From Wikipedia, the free encyclopedia
ഗ്രീക്ക് പുരാണേതിഹാസങ്ങളിലെ മിനോസ് (Minos) ( ഗ്രീക്ക്: Μίνως), ക്രീറ്റിലെ രാജാവാണ്. ഗ്രീക്ക് ദേവൻ സ്യൂസിന്റേയും സിഡോൺ രാജകുമാരി യുറോപയുടെയും പുത്രനുമാണ്.
യൂറോപയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ സ്യൂസ് ഒരു കാളക്കുട്ടിയുടെ രൂപത്തിൽ യുറോപയെ ക്രീറ്റ് എന്ന ദ്വീപിലേക്കു കടത്തിക്കൊണ്ടു പോയി. അവിടെ പാർപ്പിച്ചു. യുറോപ്പക്ക് മൂന്നു പുത്രന്മാർ ജനിച്ചു- മിനോസ്, റഡമന്തസ്, സർപിഡൺ.ക്രീറ്റിലെ രാജാവ് അസ്റ്റീരിയസ് മൂന്നു ബാലന്മാരേയും ദത്തെടുത്തു. വളർത്തച്ഛന്റെ മരണശേഷം മിനോസ് സിംഹാസനമേറി. ഇത് മിനോവൻ സംസാകാരത്തിന്റെ തുടക്കമാണെന്ന് അഭീിപ്രായവും ഉണ്ട്. മിനോസ് എന്നത് സ്ഥാനപ്പേരു മാത്രമാണന്നും പുരാണകഥകളും ഐതിഹ്യങ്ങളും ഒട്ടനവധി തലമുറകളിലൂടെ കടന്നു പോകുന്നെന്നും, പറയപ്പെടുന്നു.
സാഗരദേവൻ പൊസൈഡണിന്റെ ശാപം മൂലം മിനോസിന്റെ പത്നിക്ക് ജനിച്ച ബീഭത്സജന്തുവായിരുന്നു മിനോടോർ. മിനോടോറിനെ തളച്ചിടാനായി രാജശില്പി ഡെഡാലസ് ലാബിരിന്ത് പണിതീർത്തു. അയൽരാജ്യമായ ഏഥൻസ് സന്ദർശനത്തിനിടയിൽ, മിനോസിന്റെ പുത്രൻ ആൻഡ്രജസ് കൊല്ലപ്പെട്ടു. ക്രുദ്ധനായ മിനോസ് ഏഥൻസ് ആക്രമിച്ചു കീഴ്പെടുത്തി. മിനോടോറിനു ഭക്ഷണമായി ഒമ്പതു കൊല്ലം കൂടുമ്പോൾ ഏഴു യുവാക്കന്മാരേയും ഏഴു യുവതികളേയും ഏഥൻസ് ക്രീറ്റിലേക്ക് അയക്കണമെന്ന് മിനോസ് കല്പിച്ചു. അങ്ങനെ അതൊരു പതിവായി. വർഷങ്ങൾക്കു ശേഷം തേസിയസ് ഏഥൻസിന്റെ സഹായത്തിനെത്തി. ഏഴു യുവാക്കളിലൊരാളായി മിനോടോറിന്റെ ഇരയാവാൻ ക്രീറ്റിലെത്തിയ തേസിയസിൽ മിനോസിന്റെ പുത്രി അരിയാഡ്ണി അനുരക്തയായി. ലാബിരിന്തിൽ തളക്കപ്പെട്ട മിനോടോറിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപായം ഡെഡാലസിൽ നിന്നു ചോർത്തിയെടുത്ത് അരിയാഡ്ണി തേസിയസിനു നല്കി. മിനോട്ടോറിനെ കൊന്ന് തേസിയസ് രക്ഷപ്പെട്ടു.
തേസിയസിന് രക്ഷാമാർഗ്ഗം ചൊല്ലിക്കൊടുത്ത കുറ്റത്തിന് മിനോസ് , രാജശില്പിയേയും മകൻ ഇകാറസിനേയും ലാബിരിന്തിൽ തടവിലിട്ടു. തനിക്കും മകനുമായി രണ്ടു ജോഡി ചിറകുകൾ ഉണ്ടാക്കി ഇരുവരും ആകാശമാർഗ്ഗം രക്ഷപ്പെട്ടു. ചിറകുകൾ മെഴുകുപയോഗിച്ചാണ് ശരീരത്തോട് ഒട്ടിച്ചു വെച്ചത്. സൂര്യതാപം മൂലം മെഴുക് ഉരുകുമെന്നതിനാൽ അധികം ഉയരത്തിൽ പറക്കരുതെന്ന് ഡെഡാലസ് മകനെ ഉപദേശിച്ചിരുന്നു. പക്ഷെ മകനത് ശ്രദ്ധിക്കാതെ, ഉയർന്നു പൊങ്ങി. സൂര്യന്റെ ചൂടുതട്ടി മെഴുക് ഉരുകി, ഇകാറസിന്റെ ചിറകുകൾ പൊഴിഞ്ഞു വീണു, ഇകാറസും താഴെ കടലിൽ വീണു. ഡെഡാലസ് സിസിലിയിലേക്ക് രക്ഷപെട്ടു.സിസിലിയിലെ രാജാവ് ഡെഡാലസിന് അഭയം നല്കി.
മിനോസ് അടങ്ങിയിരുന്നില്ല. ഡെഡാലസിനെ കണ്ടു പിടിച്ചേ അടങ്ങൂ എന്ന വാശിയിൽ സമർഥമായി ഒരു മത്സരം സംഘടിപ്പിച്ചു. അറ്റം കാണാനാകാത്ത ഒട്ടനവധി ഉൾപ്പിരിവുകളുള്ള ഒരു ശംഖിലൂടെ നൂലു കോർത്തെടുക്കണം. ലോകമൊട്ടാകെ മത്സരം കൊട്ടിഘോഷിക്കപ്പെട്ടു. സിസിലിയിലെ രാജാവിനോട് ഡെഡാലസ് പറഞ്ഞു തനിക്കതിനു കഴിയുമെന്ന്. ശംഖിന്റെ അടഞ്ഞ ഭാഗത്ത് ഒരു ചെറിയ സുഷിരമുണ്ടാക്കി, അതിലൂടെ ഒരു നൂലിന്റെ തുമ്പ് കയറ്റി. തുമ്പത്ത് ഒരു ഉറുമ്പിനെ ഒട്ടിച്ചു വെച്ചിരുന്നു. ഉറുമ്പ് നൂലും വലിച്ച് മറു ഭാഗത്തെത്തി. ഡെഡാലസിനു മാത്രമേ ഇത്തരമൊരു സൂത്രം ചിന്തിച്ചെടുക്കാനാവൂ എന്ന് മിനോസിനറിയാമായിരുന്നു.
മിനോസ് സിസിലിയിലെത്തി, ഡെഡാലസിനെ പിടികൂടാൻ. പക്ഷെ സിസിലിയിലെ രാജാവ് എതിർത്തു നിന്നു. ഈ യുദ്ധത്തിൽ മിനോസ് മരിച്ചു, അതല്ല ചതിയിൽ കൊല്ലപ്പെട്ടതാണെന്നും പറയുന്നു. സിസിലി രാജാവ് മിനോസിനെ സന്ധിസംഭാഷണത്തിനു ക്ഷണിച്ചെന്നും അതിനുമുമ്പ് മിനോസിനോട് കുളിച്ചു അല്പനേരം വിശ്രമിക്കാൻ ഉപദേശിച്ചുവെന്നും കുളിത്തൊട്ടിയിൽ ഇറങ്ങിയ മിനോസിന്റെ ദേഹത്തേക്ക് സിസിലി രാജാവും ഡെഡാലസും ചേർന്ന് തിളച്ച വെള്ളമൊഴിച്ചു, മിനോസ് വെന്തു മരിച്ചു.
മരണാനന്തരം മിനോസിന് പരലോകത്തിൽ ന്യായാധിപന്റെ ജോലി ലഭിച്ചതായും കഥയുണ്ട്. അകാലമൃത്യുവടഞ്ഞ ആത്മാക്കൾക്ക് ന്യായമായ ശിക്ഷയോ രക്ഷയോ നല്കുന്ന ചുമതല മിനോസിന്റേതായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.