Remove ads
From Wikipedia, the free encyclopedia
കോഴിക്കോട് നാട്ടുരാജ്യത്തിൽ പെട്ടതും പിന്നീട് മൈസൂറിന്റെയും, ശേഷം ബ്രിട്ടീഷ് ഇന്ത്യ മദ്രാസ് പ്രസിഡൻസി മലബാർ ജില്ലയിൽ പെട്ടതുമായ (ഇന്നത്തെ കേരള സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ) ഏറനാട്, വള്ളുവനാട് പൊന്നാനി പ്രദേശങ്ങളിൽ ഒന്നര നൂറ്റാണ്ടിലധിക കാലം (1792 - 1921) മാപ്പിള കുടിയാൻമാർ നടത്തിയ വിപ്ലവങ്ങളാണ് മാപ്പിള ലഹളകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഏകദേശം 830 ഓളം ലഹളകൾ ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട് എന്ന് കരുതപ്പെടുന്നു.[1] കുടിയാൻ കലാപം, കാർഷിക വിപ്ലവം, ജാതി ലഹള, വർഗ്ഗീയ കലാപം, കൊളോണിയൽ വിരുദ്ധ പോരാട്ടം സ്വാതന്ത്ര്യ സമരം എന്നിങ്ങനെ വ്യത്യസ്തമായ വിശേഷണങ്ങൾ മാപ്പിള ലഹളകൾക്ക് നൽകപ്പെട്ടിട്ടുണ്ട്.
മാപ്പിള ലഹളകൾ | |||||||
---|---|---|---|---|---|---|---|
കുടിയാൻ സമരം,കർഷക സമരം,ഖിലാഫത്ത് സഭ, നികുതിനിഷേധ സമരം, നിസ്സഹകരണ പ്രസ്ഥാനം ഭാഗം | |||||||
മലബാർ ജില്ല താലൂക്കുകൾ | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് രാജ്, ഭൂ പ്രഭുക്കൾ | മാപ്പിളമാർ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
സർ :തോമസ് മൺറോ, ജെ.എഫ് തോമസ്, കനോലി, ഫോസെറ്റ്, ഹിച്ച് കോക്ക് | സയ്യിദ് അലവി, അത്തൻ കുരിക്കൾ, മമ്പുറം ഫസൽ, ആലി മുസ്ലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി | ||||||
നാശനഷ്ടങ്ങൾ | |||||||
കൊല്ലപ്പെട്ടവർ മിലിട്ടറി കേണൽ, പോലീസ് സൂപ്രണ്ട് എന്നിവരടക്കം 500 -1000 സൈനികർ, കളക്ടർ കനോലി ഉൾപ്പെടെ 500 ലേറെ സർക്കാർ ജീവനക്കാർ | കൊല്ലപ്പെട്ടവർ : അത്തൻ കുരിക്കൾ ആലി മുസ്ലിയാർ ഉൾപ്പെടെ 50000-100000 |
ജന്മി മേധാവിത്യത്തിൽ കുടിയൻമാർക്ക് ഉണ്ടായ അതൃപ്തിയാണ് ലഹളകൾക്കു പിന്നിലെ യഥാർത്ഥ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. അക്കാലങ്ങളിൽ ഭൂമിയുടെ ഉടമസ്ഥാവകാശം നമ്പൂതിരി - നായർ വിഭാഗങ്ങളിൽ പെടുന്ന ജന്മികളുടെയോ ദേവസ്വത്തിന്റെയോ പേരിൽ നിക്ഷിപ്തമായിരുന്നു. കുടിയാന്മാരായ അയിത്ത ജാതികൾക്ക് ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. ജന്മി നിശ്ചയിക്കുന്ന കൂലിയായിരുന്നു പാട്ടക്കാർക്കു നൽകിയിരുന്നത് അതിൽ നിന്ന് തന്നെ നികുതിയും ഒടുക്കണമായിരുന്നു. അല്ലാത്ത പക്ഷം അടിമകളാക്കി വിൽക്കുവാൻ വരെ ജന്മിക്ക് അവകാശമുണ്ടായിരുന്നു. അയിത്തം ലംഘിച്ചാൽ അവയവങ്ങൾ ഛേദിക്കുകയോ കൊല്ലുകയോ ചെയ്യും ജന്മിക്കെതിരെ സംസാരിച്ചാലും ഇതേ പോലെ നാവറുത്തു മാറ്റുകയോ കൊല്ലുകയോ ചെയ്യും [2] [3] [4]
ഇത്തരം ജാതീയമായ പീഡനങ്ങളാലും കുടിയാൻ വിരുദ്ധ നിലപാടുകളാലും കീഴാള വർഗ്ഗക്കാർ ജീവിതം നയിച്ച് കൊണ്ടിരുന്ന കാലത്താണ് ഇസ്ലാമിക മത പ്രചാരണവുമായി സൂഫി സിദ്ധന്മാർ ഏറനാട് വള്ളുവനാട് പൊന്നാനി ഭാഗങ്ങളിലേക്ക് രംഗ പ്രവേശനം ചെയ്യുന്നത് അറബി തങ്ങൾ, ഹസ്സൻ ജിഫ്രി, സയ്യിദ് അലവി, സയ്യിദ് ഫസൽ തുടങ്ങിയ മുസ്ലിം മിഷനറിമാരിലൂടെ ഈ ഭാഗങ്ങളിൽ ഇസ്ലാം മതം വ്യാപിക്കാൻ തുടങ്ങി. ഒട്ടേറെ കീഴാള വിഭാഗക്കാരായ കുടിയാൻമാർ ഇവരിലൂടെ ഇസ്ലാമിലേക്ക് മാർഗ്ഗം കൂടി. മാർഗ്ഗം കൂടിയവരോട് ജന്മികളുടെ ഉച്ചിഷ്ടം കഴിക്കരുത്, വസ്ത്രം ധരിക്കണം, കുഴിയിൽ ഭക്ഷണമിട്ടു തന്നാൽ കഴിക്കരുത്, പൊതു വഴി ഉപയോഗിക്കണം, മാറ് മറക്കണം, അയിത്തമോ, തീണ്ടാപാടോ പാലിക്കരുത് പോലുള്ള നിർദ്ദേശങ്ങൾ മുസ്ലിം പണ്ഡിതന്മാർ നൽകി[5]. ഈ ഉപദേശങ്ങൾ മാർഗ്ഗം കൂടി മാപ്പിളമാരായവർ നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് ലഹളകളുടെ വെടിമരുന്നിനു തീ കൊടുക്കുന്നത്[6]. അന്ന് വരെ തങ്ങളെ അനുസരിച്ചവർ ഒരു സുപ്രഭാതത്തിൽ ധിക്കാരപരമായി പെരുമാറുന്നത് ജന്മികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജന്മികളുടെ രോഷം കുടിയാൻ നിയമങ്ങളിലൂടെ പ്രകടിപ്പിക്കാൻ തുടങ്ങുകയും അതിനെ മാപ്പിളമാർ വിപ്ലവത്തിലൂടെ നേരിടുകയും ചെയ്തതോടെ ലഹളകൾ വ്യാപിക്കാൻ തുടങ്ങി. മാർഗ്ഗം കൂടിയ അടിയാളന്മാർ മേലാളന്മാരെ ബഹുമാനിക്കാത്തതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇന്ത്യ രൂപീകരണത്തിന് മുമ്പ് തന്നെ നെടിയിരുപ്പ് സ്വരൂപത്തിൽ പെട്ട ഈ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ലഹളകൾ എമ്പാടും നടന്നിട്ടുണ്ട്. തിരൂരങ്ങാടി വിപ്ലവം, ഓമാനൂർ ലഹള എന്നിവ ഇതിനുദാഹരണമാണ് സാമൂതിരിയുടെ നാടുവാഴിയായിരുന്ന പാറനമ്പിക്കെതിരെ അരങ്ങേറിയ മലപ്പുറം പട മാപ്പിള ലഹളകൾക്കു മുൻപ് അരങ്ങേറിയഇത്തരം പോരാട്ടങ്ങളിൽ പ്രധാനപെട്ടതാണ്. [7]
സാമൂതിരിയിൽ നിന്നും മൈസൂർ രാജാക്കന്മാരായ ഹൈദറും, ടിപ്പുവും മലബാർ കവർന്നെടുത്ത സമയത്തു കുടിയാൻ നിയമങ്ങളെല്ലാം തന്നെ റദ്ദ് ചെയ്യുകയും ഹുസൂർ നികുതിയിലൂടെ കൃഷി ഭൂമികളുടെ അവകാശം ജന്മിക്കും കുടിയാനുമായി പങ്കിട്ടു നൽകുകയും ചെയ്തിരുന്നു[8]. ടിപ്പുവിനെ കൊന്നു ബ്രിട്ടീഷുകാർ അധികാരത്തിലെത്തിയതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം യഥാർത്ഥ ഉടമകളായ ബ്രാഹ്മണ-നായർ ഭൂ പ്രഭുക്കൾക്ക് തന്നെ തിരിച്ചു നൽകി. ഇതോടെ കുടിയാൻ നിയമങ്ങളും പുനഃസ്ഥാപിക്കപ്പെട്ടു.[9] മരണ കരം പോലുള്ള കുടുസ്സു നിയമങ്ങൾ വീണ്ടും വന്നതോടെ സഹികെട്ട കുടിയൻമാർ ജന്മികൾക്കെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കാൻ തുടങ്ങുകയായിരുന്നു. ബ്രിട്ടീഷ് സർക്കാരാവട്ടെ തങ്ങൾക്കെതിരെ നിലകൊള്ളുന്നതിന് പകപോക്കലായി ഉപ്പ്, പുകയില, തടി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ധനാഗമന സ്രോതസ്സുകൾ മാപ്പിളമാരിൽ നിന്നും പിടിച്ചെടുക്കുകയും വലിയ നികുതി ചുമത്തുകയും പാട്ടകരാർ ദുസ്സഹമാക്കുകയും ചെയ്തു. ബ്രിട്ടീഷ് ആധിപത്യത്തിന് ഏറ്റവും വലിയ തടസ്സം മാപ്പിളമാരാണെന്നു ബ്രിട്ടീഷ് ഗവർണ്ണർ വിലയിരുത്തിയതിനെ തുടർന്ന് [10], [11] 1854-ൽ മാപ്പിള ഔട്ട്റേജസ് ആക്ട് എന്ന കരിനിയമവും മാപ്പിളമാർക്കായി സൃഷ്ടിച്ചു. ഇതോടെ എല്ലായിടത്തും നിന്നും വരിഞ്ഞു കെട്ടി സമ്പൂർണ്ണ ദുരിതത്തിലേക്ക് മാപ്പിളമാർ കൂപ്പു കുത്തി[12]. പീഡനവും ദുരിതവും പട്ടിണിയും കൂടുതൽ ലഹളകൾ സൃഷ്ടിക്കപ്പെടാനുള്ള കാരണങ്ങളായി മാറി.
കുടിയാന്മാർക്കെതിരെ ജന്മികളും ബ്രിട്ടീഷ് അധികാരികളും പരസ്പരം സഹായവർത്തികളായി നിലകൊണ്ടതോടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും - കാർഷിക പോരാട്ടങ്ങളും സംയോജിക്കുകയും ബ്രിട്ടീഷ്-ജന്മി സഖ്യത്തിനെതിരായ ലഹളകളായി അവ പരിണമിക്കുകയും ചെയ്തു. ജന്മികൾ ഹിന്ദുക്കളും കുടിയൻമാർ ഭൂരിഭാഗം മാപ്പിളമാരും ആയത് കൊണ്ട് ലഹളകൾക്ക് മതപരമായ നിറം കലരാനും ഇടയായി.
ചെറുതും വലുതുമായി ഏകദേശം 830 ഓളം ലഹളകൾ ഈ കാലയളവിൽ ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. മുട്ടുചിറ ലഹള,മണ്ണൂർ ലഹള ചേരൂർ കലാപം,മഞ്ചേരി കലാപം വണ്ടൂർ ലഹള കൊളത്തൂർ ലഹള പൊന്നാനി വിപ്ലവം മട്ടന്നൂർ കലാപം മണ്ണാർക്കാട് ലഹള, തൃക്കാലൂർ ലഹള.എന്നിവയാണ് പ്രധാനപ്പെട്ടവ. കലാപങ്ങളിലെ മുഖ്യ സ്ഥാനം വഹിക്കുന്ന 1921 ലെ മലബാർ കലാപത്തോടെയാണ് നൂറ്റാണ്ടുകൾ നീണ്ടു നിന്ന പോരാട്ടങ്ങൾക്ക് അറുതി വന്നത്. 1841 -921 കാലയളവിൽ ഏകദേശം 86 ലധികം വിപ്ലവങ്ങൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ മാത്രം ഉണ്ടായിട്ടുണ്ട് [13] ലഹളകളുടെ പിന്നിലെ പ്രധാന കാരണമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നോക്കി കാണുന്നത് കീഴാളരുടെ ഇസ്ലാമിലേക്കുള്ള മാർഗ്ഗം കൂടലാണ്. ജന്മികളുടെ കീഴിൽ അനുസരണയോടെ ജീവിച്ചവർ മാർക്കം കൂടിയതോടെ അക്രമാസക്തരായി മാറിയെന്നും അവകാശങ്ങൾ ചോദിച്ചു ലഹളകൾ ഉണ്ടാക്കാൻ തുടങ്ങിയെന്നുമായിരുന്നു സർക്കാർ കണ്ടെത്തലുകൾ. വനവാസികളുടെയും കാടന്മാരുടെയും സ്വഭാവമാണ് മാപ്പിളമാർ പ്രകടിപ്പിക്കുന്നതെന്നും അവരെ അടിച്ചൊതുക്കുകയാണ് ലഹളകൾ തടയാനുള്ള ഏക വഴിയെന്നും സ്ട്രെൻജ് അടക്കമുള്ള മുഴുവൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വിധിയെഴുതി. [14]
എന്നാൽ മലബാർ കളക്ടറായിരുന്ന വില്യം ലോഗൻ ഗവർണ്ണർക്ക് സമർപ്പിച്ച നിർദ്ദേശങ്ങൾ പതിവ് ബ്രിട്ടീഷ് രീതികളിൽ നിന്നും വ്യത്യസ്തമായിരുന്നു. മാപ്പിളമാരെ കാടമാരാക്കിയും കുഴപ്പക്കാരാക്കിയുമുള്ള സ്ട്രെഞ്ജ് അടക്കമുള്ള മുൻ ബ്രിട്ടീഷ് അധികാരികളുടെ വാദങ്ങൾ പാടെ തള്ളുന്നതായിരുന്നു ഈ റിപ്പോർട്ട് കുടിയാന്മാരായിരുന്ന മാപ്പിളമാർ ജന്മികളാലും നിയമങ്ങളാലും കഷ്ടത അനുഭവിക്കുന്നുണ്ടെന്നും മരണകരം പോലുള്ള ജന്മി നിയമങ്ങൾ പൊളിച്ചെഴുതണമെന്നും നികുതികൾ കുറച്ചു മാപ്പിള ഔട്ട്റേജസ് ആക്ട് പോലുള്ള നിയമങ്ങൾ മാറ്റിവെച്ചു മാപ്പിളമാരോട് മാനുഷികപരമായുള്ള ഇടപെടലുകളിലൂടെ കലാപ സാധ്യത കുറക്കണമെന്നെല്ലാമായിരുന്നു ലോഗൻ നിർദ്ദേശിച്ചിരുന്നത് [15] എന്നാൽ മുല്ലക്കോയ അടക്കമുള്ള മുസ്ലിം പുരോഹിതരുമായി ബന്ധം പുലർത്തിയിരുന്ന ലോഗന്റെ നിർദ്ദേശങ്ങൾ മുഖ വിലക്കെടുക്കാതെ ബ്രിട്ടീഷ് ഗവർണ്ണർ പുതിയ കമ്മീഷനെ നിയമിക്കുകയും ലോഗനെ തരം താഴ്ത്തുകയും ചെയ്തു [16]
സൂഫി സിദ്ധന്മാരും, സയ്യിദന്മാരും യാഥാസ്ഥിതിക പുരോഹിതന്മാരുമായിരുന്നു കലാപങ്ങളുടെയെല്ലാം നേതൃത്വ സ്ഥാനമോ ബുദ്ധികേന്ദ്രമായും പ്രവർത്തിച്ചത്. ആചാരങ്ങളിൽ ബന്ധിതമായി കിടന്നിരുന്ന അന്നത്തെ മാപ്പിളമാർക്കിടയിൽ ഇവർക്കുണ്ടായിരുന്ന സ്ഥാനം വളരെ വലുതായിരുന്നു. ഇത്തരം പുണ്യ പുരുഷന്മാർ ദൈവികതയുടെ സഹായികളായാണ് മാപ്പിളമാർ കണ്ടിരുന്നത് അവർ കറാമത്ത് എന്ന അത്ഭുത പ്രവർത്തികൾക്ക് കഴിവുള്ളവരാണെന്ന് വിശ്വസിക്കപ്പെട്ടു. അവരുടെ അനുഗ്രഹങ്ങക്കും പ്രാർത്ഥനകൾക്കും സമൂഹം വലിയ സ്ഥാനം നൽകിയിരുന്നു. പൗരോഹിത്യത്തിനുണ്ടായിരുന്ന ഇത്തരം സ്ഥാനമാനങ്ങൾ അവരുടെ കൽപ്പനകളും നിർദ്ദേശങ്ങളും ശിരസ്സാ വഹിക്കുന്നതിന് മാപ്പിളമാരെ പ്രേരിപ്പിച്ചു എന്ന് കാണാം[17][18][19]
ആദ്യകാലങ്ങളിൽ അടിയാളന്മാർരെ ജന്മികൾ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആക്രമണങ്ങൾ നടന്നിരുന്നത്. പീഡിപ്പിക്കപ്പെട്ട അടിയാളന്മാരുടെ ബന്ധത്തിൽ മാർക്കം കൂടി മാപ്പിളരായവർ ജന്മികളോട് അക്രമം കാട്ടുകയും തുടർന്ന് ജന്മി കാവലാളുകളായ നായകന്മാരുടെ (നായർ പടയാളികൾ) തിരിച്ചടി നേരിട്ടുമ്പോൾ മാർക്കം കൂടിയവരെ സഹായിക്കാൻ മാപ്പിളമാർ കൂട്ടത്തോടെ എത്തി ജന്മിയെ വധിക്കുകയും ചെയ്യും. പിന്നീട് അടിയാളന്മാർക്കായി മാപ്പിളമാർ നേരിട്ടിടപ്പെടുന്ന രീതിയുണ്ടായി. മാർക്കം കൂടലുകളുടെ തോത് വർദ്ധിച്ചപ്പോൾ അടിയാളന്മാർക്ക് പകരം മാപ്പിള കുടിയാന്മാരും ജന്മികളും എന്ന രീതിയിലേക്ക് ഇടപെടലുകൾകൾ മാറി മറിഞ്ഞു. ബ്രിട്ടീഷ് ആഗമനത്തോടെ ബ്രിട്ടീഷ് സർക്കാരിനും ജന്മികൾക്കുമെതിരായ സായുധപോരാട്ടമായി ഇവ പരിണമിച്ചു മാപ്പിള ലഹളകളുടെ ചരിത്രം ഇവിടം മുതൽക്കാണ് [20][21] [22]
കുടിയാൻ വിരുദ്ധരായ ജന്മികളെയോ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയോ ആക്രമിച്ചു കൊണ്ടാണ് അധിക പക്ഷവും ലഹളകൾ പൊട്ടി പുറപ്പെടുക. നേർച്ചകൾ മൗലിദുകൾ തുടങ്ങിയ ആചാരങ്ങളുമായി അടുത്ത സമയത്താണ് പല ലഹളകളും നടക്കാറുള്ളത്. ലഹള തുടങ്ങുന്നതിനു മുൻപായി പുണ്യാളന്മാരുടെയും രക്ത സാക്ഷികളുടെയും ശവകുടീരങ്ങൾ സന്ദർശിച്ചു പ്രാർത്ഥന നടത്തും, ജീവിച്ചിരിക്കുന്ന പുണ്യ പുരുഷന്മാരുടെ അടുക്കൽ പോയി ഏലസും ചരടും ജപിച്ചു കെട്ടും. ലക്ഷ്യമാക്കപ്പെട്ടയാളെ കൊന്നു ഏതെങ്കിലും ജന്മിയുടെയോ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെയോ വീട് ആക്രമിച്ചു അവിടെ പടപ്പാട്ടുകൾ മൗലീദുകൾ രതീബുകൾ പോലുള്ള വിപ്ലവ ആത്മീയ ഗാനങ്ങൾ ചൊല്ലി പട്ടാളത്തെയും കാത്തിരിക്കും. രക്തസാക്ഷിയാവുക എന്നത് അഭിമാനകരമായി കരുതിയിരുന്നതിനാൽ പട്ടാളത്തെ ഭയന്ന് ഓടുകയോ കീഴടങ്ങുകയോ ഇല്ല, യുദ്ധം ചെയ്തു തന്നെ മരണം വരിക്കും. ഇങ്ങനെ മരിക്കുന്നവരെ ആത്മീയ പുരോഹിതർ വിശുദ്ധരാക്കി വാഴ്ത്തുകയും അവരുടെ പേരിൽ നേർച്ചകളും മാലകളും പടപ്പാട്ടുകളും മൗലീദുകളും കൊട്ടി നടത്തുകയും ചെയ്യും. [23] [24] [25] രക്തസാക്ഷിയായാൽ സുവർഗ്ഗം കിട്ടുമെന്ന വിശ്വാസം രൂഢമായിരുന്നു. കുടുംബത്തിലെ ഒരംഗം ബ്രിട്ടീഷുകാരോടു യുദ്ധം ചെയ്തു മരിച്ചാൽ കുടുംബാഗംങ്ങൾ അതഭിമാനമായി കരുതിയിരുന്നു. [26] മാതാക്കളും ഭാര്യമാരും രക്ത സാക്ഷികളാകാൻ യുവാക്കളെ പ്രേരിപ്പിക്കാറുണ്ടായിരുന്നതായും കാണാം. ചിലയിടങ്ങളിൽ പുരുഷന്മാരോടൊപ്പം സ്ത്രീകളും രക്സ്തസാക്ഷിത്വം ആഗ്രഹിച്ചു ബ്രിട്ടീഷ് പട്ടാളവുമായി യുദ്ധം ചെയ്തു മരണം വരിച്ചിട്ടുണ്ട്. സ്വർഗ്ഗം കിട്ടാനായി പുണ്യ പുരുഷന്മാരുടെ ആശീർവാദത്തോടെ മൊട്ടയടിച്ച പള്ളിയിൽ ഭജനമിരുന്നു രക്ത സാക്ഷികളാകാനായി ഊഴം കാത്തിരിക്കുന്നവരും മാപ്പിളമാരുടെ കൂട്ടത്തിൽ ആവോളമുണ്ടായിരുന്നു.[27][28] [29]
നാശ നഷ്ടങ്ങളെ കുറിച്ച് വ്യക്തമായ കണക്കുകൾ ലഭ്യമല്ല എങ്കിലും മലബാർ കലാപം അടിച്ചമർത്താൻ നേതൃത്വം നൽകിയ ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് വെളിപ്പെടുത്തിയത് ദിനവും 300 മാപ്പിളമാരെ കൊല്ലാത്ത ദിവസം കുറവായിരുന്നു എന്നും 2 മാസത്തോളം ഇത് നീണ്ട് നിന്നു എന്നുമായിരുന്നു. [30] ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ വെച്ച് വിലയിരുത്തിയാൽ ഒന്നര നൂറ്റാണ്ടിനിടെ അമ്പതിനായിരത്തിനും ലക്ഷത്തിനും ഇടയ്ക്ക് മാപ്പിളമാർ കുരുതിക്ക് ഇരയായിട്ടുണ്ടാവാം. ഏകദേശം അത്രത്തോളം മാപ്പിളമാർ നാടുകടത്തപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കാണാതായ മാപ്പിളമാരുടെ എണ്ണവും ലക്ഷം കവിയും. ബ്രിട്ടീഷ് സർക്കാർ രേഖകളിൽ ഇത് കുറവായാണ് കാണിക്കുന്നത്.
ബ്രിട്ടീഷ് പക്ഷത്ത് നിന്നും കളക്ടറും മിലിട്ടറി സൂപ്രണ്ടും പട്ടാളക്കാരും പോലീസുകാരുമടക്കം നിരവധി ഉദ്യോഗസ്ഥർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. അതിലേറെ പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടാവും.
1921 ലെ മലബാർ കലാപത്തോടെയാണ് ലഹളകൾക്ക് വിരാമമായത്. കലാപങ്ങൾ അടിച്ചമർത്തുന്നതിലുപരിയായി മാപ്പിളമാർക്കിടയിൽ ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയ തന്ത്രമായിരുന്നു ലഹളകൾക്ക് അറുതി വരുത്തിയത്. മാപ്പിളമാരുടെ കലാപ അഭിവാഞ്ജയ്ക്കു കാരണം സിദ്ധന്മാരടങ്ങുന്ന പുണ്യ പുരുഷന്മാർക്ക് അവർക്കിടയിലുള്ള സ്വാധീനമാണെന്നും [31] റാതീബ് മൗലിദ് നേർച്ച തുടങ്ങിയ മാപ്പിള ആചാരങ്ങൾ കലാപങ്ങൾക്ക് നാന്ദിയായി മാറുന്നുവെന്നും സർക്കാർ കണ്ടെത്തിയിരുന്നു. ഇത്തരം നേർച്ചകളും റാതീബുകളും സിയാറത്തുകൾക്കും നിരോധനമേർപ്പെടുത്തിയാണ് ആദ്യഘട്ടത്തിൽ ബ്രിട്ടീഷ് അധികാരികൾ കലാപങ്ങൾക്ക് അറുതി വരുത്താൻ ശ്രമിച്ചത്. പുണ്യപുരുഷന്മാരായ വ്യക്തികളെ അറസ്റ്റു ചെയ്തും, നാടുകടത്തിയും കലാപമുണ്ടാകുന്നത് തടയാൻ ശ്രമിച്ചെങ്കിലും പല സമയത്തും അവ ഫലം കണ്ടില്ല.[32] തുടർന്ന് മാപ്പിളമാരിലെ അക്രമ വാസന കുറക്കാൻ ബ്രിട്ടീഷ് ഇന്റലിജെൻസ് ചില പദ്ധതികൾ സമർപ്പിച്ചു. സിദ്ധമാർക്കും പുരോഹിതന്മാർക്കും മാപ്പിളമാരിലുള്ള മേധാവിത്വം ഇല്ലാതാക്കുക, മാപ്പിളമാർ ഉപയോഗിക്കുന്ന അറബി മലയാളത്തിന് പകരം മലയാളത്തെ പ്രതിഷ്ഠിക്കുക, ഇംഗ്ലീഷ് വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക, ഇതിനായി മുസ്ലിം പരിഷ്കർത്താക്കളായ പണ്ഡിതരെ സൃഷ്ടിക്കുക, അവർ വഴി യാഥാസ്ഥിതിക അനാചാരങ്ങളിൽ നിന്നും മുക്തമാക്കുകയും പുരോഗമന ചിന്താഗതിയിലേക്കു മുസ്ലിങ്ങളെ വാർത്തെടുക്കുകയുകയും ചെയ്യുക. [33] ഇത്തരം നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനായി ഓത്തു പള്ളികൾ സർക്കാർ അടച്ചു പൂട്ടുകയും പകരം സ്കൂളുകൾ അനുവദിക്കുകയും ചെയ്തു
ലഹളകളിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്നതും നാശനഷ്ടങ്ങൾ സംഭവിച്ചതുമായ മലബാർ കലാപത്തിനു ശേഷം കലാപത്തിന് പ്രേരണ നൽകിയിരുന്ന പുരോഹിത സിദ്ധന്മാരുടെ നടുവൊടിഞ്ഞു. അവരുടെ ദർസുകളും ഓത്തു പള്ളികളും സർക്കാർ അടച്ചു പൂട്ടി. നേർച്ചകൾ മാലൂദുകൾ റാതീബുകൾ പോലുള്ള ആചാരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി, കലാപം സൃഷ്ടിച്ച അനാഥരെയും വിധവകളും ദരിദ്രരും ചോദ്യ ശരങ്ങളായി മാറി. പത്ത് ലക്ഷം ഉറുപ്പികയാണ് ലഹള പിഴയായി മാപ്പിളമാരുടെ മേൽ ബ്രിട്ടീഷുകാർ ചുമത്തിയത്. [34] ഈ സാമ്പത്തിക സാമൂഹിക ആചാര അരക്ഷിതാവസ്ഥയ്ക്ക് മുന്നിൽ പകച്ചു നിൽക്കേണ്ട ഗതികേട് പുരോഹിത നേതൃത്വത്തെ പരിഭ്രാന്തിയിലാക്കി.
മലബാർ കലാപം ബ്രിട്ടീഷ് സർക്കാരിനെയും ബാധിച്ചിരുന്നു ആഗോള തലത്തിൽ ബ്രിട്ടീഷുകാർ നേരിട്ട കടുത്ത എതിർപ്പായിരുന്നു ഇത് ബ്രിട്ടീഷ് ഇന്ത്യ രൂപീകൃതമായതിനു ശേഷം ഇത്രയും വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല എന്നതിനാൽ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതേക ശ്രദ്ധ മലബാറിൽ പതിയുകയും വില്യം ലോഗൻ സമർപ്പിച്ച റിപ്പോർട്ട് പ്രാവർത്തികമാക്കി കുടിയാൻ നിയമങ്ങൾ പൊളിച്ചെഴുതാൻ ബ്രിട്ടീഷ് ഇന്ത്യ സർക്കാർ തയ്യാറാവുകയും ചെയ്തു [35] ഏതാണ്ടിതേ സമയത്താണ് അനാചാരങ്ങൾക്കെതിരെ മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ പരിഷ്കർത്താക്കൾ ഉയർന്നു വന്നതും. യാഥാസ്ഥിതിക അനാചാരങ്ങൾക്കെതിരെ മത പ്രമാണങ്ങൾ വെച്ച് കൊണ്ട് തന്നെ പരിഷ്കർഥാക്കൾ പോരാട്ടം തുടങ്ങി. പുരോഹിതരുടെയും സൂഫികളുടെയും അപ്രമാദിത്വത്തെ ചോദ്യം ചെയ്തു. മതത്തിൽ അവർക്ക് പ്രത്യേക സ്ഥാനമില്ലെന്ന് തെളിവുകൾ വെച്ച് സമർത്ഥിച്ചു. അതോടൊപ്പം സർക്കാരുമായി യോജിച്ചു വിദ്യാഭ്യാസപരമായി മാപ്പിളമാരെ ഉയർത്തി കൊണ്ട് വരാനും പരിഷ്കർത്താക്കൾ സന്നദ്ധമായി. ആന്തരികമായും ബാഹ്യമായും വെല്ലുവിളികൾ നേരിടുവാൻ തുടങ്ങിയതോടെ പുരോഹിത മേലാളന്മാർ പരിഭ്രാന്തരായി. തുടർന്ന് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, പുതിയാപ്പിള അബ്ദുറഹിമാൻ മുസ്ലിയാർ അടക്കമുള്ള യാഥാസ്തിഥിതിക പുരോഹിതരും സൂഫികളും പരിഷ്കർത്താക്കളെ മുഖ്യ ശത്രുവായി കാണുകയും അവർക്കെതിരെ സംഘടിക്കുകയും ഇത് സർക്കാരുമായി അനുരഞ്ജനത്തിലേക്കു അവരെ നയിക്കുകയും ചെയ്തു.
കുടിയാൻ നിയമനങ്ങളുടെ കാഠിന്യം കുറക്കുക, മാപ്പിളമാർക്കിടയിൽ ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക അതോടൊപ്പം പുരോഹിത സിദ്ധന്മാരുടെ സ്വാധീനവും അധികാരവും ഇല്ലായ്മ ചെയ്യുകയും ആചാര അനാചാരങ്ങളുടെ ബന്ധനങ്ങൾ അറുത്ത് മാറ്റുകയും ചെയ്യുക എന്നിവ സംയോജിപ്പിച്ചു പ്രാവർത്തികമാക്കിയതോടെ നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് രാജിന് തലവേദന സൃഷ്ടിച്ച മലബാറിലെ ലഹളകൾക്കു പൂർണ്ണ വിരാമമായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.