നമ്മാഴ്വാർ
From Wikipedia, the free encyclopedia
Remove ads
From Wikipedia, the free encyclopedia
തമിഴ് വൈഷ്ണവ കവികളിൽ പ്രഥമഗണനീയനായിരുന്നു നമ്മാഴ്വാർ (തമിഴ്: நம்மாழ்வார்). തമിഴ്നാടിന്റെ വടക്കേ അറ്റത്തുള്ള തിരുക്കരുക്കൂറിൽ (ആഴ്വാർ തിരുനഗരി) കാരിയാതരുടെയും ഉടൈയതങ്കയുടെയും മകനായി വേളാളകുലത്തിൽ ജനിച്ചു[2]. ഏഴാം ശ. മുതൽ ഒൻപതാം ശ. വരെയായിരിക്കാം ഇദ്ദേഹത്തിന്റെ കാലമെന്നു പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഗകോപർ, മാരൻ, പരാങ്കശൻ എന്നീ പേരുകളും ഉണ്ട്. മാരൻ എന്നത് പിതാവിന്റെ പേരോട് ചേർത്ത് കരിമാരൻ എന്നും പറയാറുണ്ട്.
നമ്മാഴ്വാർ | |
---|---|
ജനനം | സദഗോപൻ 8th century CE[1] ആൾവാർതിരുനഗിരി, തമിഴ്നാട് |
തത്വസംഹിത | ശ്രീ വൈഷ്ണവം |
കൃതികൾ | തിരുവിരുട്ടം തിരുവാചിരിയം പെരിയ തിരുവന്താടി തിരുവായ്മൊഴി |
ആഴ്വാർമാരിൽ പ്രധാനിയും മഹത്ത്വം ഉള്ള ആളുമായതിനാൽ നമ്മാഴ്വാർ (നം ആഴ്വാർ-നമ്മുടെ ആഴ്വാർ) എന്നു പറയുന്നു. ജനിച്ചതുമുതൽ സംസാരിക്കാതിരുന്ന ഗംഗോപർ പെരുമാൾ കോവിലിലെ പുളിമരത്തിന്റെ ചുവട്ടിൽ തപസ്സുചെയ്ത് ദൈവാനുഗ്രഹം നേടിയത്രെ. ജ്ഞാനപ്രകാശം നല്കാൻ അവിടെയെത്തിയ മധുരകവികൾക്കു മറുപടി പറയാനാണ് ഇദ്ദേഹം ആദ്യമായി വാക്കുകൾ ഉച്ചരിച്ചത് എന്നാണൈതിഹ്യം. ഇപ്രകാരം വളരെ ചെറുപ്പത്തിലേ ദൈവദർശനം നേടി ജ്ഞാനിയാവുകയും ലൌകിക ചിന്തകളിൽ നിന്നു മുക്തനാവുകയും ചെയ്തു. തമിഴ്നാട്ടിലെ ശൈവമതത്തിന് മാണിക്യവാചകർ എങ്ങനെയാണോ അതുപോലെയാണ് വൈഷ്ണവമതത്തിന് നമ്മാഴ്വാർ. വൈഷ്ണവ ഭക്തനാണെങ്കിലും മുമ്മൂർത്തികളെയും ആരാധിച്ചിരുന്നു. എല്ലാത്തിലും ദൈവത്തെ കാണുന്ന മനസ്സ് ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഉണ്ണുന്ന ചോറും കുടിക്കുന്ന വെള്ളവും ചവയ്ക്കുന്ന വെറ്റിലയും എല്ലാം കണ്ണൻ എന്നാണ് ഇദ്ദേഹം പറയാറുള്ളത്.
വൈഷ്ണവാധ്യക്ഷ പരമ്പരയിലെ അവസാനത്തെ ആഴ്വാരും ആദ്യത്തെ ആചാര്യനുമാണ് നമ്മാഴ്വാർ. പരജ്ഞാനപരമഭക്തിയാലും ദൈവകൃപയാലും താൻ ദർശിച്ച തത്ത്വങ്ങൾ തിരുവായ്മൊഴി, തിരുവിരുത്തം, തിരുവാശിരിയം, പെരിയ തിരുവന്താദി എന്നീ കൃതികളിലൂടെ ലോകസമക്ഷം സമർപ്പിച്ചു. ഇവയിൽ ഋഗ്വേദസാരം തിരുവിരുത്തത്തിലും യജുർവേദതത്ത്വം തിരുവാശിരിയത്തിലും അഥർവരഹസ്യം തിരുവന്താദിയിലും സാമവേദസാരം തിരുവായി മൊളിയിലും അവതരിപ്പിച്ചിട്ടുള്ളതായി പണ്ഡിതന്മാർ കരുതുന്നു. ഈ കൃതികളെ വൈഷ്ണവർ തങ്ങളുടെ ചതുർഗ്രന്ഥങ്ങളായിട്ടാണ് കണക്കാക്കുന്നത്.
നമ്മാഴ്വാരുടെ കൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദ്രാവിഡവേദമെന്ന് അറിയപ്പെടുന്ന തിനവായ് മൊഴിയാണ്. ഇതിൽ ഉരൈതിലൈ, ഉയിർനിലൈ, ഉപായനിലൈ, വിരോധിനിലൈ, പുരുഷാർഥനിലൈ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളുണ്ട്. ഈ അർഥപഞ്ചകജ്ഞാനം മുക്തിപ്രാപിക്കുന്നതിന് ഉപകരിക്കുമെന്നാണ് മതപണ്ഡിതന്മാരുടെ വിശ്വാസം. ഈ കൃതിക്ക് നിരവധി വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയിൽ 10-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീമദ് നാരദമുനിവരുടെ വ്യാഖ്യാനം സവിശേഷമാണ്.
വൈഷ്ണവമതത്തിലെ ഏറ്റവും സമുന്നതമായ ആത്മജ്ഞാനമാണ് നമ്മാഴ്വാരുടെ കവിതകളിൽ പ്രതിഫലിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.