From Wikipedia, the free encyclopedia
1918-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ജർമ്മൻ രസതന്ത്രജ്ഞനാണ് ഫ്രിറ്റ്സ് ഹേബർ (Fritz Haber) (ജനനം:1868 ഡിസംബർ 9 – മരണം: 1934 ജനുവരി 29). വളം, വെടിക്കോപ്പുകൾ എന്നിവയുടെ നിർമ്മാണത്തിനുള്ള സുപ്രധാനഘടകമായ അമോണിയ കൃത്രിമമായി നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ആയുധമായി ക്ലോറിനും മറ്റു വിഷവാതകങ്ങളും ഉപയോഗപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ രാസയുദ്ധത്തിന്റെ പിതാവ് (father of chemical warfare) എന്ന പേരിലാണ് ഹേബർ അറിയപ്പെടുന്നത്. ഈ പ്രവൃത്തി മൂലമാണ് ഇദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് എന്ന് കരുതുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമനിക്ക് വേണ്ടി ഇത്തരത്തിൽ പ്രവർത്തിച്ചുവെങ്കിലും യഹൂദപാരമ്പര്യം മൂലം നാസികളുടെ കാലത്ത് 1933-ൽ ഇദ്ദേഹത്തിന് പലായനം ചെയ്യേണ്ടതായി വന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കളിൽ പലരും കോൺസെണ്ട്രേഷൻ ക്യാമ്പുകളിൽ നാസികളുടെ വിഷവാതകത്തിനിരയായി കൊല്ലപ്പെട്ടു. ഈ പ്രവാസകാലത്താണ് അദ്ദേഹം മരിച്ചത്.
ജർമ്മനിയിലെ ബ്രെസ്ലോയിൽ സീഗ്ഫ്രൈഡ് ഹേബറുടേയും പോളയുടേയും പുത്രനായി 1868-ൽ ജനിച്ചു[1]. ഫ്രിറ്റ്സിന്റെ ജനനത്തോടെ അമ്മ മരിച്ചു. പിതാവ് സീഗ്ഫ്രൈഡ്, പട്ടണത്തിലെ ഒരു പ്രധാനകച്ചവടക്കാരനായിരുന്നു.
1886 മുതൽ 91 വരെ, ബെർലിൻ യൂണിവേഴ്സിറ്റി, ചാൾട്ടൺബർഗ് ടെക്നിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഫ്രിറ്റ്സ് പഠനം പൂർത്തിയാക്കി. 1901-ൽ ക്ലാര ഇമ്മെർവാറുമായി വിവാഹം. തന്റെ ശാസ്ത്രജീവിതം ആരംഭിക്കുന്നതിനു മുൻപുതന്നെ പിതാവിന്റെ കച്ചവടത്തിലും പിന്നീട് സൂറിച്ചിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ആദ്യകാലങ്ങളിൽ ജോലി നോക്കി.
1894 മുതൽ 1911 വരെയുള്ള കാലഘട്ടത്തിൽ കാൾസ്രൂ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ, ഫ്രിറ്റ്സും കാൾ ബോഷുമൊത്ത് ഹേബർ പ്രക്രിയ എന്ന അമോണിയ നിർമ്മാണരീതി വികസിപ്പിച്ചെടുത്തു. ഉയർന്ന താപനിലയിലും മർദ്ദത്തിലും ഹൈഡ്രജനേയും അന്തരീക്ഷത്തിലെ നൈട്രജനേയും തമ്മിൽ പ്രവർത്തിപ്പിച്ചാണ് ഈ രീതിയിൽ അമോണിയ ഉണ്ടാക്കിയിരുന്നത്. ഈ കണ്ടെത്തലിന് 1918-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
വ്യവസായരംഗത്ത് ഒരു നാഴികക്കല്ലായിരുന്നു ഹേബർ ബോഷ് പ്രക്രിയ. ഇതോടെ പ്രകൃതിനിക്ഷേപങ്ങളിൽ നിന്നും നൈട്രജൻ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന രീതി പാടേ ഉപേക്ഷിക്കപ്പെട്ടു. വളം,വെടിമരുന്ന് മുതലായ വസ്തുക്കളുടെയെല്ലാം നിർമ്മാണപ്രക്രിയയിൽ മാറ്റം സംഭവിച്ചു. പ്രകൃത്യാ ലഭിക്കുന്ന ധാതുദ്രവ്യമായ സോഡിയം നൈട്രേറ്റിൽ നിന്നാണ് ഇവയൊക്കെ പ്രധാനമായും നിർമ്മിച്ചിരുന്നത്. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട വളങ്ങളുടെ കുറഞ്ഞ ചെലവിലുള്ള ലഭ്യത മൂലം അക്കാലത്ത് കാർഷികോൽപ്പാദനം കാര്യമായി വർദ്ധിച്ചു.
ജ്വലനപ്രവർത്തനങ്ങൾ, കടൽജലത്തിൽ നിന്നും സ്വർണം വേർതിരിക്കൽ, അഡ്സോർപ്ഷൻ പ്രഭാവം, വൈദ്യുതരസതന്ത്രം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. 1911 മുതൽ 33 വരെ ബെർലിനിലെ (ഡാലേം) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ആന്റ് ഇലക്ട്രോകെമിസ്ട്രിയിലാണ് അദ്ദേഹം പ്രവർത്തിച്ചത്.
ഒന്നാം ലോകമഹായുദ്ധകാലത്തെ രാസായുധത്തിന്റെ ഉപയോഗത്തിൽ ഹേബറിന് കാര്യമായ കൈയുണ്ട്. ക്ലോറിൻ അടക്കമുള്ള വിഷവാതകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ നായകത്വം വഹിക്കുക മാത്രമല്ല. ഇവ ശത്രുഭടന്മാരുടെ കിടങ്ങുകളിൽ പ്രയോഗിച്ചതിലും ഹേബർ നേരിട്ട് പങ്കെടുത്തിരുന്നു. വിഷവാതകങ്ങളെ ആഗിരണം ചെയ്ത് ശുദ്ധവായു കടത്തിവിടുന്ന അരിപ്പകളുള്ള വാതകമുഖംമൂടികൾ ഈ ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ്.
ഒന്നാം ലോകമഹായുദ്ധത്തിലെ വിഷവാതകയുദ്ധം യഥാർത്ഥത്തിൽ രസതന്ത്രജ്ഞന്മാർ തമ്മിലുള്ള മത്സരമായിരുന്നു. ഹേബർക്കെതിരെ നോബൽ സമ്മാനജേതാവായ ഫ്രഞ്ച് രസതന്ത്രജ്ഞൻ വിക്റ്റർ ഗ്രിഗ്നാർഡ് ആയിരുന്നു മറുവശത്ത്. ഹേബറുടെ ഭാര്യ ഈ വിഷവാതകപദ്ധതികൾക്കെതിരായിരുന്നു. രണ്ടാം യ്പ്രസ് യുദ്ധത്തിൽ ക്ലോറിൻ വാതകം വിജയകരമായി ഉപയോഗിച്ചതിന് ഹേബറെ അഭിനന്ദിക്കാനായി നടത്തിയ അത്താഴവിരുന്നിൽ വച്ചുതന്നെ ഭാര്യ അദ്ദേഹത്തിന്റെ സെർവീസ് റിവോൾവർ ഉപയോഗിച്ച് ആത്മഹത്യചെയ്തു. ഭാര്യ മരിച്ച അതേ ദിവസം തന്നെ റഷ്യക്കാർക്കെതിരെ വിഷവാതകം പ്രയോഗിക്കുന്നതിന് മേൽനോട്ടം വഹിക്കാനായി അദ്ദേഹം യുദ്ധമുന്നണിയിലേക്ക് തിരിച്ചു. യുദ്ധത്തിൽ താൻ ചെയ്തതൊക്കെ രാജ്യത്തിനുവേണ്ടിയാണെന്ന് അഭിമാനിച്ച ഒരു ദേശാഭിമാനിയായ ജർമ്മനിക്കാരനായിരുന്നു അദ്ദേഹം. സൈനികസേവനത്തിന് പറ്റിയ പ്രായം കഴിഞ്ഞു പോയെങ്കിലും കൈസർ അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം നൽകി. മരണം ഏതുതരത്തിലായാലും മരണമാണ് എന്ന വാദം കൊണ്ടാണ്, രാസായുധം മനുഷ്യത്വരഹിതമാണെന്നുള്ള എതിർവാദങ്ങളെ അദ്ദേഹം ന്യായീകരിച്ചത്.
വിഷവാതകങ്ങളെക്കുറിച്ചുള്ള പഠനത്തിനനുബന്ധമായി വാതകത്തിന്റെ ഗാഢതയും അതു മൂലം മരണം സംഭവിക്കുന്നതിന് എടുക്കുന്ന സമയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ലഘുവായ നിയമം അദ്ദേഹം ആവിഷ്കരിച്ചു. ഇത് ഹേബറുടെ നിയമം എന്ന പേരിലാണ് അറിയപ്പെടുന്നത്.
1920-ൽ ഹേബറിന്റെ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ സൈക്ലോൺ ബി. (Zyklon B) എന്ന ഒരു സയനൈഡ് വാതകം നിർമ്മിച്ചു. ധാന്യശേഖരങ്ങളിൽ പുകക്കുന്നതിനുള്ള കീടനാശിനിയായാണ് ഇത് ആദ്യം ഉപയോഗിച്ചതെങ്കിലും നാസികൾ കൂട്ടക്കൊലക്കായി ഈ വാതകം പിന്നീട് ക്യാമ്പുകളിൽ ഉപയോഗിച്ചു.
നാസികളുടെ കാലത്ത് ജർമ്മനിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന് ഹേബർ ജൂതമതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തിയെങ്കിലും നാസികളുടെ കണ്ണിൽ അദ്ദേഹം ജൂതൻ തന്നെയായിരുന്നു[2]. ഇതിനെത്തുടർന്ന് 1933-ൽ ജർമനി വിട്ട് പലായനം ചെയ്യേണ്ടി വന്നു. ജർമ്മൻ വ്യവസായലോകത്തിന് ഇത്രയേറെ സംഭാവനകൾ നൽകിയിട്ടും നാസി ഭരണത്തിൻ കീഴിൽ തനിക്ക് നേരിട്ട അപമാനങ്ങളോർത്ത് അദ്ദേഹം വളരെയേറെ ദുഃഖിതനായി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെത്തിയ അദ്ദേഹം അവിടെ നിന്നും ബ്രിട്ടീഷ് നിയന്ത്രിത പാലസ്തീനിലെ റഹൊവതിലെത്തി (ഈ സ്ഥലം ഇപ്പോൾ ഇസ്രയേലിലാണ്) എങ്കിലും എവിടേയും സ്ഥിരതാമസമാക്കിയില്ല. തന്റെ 65-ആം വയസിൽ രോഗശാന്തിക്കയി സ്വിറ്റ്സർലാന്റിലെത്തിയ അദ്ദേഹം സ്വിസ് നഗരമായ ബേസലിലെ ഒരു സത്രത്തിൽ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ഹേബറോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ജർമനി വിട്ടിരുന്നു. രണ്ടാം ഭാര്യയായ ഷാർലറ്റും രണ്ടു മക്കളും ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി. ആദ്യവിവാഹത്തിലെ പുത്രനായ ഹെർമൻ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലെത്തുകയും 1946-ൽ അവിടെ വച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഹേബറുടെ കുടുംബത്തിലെ മറ്റു ബന്ധുക്കൾ നാസി കോൺസെണ്ട്രേഷൻ ക്യാമ്പുകളിൽ ഹേബർ നിർമ്മിച്ച സൈക്ലോൺ ബി. വിഷവാതകമുപയോഗിച്ചു തന്നെ വധിക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.