തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിനെക്കുറിച്ച് അറിയാൻ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് എന്ന താൾ സന്ദർശിക്കുക.
പുത്തൻചിറ | |
10.2700966°N 76.2280582°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | പുത്തൻചിറ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കൊടുങ്ങല്ലൂർ |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | വി.എ. നദീർ[1] |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 22.29 ച.കി.മീചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 15 എണ്ണം |
ജനസംഖ്യ | 21,416 (2011)[2] |
ജനസാന്ദ്രത | 961/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680 682 +0480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പുത്തൻചിറ ഫൊറോന പള്ളി, മറിയം ത്രേസ്യയുടെ ജന്മഗൃഹം |
കേരളത്തിൽ തൃശൂർ ജില്ലയിലെ മാളക്കടുത്തുള്ള പുത്തൻചിറ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് പുത്തൻചിറ ഗ്രാമം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 33 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 40 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 15 കി. മി ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻചിറ. തൃശ്ശുർ ജില്ലയിലെ വളരെ കാർഷിക പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് പുത്തൻചിറ. പുത്തൻചിറ എന്ന പേരിൽ തന്നെയാണ് വില്ലേജും അറിയപ്പെടുന്നത്. പുത്തൻചിറ ഗ്രാമപഞ്ചായത്ത് മുഴുവനായും പുത്തൻചിറ വില്ലേജിൽ ഉൾപ്പെടുന്നു. പ്രദേശികമായി മറ്റുപേരുകളിലറിയപ്പെടുന്ന എന്നാൽ പുത്തൻചിറയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്, കൊമ്പത്തുകടവ്, വെള്ളൂർ, മാണിയംകാവ്, കിഴക്കെ പുത്തൻചിറ, മങ്കിടി, കരിങ്ങാച്ചിറ എന്നിവ.
അയോയുഗത്തിൽ നിന്നുള്ള ചില പുരാവസ്തുക്കൾ പുത്തൻചിറയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇതിന്റെ ചരിത്രപ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല.[3]
1984 ൽ ഇവിടെ നിന്നും റോമൻ നാണയങ്ങളും കണ്ടെടുക്കുകയുണ്ടായി.[4] എന്നാൽ ഇതൊരു ഹോർഡ് (നിധി പോലെ) പോലെയുള്ള ശേഖരമായതിനാൽ ഇതിന്റെ ചരിത്രപരമായ പ്രാധാന്യം വിലയിരുത്താൻ സാധിച്ചിട്ടില്ല.[5]
ഒമ്പതാം നൂറ്റാണ്ടിൽ ചേരസാമ്രാജ്യം തകർന്നതിനുശേഷം കൊടുങ്ങല്ലൂർ രാജാക്കന്മാരാണ് പുത്തൻചിറ ഭരിച്ചിരുന്നത്. പിന്നീട് കോഴിക്കോട് സാമൂതിരി പുത്തൻചിറയും കൊടുങ്ങല്ലൂരും തന്റെ സാമ്രാജത്വത്തോട് കൂട്ടിചേർത്തു. പതിനെട്ടാം നൂറ്റാണ്ടിൽ കൊച്ചി രാജാവ് കോഴിക്കോട് രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങൾ പിടിച്ചെടുത്തതിൽ പുത്തൻചിറയും ഉൾപ്പെടുന്നു.[6][note 1] തിരുവിതാംകൂർ രാജാവിന്റെ സഹായത്താൽ കൊച്ചി രാജാവ് കോഴിക്കോട് സാമൂതിരിയുടെ ആക്രമത്തെ 1761 ൽ എതിർത്തുതോൽപ്പിച്ചിരുന്നു. യുദ്ധത്തിൽ വിജയിച്ചതിന്റെ സന്തോഷസൂചകമായി കൊച്ചി രാജാവ് തിരുവിതാംകൂർ പട്ടാളത്തിന്റെ കമാണ്ടറായിരുന്ന ദിവാൻ അയ്യപ്പൻ മാർത്താണ്ഡപിള്ളയ്ക്ക് പുത്തൻചിറ ഗ്രാമത്തെ സമ്മാനിച്ചു. തുടർന്ന് ദിവാൻ പുത്തൻചിറയെ തിരുവിതാംകൂർ രാജാവിനും സമ്മാനിച്ചു.[7] 1949 ൽ കൊച്ചി-തിരുവിതാംകൂർ ലയനം നടക്കുന്നതുവരെ കൊച്ചി രാജ്യത്തിനുള്ളിൽ പുത്തൻചിറ തിരുവിതാംകൂർ രാജ്യത്തിന്റേതായിരുന്നു.[8][9][10][note 2][11] തിരുവിതാംകൂറിൽ നെല്ലിന് ക്ഷാമം ഉള്ളതിനാലാണ് നെല്ല് സമൃദ്ധമായി വിളയുന്ന പുത്തൻചിറയെ നൽകിയതെന്നും പറയുന്നുണ്ട്.
കൊച്ചി - തിരുവിതാംകൂർ നാട്ടുരാജ്യങ്ങളൂടെ അതിർത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന കൊതിക്കല്ലുകൾ തിരുവിതാംകൂറിന്റെ ഭാഗമായ പുത്തൻചിറയുടെ അതിർത്തി നിർണ്ണയിക്കുന്നതിനുമായും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതിർത്തിയിലുള്ള ആറടി പാതയുടെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിച്ചത്. ഈ പ്രദേശങ്ങളിലെ ഭൂമിയളവുകളിൽ പ്രധാന രേഖയായി ഈ കല്ലുകൾ ഇപ്പോഴും കണക്കാക്കുന്നു.
ബുദ്ധൻചിറയാണ് പുത്തൻചിറയായത് എന്നു കരുതപ്പെടുന്നു. സമീപത്തെങ്ങും പഴയ ചിറ ഇല്ലാത്തതിനാൽ പുത്തൻ എന്നതിനു കാലഗണനാസൂചകമായ അർത്ഥം എടുക്കുന്നത് യുക്തിസഹമല്ല. മറിച്ച് പുത്തര് അഥവാ ബുദ്ധർ എന്നതിൽ നിന്നുത്ഭവിച്ച പദമാൺ പുത്തൻ. ബുദ്ധനേയും ജൈനതീർത്ഥങ്കരന്മാരേയും കേരളത്തിൽ പുത്തൻ, പുത്തരച്ചൻ എന്നൊക്കെ വിളിച്ചിരുന്നു. ചിറ എന്നതിന് നീർക്കര, മതിൽ, സ്ഥലം, പറമ്പ്, അണക്കെട്ട് എന്നൊക്കെയാണ് അർത്ഥം. ബുദ്ധ-ജൈന ക്ഷേത്രങ്ങൾ ഉണ്ടായിരുന്ന ഈ സ്ഥലത്ത് മേൽ പറഞ്ഞവയിലെന്തെങ്കിലും ഉണ്ടായിരിക്കണമെന്നും അതിൽ നിന്നുമാണ് പുത്തൻചിറ എന്ന പേരുവരാൻ കാരണമെന്ന് സ്ഥലനാമ ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു വാദം. ആദ്യകാലങ്ങളിൽ പുത്തൻചിറയും പരിസരപ്രദേശങ്ങളും മഹാദേവൻ പട്ടണമെന്ന പേരിലാണറിയപ്പെട്ടിരുന്നത്. കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞു നിർത്തുന്നതിനായി രണ്ടോ മൂന്നോ നൂറ്റാണ്ടിൽ പെരുമാക്കൻമാർ ഒരു ചിറ നിർമ്മിച്ചു. ചേരൻ പെരുമാൾ പുത്തൻ (അന്ന് പൈസയെ വിളിച്ചിരുന്ന പേര്) എറിഞ്ഞുകൊണ്ടാണ് ചിറ പണിയാനുള്ള സ്ഥലം അടയാളപ്പെടുത്തിയത്. അതിനുശേഷം പുത്തൻചിറ എന്ന് വിളിച്ചുപോരുന്നു എന്ന് കരുതുന്നു.[8]
പുത്തൻചിറ മുഴുവനായും കേരളത്തിന്റെ മിഡ്ലാൻഡ്സ് എന്നറിയപ്പെടുന്ന ഇടനാട്ടിൽ കിടക്കുന്നു.[12] കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട്-കോൾ തണ്ണീർ തടത്തിന്റെ ഭാഗമാണ് ഇത്.[13] ഗ്രാമത്തിന്റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ താരതമ്യേന ഉയർന്നതാണ്. പ്രധാനമായും ലാറ്ററൈറ്റ് മണ്ണ് ആണ് ഈ ഭാഗങ്ങളിൽ കാണപ്പെടുന്നത്. തെക്ക്, തെക്കുകിഴക്കൻ പ്രദേശങ്ങൾ താഴ്ന്നതും പ്രധാനമായും ചളി നിറഞ്ഞ മണ്ണുള്ളതുമാണ്.[14] ഉപ്പുവെള്ളം നിറഞ്ഞ ഈ പ്രദേശങ്ങൾ വേമ്പനാട് കോൾ പ്രദേശവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ പ്രദേശങ്ങളിൽ ചെമ്മീൻ, മൽസ്യകൃഷി നടത്തിവരുന്നു. പൊക്കാളി നെൽകൃഷിയ്ക്കും ഈ പ്രദേശങ്ങൾ പ്രശസ്തമാണ്.[15]
2011 സെൻസസ് പ്രകാരം ഗ്രാമത്തിലെ സാക്ഷരതാനിലവാരം 95.30% ആണ്. ഇത് സംസ്ഥാന നിലവാരത്തെക്കാളും അല്പം മുകളിലാണ്. സ്ത്രീകളുടെ സാക്ഷരത 94.05 ശതമാനവും പുരുഷന്മാരുടേത് 96.81 ശതമാനവും ആണ്.[16]
ബിരുദനിലവാരത്തിൽ കോഴ്സുകൾ നടത്തുന്ന കോളേജുകൾ ഒന്നും ഈ ഗ്രാമത്തിൽ ഇല്ല. ഏറ്റവും അടുത്ത ആർട്സ്&സയൻസ് കോളേജുകൾ കാർമൽ കോളേജ്-മാള, കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളേജ്-പുല്ലൂറ്റ്, ക്രൈസ്റ്റ് കോളേജ്-ഇരിഞ്ഞാലക്കുട, സെന്റ് ജോസഫ്സ് കോളേജ്-ഇരിഞ്ഞാലക്കുട, സെന്റ് മേരീസ് കോളേജ്-ചാലക്കുടി തുടങ്ങിയവയാണ്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്-മാള, ഹോളി ഗ്രെയ്സ് അക്കാദമി ഓഫ് എഞ്ചിനീയറിങ്-മാള തുടങ്ങിയവയാണ് സമീപപ്രദേശങ്ങളിലുള്ള എഞ്ചിനീയറിംഗ് കോളേജുകൾ.
2011 ലെ കണക്കുകൾ അനുസരിച്ചുള്ള ഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിയ്ക്കുന്നു.[17][18]
സ്ഥാപനം | എണ്ണം |
---|---|
പ്രീപ്രൈമറി സ്കൂൾ | 1 |
പ്രൈമറി സ്കൂൾ | 6 |
മിഡിൽ സ്കൂൾ | 2 |
സെക്കന്ററി സ്കൂൾ | 2 |
സീനിയർ സെക്കന്ററി സ്കൂൾ | 1 |
പ്രധാന ലോവർ പ്രൈമറി സ്കൂളുകൾ ഇവയാണ്:[19][18]
ഇവയിൽ ആദ്യ രണ്ടെണ്ണം സർക്കാർ വിദ്യാലയങ്ങളും മറ്റു നാലെണ്ണം എയ്ഡഡ് സ്കൂളുകളും ആണ്.
പുത്തൻചിറ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 12 ആം ക്ലാസ് വരെ പഠിയ്ക്കാവുന്നതാണ്.
2011 ലെ സെൻസസ് അനുസരിച്ച് ഗ്രാമത്തിലെ 31% ആളുകൾ ഏതെങ്കിലും തരത്തിലുള്ള ജോലിയിൽ ഏർപ്പെട്ടിട്ടുള്ളവരാണ്. എന്നാൽ സ്ത്രീകളുടെ ഇടയിൽ തൊഴിൽ ചെയ്യുന്നവരുടെ നിരക്ക് 13% മാത്രമാണ്. തൊഴിൽ ചെയ്യുന്നവരിൽ ഏകദേശം 18 ശതമാനത്തോളം പേർ കാർഷികമേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നവരാണ്.[16]
ഗ്രാമത്തിൽ ഒരു ഗവണ്മെന്റ് മൃഗാശുപത്രിയും കൃഷിഭവനും ഉണ്ട്.
മാള സഹകരണ സ്പിന്നിംഗ് മിൽ പുത്തൻചിറ പഞ്ചായത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 1994 നിർമ്മാണം തുടങ്ങിയ ഈ മില്ലിന്റെ പ്രവർത്തനം 2017 ൽ ആരംഭിച്ചു. 1824 സ്പിൻഡിൽ വീതമുള്ള മൂന്ന് റിങ് ഫ്രെയിംസ് അടക്കം ആധുനിക മിൽ മെഷീനുകൾ ഈ മില്ലിൽ പ്രവർത്തിയ്ക്കുന്നുണ്ട്.[21]
പ്രമുഖ ഹിന്ദി വിദ്വാൻ ആയിരുന്ന ഇദ്ദേഹം ഹിന്ദിയിലെ പല സാഹിത്യകൃതികളും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[22] 1918 ൽ പുത്തൻചിറയിൽ ജനിച്ച ഇദ്ദേഹം 2005 ൽ തന്റെ എൺപത്തിയേഴാമത്തെ വയസ്സിൽ അന്തരിച്ചു. ഒരു ഹിന്ദി അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. പ്രമുഖ ഹിന്ദി എഴുത്തുകാരനായിരുന്നു പ്രേംചന്ദിന്റെ ഗോദാനം, രംഗഭൂമി, നിർമ്മല, രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ മുതൽ ഗംഗ വരെ തുടങ്ങിയ കൃതികൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത അദ്ദേഹത്തിന് വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഹിന്ദിയ്ക്ക് പുറമെ പല വിദേശഭാഷകളിൽ നിന്നും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. പുത്തൻചിറയിലെ ഗ്രാമീണ വായനശാല സ്ഥാപിച്ചതിൽ മുൻകൈ എടുത്തത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വായനശാല 2006 മുതൽ മലയാളത്തിലെ മികച്ച വിവർത്തകനുള്ള ദിവാകരൻ പോറ്റി അവാർഡ് നൽകിപ്പോരുന്നു.[23][24]
സിറോ മലബാർ സഭയിലെ വാഴ്ത്തപ്പെട്ട എന്ന ഗണത്തിലുള്ള കന്യാസ്ത്രീയും സാമൂഹ്യസേവികയും ആയിരുന്നു മറിയം ത്രേസ്യ അഥവ മദർ മറിയം ത്രേസ്യ (1876 ഏപ്രിൽ 26 – 1926 ജൂൺ 8 )[9]. പുത്തൻചിറ ഫൊറോന പള്ളി ഇടവകയിലെ ചിറമ്മൽ മങ്കിടിയാൻ കുടുംബത്തിലാണ് ഇവർ ജനിച്ചത്.[25] ഇവർ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനിമഠം ഇന്ന് നാല് വ്യത്യസ്ത രാജ്യങ്ങളിലായി പ്രവർത്തിയ്ക്കുന്നു.[26] 2000 -മാണ്ടിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇവരെ വാഴ്ത്തപ്പെട്ടവൾ എന്ന് നാമകരണം ചെയ്തു. ഈ പദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന ഭാരതത്തിൽ നിന്നുള്ള നാലാമത്തെ ആളാണ് മറിയം ത്രേസ്യ.[26]
Sunil Villwamangalath: സ്വന്തം പുത്തൻചിറ ചരിത്രവഴികളിലൂടെ, Dec. 2014.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.