From Wikipedia, the free encyclopedia
കാനഡയിലെ ഒരു ഇസ്ലാമിക പണ്ഡിതയാണ് ഫർഹത് നസീം ഹാഷ്മി[1] ( ഉർദു: فرحت ہاشمی ; ഡിസംബർ 22, 1957 ജനനം). പാകിസ്താൻ വംശജയായ ഫർഹത് ഹാഷ്മി, ടെലിവിഷൻ അവതാരക, അൽ ഹുദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക എന്നിങ്ങനെ അറിയപ്പെടുന്നു[2][3].
സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ ഫർഹത് ഹാഷ്മി, ഇസ്ലമാബാദിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ഉസൂലുദ്ദീൻ ഫാക്കൽറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു[4][5]. 1994-ൽ അൽ ഹുദ ഇന്റർനാഷണൽ വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപിച്ച ഫർഹത് ഹാഷ്മി സ്ത്രീകൾക്കായി നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഖുർആനും ഹദീഥും അഭ്യസിച്ച് കൊണ്ട് ശക്തി നേടാൻ സ്ത്രീകൾക്ക് സാധിക്കും എന്ന് അവർ വിശ്വസിക്കുന്നു. സ്കൂളുകൾക്ക് പുറമെ നിരവധി മതവിദ്യാലയങ്ങളും സ്ഥാപിച്ച ഫർഹത് ഹാഷ്മി[6][7][8], നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികളും ഫൗണ്ടേഷൻ വഴി നടത്തിവരുന്നു. 2004-ൽ കാനഡയിലെ ഒന്റാറിയോയിൽ അൽ ഹുദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതിന് ശേഷം 2005-ൽ അങ്ങോട്ട് കുടിയേറിയ ഫർഹത് ഹാഷ്മി, ഇപ്പോൾ കാനഡ കേന്ദ്രമായി പ്രവർത്തിച്ചു വരുന്നു. ഖുർആൻ- ഹദീഥ് വിഷയങ്ങളിൽ അധിഷ്ഠിതമായ നിരവധി കോഴ്സുകൾ ഈ ഇൻസ്റ്റിറ്റ്യൂറ്റ് വഴി നടത്തപ്പെടുന്നു. ഇതോടെ അന്താരാഷ്ട്രാ തലത്തിൽ തന്നെ വിദ്യാർത്ഥികളെ ആകർഷിക്കാൻ ഇവർക്ക് സാധിച്ചു[9][10].
ഒരു സ്ത്രീ പക്ഷ ഇസ്ലാമിക പണ്ഡിത എന്ന നിലയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫർഹത് ഹാഷ്മി, വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ദർസുകൾ നടത്തിയിരുന്നു. ആയിരക്കണക്കിന് സ്ത്രീകൾ ഫർഹതിന്റെ സ്ഥാപനങ്ങൾ വഴി മത വിദ്യാഭ്യാസം നേടി പണ്ഡിതകളായി മാറി[9][11][12]. കണിശമായ ചട്ടക്കൂടുകൾക്ക് അപ്പുറം അടിസ്ഥാന ഗ്രന്ഥങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഒരു നവോത്ഥാനമാണ് താൻ ലക്ഷ്യം വെക്കുന്നതെന്ന് ഫർഹത് ഹാഷ്മി അവകാശപ്പെടുന്നു[13][14].
1957 ഡിസംബർ 22-നാണ് പാകിസ്താൻ പഞ്ചാബിലെ സർഗോദ പ്രദേശത്ത് ഫർഹത് ഹാഷ്മി ജനിക്കുന്നത്. പാകിസ്താൻ ജമാഅത്തെ ഇസ്ലാമിയുടെ നേതാവായിരുന്ന അബ്ദുറഹ്മാൻ ഹാഷ്മിയുടെ മകളായാണ്[15] ഇവരുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസ ശേഷം ഗവണ്മെന്റ് കോളേജ് ഫോർ സർഗോദയിൽ നിന്ന് ബിരുദം നേടിയ ശേഷം പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് അറബി ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി. പിതാവിന് കീഴിൽ മതവിദ്യാഭ്യാസം നേടിയ ഫർഹത് ഹാഷ്മി, മുഹമ്മദ് ഇദ്രീസ് സുബൈറിനെ വിവാഹം ചെയ്യുകയും ദമ്പതികൾ ഇസ്ലമാബാദിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ അധ്യാപകരായി ചേരുകയും ചെയ്തു. സ്കോട്ട്ലന്റിലേക്ക് പോയി ഇസ്ലാമിക് സ്റ്റഡീസിൽ ഡോക്ടറേറ്റ് പദ്ധതിയിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനിടയിൽ അവർ തുർക്കി, ജോർദാൻ, സിറിയ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു[15].
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുമ്പോൾ തന്നെ, ഫർഹത് ഹാഷ്മി സ്ത്രീകൾക്കായി അനൗപചാരിക മത പഠന ക്ലാസുകൾ ആരംഭിച്ചു. ഡോക്ടറേറ്റ് ലഭിച്ച ശേഷം സ്കോട്ട്ലന്റിൽ നിന്ന് പാകിസ്താനിൽ തിരിച്ചെത്തിയ അവൾ അൽ ഹുദ ഇന്റർനാഷണൽ വെൽഫെയർ ഫൗണ്ടേഷൻ ആരംഭിച്ചു. സ്ത്രീകൾ അടിസ്ഥാന ഇസ്ലാമിക ഗ്രന്ഥങ്ങൾ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന വിദ്യാലയങ്ങൾ സ്ഥാപിച്ച് കൊണ്ടാണ് ഫൗണ്ടേഷന്റെ തുടക്കം. സാമ്പ്രദായിക മതപഠന കേന്ദ്രങ്ങളിലെ സ്ത്രീസൗഹൃദപരമല്ലാത്ത അവസ്ഥകളെ മറികടക്കാൻ ഈ സംരംഭത്തിലൂടെ ഇവർക്ക് കഴിഞ്ഞു. വിദ്യാസമ്പന്നരായ സ്ത്രീകൾ ഫൗണ്ടേഷന്റെ വിദ്യാലയങ്ങളിൽ ആകൃഷ്ടരായി വന്നു[16][17][18]. ഫർഹത് ഹാഷ്മി തന്റെ സ്ഥാപനങ്ങളിൽ നടപ്പാക്കിയ നൂതനമായ അധ്യാപന രീതികൾ[9] ഇതിന്റെ വിജയത്തിന്റെ പിന്നിൽ ഉണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു[19].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.