തിരുവല്ല
കേരളത്തിലെ ഒരു പട്ടണം From Wikipedia, the free encyclopedia
തിരുവല്ല | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | പത്തനംതിട്ട | ||||
ജനസംഖ്യ | 56,828 (2001[update]) | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
| |||||
വെബ്‌സൈറ്റ് | www.thiruvalla.org.in |
പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും തിരുവല്ല താലൂക്കിന്റെ ആസ്ഥാനവുമാണ് തിരുവല്ല (ഇംഗ്ലീഷ്: Thiruvalla). തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപസ്ഥലങ്ങളും.[1]
പേരിനു പിന്നിൽ
പാലി ഭാഷയിലെ സിരിവല്ലഹവാസ എന്ന പദത്തിൽ നിന്നാണ് തിരുവല്ലയുടെ ഉത്ഭവം. ശ്രീവലഭവാസ എന്നാണ് സംസ്കൃതത്തിൽ. [2]
ഐതിഹ്യം
തിരുവല്ലയുടെ കിഴക്കും തെക്കും അതിർത്തികളിലൂടെ ഒഴുകുന്ന മണിമലയാറിന് പഴയകാലത്ത് വല്ലപ്പുഴ എന്ന് പേരുണ്ടായിരുന്നു. തിരുവല്ല ഗ്രാമത്തിന്റെ പ്രധാന സങ്കേതം വല്ലപ്പുഴയുടെ വടക്കെ തീരത്തായിരുന്നതിനാൽ സ്ഥലത്തിന് വല്ലവായ് എന്നു പേരുണ്ടായി എന്നതാണ് ഒരു അഭിപ്രായം.[3] [4] ഇവിടെയുളള ശ്രീവല്ലഭ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവല്ല എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞെതെന്നാണ് മറ്റൊരഭിപ്രായം. പുരാതനകാലത്ത് ശ്രീവല്ലഭപുരം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തിൽ “തിരുവല്ലഭപുരം” ആകുകയും ക്രമേണ “തിരുവല്ല” എന്ന് ലോപിക്കുകയും ചെയ്തുവെന്നാണ് ഇതിന്റെ വിശദീകരണം.[1]
ചരിത്രം

തിരുവല്ലയെ പറ്റി സൂചനയുള്ള ഏറ്റവും പഴയ രേഖ തിരുമങ്കൈ ആഴ്‌വാരുടെ ശ്രീവല്ലഭനെ പ്രകീർത്തിച്ചുള്ള പത്ത് പാസുരങ്ങളാണ്. ഈ പാസുരങ്ങളിൽ വല്ലവാഴ് എന്നാണ് സ്ഥലനാമ സൂചന. പതിനാലാം ശതകത്തിന്റെ പ്രഥമാർദ്ധത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ തിരുവല്ലയെ പറ്റിയുള്ള പരാമർശം 'വല്ലവായ്' എന്നാണ്. [4] ചരിത്രഗവേഷകൻമാർ സൂചിപ്പിക്കുന്നത് ബി.സി.500-നു മുൻപേ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്നാണ്[അവലംബം ആവശ്യമാണ്]. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറെ പ്രദേശമായ നിരണം അന്നത്തെ പ്രമുഖ തുറമുഖമായിരുന്നു. മധ്യകാലത്തിൽ കച്ചവടക്കാരായ ക്രിസ്ത്യാനികളുടെ കുടിയേറ്റത്തോടെ വ്യാപാരം അഭിവൃദ്ധിപ്പെട്ടു. ഉണ്ണുനീലി സന്ദേശത്തിൽ കൊല്ലത്തെയും കോഴിക്കോടിനെയും വെല്ലുന്ന അങ്ങാടി എന്നാണ് അവരുടെ വാസകേന്ദ്രമായിരുന്ന തിരുവല്ല കാവിൽ കമ്പോള(ഇന്നത്തെ ഏറങ്കാവ് ക്ഷേത്രത്തിനും കാവിൽ ക്ഷേത്രത്തിനും ഇടയിലുള്ള ഭാഗം)ത്തെപ്പറ്റി പരാമർശിക്കുന്നത്.[അവലംബം ആവശ്യമാണ്]
സംസ്ഥാന പുനഃസംഘടനയ്ക്ക് മുൻപ് ഈ സ്ഥലം ഇരുപത്തിയാറു പകുതികൾ ചേർന്ന് ഒരു നാട്ടുരാജ്യത്തോളം വലിപ്പമുള്ള താലൂക്കായിരുന്നു. ഈ താലൂക്കിൽ അന്നുൾപ്പേട്ടിരുന്ന ഇരവിപേരൂർ, കവിയൂർ, കല്ലൂപ്പാറ, എഴുമറ്റൂർ, പുത്തൻകാവ്, പന്തളം, വടക്കേക്കര മുതലായ പകുതികൾക്ക് ഇന്നത്തെ ചില താലൂക്കുകളോളം തന്നെ വലിപ്പം ഉണ്ടായിരുന്നു. അന്ന് തിരുവല്ലാ താലൂക്കിന്റെ വിസ്‌തൃതി ഇരുന്നൂറ്റിപ്പന്ത്രണ്ട് ചതുരശ്ര മൈൽ ആയിരുന്നു. [അവലംബം ആവശ്യമാണ്]
പഴയ തിരുവല്ല ഗ്രാമത്തിന്റെ അതിരുകൾ വടക്ക് ചങ്ങനാശ്ശേരി താലൂക്കിലുള്ള വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലവും തെക്ക് മാവേലിക്കര താലൂക്കിൽ ചെന്നിത്തല ആറും കിഴക്ക് കവിയൂർ കൈത്തോടും പടിഞ്ഞാറ് നീരേറ്റുപുറത്ത് പമ്പയാറുമായിരുന്നു.
ആരാധനാലയങ്ങൾ
നഗരഹൃദയത്തിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ശ്രീവല്ലഭ ക്ഷേത്രം , 7 കിലോമീറ്റർ കിഴക്കു മാറി സ്ഥിതിചെയ്യുന്ന കവിയൂർ മഹാദേവക്ഷേത്രം എന്നിവയാണ് തിരുവല്ലാ താലൂക്കിലെ പുരാതനമായ ഹൈന്ദവ ദേവാലയങ്ങൾ. കാവുംഭാഗം-എഴിഞ്ഞില്ലം വഴിയിൽ വേങ്ങൽ എന്ന സ്ഥലത്തിനു സമീപമുള്ള ആലംതുരുത്തിയിലെ തിരു-ആലംതുരുത്തി മഹാമായ ക്ഷേത്രമാണ് തിരുവല്ലാ ദേശത്തെ ഏറ്റവും പ്രാചീനമായ ക്ഷേത്രം. ഇതൊരു ഭഗവതി (ആദിപരാശക്തി അഥവാ ദുർഗ്ഗ) ക്ഷേത്രമാണ്. ഉത്രശീവേലി ചടങ്ങിൽ ശ്രീവല്ലഭ ക്ഷേത്രത്തിലേയ്ക്ക് ആലംതുരുത്തി ഭഗവതിയെ എഴുന്നെള്ളിക്കാറുണ്ട്. മുത്തൂർ ശ്രീ ഭദ്രകാളി ക്ഷേത്രമാണ് മറ്റൊന്ന്. പ്രസിദ്ധ തീർഥാടനകേന്ദ്രമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം ഇവിടെ നിന്നും 9 കിലോമീറ്റർ മാത്രം അകലെയാണ്. പ്രശസ്തമായ ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്‌ത്തിലാണ് സ്ഥിതിചെയ്യുന്നത്.

പാലിയേക്കര പള്ളി, സെന്റ് ജോൺസ് കത്തീഡ്രൽ എന്നിവ തിരുവല്ലയിലെ പ്രധാന ക്രൈസ്തവ ആരാധനാലയങ്ങളാണ്. മാർത്തോമ്മാ സഭയുടെ ആസ്ഥാനവും അനുബന്ധസ്ഥാപനങ്ങളും നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ നിരണം പള്ളി, പരുമല പള്ളി എന്നിവ തിരുവല്ല പട്ടണത്തിൽ നിന്നും യഥാക്രമം 9 കിലോമീറ്ററും 10 കിലോമീറ്ററും മാത്രം അകലെയാണ്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ശ്രീവല്ലഭക്ഷേത്രത്തിനനുബന്ധമായി താമസസൗകര്യങ്ങളോട് കൂടിയ ഒരു ഗുരുകുലം നിലനിന്നിരുന്നതായി കരുതപ്പെടുന്നു.[5]. ആദ്യത്തെ വ്യവസ്ഥാപിതമായ സ്കൂൾ തുടങ്ങിയത് കാവിൽ കമ്പോളത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തിരുവല്ല സി.എം.എസ് സ്കൂളിലാണ്.[6] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ എം.ജി.എം ഹൈസ്കൂളും എസ്.സി.എസ് ഹൈസ്കൂളും ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു. മറ്റൊരു പ്രമുഖ വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹൈസ്കൂൾ. കൂടാതെ മുത്തൂർ ഗവണ്മെന്റ് എൽ.പി സ്കൂൾ, മുത്തൂർ എൻ. എസ്. എസ്. ഹൈ സ്‌കൂൾ തുടങ്ങി ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സ്ഥലമാണ് തിരുവല്ല.1952-ൽ തിരുവല്ലയിലെ ആദ്യ കലാലയമായ മാർത്തോമ്മ കോളേജ് സ്ഥാപിതമായി. ടൈറ്റസ് II ടീച്ചേഴ്സ് കോളേജ്, മാർ അത്താനേഷ്യസ് കോളേജ് ഫോർ അഡ്‌വാൻസ്‌ഡ് സ്റ്റഡീസ് (മാക്‌ഫാസ്റ്റ്) തുടങ്ങിയവ തിരുവല്ലയിലെ മറ്റ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
ആശുപത്രികൾ
- താലൂക്ക് ആശുപതി
- പുഷ്പഗിരി മെഡിക്കൽ കോളേജ്
- മെഡിക്കൽ മിഷൻ ആശുപത്രി
- മേരി ക്യൂൻസ് ആശുപത്രി
- ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.