From Wikipedia, the free encyclopedia
കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. (ശാസ്ത്രീയനാമം: Garcinia gummi-gutta). ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, കൊടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു[1]. പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 15 മീറ്ററോളം ഉയരത്തിൽ വളരുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള പാകമായ കായ്കൾ കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു[1]. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.
കുടംപുളി | |
---|---|
കുടംപുളി കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. gummi-gutta |
Binomial name | |
Garcinia gummi-gutta (L.) N.Robson | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഇംഗ്ലീഷിൽ "ഇന്ത്യൻ ഗാർസിനിയ" (Indian garcinia) എന്ന പേരിലും ഹിന്ദിയിൽ ബിലാത്തി അംലി (बिलाति अंलि) എന്ന പേരിലും അറിയപ്പെടുന്നു[1]. ചെറുതും തിളക്കമുള്ളതുമായ ഇലകൾ തണ്ടിന്റെ രണ്ടു വശങ്ങളിലായി കാണപ്പെടുന്നു. പച്ചനിറത്തിൽ കാണപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞനിറത്തിലാകുന്നു. കായ്കൾ 6-8 വരെ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിനുള്ളിലായി മാംസളമായ ആവരണത്തിനുള്ളിൽ 6-8 വരെ വിത്തുകൾ കാണപ്പെടുന്നു[1].
ഒരു ഉഷ്ണമേഖലയിൽ വളരുന്ന കുടംപുളി ഒരു നിത്യഹരിത വൃക്ഷമാണ്. ഏകദേശം 20 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തടിക്ക് 75 സെന്റീമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. ആൺ പൂക്കളും പെൺ പൂക്കളും വെവ്വേറെ വൃക്ഷങ്ങളിൽ കുലകളായി കാണപ്പെടുന്നു. പൂക്കൾക്ക് മഞ്ഞ കലർന്ന വെള്ള നിറമാണുള്ളത്. ഇതിൽ ആൺ പൂക്കൾ പെൺപൂക്കളെ അപേക്ഷിച്ച് ചെറുതായിരിക്കും. വിദളം ദളം എന്നിവ 5 വീതം കാണപ്പെടുന്നു. കേസരങ്ങൾ 10 മുതൽ 20 എണ്ണം വരെ ഒന്നു ചേർന്ന് ഗോളാകൃതിയിൽ കാണപ്പെടുന്നു. പെൺപൂവിലുള്ള കേസരങ്ങൾ വന്ധ്യമാണ്. വിളഞ്ഞ കായ്കൾക്ക് മഞ്ഞ നിറമാണുള്ളത്. കായ്കൾക്ക് 6 സെന്റീമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. കായ്കൾ മാംസളമായ കായിൽ 8 മുതൽ 10 വരെ വിരിപ്പുകളും; വരിപ്പുകൾക്ക് അനുസൃതമായി വിത്തുകളും കാണപ്പെടുന്നു. കായ് വിത്തു നീക്കം ചെയ്ത് ഉണക്കിയെടുത്തതാണ് കറികളിൽ ഉപയോഗിക്കുന്നത്. കറികൾക്ക് പർപ്പൾ നിറം നൽകുന്നതു കൂടാതെ മധുരവും പുളിയും കലർന്ന സ്വാദും നൽകുന്നു
തനിവിളയായും ദീർഘകാല ഇടവിളയായി തെങ്ങ്, കമുക് തോട്ടങ്ങളിലും വളർത്താവുന്നതാണ്. ജൂലൈ, ഒക്ടോബർ മാസങ്ങളാണ് കുടംപുളി തൈകൾ നടാൻ പറ്റിയ സമയം. വിത്തു മുളപ്പിച്ചും ബഡ്ഡ് തൈകളും നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. വിത്തു മുളപ്പിച്ചു കുടംപുളി-തൈകൾ നട്ടാൽ 50 – 60 ശതമാനം ആൺമരങ്ങളാകാൻ സാധ്യതയുണ്ട്. പെൺമരങ്ങളായാൽത്തന്നെ കായ്ക്കാൻ 10-12 വർഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകൾ നടുന്നതാണ് ഉത്തമം.കുറെ പെണ്ചെടികൾക്ക് ഇടയിൽ ഒന്നോ രണ്ടോ ആൺ സസ്യമെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. കുളംപുളി നല്ല ഉയരത്തിൽ വളരുന്ന മരമായതിനാൽ കൊമ്പു കോതൽ അത്യാവശ്യമാണ്. ഒട്ടുതൈകളുടെ വളർച്ച രണ്ടാം വർഷം മുതൽ ദ്രുതഗതിയി ലായിരിക്കും.75 സെന്റീമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ ഒട്ടു തൈകൾ തമ്മിൽ 4 മീറ്റർ അകലത്തിലും വിത്തു തൈകൾ 7 മീറ്റർ അകലത്തിലുമായി ചെമ്മൺ പ്രദേശങ്ങളിലും; എക്കൽ പ്രദേശങ്ങളിൽ 50 സെന്റീമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ വിത്തു തൈകൾ തമ്മിൽ 7 മീറ്റർ അകലത്തിലും ബഡ്ഡു തൈകൾ 4 മീറ്റർ അകലത്തിലുമാണ് നടുന്നത്.
രസം :അമ്ലം
അനുരസം :കഷായം
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :അമ്ലം [2]
തൈലം, ഫലമജ്ജ, വേരിന്മേൽ തൊലി [2]
കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം, അതിസാരം (ഇത് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നത് നല്ലതാണ്.), വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഉപയോഗിക്കുന്നു[1].ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നു.പുളി ലേഹ്യത്തിലെ ഒരു ചേരുവയാണ് കുടം പുളി.സംസ്കൃതത്തിൽ വൃക്ഷാമ്ലം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.
മൂപ്പെത്തി മഞ്ഞനിറമായ കായകൾ ശേഖരിച്ച് കഴുകി, തോടുകൾ വേർതിരിക്കണം. നല്ല വെയിലിൽ ഉണക്കിയ ശേഷം പുകയത്തോ ചൂളകളിൽ ഏകദേശം 80 ഡിഗ്രി സെൽഷ്യസ്സിൽ ഒന്നു കൂടി ഉണക്കണം. നല്ല പോലെ ഉണങ്ങിയ ഒരു കിലോ പുളിയിൽ 150 ഗ്രാം ഉപ്പും 50 മില്ലി ലിറ്റർ വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി ദീർഘ കാലം കേടുകൂടാതെ സൂക്ഷിക്കാം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.