ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
1994-ൽ കാശ്മീരം എന്ന ചിത്രത്തിലൂടെ മധുപാൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. നിരവധി പുരസ്കാരങ്ങൾ നേടി മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ തലപ്പാവ് (2008) എന്ന സിനിമയാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ. കേരളത്തിലെ വയനാട് ജില്ലയിൽ പോലീസ് പിടിയിൽ ഫെബ്രുവരി 18, 1970 ൽ വെടിയേറ്റ് കൊല്ലപ്പെട്ട നക്സൽ നേതാവ് അരീക്കൽ വർഗീസ് എന്ന എ. വർഗ്ഗീസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ചെയ്ത സിനിമയാണ് തലപ്പാവ്. ഈ സിനിമക്ക് ശേഷം 2012-ൽ ചെയ്ത ഒഴിമുറി, 2018ൽ പ്രദർശനത്തിനെത്തിയ മലയാള ഭാഷാ ത്രില്ലർ ചലച്ചിത്രമായ 'ഒരു കുപ്രസിദ്ധ പയ്യൻ' എന്നീ സിനിമകളും മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായി മാറി.
പരേതനായ ചെങ്കളത്ത് മാധവമേനോന്റെയും രുഗ്മണിയമ്മയുടെയും മൂത്ത മകനായി കോഴിക്കോട്ട് ജനിച്ച മധുപാൽ ചെറുപ്പകാലം മുതലേ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ പൂമ്പാറ്റ, ബാലരമ എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു. ജേർണലിസത്തിൽ ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ രാജീവ് അഞ്ചലുമൊന്നിച്ച് ജോലി ചെയ്തു. കാശ്മീരം എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പിന്നീട് ഒട്ടനവധി സിനിമകളിലൂടെ ശ്രദ്ധേയമായ സഹനടൻ, പ്രതിനായക വേഷങ്ങൾ ചെയ്ത് മലയാളിയുടെ മനസിൽ സ്ഥിര പ്രതിഷ്ഠ നേടി. കൂടാതെ, ടിവി സീരിയൽ മേഖലയിൽ ശ്രദ്ധേയമായ വേഷങ്ങളും സംവിധാന സംരംഭങ്ങളും ചെയ്ത് ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.
സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന മധുപാൽ നിരവധി സ്വാഭാവിക എതിർപ്പുകളും നേരിടാറുണ്ട്. ഈ അടുത്ത കാലത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ അവിടെ നടപ്പിലാക്കാൻ ഒരുങ്ങിയ ഭരണരീതികളെ സംബന്ധിച്ച് തദ്ദേശവാസികൾക്കിടയിൽ ഉയർന്ന ആശങ്കകളിൽ മധുപാൽ വിശദമായ നിലപാട് രേഖപ്പെടുത്തിയിരുന്നു. ഇത് ഭരണകൂടത്തിനെ പിന്തുണക്കുന്ന രാഷ്ട്രീയഅണികളിൽ നിന്നും വലിയ എതിർപ്പുകളും ക്ഷണിച്ചുവരുത്തി.
നിലവിൽ കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ 'സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്' ചെയർമാൻ സ്ഥാനം വഹിക്കുന്നുണ്ട് ഇദ്ദേഹം. 30 മാർച്ച് 2022 മുതലാണ് ഈ ചുമതല ഇദ്ദേഹം ഏറ്റെടുത്തത്. കല-സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരൻമാർക്കും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ക്ഷേമവും ആഭിവൃദ്ധിയും സൃഷ്ടിക്കുക. ഇവർക്ക് പെൻഷൻ നൽകുക എന്നിവയാണ് 'സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്' ചുമതല. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗമായിരുന്നു മധുപാൽ. കേരള ചലച്ചിത്ര അക്കാഡമി, ഫോക് ലോർ അക്കാഡമി എന്നിവയിലും അംഗമായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.