2015 | ട്രാഫിക് | മനോജ് ബാജ്പേയ്, പ്രസൻജിത്ത് ചാറ്റർജി, ജിമ്മി ഷെർഗിൽ, പരംബ്രത ചാറ്റർജി, ദിവ്യ ദുട്ട, സച്ചിൻ ഖെടേക്കർ | ബോബി-സഞ്ജയ് സുരേഷ് നായർ, പിയൂഷ് മിശ്ര, പ്രശാന്ത് പാണ്ടേ |
ട്രാഫിക്ക് എന്ന മലയാളചിത്രത്തിന്റെ ഹിന്ദി റീമേക്ക് - ചിത്രം പുറത്തിറങ്ങിയിട്ടില്ല. |
2016 | വേട്ട | മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, കാതൽ സന്ധ്യ | അരുൺലാൽ രാമചന്ദ്രൻ | സൈക്കോ ത്രില്ലർ വിഭാഗം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.