നായർ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രൂപംകൊണ്ട സാമുദായിക സംഘടനയാണ് നായർ സർവീസ് സൊസൈറ്റി അഥവാ എൻ.എസ്.എസ്. നായർ ഭൃത്യ ജനസംഘം എന്നായിരുന്നു ആദ്യനാമം[1]. ചങ്ങനാശ്ശേരിയിൽ എം.സി. റോഡിനോട് ചേർന്ന് പെരുന്നയിലാണ് എൻ.എസ്.എസ്. ആസ്ഥാനം സ്ഥിതിചെയ്യുന്നത്.
ചുരുക്കപ്പേര് | എൻ എസ് എസ് |
---|---|
സ്ഥാപകർ | മന്നത്ത് പത്മനാഭൻ |
തരം | സമുദായ സംഘടന |
ലക്ഷ്യം | നായർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു |
ആസ്ഥാനം | പെരുന്ന, ചങ്ങനാശ്ശേരി |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ,singapore |
ഔദ്യോഗിക ഭാഷ | മലയാളം |
ജനറൽ സെക്രട്ടറി | ജി. സുകുമാരൻ നായർ |
വെബ്സൈറ്റ് | nss.org |
ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെ, അതുവരേയ്ക്കും കേരളത്തിലെ ഒരു പ്രബലശക്തിയായിരുന്ന നായർ സമുദായം സാമൂഹികമായി പിന്തള്ളപ്പെട്ടിരുന്ന, സാമ്പത്തികമായി അങ്ങേയറ്റം അധഃപതിച്ചിരുന്ന, ദരിദ്ര്യവും, ദുർബലവും, അസംഘടിതവുമായ ഒരു വിഭാഗമായി മാറിയിരുന്നു. കേരളത്തിലെ പടയാളി വിഭാഗവും ഒട്ടു മിക്ക രാജ/നാടുവാഴികളും നായന്മാർ ആയിരുന്നു.[2] [3] എങ്കിലും നമ്പൂതിരിമാർ നായന്മാരെ ക്ഷത്രിയരായി അന്ഗികരിക്കാൻ വിസമ്മതിച്ചിരുന്നു, പകരം മലയാളശൂദ്രർ എന്നു് വിശേഷിക്കപെട്ടു, പക്ഷേ പല ഉപജാതികളായി വിഭജിക്കപ്പെട്ടിരുന്ന ഐക്യമില്ലാത്ത ഒരു സമുദായമായിരുന്നു അത്. ഇത്തരം ഭിന്നിപ്പുകൾക്കു പുറമേ, കാലഹരണപ്പെട്ട പല അനാചാരങ്ങളേയും, അന്ധവിശ്വാസങ്ങളെയും മുറുകെപ്പിടിച്ചിരുന്നതായിരുന്നു ഈ അധഃപതനത്തിനു പ്രധാന കാരണം. എന്നാൽ അവരുടെ ഏറ്റവും നിർണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും അതുവഴിയുണ്ടായിരുന്ന പെൺവഴിയ്ക്കുള്ള പിൻതുടർച്ചാക്രമവും ആയിരുന്നു. കുടുംബജീവിതത്തിന്റെ സ്വൈരം നശിപ്പിക്കുക മാത്രമല്ല, കുടുംബാംഗങ്ങൾ തമ്മിൽ ഏറെക്കാലം നീണ്ടു നിന്നിരുന്ന സ്വത്തുതർക്കങ്ങളും, അവയെ സംബന്ധിച്ച വ്യവഹാരങ്ങൾക്കു വേണ്ടി വന്നിരുന്ന ധൂർത്തമായ സാമ്പത്തികച്ചെലവുകളും ആ സമുദായത്തിന്റെ ദുരവസ്ഥയെ പാരമ്യത്തിൽ എത്തിച്ചിരുന്നു. പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാൻ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങൾ എത്തിച്ചേർന്നു.[4]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇത്തരം ഒരു സാഹചര്യത്തിലാണ് നായർ സമുദായത്തിൽ ജനിച്ച സന്യാസിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന ചട്ടമ്പി സ്വാമികൾ സ്വസമുദായത്തിനു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയതു്. നായന്മാരുടെ സാമൂഹികാവബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടു് സ്വന്തം സമുദായത്തിലെ അനാചാരങ്ങളെക്കുറിച്ചു് അവരെ ബോധവൽക്കരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ജാതിക്കിടയിലെ ഉൾജാതിപ്പിരിവുകൾ, ദമ്പതികളുടെ ഇഷ്ടങ്ങൾക്കു പ്രസക്തിയില്ലാതെ കാരണവന്മാർ തീരുമാനിക്കുന്ന പുടവ കൊട, താലികെട്ടുകല്യാണം, തിരണ്ടുകുളിക്കല്യാണം മുതലായ ദുരാചാരങ്ങളെ അദ്ദേഹം അപലപിച്ചു.[4]
ഇത്തരം ഉദ്ഘോഷണങ്ങളുടെ ആദ്യപ്രതിഫലനങ്ങളായിരുന്നു 1886-ൽ ഉണ്ടായ മലയാളി സഭയും 1905-ൽ പ്രവർത്തനമാരംഭിച്ച കേരളീയ നായർ സമാജവും. സി. കൃഷ്ണപിള്ളയായിരുന്നു കേരളീയനായർ സമാജത്തിന്റെ ആദ്യസെക്രട്ടറി. സമുദായപരിഷ്കരണത്തിനു വേണ്ട ചില നയരേഖകൾ രൂപപ്പെടുത്തുകയും ഏതാനും വാർഷികയോഗങ്ങൾ പല പ്രദേശങ്ങളിലായി നടത്തുകയും ചെയ്തുവെങ്കിലും, അതിലപ്പുറം നായന്മാരുടെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി ക്രിയാത്മകമായ ഒന്നും ഈ സംഘടന ചെയ്യുന്നില്ലെന്ന അഭിപ്രായം വ്യാപകമായി.[4]
ഇതിനെത്തുടർന്നു് 1090 തുലാം 15നു് (1914 ഒക്ടോബർ 31) പതിനാലു യുവാക്കന്മാർ ചങ്ങനാശ്ശേരിയിൽ ഒത്തുകൂടി. മന്നത്തു പത്മനാഭന്റെനേതൃത്വത്തിൽ ഈ യോഗം രൂപീകരിച്ച സംഘടനയാണു് നായർ സമുദായ ഭൃത്യജനസംഘം. പൂനെയിൽ അക്കാലത്തു് ഗോപാലകൃഷ്ണ ഗോഖലെസ്ഥാപിച്ചിരുന്ന 'സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി' എന്ന സംഘടനയുടെ അതേ ചുവടു പിടിച്ചായിരുന്നു ഈ സംഘടനയുടേയും രൂപീകരണം. ചങ്ങനാശ്ശേരി സെന്റ് ബർക്ക്സ്മാൻ സ്കൂളിലെ അദ്ധ്യാപകനായിരുന്ന കെ. കേളപ്പൻ അതിന്റെ ആദ്യത്തെ പ്രസിഡണ്ടും മന്നത്തു പത്മനാഭൻ സെക്രട്ടറിയുമായി സ്ഥാനമേറ്റു.[4] പനങ്ങോട്ട് കേശവപ്പണിക്കർ, നൈനാടത്ത് ത്രിവിക്രമ കൈമൾ, കാക്കനാട്ട് നാരായണപ്പണിക്കർ, പനയ്ക്കാട്ട് പരമേശ്വരക്കുറുപ്പ്, നാഗവള്ളിൽ കൊച്ചുകുഞ്ഞുകുറുപ്പ്, പടിഞ്ഞാറേ നെന്മേലിൽ കൃഷ്ണപ്പിള്ള, കൊറ്റനാട്ടിൽ പത്മനാഭപ്പിള്ള, പള്ളിപ്പുറം വി. നാരായണപ്പിള്ള, പൊതുവടത്ത് പത്മനാഭപ്പിള്ള, വാൽപ്പറമ്പിൽ വേലായുധൻ പിള്ള, കൊണ്ടൂർ കൃഷ്ണപ്പിള്ള, തളിയിൽ മാധവൻ പിള്ള എന്നിവരായിരുന്നു സൊസൈറ്റിയുടെ സ്ഥാപനത്തിൽ പങ്കുവഹിച്ച മറ്റു വ്യക്തികൾ.[5]
മിശ്രഭോജനപ്രസ്ഥാനം
അതികം താമസമില്ലാതെ, നായർ സർവ്വീസ് സൊസൈറ്റി അതിശക്തമായൊരു സംഘടനയായി മാറി. നായർ സമുദായത്തിന്റെ അകത്തുള്ള അനാചാരങ്ങൾ ഇല്ലാതാക്കുന്നതിനോടൊപ്പം തന്നെ അവർ കൂടി ഭാഗമായ മറ്റു സാമൂഹ്യദുരാചാരങ്ങൾ കൂടി നിർമ്മാർജ്ജനം ചെയ്യാൻ സംഘടന ശ്രമം തുടങ്ങി. അയിത്തം ഇല്ലാതാക്കുക എന്നതായിരുന്നു ഇതിൽ പ്രധാനം. മന്നത്തു പത്മനാഭനും സംഘവും 1920-21 കാലത്തു് ചങ്ങനാശ്ശേരിയിൽ വെച്ചു് സംഘടിതമായ മിശ്രഭോജനം എന്നൊരു പുതിയ പദ്ധതി തുടങ്ങിവെച്ചു. ഏതാനും വർഷങ്ങൾ ഇതു് സൊസൈറ്റിയുടെ ഒരു നയപരിപാടിയായി തുടർന്നുപോന്നു.[4]
കരയോഗപ്രസ്ഥാനരൂപീകരണവും പിടിയരിപ്പിരിവും
നായർ സർവ്വീസ് സൊസൈറ്റിയുടെ ഏറ്റവും അടിസ്ഥാനമായ ഘടകവും അതിന്റെ നട്ടെല്ലും ശക്തിയും അതതു പ്രദേശങ്ങളിൽ നായർകുടുംബങ്ങൾ ഒരുമിച്ചുചേർന്ന കരയോഗങ്ങൾ ആണ് . നായർ സർവ്വീസ് സൊസൈറ്റിയുടെ നെടുംതൂണായ കരയോഗ പ്രസ്ഥാനത്തിനു മന്നത്തു പദ്മനാഭൻ തുടക്കമിടുന്നത് പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ തട്ടയിൽ എന്ന ഗ്രാമത്തിൽ നിന്നാണു. കൊല്ലവർഷം 1104 ധനു മാസം ഒന്നിന് തട്ടയിലെ പുരാതന നായർ തറവാടുകളായ ഇടയിരേത്ത് കുടുംബത്തിന്റെയും തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറു കല്ലുഴത്തിൽ തറവാടിന്റെയും പൂമുഖങ്ങളിൽ മന്നത്ത് പദ്മനാഭന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന നായർ പ്രമാണികളുടെ യോഗത്തിൽ രാവിലെയും വൈകിട്ടുമായി യഥാക്രമം ഒന്നും രണ്ടും നമ്പർ കരയോഗങ്ങളുടെ രൂപീകരണം നടന്നു. ഹരികഥാ പ്രസംഗകനും വാഗ്മിയും മികച്ച സംഘാടകനുമായിരുന്ന ടി പി വേലുക്കുട്ടി മേനോനാണ് കരയോഗപ്രസ്ഥാനം സമാരംഭിക്കുവാൻ മന്നത്ത് പദ്മനാഭന് പ്രധാന സഹായിയായി പ്രവർത്തിച്ചത്. തുടർന്നിങ്ങോട്ട് അയ്യായിരത്തിലേറെ കരയോഗങ്ങൾ നാടിന്റെ നാനാഭാഗങ്ങളിലും രൂപീകൃതമായി. ഇവയുടെ നടത്തിപ്പിനാവശ്യമായിരുന്ന സാമ്പത്തികസഹായം അതതു കരയോഗങ്ങൾ തന്നെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, സാമ്പത്തികമായി പല തട്ടുകളിൽ കഴിഞ്ഞിരുന്ന സമുദായാംഗങ്ങളിൽ എല്ലാവർക്കും ഒരേ പോലെ ഇത്തരം ചെലവുകളുടെ പങ്കു വഹിക്കാൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ.എസ്.എസ്. ആവിഷ്കരിച്ച ഒരു പദ്ധതിയായിരുന്നു 'പിടിയരിപ്പിരിവു്'. ഓരോ വീട്ടുകാരും അവർ ചോറുണ്ടാക്കാൻ അരി അടുപ്പത്തിടുമ്പോൾ അതിൽ നിന്നും ഒരു പിടി അരി എടുത്തു് ഒരു മുളങ്കമ്പിലോ പാത്രത്തിലോ നീക്കിവെക്കുകയും മാസാവസാനം ആ സമ്പാദ്യം കരയോഗസമ്മേളനത്തിലേക്കു ദാനം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ഇതിലെ വ്യവസ്ഥ. ഇങ്ങനെ കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരംശം തീരെ ദരിദ്രരായിരുന്ന കുടുംബാംഗങ്ങൾക്കു വീതം വെച്ചു കൊടുക്കുകയും പതിവായിരുന്നു.
സ്വത്തവകാശനിയമം
നായർ സർവ്വീസ് സൊസൈറ്റിയുടെ ഏറ്റവും വലിയ കർമ്മപദ്ധതികളിലൊന്നു് സർക്കാർ അംഗീകാരമുള്ള മരുമക്കത്തായനിയമം മാറ്റിയെഴുതുക എന്നതായിരുന്നു. സൊസൈറ്റിയുടെ രൂപീകരണത്തിനു തൊട്ടുമുമ്പ്, 1912-ൽ തിരുവിതാംകൂർ സർക്കാർ ആദ്യത്തെ നായർ ആക്റ്റ് പാസ്സാക്കിയിരുന്നു. നായർ കുടുംബങ്ങളിലെ തറവാട്ടുസ്വത്തുക്കൾ താവഴിയായും പുരുഷസന്തതികളുടെ സ്വയാർജ്ജിതസ്വത്തുക്കൾ മക്കൾക്കും മരുമക്കൾക്കും പപ്പാതിയായും ഭാഗം വെക്കണമെന്നു് ഈ ആക്റ്റ് നിഷ്കർഷിച്ചു.[4]
എന്നാൽ, എൻ.എസ്.എസ്സിലെ പുരോഗമനേച്ഛുക്കളെ ഒന്നാം നായർ ആക്റ്റ് പൂർണ്ണമായും തൃപ്തിപ്പെടുത്തിയിരുന്നില്ല. അവരുടെ സമ്മർദ്ദഫലമായി 1925-ൽ തിരുവിതാംകൂറിൽ രണ്ടാം നായർ ആക്റ്റ് നടപ്പിലായി. പുതിയ ചട്ടപ്രകാരം, അനന്തരവന്മാർക്കു് അമ്മാവന്റെ സ്വത്തിൽ തീർത്തും ഭാഗാവകാശം ഇല്ലാതായി. അതോടൊപ്പം തന്നെ, നായർ സമുദായത്തിൽ ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും പരിപൂർണ്ണമായും നിയമവിരുദ്ധമാക്കി.[4]
പിൽക്കാലത്തു് ഈഴവർക്കും തിരുവിതാംകൂർ നാഞ്ചിനാട്ടുവെള്ളാളർക്കും സമാനമായ സ്വത്തവകാശനിയമങ്ങൾ ആവിഷ്കരിക്കുന്നതിനു് നായർ സ്വത്തവകാശനിയമം മാതൃകയായി.[4]
സംഘടന
മൂന്നു തലങ്ങളിൽ അധികാരവികേന്ദ്രീകരണം വിതരണം ചെയ്തിട്ടുള്ള സംഘടനയാണു് നായർ സർവ്വീസ് സൊസൈറ്റി. ഏറ്റവും താഴേത്തട്ടിൽ കരയോഗവും അതിനു മുകളിലായി താലൂക്ക് യൂണിയനുകളും ഏറ്റവും മുകളിൽ ആസ്ഥാനവും.
കരയോഗം
ഒരു പ്രദേശത്തെ നായർ കുടുംബങ്ങൾ ചേർന്ന് കരയോഗം രൂപീകരിച്ച് എൻ. എസ്. എസ്സിൽ രജിസ്റ്റർ ചെയ്യുന്നു. 18 വയസ്സിനുമേൽ പ്രായമുള്ള നായർ സമുദായാംഗങ്ങൾക്ക് കരയോഗത്തിൽ അംഗമായി ചേരാം. ഈ കരയോഗാംഗങ്ങളുടെ സഭ ആണ് കരയോഗം അഥവാ പൊതുയോഗം. അംഗത്വം നേടുന്നതിനു നിശ്ചിത ഫോറത്തിലോ എഴുതിയോ അപേക്ഷ നൽകണം. ഒന്നാം നമ്പർ കരയോഗം ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന പന്തളത്തിൻ്റെ അനുബന്ധ പ്രദേശമായ പന്തളം തെക്കേക്കര തട്ടയിൽ എന്ന സ്ഥലത്താണ് രൂപീകരിച്ചത്. തട്ടയിലെ പുരാതന നായർ തറവാടുകളായ ഇടയിരേത്ത് വീട്ടിലും കല്ലുഴത്തിൽ വീട്ടിലും ഒരേ ദിവസം
രാവിലെയും വൈകിട്ടുമായി
വിളിച്ചുചേർത്ത യോഗങ്ങളിലൂടെയാണു യഥാക്രമം ഒന്നാം നമ്പർ , രണ്ടാം നമ്പർ കരയോഗപ്രഖ്യാപനത്തിലൂടെ മന്നത്ത് പദ്മനാഭൻ കരയോഗ പ്രസ്ഥാനത്തിനു നാന്ദി കുറിക്കുന്നത്
കരയോഗ അംഗങ്ങൾചേർന്ന് മൂന്നു വർഷത്തേക്ക് ഒരു ഭരണസമിതിയെ തിരഞ്ഞെടുക്കുന്നു. ഈ ഭരണസമിതിയിൽ നിന്ന് കരയോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാൻജി എന്നിവരെ പൊതുയോഗം തിരഞ്ഞെടുക്കുന്നു. കൂടാതെ താലൂക്ക് യൂണിയനിലേക്ക് രണ്ടു പ്രതിനിധികളേയും, ഇലക്ട്രോൾ മെമ്പർ ആയി ഒരാളെയും തിരഞ്ഞെടുക്കുന്നു. കരയോഗത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കുന്നത് കരയോഗം ഭരണസമിതിയാണ്. പ്രവർത്തന പരിധി, മറ്റുകാര്യങ്ങൾ എന്നിവയെ പറ്റി അംഗീകരിക്കപ്പെട്ട നിയമാവലി ഉണ്ടായിരിക്കും.
സ്ഥാപനങ്ങൾ
കേരളത്തിലെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നായർ സർവീസ് സൊസൈറ്റിക്ക് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൊസൈറ്റിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തന്നെ ഇതിന് നല്ല ഉദാഹരണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ (കോളേജ് മാത്രം)
- വേലുത്തമ്പി മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ്, നെയ്യാറ്റിൻകര
- മഹാറാണി സേതു പാർവതീഭായി എൻ.എസ്.എസ്. വിമൻസ് കോളേജ്, തിരുവനന്തപുരം
- മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം
- എൻ.എസ്.എസ്. കോളേജ്, നിലമേൽ
- എൻ.എസ്.എസ്. കോളേജ്, പന്തളം
- എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, പന്തളം
- എൻ.എസ്.എസ്. പോളിടെൿനിക് കോളേജ്, പന്തളം
- എൻ.എസ്.എസ്. കോളേജ്, ചേർത്തല
- മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ്, ചേർത്തല
- എ.എൻ.എസ്.എസ്. ഹോമിയോ മെഡിക്കൽ കോളേജ്, കുറിച്ചി, ചങ്ങനാശ്ശേരി
- എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
- ശ്രീ വിദ്യാധിരാജ എൻ.എസ്.എസ്. കോളേജ്, വാഴൂർ, ചങ്ങനാശ്ശേരി
- എൻ.എസ്.എസ്. കോളേജ്, രാജകുമാരി
- എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, ചങ്ങനാശ്ശേരി
- എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട്
- ശ്രീ വ്യാസ എൻ.എസ്.എസ്. കോളേജ്, വടക്കാഞ്ചേരി
- എൻ.എസ്.എസ്. കോളേജ്, ഒറ്റപ്പാലം
- എൻ.എസ്.എസ്. കോളേജ്, നെന്മാറ
- എൻ.എസ്.എസ്. കോളേജ്, മഞ്ചേരി
- എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, ഒറ്റപ്പാലം
- പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ
- ശ്രീ അയ്യപ്പ വിമൻസ് കോളേജ്, നാഗകോവിൽ
- എൻ.എസ്.എസ്. കോളേജ് ഫോർ വിമൻ, തൃപ്പൂണിത്തുറ
- എൻ.എസ്.എസ്. കോളേജ് ഫോർ വിമൻ, പെരുന്താന്നി, തിരുവനന്തപുരം
- മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ്, കൊട്ടിയം
- എൻ.എസ്.എസ്. ആയുർവേദ കോളേജ്, പന്തളം
ഇതിനുപുറമെ ഒട്ടേറെ എൽ.പി. സ്കൂളുകൾ, യു.പി. സ്കൂളുകൾ, ഹൈ സ്കൂളുകൾ, ഹയർ സെക്കണ്ടറി സ്കൂളുകൾ, വൊക്കേഷണ ഹയർ സെക്കണ്ടറി സ്കൂളുകള് എന്നിവയും സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു.[7]
ആശുപത്രികൾ
നായർ സർവീസ് സൊസൈറ്റിക്ക് കീഴിലുള്ള ആശുപത്രികൾ താഴെ പറയുന്നവയാണ്.
- എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, പെരുന്ന
- എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, പന്തളം
- എൻ.എസ്.എസ്. ജനറൽ നഴ്സിങ് സ്കൂൾ, പന്തളം
- എൻ.എസ്.എസ്. ഹെൽത്ത് വർക്കേഴ്സ് നഴ്സിങ് സ്കൂൾ, പന്തളം
- എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, ഓച്ചിറ
- മന്നം മെമ്മോറിയൽ എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, കറുകച്ചാൽ
- എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, കുമ്മന്നൂർ
- കെ.എം.എൻ.എസ്.എസ്. ആയുർവേദ ആശുപത്രി, വള്ളംകുളം
- മന്നം മെമ്മോറിയൽ ഫ്രീ മെഡിക്കൽ എയ്ഡ് സെന്റർ, ശബരിമല
- എൻ.എസ്.എസ്. ആയുർവേദ ആശുപത്രി, ആറന്മുള[8]
- എൻ.എസ്.എസ്. ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി, പന്തളം
കരയോഗങ്ങളും മറ്റു സംഘടനകളും
എൻ.എസ്.എസിന്റെ കീഴിൽ 5,182 കരയോഗങ്ങളും (2009-ഇൽ 5,138) 4,232 വനിതാ സമാജങ്ങളും (2009-ഇൽ 4,100) 2,466 ബാലസമാജങ്ങളും പ്രവർത്തിക്കുന്നു.[9]
ക്രമ സംഖ്യ | താലൂക്ക് യൂണിയൻ | കരയോഗങ്ങൾ (2006) | കെട്ടിടങ്ങൾ | അംഗീകൃത വിദ്യാഭ്യാസകേന്ദ്രങ്ങൾ | അൺ എയ്ഡഡ് സ്കൂളുകൾ | ക്ഷേത്രങ്ങൾ | വനിതാസമാജങ്ങൾ | ബാലസമാജങ്ങൾ |
---|---|---|---|---|---|---|---|---|
1 | നെയ്യാറ്റിൻകര | 178 | 94 | 1 | 5 | 13 | 142 | 88 |
2 | നെടുമങ്ങാട് | 182 | 82 | 0 | 6 | 2 | 136 | 96 |
3 | തിരുവനന്തപുരം | 158 | 123 | 0 | 28 | 29 | 122 | 83 |
4 | ചിറയൻകീഴ് | 138 | 67 | 1 | 1 | 14 | 75 | 36 |
5 | ചാത്തന്നൂർ | 73 | 56 | 2 | 0 | 21 | 68 | 46 |
6 | കൊല്ലം | 133 | 115 | 3 | 7 | 22 | 122 | 77 |
7 | ചടയമംഗലം | 101 | 59 | 2 | 7 | 6 | 78 | 52 |
8 | പത്തനാപുരം | 133 | 93 | 3 | 8 | 20 | 117 | 72 |
9 | കൊട്ടാരക്കര | 139 | 99 | 14 | 10 | 34 | 95 | 67 |
10 | കരുനാഗപ്പള്ളി | 131 | 118 | 4 | 4 | 18 | 121 | 72 |
11 | കുന്നത്തൂർ | 105 | 85 | 1 | 0 | 5 | 94 | 71 |
12 | അടൂർ | 91 | 75 | 2 | 1 | 14 | 84 | 63 |
13 | പന്തളം | 75 | 64 | 3 | 6 | 14 | 69 | 34 |
14 | പത്തനംതിട്ട | 108 | 87 | 0 | 5 | 8 | 85 | 28 |
15 | റാന്നി | 47 | 39 | 1 | 0 | 7 | 45 | 18 |
16 | മല്ലപ്പള്ളി | 49 | 42 | 2 | 1 | 4 | 46 | 35 |
17 | തിരുവല്ല | 85 | 72 | 5 | 3 | 37 | 70 | 27 |
18 | ചെങ്ങന്നൂർ | 105 | 103 | 6 | 8 | 37 | 94 | 34 |
19 | മാവേലിക്കര | 93 | 77 | 7 | 1 | 19 | 80 | 47 |
20 | കാർത്തികപ്പള്ളി | 90 | 80 | 8 | 2 | 13 | 85 | 55 |
21 | അമ്പലപ്പുഴ | 48 | 39 | 2 | 1 | 9 | 45 | 25 |
22 | ചേർത്തല | 71 | 68 | 5 | 9 | 30 | 70 | 36 |
23 | കുട്ടനാട് | 71 | 62 | 5 | 3 | 20 | 70 | 39 |
24 | ചങ്ങനാശ്ശേരി | 66 | 58 | 1 | 3 | 18 | 62 | 62 |
25 | കോട്ടയം | 132 | 123 | 8 | 25 | 30 | 123 | 72 |
26 | വൈക്കം | 95 | 81 | 1 | 4 | 20 | 93 | 71 |
27 | മീനച്ചിൽ | 104 | 95 | 5 | 4 | 46 | 78 | 48 |
28 | പൊൻകുന്നം | 95 | 37 | 4 | 2 | 8 | 41 | 30 |
29 | ഹൈറേഞ്ച് | 79 | 54 | 1 | 1 | 3 | 70 | 54 |
30 | തൊടുപുഴ | 35 | 31 | 1 | 3 | 10 | 34 | 32 |
31 | കോതമംഗലം | 34 | 20 | 0 | 0 | 1 | 29 | 29 |
32 | മൂവാറ്റുപുഴ | 59 | 44 | 0 | 7 | 9 | 54 | 41 |
33 | കുന്നത്ത്‌നാട് | 93 | 69 | 3 | 4 | 22 | 80 | 60 |
34 | കണയന്നൂർ | 69 | 58 | 0 | 4 | 19 | 59 | 34 |
35 | ആലുവ | 66 | 50 | 0 | 0 | 4 | 57 | 43 |
36 | നോർത്ത് പറവൂർ | 52 | 40 | 0 | 7 | 9 | 40 | 17 |
37 | കൊടുങ്ങല്ലൂർ | 26 | 20 | 0 | 0 | 0 | 24 | 19 |
38 | മുകുന്ദപുരം | 134 | 93 | 12 | 18 | 17 | 110 | 45 |
39 | ചാവക്കാട് | 48 | 12 | 1 | 0 | 0 | 33 | 12 |
40 | തൃശ്ശൂർ | 122 | 61 | 0 | 0 | 6 | 82 | 41 |
41 | തലപ്പള്ളി | 131 | 43 | 0 | 5 | 1 | 52 | 29 |
42 | ഒറ്റപ്പാലം | 137 | 24 | 0 | 10 | 2 | 57 | 51 |
43 | ആലത്തൂർ & ചിറ്റൂർ | 96 | 45 | 0 | 10 | 2 | 57 | 51 |
44 | പാലക്കാട് | 73 | 24 | 0 | 2 | 1 | 40 | 18 |
45 | മണ്ണാർക്കാട് | 40 | 10 | 0 | 4 | 1 | 24 | 9 |
46 | ഏറനാട് | 135 | 23 | 1 | 7 | 3 | 42 | 22 |
47 | പൊന്നാനി | 45 | 4 | 0 | 4 | 1 | 3 | 0 |
48 | തിരൂർ | 48 | 2 | 0 | 5 | 0 | 16 | 3 |
49 | കോഴിക്കോട് | 80 | 15 | 0 | 7 | 0 | 42 | 19 |
50 | കൊയിലാണ്ടി | 61 | 1 | 0 | 1 | 0 | 12 | 3 |
51 | വടകര | 61 | 4 | 0 | 0 | 0 | 18 | 6 |
52 | വൈത്തിരി | 34 | 4 | 0 | 1 | 0 | 20 | 5 |
53 | ബത്തേരി | 40 | 12 | 0 | 0 | 1 | 35 | 23 |
54 | മാനന്തവാടി | 48 | 7 | 0 | 0 | 6 | 36 | 20 |
55 | തലശ്ശേരി | 70 | 12 | 1 | 0 | 2 | 28 | 10 |
56 | കണ്ണൂർ | 52 | 6 | 0 | 1 | 0 | 27 | 14 |
57 | തളിപ്പറമ്പ് | 93 | 23 | 0 | 1 | 3 | 53 | 27 |
58 | ഹോസ്‌ദുർഗ് | 103 | 43 | 0 | 2 | 1 | 64 | 39 |
ചിത്രശാല
- എൻ.എസ്.എസ്. ആസ്ഥാനമന്ദിരം, പെരുന്ന, ചങ്ങനാശ്ശേരി
- പെരുന്നയിലെ മുഖ്യകാര്യാലയം
- പ്രതിനിധിസഭാമന്ദിരം
- വൈക്കം നഗരത്തിലെ മന്നം പ്രതിമ
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.