From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ് കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന മുസഫർ അഹമ്മദ് (05 ഓഗസ്റ്റ് 1889 – 18 ഡിസംബർ 1973). ഇന്ത്യൻ കമ്യൂണിസ്റ്റു പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. [1]
നവഖാലി (ബാംഗ്ലാദേശ്) ജില്ലയിലെ സാൻഡിപ്പിൽ 1889 ആഗ. 5-ന് മുൻഷി മൻസൂർ അലിയുടെ പുത്രനായി ജനിച്ചു. സ്വദേശത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം നടത്തി, ഹൂഗ്ലിയിലെ മൊഹ്സിൻ കോളജിലും പിന്നീട് കൊല്ക്കത്തയിലെ ബങ്ഗ ബാസി (Banga Bashi) കോളജിലും ചേർന്ന് വിദ്യാഭ്യാസം തുടർന്നെങ്കിലും ബിരുദം സമ്പാദിക്കാൻ കഴിഞ്ഞില്ല.
'ബംഗീയ മുസൽമാൻ സാഹിത്യസമിതി'യുടെ ഉപകാര്യദർശിയായി 1918-ൽ മുസഫർ അഹമ്മദ് നിയുക്തനായി. ഈ സമിതിയുടെ മുഖപത്രത്തിന്റെ (ബംഗീയ മുസൽമാൻ സാഹിത്യപത്രിക) മുഴുവൻ ചുമതലകളും അഹമ്മദിനായിരുന്നു. 1920-ൽ ഇദ്ദേഹം സമിതിയിൽനിന്നും പിരിഞ്ഞ് നവയുഗ് എന്ന സായാഹ്നദിനപത്രം തുടങ്ങി. തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങൾക്കു മുൻതൂക്കം നല്കിയിരുന്ന നവയുഗ് പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. 1926-ൽ ലാംഗൂലി(1925-ൽ സ്ഥാപിതം)യുടെ പത്രാധിപത്യം ഇദ്ദേഹം ഏറ്റെടുത്തു. അതു പിന്നീട് ഗണബാണി ആയി മാറി; പില്ക്കാലത്ത് ഗണശക്തിയും. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല ജിഹ്വകളായിരുന്നു പ്രസ്തുത പത്രങ്ങൾ. 1926-27 കാലത്തും 1937-ലും ഇദ്ദേഹം ബംഗാൾ പി.സി.സി. അംഗവും 1927-29 കാലത്തും 1937-ലും എ.ഐ.സി.സി. അംഗവും ആയിരുന്നു; പക്ഷേ, ആദ്യകാലം മുതൽ അഹമ്മദ് കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. മോസ്കോയിൽവച്ചു നടന്ന മൂന്നാം ഇന്റർനാഷണലുമായി (1922) ബന്ധപ്പെടാൻ എം.എൻ. റോയിയുടെ സഹായംമൂലം അഹമ്മദിനു കഴിഞ്ഞു. ഈ കാലഘട്ടത്തിൽ മുംബൈ, പഞ്ചാബ്, ചെന്നൈ എന്നിവിടങ്ങളിൽ നിരവധി കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ നിലവിൽ വന്നിരുന്നു. എം.എൻ. റോയിയുടെ നിർദ്ദേശപ്രകാരം അഹമ്മദ് ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു.
ഇന്ത്യയിലെ കമ്യൂണിസ്ററു പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ആശങ്ക തോന്നിയ ബ്രിട്ടീഷ് ഗവൺമെന്റ് അതിന്റെ നേതാക്കളുടെ പേരിൽ പല ഗൂഢാലോചനക്കുറ്റങ്ങളും ചുമത്തി; 1922-24 കാലത്തെ പെഷാവർ കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസിൽ അഹമ്മദിനെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് വിട്ടയച്ചു. സംശയത്തിന്റെ പേരിൽ 1923 മേയിൽ ഇദ്ദേഹം വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ജയിലിലായിരിക്കവെതന്നെ കോൺപൂർ ബോൾഷെവിക്ക് ഗൂഢാലോചനക്കേസിൽ 4 വർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യത്തെത്തുടർന്ന് 1925 സെപ്.-ൽ അഹമ്മദിനെ മോചിപ്പിച്ചു. മൂന്നു മാസം കഴിഞ്ഞ്, ഇന്ത്യയിലാദ്യമായി പരസ്യമായി സംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് സമ്മേളനത്തിൽ ഇദ്ദേഹം ഭാഗഭാക്കായി. ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഏകീകരിച്ച് ഒരു സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചത് അഹമ്മദിന്റെ ശ്രമഫലമായിട്ടാണ്.
അടുത്ത മൂന്നു വർഷക്കാലം ഇന്ത്യയിലുടനീളം നടന്ന തൊഴിലാളി സമരങ്ങളിൽ അഹമ്മദിനു നിർണായകമായ പങ്ക് ഉണ്ടായിരുന്നു. ഇതിനെ ചെറുക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് സൃഷ്ടിച്ച മീററ്റ് ഗൂഢാലോചനക്കേസിൽ മൂസഫർ അഹമ്മദിന് നാടുകടത്തൽ ശിക്ഷയാണ് ലഭിച്ചത്; അത് അപ്പീലിൽ മൂന്നു വർഷത്തെ കഠിനതടവായി കുറഞ്ഞുകിട്ടി. ജയിലിൽനിന്നും പുറത്തുവന്ന (1936 ജൂൺ) അഹമ്മദ്, കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുൻകൈയെടുക്കുകയും അഖിലബംഗാൾ കിസാൻ സഭ സ്ഥാപിക്കുകയും ചെയ്തു. ബംഗാളിലെ എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാനായി അഹമ്മദിന്റെ നേതൃത്വത്തിൽ ഒരു അഖിലബംഗാൾ പ്രസ്ഥാനം തുടങ്ങിയതിന്റെ ഫലമായി തടവുകാർ മോചിതരായി (1937).
രണ്ടാം ലോകയുദ്ധകാലത്ത്, കൊല്ക്കത്തയിലും മറ്റ് വ്യാവസായിക നഗരങ്ങളിലും അഹമ്മദ് പ്രവേശിക്കുന്നതിനെ ഗവൺമെന്റ് നിരോധിച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപ് ഒളിവിൽ കഴിഞ്ഞിരുന്നപ്പോൾ സ്വീകരിച്ച 'കാകാ ബാബു'വെന്ന പേരിലാണ് അഹമ്മദ് പരക്കെ അറിയപ്പെട്ടിരുന്നത്. 1947-ൽ ഇന്ത്യ സ്വതന്ത്രയായതോടെ കമ്യൂണിസ്റ്റു പാർട്ടി പ്രതിപക്ഷത്തായി; 1948-ൽ നിരോധിക്കപ്പെടുകയും ചെയ്തു. വിചാരണയൊന്നും കൂടാതെ അഹമ്മദിനെ ജയിലിലടച്ചു (1948-51). 1962-ലെ ചൈനീസ് ആക്രമണകാലത്തും ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. 1964-ൽ മോചിതനായി. 1964-ൽ കമ്യൂണിസ്റ്റുപാർട്ടിയുടെ പിളർപ്പിനെത്തുടർന്ന് ഇദ്ദേഹം ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടി (മാർക്സിസ്റ്റ്) ഭാഗത്ത് നിലയുറപ്പിച്ചു. മുസഫർ അഹമ്മദ് 1973 ഡിസംബർ 18-ന് കൊല്ക്കത്തയിൽവച്ച് അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.