ഏതെങ്കിലും കാരണത്താൽ മസ്തിഷ്ക്കത്തിന്റെ സവിശേഷധർമ്മങ്ങൾ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് മേധാക്ഷയം അഥവാ ഡിമെൻ‌ഷ്യ (Dementia). വാർദ്ധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓർമ്മക്കുറവിൽ നിന്ന് വ്യത്യസ്തമാണിത്. തലച്ചോറിന് ഏൽക്കുന്ന ആഘാതത്താലും മറ്റും പെട്ടെന്ന് ഈ അവസ്ഥ സംഭവിച്ചേക്കാം. മറ്റ് ചിലപ്പോൾ ദീർഘകാല ശാരീരിക അസുഖങ്ങൾ, തകരാറുകൾ എന്നിവ നിമിത്തം ക്രമേണയും ഈ അവസ്ഥ സംജാതമാകാം. പൊതുവേ പ്രായമേറിയവരിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും 65 വയസ്സിനു താഴെയുള്ളവരിലും മേധാക്ഷയം കണ്ടുവരാറുണ്ട്. ഹാർവാഡ് സർവ്വകലാശാലയുടെയും അൽഷിമേഴ്‌സ് യൂറോപ്പ് കൺസോർഷ്യത്തിന്റെയും നേതൃത്വത്തിൽ അടുത്ത കാലത്ത് നടന്ന ഒരു കണക്കെടുപ്പ് പ്രകാരം അർബുദം കഴിഞ്ഞാൽ മുതിർന്നവരെ ഏറ്റവുമധികം ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് മേധാക്ഷയം.[1]

ഒരു രോഗമെന്നതിനേക്കാളും രോഗലക്ഷണങ്ങളുടെയും രോഗസൂചനകളുടെയും സഞ്ചയമാണ് മേധാക്ഷയം എന്നു പറയാം. അടുത്ത സമയത്ത് നടന്ന സംഭവങ്ങൾ ഏറ്റവും വേഗം മറന്നുപോകുക, പഴയ സംഭവങ്ങൾ രോഗം മൂർച്ഛിക്കുന്നതോടെ മാത്രം നഷ്ടപ്പെടുക തുടങ്ങിയവ മേധാക്ഷയത്തിന്റെ പ്രത്യേകതകളാണ്.[2] ഓർമ്മശക്തിക്ക് പുറമേ ഏകാഗ്രതയെയും സംസാരരീതിയെയും ഒക്കെ മേധാക്ഷയം കടന്നാക്രമിക്കുകയും തത്ഫലമായി രോഗിയുടെ ദൈനംദിനപ്രവർത്തനങ്ങൾ തന്നെ താറുമാറാകുകയും ചെയ്യാറുണ്ട്.

കാരണങ്ങൾ

  • തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന ചില രോഗങ്ങൾ
  • തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുള്ള തകരാറുകൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ
  • തലച്ചോറിലെ ട്യൂമറുകൾ, ക്ഷതങ്ങൾ.
  • ചില ഔഷധങ്ങൾ, വിഷാംശം
  • അണുബാധകൾ
  • വിറ്റാമിനുകളുടെ അഭാവം.

മേധാക്ഷയ വിഭാഗങ്ങൾ

മേധാക്ഷയം (ഡിമെൻ‌ഷ്യ) വിവിധ തരങ്ങളിലുണ്ട്. ഇവ മിക്കവയും തമ്മിൽ രോഗലക്ഷണങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണെന്നതിനാൽ രോഗലക്ഷണങ്ങളിൽ നിന്ന് മാത്രം ഏത് വിഭാഗത്തിലുള്ള ഡിമെൻ‌ഷ്യയാണെന്ന് നിർണ്ണയിക്കുക സാധ്യമാകണമെന്നില്ല. അതിനാൽ പലപ്പോഴും രോഗനിർണ്ണയത്തിനായി ന്യൂക്ലിയർ മെഡിസിൻ ബ്രെയിൻ മാപ്പിംഗ് മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്.

അൽഷീമർ ഡിമെൻഷ്യ അഥവാ അൽഷീമേഴ്‌സ് രോഗം, വാസ്‌കുലാർ ഡിമെൻ‌ഷ്യ, ഫ്രൻടോ-ടെമ്പറൽ ഡിമെൻ‌ഷ്യ, സെമാന്റിക് ഡിമെൻ‌ഷ്യ തുടങ്ങിയവയാണ് കൂടുതലായി കണ്ടുവരുന്ന ഡിമെൻ‌ഷ്യ വിഭാഗങ്ങൾ. ചില രോഗികളിൽ ഒന്നിലേറെ ഡിമെൻ‌ഷ്യ വിഭാഗങ്ങളുടെ ലക്ഷണങ്ങൾ കാണപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. പത്തു ശതമാനത്തോളം ഡിമെൻഷ്യ ബാധിതരിൽ അൽഷിമേഴ്‌സ് രോഗവും മൾട്ടി-ഇൻഫ്രാക്റ്റ് ഡിമെൻ‌ഷ്യയും ചേർന്ന 'സമ്മിശ്ര ഡിമെൻ‌ഷ്യ' കാണപ്പെടുന്നു.[3][4]

പുറത്തേക്കുള്ള കണ്ണി

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.