From Wikipedia, the free encyclopedia
ഒരു സ്ത്രീയുടെ ഉദരത്തിനുള്ളിൽ ഒന്നോ അതിലധികമോ കുഞ്ഞുങ്ങൾ വികാസം പ്രാപിക്കുന്ന സമയമാണ് ഗർഭം അല്ലെങ്കിൽ ഗർഭധാരണം എന്നൊക്കെ വിളിക്കപ്പെടുന്ന ഗർഭാവസ്ഥ.[1] മൾട്ടിപ്പിൾ പ്രഗ്നെൻസിയിൽ (ഒന്നിലധികം കുട്ടികളെ പേറുന്ന ഗർഭത്തിൽ), ഇരട്ടകളെ പോലെ ഒന്നിലധികം കുഞ്ഞുങ്ങൾ ഉണ്ടാകുന്നു.[2] ലൈംഗികബന്ധത്തിലൂടെയോ സഹായം നൽകിക്കൊണ്ടുള്ള പുനരുൽപ്പാദന സാങ്കേതികവിദ്യയിലൂടെയോ (അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി) ആണ് ഗർഭധാരണം നടക്കുന്നത്. ഇതിന്, അവസാന ആർത്തവ ചക്രം (LMP) മുതൽ ഏകദേശം 40 ആഴ്ചകൾ (10 ചാന്ദ്ര മാസങ്ങൾ) വരെ സാധാരണ ഗതിയിൽ എടുക്കും, പ്രസവത്തോടെ ഇത് അവസാനിക്കുകയും ചെയ്യും.[1][3] ഗർഭധാരണത്തിന് ശേഷം ഏതാണ്ട് 38 ആഴ്ച കഴിഞ്ഞാണ് ഇത് നടക്കുന്നത്. ബീജധാരണത്തെ തുടർന്നുള്ള 8 ആഴ്ച വേളയിൽ കുഞ്ഞായി ഒരു ഗർഭപിണ്ഡം ഗർഭപിണ്ഡം വികസിക്കുന്നു, ജനനം വരെ ഗർഭസ്ഥശിശു എന്ന പദം കൊണ്ടാണ് ഈ ഗർഭപിണ്ഡത്തെ സൂചിപ്പിക്കുന്നത്.[3] ആർത്തവം നഷ്ടമാകൽ, സ്തനങ്ങൾ മൃദുവാകൽ, ഓക്കാനവും ഛർദ്ദിയും, വിശപ്പ്, ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ എന്നിവയൊക്കെ പ്രാരംഭ ഗർഭാവസ്ഥയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടാം.[4] ഒരു ഗർഭധാരണ പരിശോധന നടത്തിക്കൊണ്ട് ഗർഭാവസ്ഥ സ്ഥിരീകരിക്കാവുന്നതാണ്.[5]
ഗർഭാവസ്ഥ |
---|
ഗർഭാവസ്ഥ സാധാരണഗതിയിൽ മൂന്ന് ട്രൈമെസ്റ്ററുകളായി വിഭജിക്കാവുന്നതാണ്. ഗർഭധാരണം ഉൾപ്പെടെ, ഒന്നാമത്തെ ആഴ്ച മുതൽ പന്ത്രണ്ടാമത്തെ ആഴ്ചവരെ നീളുന്നതാണ് ആദ്യ ട്രൈമെസ്റ്റർ. ഗർഭധാരണം കഴിഞ്ഞയുടൻ, ബീജസംയോഗം നടന്ന അണ്ഡം, അണ്ഡവാഹിനിക്കുഴലിന്റെ അടിഭാഗത്തേക്ക് സഞ്ചരിക്കുന്നു, ഗർഭപാത്രത്തിന്റെ ഉള്ളിൽ അത് പറ്റിപ്പിടിക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഈ അണ്ഡം, ഭ്രൂണമായും മറുപിള്ളയായും രൂപപ്പെടുന്നത്.[1] ഗർഭമലസലിനുള്ള (ഗർഭപിണ്ഡത്തിന്റെയോ ഭൂണത്തിന്റെയോ സ്വാഭാവിക മരണം) ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളത് ആദ്യ ട്രൈമെസ്റ്ററിലാണ്.[6] ആഴ്ച 13 മുതൽ ആഴ്ച 28 വരെയാണ് രണ്ടാമത്തെ ട്രൈമെസ്റ്റർ. രണ്ടാമത്തെ ട്രൈമെസ്റ്ററിന്റെ മധ്യഭാഗത്തോടെ ഭ്രൂണം ചലിക്കുന്നത് അനുഭവപ്പെട്ടേക്കാം. 28 ആഴ്ചകൾ എത്തിക്കഴിഞ്ഞാൽ, ഉയർന്ന നിലവാരമുള്ള വൈദ്യപരിചരണം നൽകുന്ന പക്ഷം, 90 ശതമാനം കുഞ്ഞുങ്ങൾക്കും ഗർഭപാത്രത്തിന് പുറത്ത് അതിജീവിക്കാൻ കഴിയും. ആഴ്ച 29 മുതൽ ആഴ്ച 40 വരെയുള്ള കാലയളവാണ് മൂന്നാമത്തെ ട്രൈമെസ്റ്ററായി അറിയപ്പെടുന്നത്.[1]
ഗർഭാവസ്ഥയുടെ അനന്തരഫലത്തെ പ്രസവപൂർവ്വ ശുശ്രൂഷ മെച്ചപ്പെടുത്തുന്നു.[7] അധിക ഫോളിക്ക് ആസിഡ് കഴിക്കൽ, മയക്കുമരുന്നുകളും മദ്യവും ഉപേക്ഷിക്കൽ, പതിവായ വ്യായാമം, രക്ത പരിശോധനകൾ, പതിവായ ശാരീരിക പരിശോധനകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടാം.[7] ഗർഭാവസ്ഥയുടെ സങ്കീർണ്ണതകളിൽ ഗർഭാവസ്ഥയുടെ ഉയർന്ന രക്ത സമ്മർദ്ദം, ഗർഭകാല പ്രമേഹം, ഇരുമ്പുസത്തിന്റെ കുറവ് കൊണ്ടുണ്ടാവുന്ന വിളർച്ച, തീവ്രമായ ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടാം.[8] 37 മുതൽ 41 വരെയുള്ള ആഴ്ചകൾക്ക് ഇടയിലാണ് ഗർഭാവസ്ഥ പരിപൂർണ്ണതയിൽ (ടേമിൽ) എത്തുന്നത്. 37 മുതൽ 38 വരെയുള്ള ആഴ്ച കാലയളവിനെ ‘ഏർളി ടേം’ ആയും 39 മുതൽ 40 വരെയുള്ള ആഴ്ച കാലയളവിനെ ‘ഫുൾ ടേം’ ആയും 41 ആഴ്ചയാവുകയാണെങ്കിൽ 'ലേയ്റ്റ് ടേം' ആയും കണക്കാക്കപ്പെടുന്നു. 41 ആഴ്ച കഴിഞ്ഞാൽ 'പോസ്റ്റ് ടേം' എന്നാണ് പറയുക. 37 ആഴ്ച എത്തുന്നതിന് മുമ്പ് പിറഞ്ഞ കുഞ്ഞുങ്ങളെ ‘പ്രി-ടേം’ എന്നാണ് വിളിക്കുന്നത്, സെറിബ്രൽ പാൾസി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള അപകടസാധ്യത അവർക്ക് കൂടുതലാണ്.[1] എന്തെങ്കിലും വൈദ്യപരമായ കാരണങ്ങൾ ഇല്ലാത്ത പക്ഷം, 39 ആഴ്ചയ്ക്ക് മുമ്പ്, ‘ലേബർ ഇൻഡക്ഷൻ’ വഴിയോ സിസേറിയൻ ശസ്ത്രക്രിയ വഴിയോ, കൃത്രിമമായി പ്രസവം നിർബന്ധിച്ച് ചെയ്യിക്കരുതെന്ന് ശുപാർശ ചെയ്യപ്പെടുന്നു.[9]
ഏകദേശം 213 മില്യൺ ഗർഭധാരണങ്ങളാണ് 2012-ൽ മാത്രം ഉണ്ടായത്, ഇതിൽ 190 മില്യണും ഉണ്ടായത് വികസ്വര രാജ്യങ്ങളിലാണ്. വികസിത രാജ്യങ്ങളിൽ 23 മില്യൺ ഗർഭധാരണങ്ങൾ ഉണ്ടായി. 1,000 സ്ത്രീകളെ എടുക്കുകയാണെങ്കിൽ, 15 വയസ്സ് മുതൽ 44 വയസ്സ് പ്രായം വരെയുള്ളവരിലാണ് 133 ഗർഭധാരണങ്ങൾ നടന്നത്. [10] തിരിച്ചറിയപ്പെട്ട ഗർഭധാരണങ്ങൾ 10 ശതമാനം മുതൽ 15 ശതമാനം വരെ ഗർഭമലസലിൽ കലാശിച്ചു.[6] 2013-ൽ ഗർഭാവസ്ഥയിലെ സങ്കീർണ്ണതകൾ കാരണം 293,000 മരണങ്ങൾ ഉണ്ടായി. 1990-ലെ 377,000 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്. അമ്മയ്ക്കുണ്ടാവുന്ന രക്തസ്രാവം, ഗർഭച്ഛിദ്രത്തിലെ സങ്കീർണ്ണതകൾ, ഗർഭകാലത്തുണ്ടാവുന്ന ഉയർന്ന രക്ത സമ്മർദ്ദം, അമ്മയ്ക്കുണ്ടാവുന്ന രക്തദൂഷണം (സെപ്സിസ്), തടസ്സപ്പെടുന്ന പ്രസവം എന്നിവയൊക്കെ പൊതുവായ കാരണങ്ങളിൽ ഉൾപ്പെടുന്നു.[11] ആഗോള തലത്തിലെ കണക്കുകൾ എടുക്കുമ്പോൾ ഗർഭധാരണങ്ങളിൽ 40 ശതമാനവും ആസൂത്രണം ചെയ്യാത്തവയാണ്. അവിചാരിത ഗർഭധാരണങ്ങളിൽ പകുതിയും ഗർഭച്ഛിദ്രത്തിന് വിധേയമാക്കപ്പെട്ടു.[10] യുണൈറ്റഡ് സ്റ്റേറ്റ്സിലെ അവിചാരിത ഗർഭധാരണങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ, ഗർഭധാരണം ഉണ്ടായ മാസത്തിൽ, 60 ശതമാനത്തോളം സ്ത്രീകൾ ഒരു പരിധി വരെ, ഗർഭനിരോധനമാർഗ്ഗം ഉപയോഗിച്ചു.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.