ഒരു കർണാടകസംഗീത വിദഗ്ദ്ധനും, നിരവധി വാദ്യോപകരണങ്ങളിൽ വിദ്വാനും പിന്നണിഗായകനും, അഭിനേതാവുമായിരുന്നു മംഗലംപള്ളി ബാലമുരളീകൃഷ്ണ (തെലുഗ്: మంగళంపల్లి బాలమురళీకృష్ణ) എന്ന എം. ബാലമുരളീകൃഷ്ണ (ജനനം 1930 ജൂലൈ 6 - മരണം 2016 നവംബർ 22) . കവി, സംഗീതസംവിധായകൻ എന്നീ നിലകളിലും ബാലമുരളീകൃഷ്ണ ശ്രദ്ധേയനാണ്. ഭാരതീയ കലകൾക്കു അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് ഭാരതസർക്കാർ ബാലമുരളീകൃഷ്ണക്ക് രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ പരമോന്നതബഹുമതിയായ പത്മവിഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.[1] 2005 ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിനു ഷെവലിയർ പട്ടം നൽകി ആദരിച്ചിരുന്നു.[2]
എം. ബാലമുരളീകൃഷ്ണ మంగళంపల్లి బాలమురళీకృష్ణ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മംഗലംപള്ളി ബാലമുരളീകൃഷ്ണ |
ജനനം | ശങ്കരഗുപ്തം, പടിഞ്ഞാറേ ഗോദാവരി ജില്ല മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ആന്ധ്രാപ്രദേശിൽ) | 6 ജൂലൈ 1930
മരണം | നവംബർ 22, 2016 86) ചെന്നൈ | (പ്രായം
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | സംഗീതജ്ഞൻ |
ഉപകരണ(ങ്ങൾ) | ഗായകൻ, മൃദംഗം, ഗഞ്ചിറ |
വർഷങ്ങളായി സജീവം | 1938–2016 |
ലേബലുകൾ | ലഹരി മ്യൂസിക്ക്, സംഗീത, PM Audios & Entertainments, ആദിത്യ മ്യൂസിക്ക് |
ജീവിതരേഖ
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിൽ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ ഗോദാവരി ജില്ലയിലുള്ള ശങ്കരഗുപ്തം എന്ന സ്ഥലത്താണു ബാലമുരളീകൃഷ്ണ ജനിച്ചത്. ഈ പ്രദേശം ഇപ്പോൾ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലാണ്.[3]. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സംഗീത വിദ്വാനും, വയലിൻ, ഓടക്കുഴൽ, വീണ എന്നീ സംഗീതോപകരങ്ങൾ വായിക്കുവാൻ കഴിവുള്ളയാളും, അമ്മ വീണാ വിദുഷിയുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനു ശേഷം അച്ഛനായിരുന്നു ബാലമുരളീകൃഷ്ണയെ വളർത്തിയത്. സംഗീതത്തിലുള്ള വാസനയെ അറിഞ്ഞ ബാലമുരളീകൃഷ്ണയുടെ അച്ഛൻ അദ്ദേഹത്തെ ത്യാഗരാജസ്വാമികളുടെ പരമ്പരയിലുള്ള പരുമ്പള്ളു രാമകൃഷ്ണ പണ്ടലുവിന്റെ ശിഷ്യനാക്കി.
ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിലെ കണ്ണിയായ പണ്ടലുവിന്റെ കീഴിൽ നിന്നു വളരെ പെട്ടെന്നു തന്നെ ബാലമുരളീകൃഷ്ണ കർണാടക സംഗീതം ഹൃദിസ്ഥമാക്കി. എട്ടാമത്തെ വയസ്സിൽ ബാലമുരളീകൃഷ്ണ ആദ്യത്തെ ത്യാഗരാജ ആരാധന വിജയവാഡയിൽ നടത്തി. ഈ കുട്ടിയിലുള്ള അസാധാരണ കഴിവുകൾ മനസ്സിലാക്കിയ പ്രശസ്ത ഹരികഥാ കലാകാരനായ സൂര്യനാരായണ മൂർത്തി ഭാഗവതരാണ് മുരളീകൃഷ്ണ എന്ന പേരിനു മുന്നിൽ ബാല എന്നു കൂടി കൂട്ടിച്ചേർത്തു വിളിച്ചത്.[4]
സംഗീത കാലഘട്ടം
വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലമുരളീകൃഷ്ണ കർണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങളായ 72 മേളകർത്താരാഗങ്ങളിലും അതീവ പ്രാവീണ്യം നേടി. ഈ രാഗങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം കൃതികളും സംവിധാനം ചെയ്തു. 1952 ൽ അദ്ദേഹം രചിച്ച ജനക രാഗ മഞ്ജരി എന്ന കൃതി സംഗീത മ്യൂസിക് കമ്പനി രാഗാംഗ രാവലി എന്ന പേരിൽ ഒമ്പത് വോള്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്.[5] കർണാടക സംഗീത വിദഗ്ദ്ധൻ എന്നതിലുപരി മൃദംഗം, ഗഞ്ചിറ എന്നീ വാദ്യങ്ങളുപയോഗിക്കുന്നതിലും അദ്ദേഹം കഴിവു തെളിയിച്ചിരുന്നു.
ലോകത്തിലങ്ങോളമിങ്ങോളമായി അദ്ദേഹം 25,000 കച്ചേരികൾ നടത്തിയിട്ടുണ്ട്.[6] പണ്ഡിറ്റ് ഭീംസെൻ ജോഷിയോടൊപ്പം അദ്ദേഹം കച്ചേരി നടത്തിയിട്ടുണ്ട്. ഹരിപ്രസാദ് ചൗരാസ്യക്കൊപ്പം ജുഗൽബന്ദി അവതരിപ്പിച്ചിട്ടുണ്ട്. താള്ളപ്പാക്കൽ അന്നാമാചാര്യ, ഭദ്രാചലം രാമദാസ് എന്നിവരുടെ കൃതികൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചതാണ് അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തത്.
ചലച്ചിത്രം
ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കായി നാന്നൂറിലധികം ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. വർണ്ണങ്ങളും, ഭക്തിഗാനങ്ങളും, തില്ലാനകളും ആയിരുന്നു ഇവയിലധികവും. അതുവരെ അധികമാരും പരീക്ഷിക്കാതിരുന്ന, മേളകർത്താരാഗങ്ങൾ ചലച്ചിത്രഗാനങ്ങൾക്കായുപയോഗിച്ചത് ബാലമുരളീകൃഷ്ണയാണ്.
1967 ൽ എ.വി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഭക്തപ്രഹ്ലാദ എന്ന ചലച്ചിത്രത്തിൽ നാരദന്റെ വേഷം അവതരിപ്പിച്ച് അദ്ദേഹം വെള്ളിത്തിരയിലുമെത്തി. അതിനുശേഷം അദ്ദേഹം നിരവധി ചലച്ചിത്രങ്ങളിൽ വേഷമിട്ടു. പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ 1984 ൽ പുറത്തിറങ്ങിയ സന്ധ്യക്കെന്തിനു സിന്ദൂരം എന്ന മലയാളം ചലച്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[7]
പ്രധാന രചനകൾ
ക്രമം | രചന | രാഗം | തരം | ഭാഷ | |
---|---|---|---|---|---|
1 | ഓംകാര പ്രണവം | ഷണ്മുഖപ്രിയ | പദ വർണ്ണം | തെലുങ്ക് | |
2 | അമ്മ ആനന്ദദായിനി | ഗംഭീരനാട്ട | പദ വർണ്ണം | തെലുങ്ക് | |
3 | യേ നന്ദമു | നാട്ട (രാഗം) | വർണ്ണം | തെലുങ്ക് | തെലുങ്ക് |
4 | ആപാല ഗോപാലമു | അമൃതവർഷിണി | വർണ്ണം | തെലുങ്ക് | |
5 | നിനു നേര നമ്മിതി | ഖരഹരപ്രിയ | വർണ്ണം | തെലുങ്ക് | |
6 | ശ്രീ സകല ഗണാധിപ പാലയമാം | ആരഭി | കൃതി | സംസ്കൃതം | |
7 | മഹാദേവസുതം | ആരഭി | കൃതി | സംസ്കൃതം | |
8 | ഗണാധിപം | നാട്ട (രാഗം) | കൃതി | സംസ്കൃതം | |
9 | പിറൈ അണിയും പെരുമാൻ | ഹംസധ്വനി | കൃതി | തമിഴ് | |
10 | ഉമാ സുതം നമാമി | സർവ്വശ്രി | കൃതി | സംസ്കൃതം | |
11 | സിദ്ധി നായകേന | അമൃതവർഷിണി | കൃതി | സംസ്കൃതം | |
12 | വരുഹ വരുഹ | കാമവർദ്ധിനി | കൃതി | തമിഴ് | |
13 | തുണൈ നീയേ | ചാരുകേശി | കൃതി | തമിഴ് | |
14 | ഗതി നീവേ | കല്യാണി | കൃതി | തെലുങ്ക് | |
15 | മാ മാനിനി | തോടി | കൃതി | തെലുങ്ക് | |
പുരസ്കാരങ്ങളും ബഹുമതികളും
സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധർവ്വൻ, ഗായന ചക്രവർത്തി, ഗാന പദ്മം, നാദജ്യോതി, സംഗീത കലാസരസ്വതി[8], നാദ മഹർഷിണി, ഗന്ധർവ്വ ഗാന സാമ്രാട്ട്, ജ്ഞാനസാഗര, നൂറ്റാണ്ടിന്റെ സംഗീതജ്ഞൻ എന്നിവ അവയിൽ ചിലതാണ്. ദേശീയ ഉദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ ഇദ്ദേഹത്തിനു ബഹുമതികൾ സമ്മാനിച്ചിട്ടുണ്ട്.
മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്കാരം, മികച്ച സംഗീതസംവിധായകൻ, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്കാരങ്ങൾ നേടിയ ഏക കർണാടക സംഗീതജ്ഞൻ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാണി നിലയങ്ങളിലെ ‘’ടോപ്പ് ഗ്രേഡ്’‘ കലാകാരനായും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.
പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നീ പുരസ്കാരങ്ങളും ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് ഗവൺമെന്റ് നൽകുന്ന ഓർഡർ ഓഫ് ആർട്‌സ് ആന്റ് ലെറ്റേഴ്സ് നേടിയ ഏക കർണാടകസംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്.[9]
പുരസ്കാര പട്ടിക
ക്രമം | പുരസ്കാരം | വർഷം | സമിതി |
---|---|---|---|
1 | പത്മവിഭൂഷൺ | 1991 | ഭാരത സർക്കാർ |
2 | പത്മശ്രീ | 1971 | ഭാരത സർക്കാർ |
3 | ഷെവലിയർ പട്ടം | 2005 | ഫ്രഞ്ച് സർക്കാർ |
4 | മികച്ച പിന്നണി ഗായകൻ, ദേശീയ ചലച്ചിത്ര പുരസ്കാരം | 1975 | ഭാരതസർക്കാർ |
5 | മികച്ച സംഗീത സംവിധായകൻ, ദേശീയ ചലച്ചിത്ര പുരസ്കാരം | 1986 | ഭാരതസർക്കാർ |
6 | മികച്ച പിന്നണി ഗായകൻ, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | 1987 | കേരളസർക്കാർ [10] |
7 | മികച്ച കർണാടകസംഗീത ഗായകൻ, കേരള ചലച്ചിത്ര പുരസ്കാരം | 2010 | കേരളസർക്കാർ |
8 | സംഗീത നാടക അക്കാദമി പുരസ്കാരം | 1975 | സംഗീതനാടക അക്കാദമി |
9 | സംഗീത കലാനിധി | 1978 | മദ്രാസ് മ്യൂസിക് അക്കാദമി |
10 | ഡോക്ടർ ഓഫ് ലെറ്റേഴ്സ് | 1981 | ശ്രീ വെങ്കിടേശ്വര സർവ്വകലാശാല |
മരണം
അവസാനകാലത്ത് വാർദ്ധക്യസഹജവും അല്ലാത്തതുമായ ഏറെ രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും സംഗീതപരിപാടികളിലും മറ്റും സജീവസാന്നിദ്ധ്യമായിരുന്നു ബാലമുരളീകൃഷ്ണ. 2016 നവംബർ ആദ്യവാരത്തോടെ അദ്ദേഹം തീർത്തും അവശനായി. ഒടുവിൽ, 2016 നവംബർ 22-ന് വൈകീട്ട് അഞ്ചുമണിയോടെ 86-ആം വയസ്സിൽ ചെന്നൈയിലെ വീട്ടിൽ വച്ച് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ അന്നപൂർണ്ണ മൂന്ന് മാസങ്ങൾക്കുശേഷം 2017 ഫെബ്രുവരി 16-ന് അന്തരിച്ചു. ഇവർക്ക് ആറ് മക്കളുണ്ട്. ഇളയ മകളായ മഹതിയൊഴികെ ആരും സംഗീതലോകത്തേക്ക് കടന്നുവന്നില്ല.
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.