From Wikipedia, the free encyclopedia
ദുബായ് ടൂറിസം വകുപ്പിന്റെ ഭാഗമായ, ദുബായ് ഫെസ്റ്റിവൽസ് & റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആർഇ) നേതൃത്വം നൽകുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഇവന്റാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അഥവാ ഡിഎസ്എഫ് (അറബി: مهرجان دبي للتسوق).[1] ഫെസ്റ്റിവൽ വേളയിൽ, വ്യാപാര സ്ഥാപനങ്ങൾ വിലക്കിഴിവുകൾ, സ്വർണം, കാറുകൾ എന്നിവ പോലുള്ള സമ്മാനങ്ങൾ നേടുന്നതിനായി ദിവസേനയുള്ള നറുക്കെടുപ്പുകൾ എന്നിവ നടത്തുന്നു. കൂടാതെ ഇതിന്റെ ഭാഗമായി ഒരു വെടിക്കെട്ട് പ്രദർശനവുമുണ്ട്.[2] ഇതിന്റെ ഭാഗമായി ദുബായിൽ ഉടനീളം നിരവധി കുടുംബ പ്രവർത്തനങ്ങളും തത്സമയ ഷോകളും നടക്കുന്നു.[3]
1996 ഫെബ്രുവരി 16 നാണ് ഫെസ്റ്റിവൽ ആദ്യമായി ആരംഭിച്ചത്,[2] ആരംഭിക്കുന്നതിന് മുമ്പ് തയ്യാറെടുപ്പുകൾക്കു മാത്രം മൊത്തം 45 ദിവസമെടുത്തു.[4] വ്യാപാര മേളയുടെ ആശയം ആദ്യം കൊണ്ടുവന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്.[5] 2019 ഈ ഫെസ്റ്റിവലിന്റെ 24-ാം വർഷമാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 24-ാം പതിപ്പ് അഞ്ച് ആഴ്ചയിലധികം നീണ്ട് നിന്നു, ഇത് ഇതുവരെ നടന്നതിൽ ഏറ്റവും ദൈർഘ്യമേറിയ കാലയളവാണ്.[6] “One World, One Family, One Festival" (ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം) എന്നതാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുദ്രാവാക്യം.[7]
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിലെ റീട്ടെയിൽ വ്യാപാര വ്യവസായത്തിൽ വർദ്ധനവ് വരുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഫെസ്റ്റിവൽ തുടങ്ങിയതെങ്കിലും പിന്നീട് ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതായി മാറി.[8] ഒരു മാസം നീണ്ട് നിന്ന 1996 ലെ ആദ്യത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒന്നര ദശലക്ഷത്തിലധികം ആളുകളെ ആകർഷിക്കുകയും, അവർ വഴി 500 ദശലക്ഷം ഡോളറിലധികം ചെലവഴിക്കപ്പെടുകയും ചെയ്തു.[7] ഈ ഓരോ വർഷം കഴിയുന്തോറും വളർന്നുവരികയാണ് ഉണ്ടായത്. 2009 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ മൂന്ന് ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുകയും, ഇതിലൂടെരാജ്യം 2 ബില്യൺ ഡോളർ സമ്പാദിക്കുകയും ചെയ്തു. ടൂറിസത്തെയും ചില്ലറ വിപണനത്തെയും ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഫെസ്റ്റിവൽ ദുബൈയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒന്നിലധികം ലോക റെക്കോർഡുകൾ ദുബായിൽ രേഖപ്പെടുത്തി.[9] 1999 ൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വർണ്ണ ചെയിൻ, നീളം കൂടിയ സോഫ, ഏറ്റവും വലിയ കസേര, വലിയ സ്റ്റേഷണറി സൈക്കിൾ, വലിയ കട്ടിൽ എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. [10] 2001 ൽ ഏറ്റവും വലിയ ഇൻസെൻസ് ബർണർ, ഷോപ്പിംഗ് ബാഗ്, ബിരിയാണി പാത്രം എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. ഏറ്റവും വലിയ എൻട്രി വിസ നൽകിയ 2002 ലെ ഫെസ്റ്റിവലിൽ ഏറ്റവും വലിയ മാസികയും ചോക്ലേറ്റ് ബോക്സ്സും പ്രദർശിപ്പിച്ചു. 2004 ൽ, ഏറ്റവും വലിയ ഷോപ്പിംഗ് കാർട്ടും കലണ്ടറും ഏറ്റവും ദൈർഘ്യമേറിയ ബുഫേയും പ്രദർശിപ്പിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ മരണത്തെത്തുടർന്ന് 2006-ൽ ഉത്സവം മാറ്റിവക്കുകയും, പിന്നീട് റദ്ദാക്കുകയും ചെയ്തു. 2013 ൽ ദുബായ് മെട്രോ ഡിഎസ്‌എഫ് ആഘോഷങ്ങളുടെ ഭാഗമായി ചലിക്കുന്ന ട്രെയിനിൽ നടന്ന ആദ്യത്തെ ഫാഷൻ ഷോ നടത്തി.[11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.