മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
2012 മേയ് 18നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഞ്ചാടിക്കുരു. അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2008ലെ കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ചു. ഈ മേളയിൽ മഞ്ചാടിക്കുരു മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരവും, മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരവും നേടി.[1] 2009ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയടക്കം അഞ്ച് പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി.[2][3][4][5] ചിത്രത്തിന്റെ തിരക്കഥ രചിച്ച അഞ്ജലി മേനോന് മികച്ച തിരക്കഥാകൃത്തിനുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[6]
മഞ്ചാടിക്കുരു | |
---|---|
![]() | |
സംവിധാനം | അഞ്ജലി മേനോൻ |
നിർമ്മാണം | വിനോദ് മേനോൻ അഞ്ജലി മേനോൻ |
രചന | അഞ്ജലി മേനോൻ |
അഭിനേതാക്കൾ | പൃഥ്വിരാജ് റഹ്മാൻ തിലകൻ കവിയൂർ പൊന്നമ്മ മുരളി |
സംഗീതം | രമേഷ് നാരായൺ ഫ്രാങ്കോസിസ് ഗാമുറെ(പിന്നണി സംഗീതം) കാവാലം നാരായണപ്പണിക്കർ (സംഗീതം) |
ഛായാഗ്രഹണം | പിയെട്രോ സുർക്കർ |
ചിത്രസംയോജനം | ബി. ലെനിൻ |
സ്റ്റുഡിയോ | ലിറ്റിൽ ഫിലിംസ് |
വിതരണം | ഓഗസ്ത് സിനിമ |
റിലീസിങ് തീയതി | മേയ് 18 2012 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പൃഥ്വിരാജ്, തിലകൻ, റഹ്മാൻ, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ, ഉർവ്വശി, ബിന്ദു പണിക്കർ, സിന്ധു മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ. കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രമേശ് നാരായണനാണ്. ചിത്രസംയോജനം ബി. ലെനിൻ നിർവഹിച്ചിരിക്കുന്നു.
വിക്കി തന്റെ നാടിനെ കുറിച്ചും തന്റെ തറവാടായ കൗസ്തുഭം വീടിനെ കുറിച്ചും വിവരിക്കുന്നതിലൂടെയാണ് ചലച്ചിത്രം ആരംഭിക്കുന്നതും മുന്നോട്ട് പോകുന്നതും. വിക്കി അവസാനമായി കൗസ്തുഭം വീട്ടിലെത്തിയത് മുത്തച്ഛന്റെ മരണത്തിനോടനുബന്ധിച്ചായിരുന്നു. വിക്കി മാതാപിതാക്കളോടൊപ്പം ദുബായിലാണ് താമസിച്ചിരുന്നത്. മുത്തച്ഛൻ മരിച്ചതു കാരണം തറവാട്ടിലെ എല്ലാവരും അവിടെയെത്തുന്നു. അമ്മാവൻ രഘുവിന്റെ മക്കളായ കണ്ണനുമായും മണിക്കുട്ടിയുമായും വിക്കി സൗഹൃദത്തിലാവുന്നു. ഇവരെ സുഹൃത്തുക്കളാക്കുന്നത് അവിടുത്തെ വേലക്കാരിയായ തമിഴ് പെൺകുട്ടി റോജയാണ്. മുത്തച്ഛൻ മരണത്തിനു മുമ്പേ സ്വത്തെല്ലാം വീതം വെച്ചിരുന്നുവെങ്കിലും തറവാട് ആർക്കും നൽകിയിരുന്നില്ല. ഇത് പ്രതീക്ഷിച്ചാണ് എല്ലാവരും അവിടെയെത്തിയത്. ഇതിന്റെ ഭാഗപത്രം വായന 16നു (പതിനാറടിയന്തിരത്തിനു) മതിയെന്ന് മുത്തശ്ശി പറയുന്നു. തുടർന്ന് എല്ലാവരും 16 വരെ അവിടെത്തന്നെ താമസിക്കുന്നു. വിക്കിയും കണ്ണനും മണിക്കുട്ടിയും ചേർന്ന് റോജയെ നാട്ടിലേക്ക് അയക്കുന്നു. 16ആം ദിവസം തറവാട് മുത്തച്ഛൻ മുത്തശ്ശിയുടെ പേരിലാണ് എഴുതി വെച്ചിരിക്കുന്നതെന്ന് വക്കീൽ ഭാഗപത്രം വായിക്കുന്നു. മുത്തശ്ശിയുടെ മരണശേഷം ഇളയ മകളായ സുധാമണിക്കാണ് വീടെന്നും എന്നാൽ മുത്തശ്ശിക്ക് ഈ ഭാഗപത്രം തിരുത്താമെന്നും ഭാഗപത്രത്തിലൂടെ മുത്തച്ഛൻ കൂട്ടിച്ചേർക്കുന്നു. ഇതിനുശേഷം വിക്കി തിരികെ ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. ഈ സമയത്ത് രക്ഷപ്പെട്ട റോജയെ അമ്മാവനായ മാരിമുത്തു തിരികെ കൊണ്ടു വരുന്നു.
20 വർഷത്തിനു ശേഷം തിരികെയെത്തിയ വിക്കി, മുത്തശ്ശി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തന്റെ അവകാശം ഉപയോഗിച്ച് മുത്തശ്ശി തറവാട് റോജയുടെ പേരിലേക്ക് തിരുത്തിയെഴുതിയെന്നും പറയുന്നു. വിക്കി റോജയുടേയും മുത്തശ്ശിയുടേയും ഫോട്ടോ എടുക്കുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
Seamless Wikipedia browsing. On steroids.