ഗുജറാത്തിലെ ഗോധ്രയിൽ നടന്ന കൂട്ടക്കൊല From Wikipedia, the free encyclopedia
സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27 ആം തീയതി രാവിലെ എട്ടര മണിക്ക് (8:30 AM) ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ ആക്രമണത്തിരയായതാണ് 'ഗോധ്ര തീവണ്ടി കത്തിക്കൽ' എന്ന പേരിൽ അറിയപ്പെടുന്ന സംഭവം. സംഭവം നടന്നത് ഗുജറാത്തിലെ ഗോധ്രയെന്നു പേരായ ചെറുപട്ടണത്തിലാണ്. മുസ്ലീം സമുദായിക ആണ് ഇതിന്റെ പിന്നിലെന്ന് അനുമാനിക്കപ്പെടുന്നു. ബാബരി മസ്ജിദ് തകർത്തതിൻ്റെ പേരിലാണിത് സംഭവിച്ചത്. തീവണ്ടിയിലെ എസ്.6 എന്ന കോച്ച് അക്രമികൾ കത്തിച്ചു. 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമായി 58 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു. ഈ കൂട്ടക്കൊലയാണ് ഔദ്യോഗിക കണക്കനുസരിച്ച് 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും മരിക്കാനും 223 പേരെ കാണാതാകാനും ഇടയായ 2002 ലെ ഗുജറാത്ത് കലാപത്തിന് വഴിതെളിച്ചത്. [1]
ഗോധ്രയിൽ 1965-ലും 1980 ഒക്ടോബറിലും വർഗ്ഗീയ കലാപങ്ങൾ അരങ്ങേറിയിരുന്നു. അന്നത്തെ കളക്ടർ ആ കലാപത്തിനു കാരണക്കാർ എന്നു സംശയിക്കപ്പെട്ട എല്ലാ ഹിന്ദുക്കളേയും മുസ്ളീമുകളേയും ജയിലിലടച്ച് കലാപത്തെ അടിച്ചമർത്തുകയാണ് ചെയ്തത്. 1948, 1953-55, 1985 എന്നീ കാലഘട്ടങ്ങളിൽ കലാപങ്ങളെ ഒതുക്കുന്നതിനായി സൈന്യത്തെ വിളിക്കേണ്ടി വന്നിട്ടുണ്ട്.
അയോദ്ധ്യയിൽ വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമജന്മഭൂമി ക്ഷേത്രം നിർമ്മിക്കുന്നതിനായി നടത്തിയ പൂർണ്ണാഹുതി മഹായജ്ഞത്തിൽ സംബന്ധിച്ച് തിരിച്ചു വരികയായിരുന്ന കർസേവകരായിരുന്നു സബർമതി എക്സ്പ്രസ്സിൽ ഉണ്ടായിരുന്നത്.
ഗോധ്ര സ്റ്റേഷനിൽ തീവണ്ടിക്ക് അഞ്ചു മിനിറ്റേ അനുവദിച്ചിരുന്നുള്ളൂ. അഞ്ചു മിനിറ്റിനുള്ളിൽത്തന്നെ തീവണ്ടി പുറപ്പെടുകയും ചെയ്തു. ആ അഞ്ചു മിനുറ്റിനുള്ളിൽ ഗോധ്ര റെയിൽവേസ്റ്റേഷനിൽ ചില കശപിശകൾ നടന്നതായി പലരും റിപ്പോർട്ട് ചെയ്തിരുന്നു. തദ്ദേശ പോലീസ് ഉദ്യോഗസ്ഥരും ചില സാക്ഷികളും പറഞ്ഞത് തീവണ്ടിയിലെ യാത്രക്കാർ ശ്രീരാമനേയും ഭാവിയിൽ ബാബ്റി മസ്ജിദിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രാമ ജന്മഭൂമിയിൽ വരാൻ പോകുന്ന ക്ഷേത്രത്തിനേയും പ്രകീർത്തിച്ചുകൊണ്ട് രാഷ്ട്രീയ/ഹൈന്ദവ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു എന്നാണ്. സ്റ്റേഷനിലെ മുസ്ളീം പോർട്ടർമാരെ ഈ മുദ്രാവാക്യങ്ങൾ പ്രകോപിച്ചു. ചായയുടെ വിലയെച്ചൊല്ലി സ്റ്റേഷനിലെ ഒരു മുസ്ളീം ചായവില്പനക്കാരനും കർസേവകരുമായും ചെറിയ ഒരു തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.[2]
ട്രിബ്യൂൺ പറഞ്ഞത്[3]
ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവം' കഴിഞ്ഞ് അഞ്ച് ദിവസത്തിനു ശേഷം സോഫിയാബാനു എന്ന മുസ്ളീം പെൺകുട്ടിയെ റെയിൽവേസ്റ്റേഷനിൽ നിന്നും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നതായും മറ്റും കള്ളക്കഥകൾ പ്രചരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. നാനാവതി കമ്മീഷൻ പറഞ്ഞത് "തെളിവുകൾ സൂക്ഷ്മമായ പരിശോധിച്ചതിനു ശേഷം സോഫിയാബാനുവിന്റെ കഥ വ്യാജമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നു" എന്നായിരുന്നു.[4]
ഹിന്ദു പത്രം പറഞ്ഞത് [5]
ആക്രമണ വിധേയമായ സബർമതി എക്സ്പ്രസിനെ ഗോധ്ര ജംക്ഷനു അടുത്ത് തന്നെയുള്ള ഫാദിയ എന്നയിടത്തെ സിഗ്നലിൽ വച്ച് ഖഞ്ചി മുസ്ലീമുകൾ എന്നു സംശയിക്കപ്പെടുന്ന ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു[6]. ട്രെയിനിലുണ്ടായിരുന്ന കർസേവകരുടെ ഹൈന്ദവ ഭക്തിഗാനങ്ങളെച്ചൊല്ലി ഹിന്ദു യാത്രക്കാരും മുസ്ലീം ആൾക്കൂട്ടവും തമ്മിൽ കടുത്ത വാഗ്വാദം നടന്നതിനെത്തുടർന്ന് ആൾക്കൂട്ടം തീവണ്ടിയെ ആക്രമിക്കുകയായിരുന്നു.
സിഎൻഎൻ റിപ്പോർട്ട് ചെയ്തത് - [7]
ടൈം റിപ്പോർട്ട് ചെയ്തത് - [8]
ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത് - [9]
ഹിന്ദു റിപ്പോർട്ട് ചെയ്തത് - [10]
ആക്രമണകാരികൾ പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് എസ്.6 കോച്ച് തീ പിടിപ്പിച്ചതിന്റെ ഫലമായി 58 യാത്രക്കാർ കൊല്ലപ്പെട്ടതായി ടൈം റിപ്പോർട്ട് ചെയ്തു[8]. രക്ഷപ്പെടാൻ പുരുഷൻമാരേക്കാൾ കഴിവുകുറഞ്ഞ സ്ത്രീകളും കുട്ടികളുമായിരുന്നു കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
ഗോധ്രയിൽ, 2002 ഫെബ്രുവരി 27 നു നടന്ന സംഭവങ്ങൾ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഒരു വലിയ മുസ്ളീം സംഘം, അയോദ്ധ്യയിൽ നിന്നും വരികയായിരുന്ന തീർത്ഥാടകരും സന്യാസിമാരും കർസേവകരും ആണു തീവണ്ടിയിൽ എന്നറിഞ്ഞു കൊണ്ട്, കർസേവകരും ആൾകൂട്ടവും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ തീവണ്ടിക്ക് തീ വയ്ക്കുകയായിരുന്നു എന്നാണ്. അതേത്തുടർന്ന് 58 യാത്രക്കാർ, 15 സ്ത്രീകളും 20 കുട്ടികളും അടക്കം എസ്.6 കോച്ചിനോടൊപ്പം ചാരമാവുകയായിരുന്നു. 'തീവണ്ടി തീകൊളുത്തലിന്റെ' ഉത്തരവാദിത്തം മുസ്ളീമുകളുടെ മേൽ ആരോപിക്കപ്പെടുകയും 2002 ലെ ഗുജറാത്ത് കലാപങ്ങൾക്ക് കാരണമാവുകയും ചെയ്തു.
ആദ്യ അന്വേഷണങ്ങൾ തീവണ്ടിയിലെ തീപ്പിടുത്തം ഗൂഢാലോചനയുടെ അനന്തരഫലം ആണെന്നും ആകസ്മികമായി സംഭവിച്ച ഒന്നല്ലെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. 2003ൽ ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കേസിലെ 123 പ്രതികളുടെ മേലും, ജാമ്യം ലഭിച്ച 7 പ്രതികൾ ഉൾപ്പെടെ പോട്ട (POTA) നിയമം ചുമത്തണമെന്നു ഗോധ്ര സെഷൻ കോടതിയോട് ആവശ്യപ്പെട്ടു. 2003 ഫെബ്രുവരി 6ഇൽ മൌലാന ഹുസൈൻ ഉമർജി എന്ന കടും യാഥാസ്ഥിക മുസ്ലീം നേതാവ് അറസ്റ്റിൽ ആയി. യാഥാസ്ഥിക മുസ്ലീം വിഭാഗങ്ങളിലെ ദിയോബന്തി എന്ന വിഭാഗത്തിന്റെ നേതാവായിരുന്നു മൗലാന ഹുസൈൻ ഉമർജി. പോലീസിന്റെ ഭാഷ്യത്തിൽ അയാളായിരുന്നു തീവണ്ടി തീവയ്ക്കൽ ഗൂഢാലോചനയിലെ മുഖ്യ കണ്ണി. അയാളുടെ കുറ്റസമ്മതമൊഴിയിലൂടെ ജാബിർ ബിന്യാമിൻ ബെഹെര എന്ന പ്രതി കൂടി ജനുവരി 22നു പിടിയിലായി. [11][12].
ബെഹെരയുടെ കുറ്റസമ്മത മൊഴി പ്രകാരം, അയാൾ ആക്രമണത്തിനു തലേന്ന് രാത്രി ഏകദേശം 11.30നു ഗസ്റ്റ് ഹൌസിൽ എത്തിച്ചേർന്നിരുന്നു, മറ്റു പ്രതികൾ സ്കൂട്ടറിൽ എത്തുകയും ആദ്യ കൂടിക്കാഴ്ച നടക്കുകയും ചെയ്തു.
അയോധ്യയിൽ നിന്നും തിരിച്ചു വരുന്ന കർസേവകരെ പ്രകോപിപ്പിക്കുകയും അവരുടെ ആദ്യത്തെ ഏറ്റവും ചെറിയ പ്രതികരണത്തിൽത്തന്നെ ആക്രമിക്കുകയുമായിരുന്നു തന്ത്രം. അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ആ രാത്രി തന്നെ 140 ലിറ്റർ പെട്രോൾ വാങ്ങി ഗസ്റ്റ് ഹൌസിൽ സൂക്ഷിച്ചു. സബർമതി എക്സ്പ്രസ്സിന്റെ S6 കോച്ച് തന്നെ ആക്രമിക്കണമെന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്ന ഉമർജി അവർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു.[11][12]
അതേ രാത്രി തന്നെ രണ്ടാമതൊരു ഗൂഢാലോചന കൂടി നടത്തുകയുണ്ടായി. ഗൂഢാലോചനക്ക് തൊട്ടുമുമ്പായി മറ്റൊരു പ്രധാന പ്രതിയായ 'പാൻവാല' തീവണ്ടി വരുന്ന സമയം അറിഞ്ഞു വന്നിരുന്നു. ട്രെയിൻ താമസിച്ചാണ് വരുന്നതെന്നറിഞ്ഞ അവർ ആദ്യം തയ്യാർ ചെയ്തിരുന്ന ആക്രമണം ഉപേക്ഷിച്ചു. ഒരിക്കലും പോലീസിൽ കീഴടങ്ങരുതെന്നു ഉമർജി ഉപദേശിച്ചിരുന്നതായി കുറ്റസമ്മതമൊഴിയിൽ ബെഹെര പറഞ്ഞിരുന്നു. അക്രമികളിൽ അധികവും ഗഞ്ചി എന്ന സമുദായത്തിൽ പെട്ടവരായിരുന്നു. അതിൽത്തന്നെ കൂടുതൽ പേരും ദിയോബന്തി വിഭാഗത്തിന്റെ അനുയായികളായിരുന്നു. വിദേശ മുസ്ലീം തീവ്രവാദികൾ ഇടപെട്ടിരിക്കാനുള്ള സാധ്യത ഉള്ളതിനാൽ 'ഭീകരത നിരോധന നിയമം' (POTA) ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടു.[11].
സെപ്തംബറിൽ മുസ്ലീം ഭൂരിപക്ഷ സ്ഥലമായ ഫാദിയയിൽ (ഫാലിയ - തീവണ്ടി കത്തിക്കപ്പെട്ട സ്ഥലം) നിന്നും റസ്സാക്ക് കുർക്കുർ എന്ന ഭക്ഷണശാലാ മുതലാളി അറസ്റ്റിലായത് അന്വേഷണത്തിനെ മറ്റൊരു ദിശയിലേക്ക് തിരിച്ചു വിട്ടു. വൻ ജനക്കൂട്ടമാൺ ആക്രമണം അഴിച്ചു വിട്ടതെങ്കിലും യഥാർത്ഥ തീവണ്ടി കത്തിക്കൽ '20 പേരടങ്ങുന്ന പ്രത്യേകസംഘത്തിന്റെ' കൈക്രിയ ആയിരുന്നു എന്നായിരുന്നു റസ്സാക്ക് കുർക്കുറിന്റെ അറസ്റ്റിനു ശേഷമുണ്ടായ നിഗമനം.[11]
കുറ്റാരോപിതരുടെ അഭിഭാഷകർ തങ്ങളുടെ പ്രതികൾ, തീവണ്ടി കത്തിച്ച 'ആൾക്കൂട്ടത്തിനുള്ളിലെ ഈ പ്രത്യേക സംഘത്തിൽ' ഉണ്ടായിരുന്നു എന്ന് എസ്.ഐ.ടി യുടെ ചാർജ്ജ് ഷീറ്റ് പറയുന്നില്ല എന്നു വാദിച്ചു. മാത്രമല്ല കുറ്റസമ്മത മൊഴികൾക്ക് തെളിവുകളുടെ പിന്തുണ ഇല്ലെന്നും വാദിച്ചു. എസ്.ഐ.ടി റിപ്പോർട്ടിലെ ചില കുറവുകളും - കത്തിക്കാനുപയോഗിച്ച പെട്രോൾ ആക്രമണസ്ഥലത്ത് എത്തിക്കാനെടുത്ത സമയം, ദൃക്സാക്ഷികളുടെ കുറവ് - ചോദ്യങ്ങൾക്ക് ഇട നല്കി. സംഭവത്തിൽ വിദേശ ഇടപെടൽ ഉണ്ടായിരുന്നു എന്ന എസ്.ഐ.ടിയുടെ മുന്നനുമാനവും തെളിവുകളൊന്നും ഇല്ലാതെയായിരുന്നു. ഇതെല്ലാം എസ്.ഐ.ടി യുടെ അന്വേഷണ റിപ്പോർട്ട് കൂടുതലും നിഗമനങ്ങളെയാൺ, തെളിവുകളെയല്ല ആധാരമാക്കിയതെന്ന് വിലയിരുത്തപ്പെടാൻ കാരണമായി.[13]
സെൻട്രൽ റിവ്യൂ കമ്മിറ്റി ഓൺ പോട്ട (പോട്ട എന്ന നിയമത്തിന്റെ ദുരുപയോഗങ്ങളെ തടയാനുണ്ടാക്കിയ കമ്മിറ്റി) എസ്.ഐ.ടി യുടെ കണ്ടെത്തലുകളോട് വിയോജിച്ചു. വേണ്ടത്ര തെളിവുകളുടെ അഭാവത്തെ അവരും ചൂണ്ടിക്കാട്ടി.[14]
എസ്.ഐ.ടിയുടെ കണ്ടെത്തലുകളെക്കുറിച്ച് ഫ്രണ്ട്ലൈൻ റിപ്പോർട്ട് ചെയ്തത് [13]-
പ്രാഥമികാന്വേഷണത്തിനു നേതൃത്വം നല്കിയ ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഗോധ്ര ആക്രമണം ആക്സ്മികമായി സംഭവിച്ച ഒന്നല്ലെന്നും മറിച്ച് ഗൂഢാലോചനയുടെ അനന്തരഫലം ആണെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. എന്നാൽ അവരുടെ കണ്ടെത്തലുകൾ പ്രതിഭാഗം അഭിഭാഷകരാലും "സെൻട്രൽ റിവ്യൂ കമ്മിറ്റി ഓൺ ദ പ്രിവൻഷൻ ഓഫ് ടെററിസം ആക്ട്" ഇനാലും ചോദ്യം ചെയ്യപ്പെട്ടു. ജസ്ടിസ് യു സി ബാനെർജി നയിച്ച അന്വേഷണസമിതി തീ പിടിച്ചത് ആകസ്മികമായിട്ടാണെന്നും ആരും തീകൊളുത്തിയിട്ടല്ലെന്നും കണ്ടെത്തി[15]. എന്നാൽ നാനാവതി കമ്മീഷൻ കണ്ടെത്തിയത് സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു[15].
ഗുജറാത്ത്-കേന്ദ്ര സർക്കാരുകൾ യോജിച്ചു ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് ഷാ എന്നിവരടങ്ങുന്ന പാനലിനെ ഗോധ്ര സംഭവവും അതിനു ശേഷമുള്ള സംഭവങ്ങളും അന്വേഷിക്കാൻ നിയമിച്ചു. നാനാവതി കമ്മീഷൻ വളരെ സമയം എടുത്തു ആയിരക്കണക്കിന് പേരെ - ദുരന്തത്തിനു ഇരയായവരെ, ദൃക്സാക്ഷികളെ അടക്കം - നേരിട്ട് കണ്ടു തെളിവെടുപ്പ് നടത്തി, ഗോധ്ര ദുരന്തം യാദൃച്ഛികം അല്ല, മുസ്ലിങ്ങൾ ആണെന്ന് ആരോപിക്കപ്പെടുന്ന ഒരു ജനക്കൂട്ടം ബോഗിക്ക് തീ കൊളുത്തുകയായിരുന്നു എന്ന് കണ്ടെത്തി അന്വേഷണം പര്യവസാനിപ്പിച്ചു. നാനാവതി പാനൽ നരേന്ദ്രമോഡിയെ ആരോപണങ്ങളിൽ നിന്നും മുക്തനാക്കുകയും അദ്ദേഹത്തിന്റെ സർക്കാർ ചെയ്ത ദുരന്തനിയന്ത്രണ നടപടികളെ പ്രകീർത്തിക്കുകയും ചെയ്തു.
ഗോധ്ര ട്രെയിൻ ദുരന്തവും അതിനെ തുടർന്നുള്ള കലാപവും അന്വേഷിക്കുന്ന നാനാവതി കമ്മീഷൻ അന്വേഷണറിപ്പോർട്ടിന്റെ ആദ്യഭാഗം 2008 സെപ്തംബർ 18ഇൽ മുഖ്യമന്ത്രിയായ നരേന്ദ്രമോഡിക്ക് സമർപ്പിച്ചു.
ഗോധ്ര ദുരന്തത്തിന് രണ്ടു വർഷങ്ങൾക്കു ശേഷം റെയിൽവേ മന്ത്രി ആയിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് യു സി ബാനെർജിയെ ഗോധ്ര ദുരന്തം അന്വേഷിക്കാൻ നിയമിച്ചു. റെയിൽവേ മന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ബീഹാറിലെ ഇലക്ഷനോട് അടുപ്പിച്ച് ജസ്റീസ് യു സി ബാനർജി, ട്രയിനിലെ തീ പടർന്നത് ബോഗിയിലെ പാചക സാമഗ്രികളിൽ നിന്നാണെന്നു വിലയിരുത്തുന്ന തന്റെ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തി. വെളിയിൽ നിന്നും അക്രമികൾ തീ പിടിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്തു. ഈ കണ്ടെത്തലുകളെ സംഘപരിവാർ സംഘടനകൾ, ഭാരതീയ ജനതാ പാർട്ടി തുടങ്ങിയ വലതുപക്ഷ സംഘടനകൾ ചോദ്യം ചെയ്യുകയും ഇലക്ഷനു വേണ്ടി രാഷ്ട്രീയമായി ഉണ്ടാക്കിയതാണെന്ന് ആരോപിക്കുകയും ചെയ്തു. ഗുജറാത്ത് ഹൈക്കോടതി, ജസ്റ്റിസ് യു സി ബാനർജി കമ്മറ്റി "ഭരണഘടനാ വിരുദ്ധവും, നിയമവിരുദ്ധവും, കാമ്പില്ലാത്തതും" ആണെന്ന് റൂളിംഗ് നൽകി.[16]
ഇത് കൂടാതെ, തീവണ്ടിയിലെ തീയിൽ നിന്നും രക്ഷപ്പെട്ടവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ബാനർജി പാനലിന്റെ നിഗമനങ്ങളോട് അങ്ങേയറ്റം ദേഷ്യത്തോടെ പ്രതികരിച്ചു. ട്രെയിൻ കത്തിക്കാനായി എറിഞ്ഞ, കത്തുന്ന പദാർത്ഥങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതിനെയും ജനക്കൂട്ടം യാത്രക്കാരെ തീവണ്ടിയിൽ നിന്നും രക്ഷപ്പെടാനാവാതെ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചു എന്നതിനെയും പോലുള്ള തെളിവുകളെ നിരാകരിക്കുകയായിരുന്നു പാനൽ ചെയ്തത് എന്നായിരുന്നു അവരുടെ വാദം. രക്ഷപ്പെട്ട ചിലർ, ആരും രക്ഷപെടില്ല എന്ന് ഉറപ്പു വരുത്താൻ അക്രമികൾ ബോഗികളുടെ വാതിലുകൾ അടക്കുക വരെ ചെയ്തു എന്ന് വെളിപ്പെടുത്തി. ബാനർജി കമ്മറ്റിക്കെതിരെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ കോടതിയിൽ കേസ് കൊടുത്തു.
ഫ്രണ്ട് ലൈൻ[13] ബാനർജി കമ്മീഷൻ റിപ്പോർട്ടിനെ റിപ്പോർട്ട് ചെയ്തത് ഇപ്രകാരം
നാനാവതി കമ്മീഷൻ (2008 സെപ്ടംബർ 18) ഈ റിപ്പോർട്ട് മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചന എന്ന് രേഖപ്പെടുത്തി.[17]
2006 ഒക്ടോബർ 13നു ഗുജറാത്ത് ഹൈക്കോടതി "ഭരണഘടനാ വിരുദ്ധവും"," നിയമപരം അല്ലാത്തതും" എന്ന് യു സി ബാനർജി കമ്മറ്റിക്ക് റൂളിംഗ് നൽകി. ഇതുവരെ അതിന്റെ ഒരു വാദവും നിയമപരമല്ല. കേന്ദ്ര സർക്കാരിന് വേണമെങ്കിൽ ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീലിന് പോകാം.[18][19][20] ഭാരതത്തിലെ നീതിന്യായ വ്യവസ്ഥ സംസ്ഥാന-കേന്ദ്ര സർക്കാരിൽ നിന്നും വേറിട്ട് നിൽക്കുന്നു. ആ ഓർഡർ നൽകിയിരിക്കുന്നത്, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട നീല്കാന്ത് ഭാട്ടിയ ബാനർജി കമ്മറ്റി രൂപവൽക്കരിച്ചതിനെതിരെ നൽകിയ കേസിൽ, ജസ്റ്റിസ് ബി എച് വഗേല ആണ്.
2011 മാർച്ച് 01 - ന് 11 പ്രതികൾക്കെതിരെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു[21]. പ്രത്യേക കോടതി ജഡ്ജി പി.ആർ. പട്ടേലാണ് ശിക്ഷ വിധിച്ചത്. ഒപ്പം ഇരുപത് പ്രതികൾക്ക് ജീവപര്യന്തം തടവിനും വിധിച്ചു. 2011 ഫെബ്രുവരി 22 - ന് കോടതി, പ്രതികളായ 31 പേർ കുറ്റക്കാരെന്ന നിഗമനത്തിലെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്.
തീവണ്ടി കത്തിച്ചതിനെയും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളെയും ആധാരമാക്കി മൂന്നു സിനിമകൾ എടുക്കപ്പെട്ടിട്ടുണ്ട്. ഒന്ന് 'അവസാന വഴി' (Final Solution (Gujarat Riots)) എന്നു പേരായ ഒരു ഡോക്യുമെന്ററി ആയിരുന്നു. ഹിന്ദിയിൽ പുറത്തിറങ്ങിയ പർസാനിയ, ഫിറാക്ക് എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.