From Wikipedia, the free encyclopedia
ചെയിനോ ടേപ്പോ ഉപയോഗിക്കാതെ വിവിധ സ്ഥാനങ്ങൾ തമ്മിലുള്ള ദൂരവും ഉയരവ്യത്യാസവും വേഗത്തിൽ നിർണയിക്കുന്ന ഒരിനം സർവേ രീതിയാണ് ടാക്കിയോമെട്രി. ഇപ്രകാരമുള്ള സർവേയ്ക്ക് ടാക്കിയോമീറ്റർ, സ്റ്റേഡിയ ദണ്ഡ് (Stadia rod) എന്നീ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
സർവേ ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ട്രാൻസിറ്റ് തിയോഡൊലൈറ്റ് എന്ന ഉപകരണത്തിന്റെ ഡയഫ്രത്തിൽ രണ്ടുരേഖകൾ (സ്റ്റേഡിയ രേഖകൾ) കൂടി അടയാളപ്പെടുത്തിയിട്ടുള്ള ഉപകരണമാണ് ടാക്കിയോമീറ്റർ. സമതലന (levelling) സർവേക്ക് സാധാരണയായി ഉപയോഗിക്കുന്ന സമതലന ദണ്ഡ് (levelling staff) സ്റ്റേഡിയ ദണ്ഡായി ഉപയോഗിക്കാവുന്നതാണ്. അളവുകളെടുക്കാനുള്ള സൗകര്യത്തിനുവേണ്ടി പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള സ്റ്റേഡിയ ദണ്ഡുകളും ഉപയോഗത്തിലുണ്ട്.
ടാക്കിയോമീറ്റർ സ്ഥാപിക്കുന്ന സ്ഥാനം 'ഇൻസ്ട്രുമെന്റ് സ്റ്റേഷൻ' എന്നും സ്റ്റാഫ് വയ്ക്കുന്ന സ്ഥാനം 'സ്റ്റാഫ് സ്റ്റേഷൻ' എന്നും അറിയപ്പെടുന്നു.
സർവേ ചെയ്യുന്ന പ്രദേശം തുറസ്സായതാണെങ്കിൽ, ടാക്കിയോമെട്രി ഉപയോഗിച്ച് വളരെ വേഗത്തിൽ ആവശ്യമുള്ള അളവുകൾ എടുത്തുതീർക്കാൻ സാധിക്കും. ചെയിൻ സർവേക്കും സമതലനത്തിനും വിഷമമുള്ള, നിരപ്പില്ലാത്ത സ്ഥലങ്ങൾ സർവേ ചെയ്യാൻ ടാക്കിയോമെട്രി പ്രത്യേകം ഉപയോഗപ്രദമാണ്. അതിനാൽ പുതിയ പദ്ധതികളുടെ സ്ഥാനം, മാർഗ്ഗം മുതലായവ നിശ്ചയിക്കാനും; പദ്ധതിപ്രദേശങ്ങളുടെ കൂടുതൽ വിവരങ്ങൾ അടങ്ങുന്ന ടോപോഗ്രഫിക് മാപ് (ഭൂപടം), കോൺടൂർ മാപ് എന്നിവ രൂപപ്പെടുത്താനും എൻജിനീയർമാർ ടാക്കിയോമെട്രി വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്.
ടാക്കിയോമെട്രിയുടെ അടിസ്ഥാനതത്ത്വം ഇപ്രകാരം വിശദീകരിക്കാം:
ഏതെങ്കിലും ഒരു ഇൻസ്ട്രുമെന്റ് സ്റ്റേഷനും (A എന്നു സങ്കല്പിക്കുക) ഒരു സ്റ്റാഫ് സ്റ്റേഷനും (B എന്നു സങ്കല്പിക്കുക) തമ്മിലുള്ള ദൂരവും ഉയരവ്യത്യാസവും കണക്കാക്കാൻ താഴെ വിവരിച്ചിട്ടുള്ള രണ്ട് അളവുകൾ മതിയാകുന്നതാണ്.
1.B-യിൽ രേഖപ്പെടുത്തിയിട്ടുള്ള ചുരുങ്ങിയ നിശ്ചിത അളവ് A-യിൽ രേഖപ്പെടുത്തുന്ന കോണം (angle)
2.A-യിൽ നിന്നും ആ-യിലേക്കുള്ള ലംബകോണം (vertical angle)
ടാക്കിയോമെട്രിയെ പ്രധാനമായി 'സ്റ്റേഡിയ രീതി' എന്നും 'ടാൻജെൻഷ്യൽ രീതി' എന്നും രണ്ടായി തരംതിരിക്കാം. സ്റ്റേഡിയ രീതിയിൽ, ടാക്കിയോമീറ്റർ സ്റ്റാഫ് സ്റ്റേഷനിലേക്ക് ഒരു തവണ മാത്രം ലക്ഷ്യപ്പെടുത്തി വേണ്ട അളവുകൾ എടുക്കുന്നു. ടാൻജെൻ ഷ്യൽ രീതിയിൽ, ടാക്കിയോമീറ്റർ സ്റ്റാഫ് സ്റ്റേഷനിലേക്ക് രണ്ടുതവണ ലക്ഷ്യപ്പെടുത്തേണ്ട ആവശ്യമുണ്ട്.
സ്റ്റേഡിയ രീതിയിൽ ചെയ്യുന്ന സർവേയാണ് കൂടുതൽ പ്രചാരത്തിലുള്ളത്. ഇതിൽത്തന്നെ 'സ്ഥിര രേഖാരീതി (Fixed Hair Method)' എന്നും 'മാറ്റാവുന്ന രേഖാ രീതി (Movable Hair Method)' എന്നും രണ്ടിനങ്ങളുണ്ട്. സ്ഥിര രേഖാ രീതിയിൽ, ടാക്കിയോമീറ്ററിലെ ഡയഫ്രത്തിലുള്ള രണ്ടു രേഖകൾ തമ്മിലുള്ള അകലം സ്ഥിരപ്പെടുത്തിയിരിക്കും. ടാക്കിയോമീറ്ററിലെ ടെലിസ്കോപ്, സ്റ്റാഫ് സ്റ്റേഷനിൽ വച്ചിട്ടുള്ള ലെവലിങ് സ്റ്റാഫിലേക്കു ലക്ഷ്യപ്പെടുത്തുമ്പോൾ സ്റ്റേഡിയ രേഖകൾ ലെവലിങ് സ്റ്റാഫിലെ രണ്ടു സ്ഥാനങ്ങളുടെ നേരെയായി വരുന്നു. ഈ രണ്ടു സ്ഥാനങ്ങൾ തമ്മിലുള്ള അന്തഃഖണ്ഡം (intercept) ഉപയോഗിച്ച് ഇൻസ്ട്രുമെന്റ് സ്റ്റേഷനും സ്റ്റാഫ് സ്റ്റേഷനും തമ്മിലുള്ള ദൂരവും ഉയരവ്യത്യാസവും കണക്കാക്കാൻ സാധിക്കും. രണ്ടാമത്തെ രീതിയിൽ, ഡയഫ്രത്തിലെ രേഖകൾ തമ്മിലുള്ള അകലം മാറ്റാൻ സാധിക്കുന്ന സംവിധാനമുള്ള ടാക്കിയോമീറ്റർ ഉപയോഗിക്കുന്നു. ഈ രീതിയിൽ സർവേ ചെയ്യുമ്പോൾ സ്റ്റേഡിയ ദണ്ഡിൽ ഒരു നിശ്ചിത അന്തഃഖണ്ഡം കിട്ടുന്ന പ്രകാരം രേഖകൾ ക്രമപ്പെടുത്തുകയും രേഖകൾ തമ്മിലുള്ള അകലം അളവായി ഉപയോഗിക്കുകയും ചെയ്യുന്നു. സ്റ്റേഡിയ ടാക്കിയോമെട്രിയിൽത്തന്നെ സ്ഥിര രേഖാ രീതിയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
ഇൻസ്ട്രുമെന്റ് സ്റ്റേഷനും സ്റ്റാഫ് സ്റ്റേഷനും തമ്മിലുള്ള ദൂരം കണക്കാക്കാൻ D = C1S + C2 എന്ന ഫോർമുല ഉപയോഗിക്കുന്നു. ഇവിടെ D എന്നത് ഇൻസ്ട്രുമെന്റിൽ നിന്നും സ്റ്റാഫിലേക്കുള്ള ദൂരവും (ടെലിസ്കോപ് ലക്ഷ്യപ്പെടുത്തിയിട്ടുള്ള ദിശയിൽ), S എന്നത് സ്റ്റാഫ് അന്തഃഖണ്ഡവും, C1, C2 എന്നിവ ടാക്കിയോമീറ്ററിന്റെ ഘടകങ്ങളായ രണ്ടു സ്ഥിരാങ്കങ്ങളും (constants) ആകുന്നു.
ഇൻസ്ട്രുമെന്റ് സ്റ്റേഷനിൽ നിന്നും സ്റ്റാഫ് സ്റ്റേഷനിലേക്കുള്ള ലക്ഷ്യരേഖയും സമതലവും തമ്മിലുള്ള കോൺവ്യത്യാസം (angle of evelation or angle of depression ) θ ആണെങ്കിൽ, ഇവ തമ്മിലുള്ള സമതലദൂരം H = D Cos θ എന്നും നിരപ്പുവ്യത്യാസം V = D Sin θ എന്നും കണക്കാക്കാവുന്നതാണ്.
നിർദിഷ്ടതല (Reference Datum)ത്തിൽ നിന്നും ടാക്കിയോമീറ്ററിന്റെ ട്രണിയൻ ആക്സിസ് (ടെലിസ്കോപ് മേല്പോട്ടും താഴോട്ടും തിരിയുന്ന അക്ഷം) -ന്റെ ഉയരം H.I യും ടാക്കിയോമീറ്ററിന്റെ ഡയഫ്രത്തിലുള്ള മധ്യരേഖ സ്റ്റാഫിൽ കാണിക്കുന്ന ഉയരം h-ഉം ആയാൽ
സ്റ്റാഫ് സ്റ്റേഷന്റെ സമാനീതതലം (reduced level) = H.I +V-h.
സാധാരണയായി സ്റ്റാഫ് കുത്തനെ (vertical) പിടിച്ചാണ് സ്റ്റാഫ് സ്റ്റേഷനിൽ അളവുകൾ എടുക്കുന്നത്. ഇൻസ്ട്രുമെന്റിൽ നിന്നുള്ള ലക്ഷ്യരേഖയ്ക്കു ലംബകോണിലും (at right angle) സ്റ്റാഫ് പിടിക്കാവുന്നതാണ്. ഇപ്രകാരമാണെങ്കിൽ സ്റ്റാഫിന്റെ ചരിവുംകൂടി ഉൾക്കൊള്ളത്തക്കവണ്ണം മേൽവിവരിച്ച ഫോർമുലകൾ വ്യത്യാസപ്പെടുന്നതാണ്.
D = C1S + C2 എന്ന ഫോർമുല D = C1S എന്നു ലഘൂകരിക്കാൻ വേണ്ടി ടാക്കിയോമീറ്ററിന്റെ ടെലിസ്കോപ്പിൽ ഒരു ലെൻസുകൂടി ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ഇതിനായി ഉപയോഗപ്പെടുത്തുന്ന ലെൻസ് 'അനലാറ്റിക് ലെൻസ്'എന്നറിയപ്പെടുന്നു.
ടാൻജെൻഷ്യൽ ടാക്കിയോമെട്രി ഉപയോഗിച്ച് സർവേ ചെയ്യാൻ വിശേഷാൽ ഘടകങ്ങളൊന്നും (സ്റ്റേഡിയാ രേഖകൾ) ഇല്ലാത്ത സാധാരണ ട്രാൻസിറ്റ് തിയോഡൊലൈറ്റ് മതിയാകുന്നതാണ്. സ്റ്റാഫിൽ ഏതെങ്കിലും രണ്ടു ലക്ഷ്യങ്ങൾ A എന്നും B എന്നും സങ്കല്പിക്കുക. A-യിലേക്കുള്ള ലംബകോണം α-യും B-യിലേക്കുള്ള ലംബകോണം β-യും A-യും B-യും തമ്മിലുള്ള ദൂരം S-ഉം അളക്കുകയാണെങ്കിൽ സ്റ്റേഷനുകള്തമ്മിലുള്ളസമതലദൂരംH=\frac{S}{tan\alpha-tan\beta}എന്നും ഇൻസ്ട്രുമെന്റ് ട്രണിയൻ ആക്സിസും B-യും തമ്മിലുള്ള നിരപ്പുവ്യത്യാസം V=H tan\beta=\frac{Stan\beta}{tan\alpha-tan\beta}എന്നും കണക്കാക്കാവുന്നതാണ്. ==ഉപകരണങ്ങൾ== ടാക്കിയോമെട്രിക് സർവേയിൽ ഉൾക്കൊള്ളുന്ന കണക്കുകൾ ലഘൂകരിക്കാനായി വിശേഷാൽ ഘടകങ്ങൾ ഘടിപ്പിച്ച വിവിധ ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ട്. അവയിൽ പ്രചാരമേറിയതും പ്രധാനപ്പെട്ടതുമായ ചില ഉപകരണങ്ങളുടെ പേരുകൾ താഴെ ചേർത്തിരിക്കുന്നു.
1. ബീമൻ സ്റ്റേഡിയ ആർക്ക് (The Beaman Stadia Arc),
2. സ്റ്റാൻലി കോംപെൻസേറ്റിങ് ഡയഫ്രം (The Stanley Compensating Diaphragm), 3. ജെഫ്കോട്ട് ഡയറക്റ്റ് റീഡിങ് ടാക്കിയോമീറ്റർ (The Jeffcott Direct-reading Tacheometer), 4. ഈവിങ് സ്റ്റേഡി ആൾട്ടിമീറ്റർ (The Ewing Stadi Altimeter:attachment to Watt's Microptic Theodolite ), 5. എക്ഹോൾഡ്സ് ഓമ്നിമീറ്റർ (The Eckhold's Omnimeter), 6. ഗ്രേഡിയന്റർ (The Gradienter), 7. സ്റ്റേഡിയ റിഡക്ഷൻ ടേബിളുകളും ചാർട്ടുകളും (Stadia Reduction Tables and Diagrams), 8. കേൺ ടാക്കിയോമീറ്റർ (The Kern DKR Tacheometer), 9. വീൽഡ് ടാക്കിയോമീറ്റർ (The Weld RDS Tacheometer), 10. സീസ്സ് ടാക്കിയോമീറ്റർ (The Zeiss Dahlra O2O Tacheometer)
സർവേ ചെയ്യുമ്പോൾ അളവുകൾ എടുക്കുന്നതോടൊപ്പംതന്നെ കണക്കുകളും ചെയ്ത് സമതല ദൂരവും നിരപ്പും എളുപ്പത്തിൽ നിർണയിക്കാൻ സാധിക്കുന്നതും പ്രോഗ്രാം ചെയ്തിട്ടുള്ള ഇലക്ട്രോണിക് കാൽക്കുലേറ്ററുകൾ ഘടിപ്പിച്ചിട്ടുള്ളതുമായ ആധുനിക ടാക്കിയോമീറ്ററുകൾ ലഭ്യമാണ്. കൂടാതെ, വേണ്ട അളവുകൾ സ്വയം കണക്കാക്കി പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ളേയുള്ള ടാക്കിയോമീറ്ററുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.