ജീവകോശങ്ങൾക്കുള്ളിലെ എല്ലാ വസ്തുക്കളേയും കോശബാഹ്യപരിസ്ഥിതിയിൽ നിന്നും വേർതിരിക്കുന്ന ജൈവസ്തരമാണ് കോശസ്തരം അഥവാ പ്ലാസ്മാസ്തരം. ഇത് വരണതാര്യസ്തരമായതിനാൽ ചില അയോണുകൾക്കും പദാർത്ഥങ്ങൾക്കും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുവാൻ കഴിയുന്നു.[1] വളരെ നേർത്ത, ഇലാസ്തികതയുള്ള ഈ ആവരണത്തിന് പോഷകങ്ങളേയും മാലിന്യങ്ങളേയും കടത്തിവിടാനും കോശബാഹ്യപരിസ്ഥിതിയുമായും ആന്തരപരിസ്ഥിതിയുമായും കൃത്യമായ അയോണികസംതുലനം നിലനിർത്താൻ കഴിവുണ്ട്.
ശാസ്ത്രജ്ഞർ
കോശസ്തരം (Cell Membrane) എന്ന പദം ആദ്യമായി അവതരിപ്പിച്ചത് 1855 ൽ സി.നാജെലി, സി. ക്രാമെർ എന്നിവരാണ്.[2] ഇതിന് പ്ലാസ്മാലെമ്മ എന്ന പേരുനൽകിയത് 1931 ൽ ജെ. ക്യു. പ്ലോവ് ആണ്. കോശസ്തരത്തിന്റെ ഘടന വിശദീകരിക്കുന്ന ഒട്ടേറെ സിദ്ധാന്തങ്ങൾ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രാധാനം 1935 ൽ ഡാനിയേലിയും ഡേവ്സണും മുന്നോട്ടുവച്ച സാൻഡ്വിച്ച് മാതൃകയാണ്. 1972 ൽ എസ്.ജെ. സിംഗറും ജി.എൽ.നിക്കോൾസനും ഫ്ലൂയിഡ് മൊസൈക്ക് മാതൃക വിശദീകരിച്ചു.
പ്രാധാന്യം
കോശസ്തരം കോശങ്ങളുടെ പുറത്ത് ബാഹ്യാവരണമായി നിലകൊള്ളുന്നു. എന്നാൽ റൈബോസോം, മർമ്മം എന്നിങ്ങനെയുള്ള കോശത്തിനുള്ളിലുള്ള ഘടകങ്ങളുടേയും ആവരണങ്ങൾക്ക് ചില വസ്തുതകളിലൊഴിച്ച് കോശസ്തരത്തിന്റെ ഘടന തന്നെയാണുള്ളത്. മൈക്കോപ്ലാസ്മയിലും ജന്തുകോശങ്ങളിലും കോശഭിത്തിയില്ലാത്തതിനാൽ കോശസ്തരം തന്നെയാണ് ബാഹ്യാവരണം. എന്നാൽ സസ്യകോശങ്ങളിലും ബാക്ടീരിയങ്ങളിലും കോശഭിത്തിയ്ക്കുള്ളിലായാണ് കോശസ്തരം കാണപ്പെടുന്നത്.
രാസഘടന
മാംസ്യം, കൊഴുപ്പ്, ധാന്യകം എന്നീ ഘടകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ അടങ്ങിയതാണ് കോശസ്തരം. മനുഷ്യരിലെ ചുവന്ന രക്തകോശസ്തരത്തിൽ 52, 40, 8 എന്നിങ്ങനെ ശതമാനത്തിലാണ് യഥാക്രമം ഇവ കാണപ്പെടുന്നത്.
മാംസ്യങ്ങൾ
കോശസ്തരത്തിന്റെ ഏകദേശം 50% വും മാംസ്യമാണ്. കോശസ്തരത്തിലെ സ്ഥാനമനുസരിച്ച് മാംസ്യങ്ങളെ ഇന്റഗ്രൽ അഥവാ ഇൻട്രിൻസിക് മാംസ്യങ്ങൾ എന്നും പെരിഫെറൽ അഥവാ എക്സ്ടിൻസിക് എന്നും തരംതിരിക്കാം. നിർവ്വഹിക്കുന്ന ധർമ്മമനുസരിച്ച് കോശസ്തരത്തിലെ മാംസ്യങ്ങളെ സ്ട്രക്ചറൽ പ്രോട്ടീൻ, രാസാഗ്നി(എൻസൈം), ട്രാൻസ്പോർട്ട് പ്രോട്ടീൻ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തരംതിരിക്കാം. ചില മാംസ്യങ്ങൾ ആന്റിജനുകൾ, റിസപ്റ്റർ തൻമാത്രകൾ എന്നിവയായി പ്രവർത്തിക്കുന്നു.
ധാന്യകങ്ങൾ
ധാന്യകങ്ങൾ കോശസ്തരത്തിനകത്തുതന്നെ തിങ്ങിനിൽക്കുന്നവയാണ്. കോശസ്തരത്തിനുപുറത്ത് ഇവ പഞ്ചസാരത്തന്മാത്രകളുടെ ശാഖകളുള്ളതോ ഇല്ലാത്തതോ ആയ ചെയിനുകളായി (ഒളിഗോസാക്കറൈഡ്) ബാഹ്യതല മാംസ്യങ്ങളുമായി (എക്ടോപ്രോട്ടീൻ) ചേർന്ന് (ഗ്ലൈക്കോപ്രോട്ടീനുകളായി) നിലകൊള്ളുന്നു. ബാഹ്യതല ഫോസ്ഫോലിപ്പിഡുകളുമായിച്ചേർന്ന് ഇവ ഗ്ലൈക്കോലിപ്പിഡുകളായും നിലനിൽക്കാം. ഡി-ഗാലക്ടോസ്, ഡി-മന്നോസ്, എൽ-ഫ്യൂക്കോസ്, എൻ-അസറ്റൈൽ ന്യൂറാമിനിക് അമ്ലം, എൻ-അസറ്റൈൽ ഡി-ഗ്ലൂക്കോസമൈൻ, എൻ-അസറ്റൈൽ ഡി- ഗാലക്ടോസാമൈൻ എന്നിങ്ങനെ ആറു പ്രധാന പഞ്ചസാരകളുടെ വ്യത്യസ്തരൂപമിശ്രണങ്ങളായാണ് ഈ ധാന്യകങ്ങൾ കോശസ്തരത്തിൽ സ്ഥിതിചെയ്യുന്നത്.
കോശസ്തരത്തിലൂടെയുള്ള പദാർത്ഥസഞ്ചാരം
കോശസ്തരത്തിലൂടെ പദാർത്ഥങ്ങൾ സഞ്ചരിക്കുന്നത് ചില ഭൗതികപ്രതിഭാസങ്ങളെ ആധാരമാക്കിയാണ്. പാസ്സീവ് ട്രാൻസ്പോർട്ട്, ആക്ടീവ് ട്രാൻസ്പോർട്ട്, ബൾക്ക് ട്രാൻസ്പോർട്ട് എന്നിവയാണവ.
പാസ്സീവ് ട്രാൻസ്പോർട്ട്
ഓസ്മോസിസ്
സിംപിൾ ഡിഫ്യൂഷൻ
ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ
ചാർജ്ജുള്ള സുഷിരങ്ങളിലൂടെയുള്ള അയോൺ കൈമാറ്റം
ചുവന്ന രക്താണുക്കളിലെ D-ഹെക്സോസ് പെർമിയേയ്സ്
ചുവന്ന രക്താണുക്കളിലെ ആനയോൺ കൈമാറ്റപെർമിയേയ്സ്
ആക്ടീവ് ട്രാൻസ്പോർട്ട്
സോഡിയം-പൊട്ടാസ്യം ATP ഏയ്സ്
കാൽസ്യം ATP ഏയ്സ്
പ്രോട്ടോൺ അല്ലെങ്കിൽ ഹൈഡ്രജൻ പമ്പ്
യൂണിപോർട്ട്
സിംപോർട്ട്
ആന്റിപോർട്ട്
ബൾക്ക് ട്രാൻസ്പോർട്ട്
എക്സോസൈറ്റോസിസ്
ഫാഗോസൈറ്റോസിസ്
അൾട്രാഫാഗോസൈറ്റോസിസ്
ക്രോമോപെക്സി
എൻഡോസൈറ്റോസിസ്
പിനോസൈറ്റോസിസ്
സ്വീകരണി മീഡിയേറ്റഡ് എൻഡോസൈറ്റോസിസ്
ധർമ്മം
കോശത്തിനുള്ളിലെ ഘടകങ്ങളെ കോശപരിസരത്തിൽ നിന്ന് വേർതിരിക്കുകയാണ് മൈറ്റോകോൺട്രിയയുടെ മുഖ്യധർമ്മം. ചിലയിനം പരിപക്വമാകാത്ത മത്സ്യമുട്ടകൾക്കുമുകളിലെ അതാര്യസ്തരങ്ങൾ വായുവിനെ മാത്രം ഉള്ളിലേയ്ക്ക് കടത്തിവിടുന്നു. ജന്തുക്കളിൽ നിന്ന് വിഭിന്നമായി സസ്യങ്ങളിൽ ജലത്തെ മാത്രം പ്രവഹിപ്പിക്കുന്ന അർദ്ധതാര്യസ്തരങ്ങളുണ്ട്. ചിലയിനം അയോണുകളേയും ചെറിയ തന്മാത്രകളേയും മാത്രം കടന്നുപോകാനനുവദിക്കുന്നവയാണ് വരണതാര്യസ്തരങ്ങൾ. ചിലയിനം ഡയലൈസിംഗ് കോശസ്തരങ്ങളിലൂടെ ജലത്തെയും മറ്റും ശക്തിയുപയോഗിച്ച് പ്രവഹിപ്പിക്കാനുള്ള കഴിവുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.