പാൻസ്പെർമിയ
From Wikipedia, the free encyclopedia
ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്രഹശകലങ്ങൾ എന്നിവയിലൂടെയാണ് ജീവൻ പ്രപഞ്ചത്തിലെങ്ങും വ്യാപിച്ചത് എന്ന് അവകാശപ്പെടുന്ന പരികല്പന.[1][2][3]

ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശ ധൂളീപടലങ്ങളിൽ കൂടി കാലങ്ങളോളം സഞ്ചരിച്ച് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന്നു. അവിടങ്ങളിലെ അനുകൂല പരിതഃസ്ഥിതി ഉപയോഗപ്പെടുത്തി അവ പരിണാമത്തിനു വിധേയമായി കൂടുതൽ സങ്കീർണ്ണ ഘടനയിലുള്ള ജീവരൂപങ്ങളായി മാറുന്നു എന്നാണ് ഈ പരികല്പന മുന്നോട്ടു വെയ്ക്കുന്ന വാദം. അതായത് പാൻസ്പെർമിയ ജീവൻ എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കുന്നില്ല. പകരം അത് എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടത് എന്നാണ് പറയുന്നത്.[4][5][6]
ചരിത്രം
പാൻസ്പെർമിയ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് അനക്സഗോറസ് എന്ന തത്ത്വചിന്തകനായിരുന്നു.[7] പിന്നീട് ഇത് കൂടുതൽ ശാസ്ത്രീയമായി വികസിപ്പിച്ചത് ജോൺസ് ജേക്കബ് ബെർസീലിയസ് (1834)[8] ഹെർമ്മൻ ഇ. റിച്ചർ (1865)[9] കെൽവിൻ (1871)[10] ഹെർമൻ വോൺ ഹെൽമോൾട്സ് (1879)[11][12] എന്നിവരായിരുന്നു. ഈ പരികല്പന കൂടുതൽ വിശദാംശങ്ങളോടു കൂടി ഇന്നത്തെ രീതിയിൽ വികസിപ്പെച്ചെടുത്തത് സ്വീഡിഷ് രസതന്ത്രജ്ഞനായ സ്വാന്തെ അറീനിയസ് (1903) ആണ്.[13]
സർ ഫ്രെഡ് ഹോയ്‌ൽ (1915-2001) ചന്ദ്ര വിക്രമസിംഗെ (ജ.1939) എന്നീ ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തി.[14][15] നക്ഷത്രാന്തരീയ പടലങ്ങളിൽ ജൈവപദാർത്ഥങ്ങൾ ധാരാളം കണ്ടേക്കാമെന്ന ഒരു പരികല്പന 1974ൽ ഇവർ മുന്നോട്ടു വെച്ചു. പിന്നീട് വിക്രമസിംഗെ ഇതിന് കൂടുതൽ തെളിവുകൾ നൽകുകയും ചെയ്തു.[16][17][18] ഹോയലും വിക്രമസിംഗെയും ഇപ്പോഴും ഇത്തരം ജൈവപദാർത്ഥങ്ങൾ ഭൂമിയിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നു എന്ന അഭിപ്രായക്കാരാണ്. വൻതോതിലുണ്ടാവുന്ന പകർച്ചവ്യാധികൾ, പുതിയ രോഗങ്ങൾ, വലിയതോതിലുള്ള ജനിതകമാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം എന്നിവ ഇങ്ങനെ പുതുതായി ഭൂമിയിലേക്കു വരുന്ന ജൈവഘടകങ്ങളാണ് എന്നാണവരുടെ അഭിപ്രായം.[19]
ഭൗമേതരജീവികളെ കണ്ടെത്തുന്നതിൽ പാൻസ്പെർമിയ സിദ്ധാന്തമായിരിക്കും മനുഷ്യനെ സഹായിക്കാനെത്തുക എന്ന് പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് 2009ൽ അഭിപ്രായപ്പെടുകയുണ്ടായി.[20]
“ | ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്കും നക്ഷത്രവ്യവസ്ഥകളിൽ നിന്നും നക്ഷത്രവ്യവസ്ഥകളിലേക്കും ജീവൻ പടർന്നെത്തിയത് ഉൽക്കകളിലൂടെയാണ് | ” |
സ്റ്റീഫൻ ഹോക്കിങ്[20]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.