From Wikipedia, the free encyclopedia
നിയന്ത്രിത സാഹചര്യങ്ങളിൽ കൾച്ചർ മീഡിയയിൽ വളർത്തി, രോഗം ഉണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കി നിർജ്ജീവമാക്കിയ വൈറസ് കണികകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ മറ്റ് രോഗകാരികൾ എന്നിവ അടങ്ങിയ വാക്സിനാണ് നിർജ്ജീവ വാക്സിൻ എന്ന് അറിയപ്പെടുന്നത്.[1] ഇതിനു വിപരീതമായി, ലൈവ് വാക്സിനുകളിൽ ജീവനുള്ള രോഗകാരികളെയാണ് ഉപയോഗിക്കുന്നത് (പക്ഷേ അവ രോഗം ഉണ്ടാക്കാത്ത തരത്തിൽ ദുർബലമായിരിക്കും). ചൂട് അല്ലെങ്കിൽ ഫോർമാൽഡിഹൈഡ് പോലുള്ള രീതികൾ ഉപയോഗിച്ച് ആണ് വൈറസിനെ നിർജ്ജീവമാക്കുന്നത്. വൈറസ് നിർജ്ജീവമാക്കുന്നതിന് ഉപയോഗിക്കുന്ന രാസ, ഭൗതിക രീതികൾക്ക് പുറമേ, പോറിംഗ് എന്ന പുതിയ രീതിയും ഉപയോഗിക്കാം. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവകളുടെ പുറന്തോടു പൊട്ടാത്ത വിധം അകത്തുള്ളതൊക്കെ വലിച്ചെടുത്തു വൃത്തിയാക്കുന്ന പ്രക്രിയയാണ് പോറിംഗ്. ഇത്തരത്തിലുള്ള പുറന്തോടുകൾ ഗോസ്റ്റ് വാക്സിൻ എന്ന് അറിയപ്പെടുന്നു. വളരെ മൃദുവായ തയാറാക്കൽ നടപടിക്രമങ്ങൾ കാരണം പുറന്തോടുകളുടെ പ്രതിജനക ശേഷി (ആന്റിജനിസിറ്റി) നിലനിർത്തപ്പെടുന്നുവെന്നു മാത്രമല്ല. അകം ശൂന്യമായതുകാരണം സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല, പുറന്തോടുകളിൽ ആന്റിജനുകളോ അവയുടെ ഭാഗങ്ങളോ (എപിടോപ്) അതല്ലെങ്കിൽ അവ ഉത്പാദിപ്പിക്കാനാവശ്യമായ ജനിതകവിവരങ്ങളോ (പ്ലാസ്മിഡ്-ഡിഎൻഎ എൻകോഡിംഗ്) ഉണ്ടായെന്നു വരാം. രോഗപ്രതിരോധ പ്രതികരണത്തിന്റെ മാതൃകയിൽ, ഗോസ്റ്റ് വാക്സിനുകൾ നിർജ്ജീവ വാക്സിനുകൾക്കും ദുർബലമാക്കപ്പെട്ട വാക്സിനുകൾക്കും ഇടയിലുള്ള ഘട്ടമായി കണക്കാക്കപ്പെടുന്നു.[2]
വൈറസ് നിർജ്ജീവമാക്കുന്നതിന് ഉപയോഗിക്കുന്ന രീതിയെ ആശ്രയിച്ച് നിർജ്ജീവ വാക്സിനുകളെ കൂടുതൽ തരംതിരിക്കുന്നു.[3] ഹോൾ വൈറസ് വാക്സിനുകൾ (whole virus vaccine) ചൂട്, രാസവസ്തുക്കൾ അല്ലെങ്കിൽ വികിരണം ഉപയോഗിച്ച് പൂർണ്ണമായും നശിപ്പിച്ച മുഴുവനായ വൈറസ് കണികളാണ്.[4] ഒരു സോപ്പ് ഉപയോഗിച്ച് വൈറസിനെ പിളർത്തിയാണ് സ്പ്ലിറ്റ് വൈറസ് വാക്സിനുകൾ (Split virus Vaccine) നിർമ്മിക്കുന്നത്. വൈറസിനെതിരായി പ്രതികരണം വർദ്ധിപ്പിക്കുന്നതിന് രോഗപ്രതിരോധ വ്യവസ്ഥയെ മികച്ച രീതിയിൽ ഉത്തേജിപ്പിക്കുന്ന ആന്റിജനുകൾ വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് സബ്യൂണിറ്റ് വാക്സിനുകൾ (subunit vaccine) നിർമ്മിക്കുന്നത്. ഇവയിലെല്ലാംതന്നെ വൈറസുകൾക്ക് സ്വയം പകർത്താനോ പെരുകാനോ നിലനിൽക്കാനോ ആവശ്യമായ എല്ലാ ഘടകങ്ങളും നീക്കംചെയ്യപ്പെട്ടിരിക്കും. അല്ലെങ്കിൽ അവ പ്രതികൂല പ്രതികരണങ്ങൾക്ക് കാരണമാകും.
നിർജ്ജീവ വൈറസുകൾ സജീവ വൈറസുകളേക്കാൾ ദുർബലമായ രോഗപ്രതിരോധ പ്രതികരണം ആണ് ഉണ്ടാക്കുന്നത് എന്നതിനാൽ രോഗകാരിക്കെതിരെ ഫലപ്രദമായ രോഗപ്രതിരോധ പ്രതികരണം നൽകുന്നതിന് പ്രതിരോധ സഹായകങ്ങളോ (ഇമ്മ്യൂണൊളൊജിക് അഡ്ജുവന്റ്സ്) ഒന്നിലധികം കുത്തിവയ്പ്പുകളോ ("ബൂസ്റ്റർ ഷോട്സ്") ആവശ്യമായി വന്നേക്കാം.[1][3][4] സാധാരണ ആരോഗ്യമുള്ള ആളുകൾക്ക് ദുർബലമാക്കപ്പെട്ട വാക്സിനുകൾ നല്ലതാണ്, കാരണം ഒരൊറ്റ ഡോസ് പലപ്പോഴും സുരക്ഷിതവും വളരെ ഫലപ്രദവുമാണ്. എന്നിരുന്നാലും, അപകടസാധ്യത ഉള്ളവർക്ക് (ഉദാഹരണത്തിന്, പ്രായമായവർ അല്ലെങ്കിൽ രോഗപ്രതിരോധ ശേഷി ഇല്ലാത്ത ആളുകൾ) നിർവീര്യമാക്കപ്പെട്ട വാക്സിനുകൾ നൽകാറില്ല. അത്തരം രോഗികൾക്ക്, നിർജ്ജീവ വാക്സിനാണ് നല്കാറ്.
തരങ്ങളിൽ ഇവ ഉൾപ്പെടുന്നു:[5]
രോഗകാരി വൈറസ് കണികകൾ നശിപ്പിക്കപ്പെടുന്നതിനാൽ അവക്ക് സ്വയം വിഭജിക്കാനാവില്ല, പക്ഷേ രോഗപ്രതിരോധ ശേഷി അവയെ തിരിച്ചറിയുകയും അഡാപ്റ്റീവ് രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാവുകയും ചെയ്യുന്നു. ശരിയായി നിർമ്മിക്കുമ്പോൾ, വാക്സിൻ രോഗകാരിയല്ല, പക്ഷേ അനുചിതമായി നിർജ്ജീവമാക്കുന്നത് രോഗകാരികളായ കണങ്ങൾക്ക് കാരണമാകും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.