കാന്റർബറിയിലെ അൻസം

From Wikipedia, the free encyclopedia

കാന്റർബറിയിലെ അൻസം

1093 മുതൽ 1109 വരെ ഇംഗ്ലണ്ടിൽ കാന്റർബറിയിലെ മെത്രാപ്പോലീത്ത ആയിരുന്ന ഒരു ബെനഡിക്ടൻ സന്യാസിയും തത്ത്വചിന്തകനും ആയിരുന്നു കാന്റർബറിയിലെ അൻസം. പൊതുവർഷം 1033-ൽ വടക്കൻ ഇറ്റലിയിലെ അയോസ്റ്റായിൽ ജനിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ കാന്റർബറിയിൽ 1109 ഏപ്രിൽ 21-നു മരിച്ചു. ജന്മസ്ഥലവുമായി ബന്ധപ്പെടുത്തി "അയോസ്റ്റായിലെ അൻസം", ഫ്രാൻസിൽ ബെക്ക് എന്ന സ്ഥലത്തെ ആശ്രമാധിപനായിരുന്നതിനാൽ, "ബെക്കിലെ അൻസം", എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.

വസ്തുതകൾ കാന്റർബറിയിലെ അൻസം, മെത്രാസന പ്രവിശ്യ ...
കാന്റർബറിയിലെ അൻസം
കാന്റർബറി മെത്രാപ്പോലീത്ത
Thumb
മെത്രാസന പ്രവിശ്യകാന്റർബറി
രൂപതകാന്റർബറി
ഭദ്രാസനംകാന്റർബറി
നിയമനം1093
ഭരണം അവസാനിച്ചത്(1109-04-21)21 ഏപ്രിൽ 1109
മുൻഗാമിലാൻഫ്രാങ്ക്
പിൻഗാമിറാൽഫ് ഡി എസ്കുറസ്
മെത്രാഭിഷേകം4 ഡിസംബർ 1093
മറ്റുള്ളവബെക്കിലെ ആശ്രമ ശ്രേഷ്ഠൻ
വ്യക്തി വിവരങ്ങൾ
ജനന നാമംഅയോസ്റ്റായിലെ അൻസം
ജനനം1033-നടുത്ത്
അയോസ്റ്റ, ഇറ്റലി
മരണം21 ഏപ്രിൽ 1109(1109-04-21) (പ്രായം 75)
കാന്റർബറി, കെന്റ്, ഇംഗ്ലണ്ട്
കബറിടംകാന്റർബറി ഭദ്രാസനപ്പള്ളി
വിഭാഗംറോമൻ കത്തോലിക്കാ സഭ
മാതാപിതാക്കൾകാൻഡിയയിലെ ഗുണ്ടൽഫ്
ജനീവയിലെ എർമെൻബർഗാ
വിശുദ്ധപദവി
തിരുനാൾ ദിനം21 ഏപ്രിൽ
ഗുണവിശേഷങ്ങൾസഭയുടെ ആത്മീയസ്വാതന്ത്ര്യത്തെ സൂചിപ്പിക്കാൻ ഒരു കപ്പലിനൊപ്പം ചിത്രീകരിക്കപ്പെടുന്നു.
അടയ്ക്കുക

കാൻഡിയമാരുടെ പ്രഭുകുടുംബത്തിൽ പിറന്ന അദ്ദേഹം 27-ആമത്തെ വയസ്സിൽ സന്യാസജീവിതം തെരഞ്ഞെടുത്ത് ഫ്രാൻസിൽ നോർമണ്ടിയിലുള്ള ബെക്കിലെ ബെനഡിക്ടൻ ആശ്രമത്തിൽ ചേരുകയും 1079-ൽ ആ ആശ്രമത്തിന്റെ അധിപനാവുകയും ചെയ്തു. ഇംഗ്ലണ്ടിലെ വില്യം രണ്ടാമൻ രാജാവ് അദ്ദേഹത്തെ കാന്റർബറിയിലെ മെത്രാപ്പോലീത്ത ആക്കി. സഭാനേതൃത്വവും രാഷ്ട്രീയാധികാരവും തമ്മിൽ മദ്ധ്യകാല യൂറോപ്പിലുണ്ടായ എറ്റവും വലിയ ഏറ്റുമുട്ടലായ "വാഴിക്കൽ തർക്കത്തെ" (investiture controvercy) തുടർന്ന് ആദ്യം വില്യം രണ്ടാമന്റെ ഭരണകാലത്ത് 1097 മുതൽ 1100 വരേയും പിന്നീട് ഹെൻട്രി ഒന്നാമന്റെ കാലത്ത് 1103 മുതൽ 1106 വരേയും അൻസം നാടുകടത്തപ്പെട്ടു.

ദൈവാസ്തിത്വം തെളിയിക്കാനുള്ള യുക്തിവാദങ്ങളിലൊന്നായ ഓൺടൊളോജിക്കൽ വാദം അൻസമാണ് ആദ്യം മുന്നോട്ടു വച്ചത്. ക്രിസ്തീയചിന്തയിൽ സ്കൊളാസ്റ്റിസിസം എന്ന പേരിൽ പിന്നീടു പ്രസിദ്ധമായിത്തീർന്ന ചിന്താസമ്പ്രദായത്തിന്റെ തുടക്കം അദ്ദേഹത്തിലായിരുന്നു എന്നു കരുതുന്നവരുണ്ട്.[1] ക്ലെമന്റ് പതിനൊന്നാമൻ മാർപ്പാപ്പ 1720-ൽ പുറപ്പെടുവിച്ച ഒരു ലിഖിതത്തിലൂടെ, അദ്ദേഹത്തെ വേദപാരംഗതൻ (Doctor of the Church) ആയി ഉയർത്തി.

ജീവിതം

തുടക്കം

അൻസെമിന്റെ പിതാവ് ലൊംബാർഡിയിൽ ജനിച്ച് അയോസ്റ്റയിലെ പൗരത്വം നേടിയ ഗുണ്ടൽഫും മാതാവ് ബെർഗുണ്ടിയിലെ ഒരു പുരാതന കുടുംബത്തിലെ അംഗമായിരുന്ന എർമെൻബെർഗായും ആയിരുന്നു. ധാർമ്മികജീവിതത്തിലും പഠനത്തിലും അദ്ദേഹത്തിന്റെ ആദ്യത്തെ മാർഗദർശി അമ്മയായിരുന്നു. 15 വയസ്സുള്ളപ്പോൾ സന്യാസിയാകാൻ ആഗ്രഹിച്ച അൻസെം ഒരു ആശ്രമത്തിൽ പ്രവേശനം തേടിയെങ്കിലും, അൻസെമിന്റെ പിതാവിനെ ഭയന്ന ആശ്രമാധികാരികൾ അദ്ദേഹത്തെ സ്വീകരിച്ചില്ല.

സന്യാസി

Thumb
ബെക്കിലെ ആശ്രമത്തിന്റെ സ്ഥാനത്ത് ഇന്നുള്ള നിക്കോളാസിന്റെ ഗോപുരം

അൻസെമിന്റെ പിതാവ് പരുക്കൻ പ്രകൃതക്കാരൻ ആയിരുന്നു. യൗവനാരംഭത്തിൽ, അമ്മയുടെ മരണത്തെ തുടർന്ന് അൻസെമിന് ജീവിതം കയ്പു നിറഞ്ഞതായി മാറി. പിതാവിന്റെ പെരുമാറ്റത്തിന്റെ കാഠിന്യത്തിൽ വിഷമിച്ച് വീടുവിട്ടുപോയ അദ്ദേഹം അൽപ്സ് പർവതം കടന്ന് മൂന്നു വർഷക്കാലത്തോളം വിവിധനാടുകളിൽ അലഞ്ഞു തിരിഞ്ഞ ശേഷം ബെക്കിലെ സന്യാസാശ്രമത്തിൽ അഭയം കണ്ടെത്തി. അവിടെ അൻസെം ആശ്രമത്തിന്റെ ശ്രേഷ്ഠനും പ്രഖ്യാതപണ്ഡിതനുമായിരുന്ന ലാൻഫ്രാങ്കിന്റെ ശിഷ്യനായി. ലാൻഫ്രാങ്കിനു കീഴിൽ ബെക്കിലെ ആശ്രമം ഒരു വിജ്ഞാനകേന്ദ്രമെന്ന നിലയിൽ പേരെടുത്തിരുന്നു. 1060-ൽ അദ്ദേഹം ആ അശ്രമത്തിൽ സന്യാസിയായി.[2]

ആശ്രമശ്രേഷ്ഠൻ

സാധാരണസന്യാസിയുടെ ജീവിതത്തിൽ അദ്ദേഹത്തിനു മൂന്നുവർഷമേ തുടരാനായുള്ളു. 1063-ൽ ഗുരു ലാൻഫ്രാങ്ക്, മറ്റൊരാശ്രമത്തിന്റെ അധിപനായി നിയമിക്കപെട്ടതോടെ ബെക്കിലെ ആശ്രമത്തിന്റെ ഉപശ്രേഷ്ഠനായി(പ്രിയോർ) അൻസെം നിയമിക്കപ്പെട്ടു. ആ പദവിയിൽ പതിനഞ്ചുവർഷം തുടർന്ന അദ്ദേഹം അതിനു ശേഷം ആശ്രമത്തിന്റെ അധിപൻ (abbot) ആയി. ഈ പദവിയിൽ അദ്ദേഹം മരണം വരെ തുടർന്നു. അൻസെമിനു കിട്ടിയ സ്ഥാനക്കയറ്റങ്ങൾ മറ്റു സന്യാസികളിൽ ചിലർക്ക് അസൂയയുണ്ടാക്കിയെങ്കിലും കാലക്രമേണ, അദ്ദേഹത്തിന്റെ സ്വഭാവമഹിമ എല്ലാവരേയും ആകർഷിക്കുകയും അച്ചടക്കവും അനുസരണയും ഉറപ്പാക്കുകയും ചെയ്തു.

ബെക്കിലെ ആശ്രമത്തിൽ ഉപശ്രേഷ്ഠനായിരിക്കെ 1078-ൽ അദ്ദേഹം പ്രചഞ്ചത്തിന്റെ സംവിധാനക്രമത്തിൽ നിന്ന് ദൈവാസ്തിത്വം തെളിയിക്കാൻ ശ്രമിക്കുന്ന "മോണോലോജിയം" (ആത്മഗതങ്ങൾ) എന്ന ആദ്യകൃതി രചിച്ചു. ആശ്രമശ്രേഷ്ഠനായിരിക്കെ 1087-ൽ രചിച്ചതാണ് "പ്രോസ്ലോജിയം" എന്ന കൃതി. ദൈവവിശ്വാസത്തെ ബലപ്പെടുത്തുന്ന വാദങ്ങൾ അടങ്ങിയ ഈ കൃതിയിലാണ് അൻസെം, അന്നു മുതൽ ഇക്കാലം വരെ തത്ത്വചിന്തകന്മാർക്ക് കീറാമുട്ടിയായി നിൽക്കുന്ന പ്രസിദ്ധമായ "ഓൺടൊളോജിക്കൽ വാദം" അവതരിപ്പിച്ചത്.[3]

മെത്രാപ്പോലീത്ത

Thumb
കാന്റർബറിയിലെ ഭദ്രാസനപ്പള്ളിക്കു പുറത്ത് അൻസെമിന്റെ പ്രതിമ

ബെക്കിലെ ആശ്രമത്തിന്റെ തലവനായിരിക്കെ അൻസെം, ആശ്രമത്തിന് ഇംഗ്ലണ്ടിലുണ്ടായിരുന്ന ഭൂമിയുടെ മേൽനോട്ടത്തിനായി, ഇടക്കിടെ ഇംഗ്ലണ്ട് സന്ദർശിച്ചിരുന്നു. അവിടെ, അദ്ദേഹത്തിന്റെ ഗുരു ലാൻഫ്രാങ്ക് അതിനിടെ കാന്റർബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായിരുന്നു[4] ആ സന്ദർശനങ്ങളിൽ, അദ്ദേഹത്തിന്റെ വ്യക്തിത്വം എല്ലാവരുടേയും മതിപ്പു നേടുകയും, ലാൻഫ്രാങ്കിന്റെ പിൻഗാമിയായി അദ്ദേഹം സങ്കല്പിക്കപ്പെടുകയും ചെയ്തു. എന്നാൽ 1089-ൽ ലാൻഫ്രാങ്ക് മരിച്ചപ്പോൾ, ഇംഗ്ലണ്ടിലെ വില്യം രണ്ടാമൻ രാജാവ്, അതിരൂപതയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും പുതിയ മെത്രാപ്പോലീത്തയുടെ നിയമനത്തിൽ താത്പര്യം കാട്ടാതിരിക്കുകയും ചെയ്തു. 1092-ൽ ഇംഗ്ലണ്ട് സന്ദർശിക്കാനെത്തിയ അൻസെമിനെ വില്യം മടങ്ങിപ്പോകാൻ അനുവദിക്കാതെ പിടിച്ചു വച്ചു. എന്നാൽ, അടുത്ത വർഷം കലശലായ രോഗം ബാധിച്ച രാജാവ് ദൈവകോപം ഭയന്ന്,[5] അൻസെമിനെ മെത്രാപ്പോലീത്തയായി നാമനിർദ്ദേശം ചെയ്തു.[6] നിയമനം പല കാരണങ്ങൾ പറഞ്ഞ് ആദ്യം നിരസിച്ച അൻസെം ഒടുവിൽ അതു സ്വീകരിച്ചു.

എങ്കിലും താമസിയാതെ സഭയുടെ കാര്യങ്ങളിൽ ഇടപെടാനുള്ള രാജാവിന്റെ അധികാരത്തെ ചോദ്യം ചെയ്ത അൻസെമുമായി വില്യം രണ്ടാമൻ കലഹിച്ചു. തുടർന്ന് 1097-ൽ ഇംഗ്ലണ്ടു വിട്ടുപോകാൻ നിർബ്ബന്ധിതനായ അൻസെം, 1100-ൽ വില്യമിന്റെ മരണം വരെ ഇറ്റലിയിൽ കഴിഞ്ഞു. അക്കാലത്ത്, ദൈവികത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവ്, ആദ്യത്തെ ആളായ പിതാവിൽ നിന്നെന്ന പോലെ രണ്ടാമനായ പുത്രനിൽ നിന്നു കൂടി ജനിച്ചവനാണെന്ന 'ഫിലിയോക്ക്' (flloque) തത്ത്വത്തിന്റെ കാര്യത്തിൽ ദക്ഷിണ ഇറ്റലിയിലെ ഗ്രീക്കു മെത്രാന്മാർക്കുണ്ടായിരുന്ന സംശയം പരിഹരിക്കുന്നതിൽ അൻസെം മുൻകൈയ്യെടുത്തു. "ദൈവം എന്തിനു മനുഷ്യനായി" (കർ ഡ്യൂയെസ് ഹോമോ) എന്ന വിഖ്യാതകൃതി അദ്ദേഹം രചിച്ചതും പ്രവാസത്തിന്റെ ഈ ദിനങ്ങളിൽ ആയിരുന്നു. ദൈവത്തിന്റെ മനുഷ്യാവതാരം എന്ന ക്രിസ്തീയരഹസ്യത്തെ യുക്തിയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനുള്ള ശ്രമമായിരുന്നു ഈ കൃതി.[3]

മരണം

വില്യം രാജാവിന്റെ മരണത്തെ തുടർന്ന് അധികാരമേറ്റ ഹെൻട്രി ഒന്നാമന്റെ ക്ഷണമനുസരിച്ച് അൻസെം വീണ്ടും ഇംഗ്ലണ്ടിലെത്തിയെങ്കിലും സഭയിലെ അധികാരസ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളിൽ രാജാവിനുള്ള പങ്ക് നിഷേധിച്ച അൻസെം 1103-ൽ വീണ്ടു പ്രവാസത്തിലേക്കു പോയി. 1106-ൽ ഉണ്ടായ ഒരൊത്തുതീർപ്പിനെ തുടർന്ന് 1107-ൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം, അന്ത്യനാളുകൾ സമാധാനത്തിൽ ചെലവഴിച്ച് 1109-ൽ മരിച്ചു.[3]

അൻസെമിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു കഥ അദ്ദേഹത്തിന്റെ സുഹൃത്തും ജീവചരിത്രകാരനുമായ ഈഡ്മർ പറയുന്നുണ്ട്. ഉയിർപ്പുതിരുനാളിനു തൊട്ടുമുൻപുള്ള ഓശാനഞായറാഴ്ച അദ്ദേഹത്തിന്റെ രോഗം കലശലായി. മരണശയ്യക്കും ചുറ്റും കൂടിയവരിൽ ഒരാൾ, അൻസെം ദൈവത്തോടൊപ്പം ഉയിർപ്പു ഞായർ ആഘോഷിക്കാനിടയുണ്ട് എന്നു പറഞ്ഞു. അതു കേട്ട അൻസെം പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നത്രെ: "അതാണ് ദൈവതിരുമനസ്സെങ്കിൽ ഞാൻ സന്തോഷപൂർവം അതിനു വഴങ്ങും. എന്നാൽ ആത്മാവിന്റെ ഉല്പത്തി എന്ന വിഷയത്തെക്കുറിച്ച് ഞാൻ ഏറെക്കാലമായി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനാൽ ആ സമസ്യക്കു പരിഹാരം കണ്ടെത്തും വരെ ഇവിടെ തുടരാൻ ദൈവം എന്നെ അനുവദിച്ചാൽ ആ അവസരം ഞാൻ നന്ദിപൂർവം സ്വീകരിക്കും. കാരണം, ഞാൻ കടന്നുപോയിക്കഴിഞ്ഞാൽ, മറ്റാർക്കും അതു പരിഹരിക്കാനാകുമെന്ന് എനിക്കു തോന്നുന്നില്ല."[7]

ചിന്ത

അരിസ്റ്റോട്ടലിനെ പിന്തുടർന്ന് പതിനൊന്നാം നൂറ്റാണ്ടിൽ വികസിച്ചു വരുകയും പിന്നീട് സ്കൊളാസ്റ്റിസിസം എന്നപേരിൽ പ്രസിദ്ധമായിത്തീരുകയും ചെയ്ത ചിന്താസമ്പ്രദായത്തിന്റെ പ്രോത്ഘാടകനായി അൻസെമിനെ വിശേഷിപ്പിക്കാറുണ്ട്. എങ്കിലും ഇക്കാര്യത്തിൽ അഭിപ്രായൈക്യമില്ല. ധാർമ്മികതയിൽ വിശ്വാസത്തിനു പരമപ്രാധാന്യം കല്പിച്ച അൻസം അരിസ്റ്റോട്ടലിയൻ അല്ല, ഹിപ്പോയിലെ അഗസ്റ്റിനെപ്പോലെ പ്ലേറ്റോണിസ്റ്റ് ആയിരുന്നെന്നും, അതിനാൽ അദ്ദേഹത്തിന്റെ ദർശനം സ്കൊളാസ്റ്റിക് പാരമ്പര്യത്തിൽ പെടുന്നില്ലെന്നും ബെർട്രാൻഡ് റസ്സൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.[8]

ബോദ്ധ്യം വന്നതിനു ശേഷം വേണം വിശ്വസിക്കാൻ എന്ന് അൻസെം കരുതിയില്ല. "ബോദ്ധ്യത്തിനു ശ്രമിക്കുന്ന വിശ്വാസത്തെ" (faith, seeking understanding) ആണ് അദ്ദേഹം സങ്കല്പിച്ചത്. താൻ മാതൃകയായി കണക്കാക്കിയെ ഹിപ്പോയിലെ അഗസ്റ്റിനെപ്പോലെ അദ്ദേഹത്തിന്റേയും സൂത്രവാക്യം, "അറിഞ്ഞു വിശ്വസിക്കുക" എന്നതിനു പകരം "വിശ്വസിച്ച് അറിയുക" എന്നതായിരുന്നു. എങ്കിലും വിശ്വസിച്ച ശേഷം വിശ്വാസി, ബോദ്ധ്യത്തിനു പരമാവധി ശ്രമിക്കണം എന്ന് അദ്ദേഹം കരുതി. അത്തരം ബോദ്ധ്യത്തിനും ബോദ്ധ്യപ്പെടുത്തലിനും ഉള്ള ശ്രമമായിരുന്നു അൻസെമിന്റെ ചിന്ത.

കൃതികൾ

ശിഷ്യന്മാരുടെ സംശയങ്ങൾ ദുരീകരിക്കാനും തന്റെ തന്നെ സത്യാന്വേഷണത്തിന്റെ ഭാഗമെന്ന നിലയിലും ആണ് അൻസെം തന്റെ രചനകൾ നിർവഹിച്ചത്. ബെക്കിലെ ആശ്രമത്തിൽ അധികാരപദവികൾ വഹിക്കെയും യൂറോപ്പിലെ പ്രവാസത്തിനിടെയും എഴുതപ്പെട്ടവയാണവ. അദ്ദേഹത്തിന്റെ ഏറ്റവുമധികം അറിയപ്പെടുന്ന കൃതികൾ "മോണോലോജിയം" (ആത്മഗതങ്ങൾ), "പ്രോസ്ലോജിയം" (സംഭാഷണങ്ങൾ), "കർ ഡ്യൂയെസ് ഹോമോ" (ദൈവം എന്തിനു മനുഷ്യനായി) എന്നിങ്ങനെ മൂന്നെണ്ണമാണ്.

'മോണോലോജിയം'

ബെക്കിലെ ആശ്രമത്തിൽ ഉപശ്രേഷ്ഠനായിരിക്കെ, വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കാൻ അൻസെം എഴുതിയതാണ് ഈ കൃതി. ദൈവാസ്തിത്വത്തെക്കുറിച്ചുള്ള ഒരു ധ്യാനമെന്ന് ഇതിനെ വിളിക്കാം. ഇതിൽ അദ്ദേഹം, പ്രഞ്ചത്തിൽ പ്രകടമാകുന്നു സംവിധാനക്രമം ചൂണ്ടിക്കാട്ടി ദൈവാസ്തിത്വവും വ്യവസ്ഥാപിത ക്രിസ്തീയതയിലെ ത്രിത്വസങ്കല്പം തന്നെയും തെളിയിക്കാൻ ശ്രമിക്കുന്നു. എല്ലാം ഉണ്മകളിലും വച്ച് നല്ലതും മഹത്തും ഉദാത്തവുമായ ഒരുണ്മ ഉണ്ടെന്നും മറ്റെല്ലാ ഉണ്മകളേയും ഉരുവാക്കുന്നതും എന്നാൽ മറ്റൊന്നിൽ നിന്നും ഉരുവായതല്ലാത്തതും ആയ ആ ഉണ്മയാണ് ദൈവമെന്നും ഈ കൃതിയിൽ അൻസെം വാദിച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് മറ്റെല്ലാത്തിനേയും സൃഷ്ടിച്ച ആ ഉണ്മയുടെ മനസ്സിൽ മറ്റെല്ലാം ഉണ്മകളും അവയുടെ സൃഷ്ടിക്കു മുന്നേ തന്നെ ഉണ്ടായിരുന്നെന്നും അൻസെം കരുതി.[9]

'പ്രോസ്ലോജിയം'

ആത്മീയവും മാനസികവുമായ ഒരു ദീർഘസംഘർഷത്തിന്റെ അവസാനമാണ് ഈ കൃതിയുടെ മുഖ്യ ആശയം അൻസെമിന്റെ മനസ്സിൽ രൂപപ്പെട്ടത്. ആത്മസംഘർത്തിന്റെ പാരവശ്യത്തിൽ അദ്ദേഹത്തിന് ഉറക്കവും വിശപ്പും പ്രാർത്ഥനാവേളകളിൽ സ്വാസ്ഥ്യവും ഇല്ലാതായി. ഒടുവിൽ ഒരു രാത്രിയിൽ പെട്ടെന്ന് 'വെളിച്ചം' കിട്ടിയ അദ്ദേഹം അതിൽ തെളിഞ്ഞുകിട്ടിയത് ചുരുങ്ങിയ പുറങ്ങളിൽ രേഖപ്പെടുത്തി.

ഓൺടൊളോജിക്കൽ വാദം

ഓൺടോളോജിക്കൽ വാദത്തിന് അൻസെമിന്റെ സംഗ്രഹം

"സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ എന്നു കേട്ടാൽ ഒരു വിഡ്ഢിക്കു പോലും മനസ്സിലാക്കാനാകും. അവൻ മനസ്സിലാക്കുന്നത് അവന്റെ മനസ്സിലുണ്ട്. വലുതായ മറ്റൊന്ന് ഇല്ലാത്ത ഒരുണ്മ ഉണ്ടായിരിക്കുന്നത് സങ്കല്പത്തിൽ മാത്രമായിരിക്കുക വയ്യ. കാരണം, അത് ഉണ്ടായിരിക്കുന്നത് സങ്കല്പത്തിൽ മാത്രമാണെന്നു വന്നാൽ, യാഥാർത്ഥത്തിൽ ഉണ്മയുള്ളതായും അതിനെ സങ്കല്പിക്കാനാവും; ആ സങ്കല്പം ആദ്യസങ്കല്പത്തിലും വലുതും ആയിരിക്കും."

"അതുകൊണ്ട്, സങ്കലിപ്ക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ സങ്കല്പത്തിൽ മാത്രമുള്ളതാണെങ്കിൽ, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മയേക്കാൾ വലുതായ മറ്റൊരുണ്മ, സങ്കല്പിക്കാനാവും എന്നാകുന്നു. അത് അസംഭവ്യമാകുന്നു. അതിനാൽ, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ ഉണ്ടെന്നും അതിന്റെ ഉണ്മ സങ്കല്പത്തിലെന്ന പോലെ യാഥാർത്ഥ്യത്തിലും ഉള്ളതാണെന്നുമുള്ളതിൽ സംശയമില്ല."[10]

ഈ കൃതിയിലെ മുഖ്യ ആശയമായ ഓണ്ടൊളോജിക്കൽ വാദത്തിന് അടിസ്ഥാനമായുള്ളത് ദൈവത്തിനു അത് കൊടുക്കുന്ന നിർ‌വചനമാണ്. സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണത എന്ന് ദൈവത്തെ നിർ‌വചിച്ചുകൊണ്ടാണ് വാദം തുടങ്ങുന്നത്. തുടർന്ന്, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണത ഉണ്ടായേ മതിയാവൂ എന്ന് വാദിക്കുന്നു. അതിനു പറയുന്ന യുക്തി ഇതാണ്: സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണത ഇല്ല എന്നു പറയുന്നത് യുക്തിവിരുദ്ധമാണ്. ഒരാൾ സങ്കല്പിച്ച പൂർണ്ണതക്ക്, 'ഉണ്ടായിരിക്കുക' എന്ന ഗുണം ഇല്ല എങ്കിൽ, അയാളുടെ സങ്കല്പം തെറ്റായിരുന്നു. പൂർണ്ണത, ഇല്ലാത്തതാണെങ്കിൽ, അത് സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണത അല്ല. അതിലും വലിയ, 'ഉണ്ടായിരിക്കുക' എന്ന ഗുണമുള്ള, പൂർണ്ണത സങ്കല്പസാദ്ധ്യമാണ്. സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണതക്ക്, സങ്കല്പത്തിൽ മാത്രമായി നിലനില്പില്ല. അത് ഉണ്ടായിരുന്നേ മതിയാവൂ. അതുകൊണ്ട്, സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണതയായ ദൈവം ഉണ്ട്.[11]

വിമർശനങ്ങൾ

ദൈവവിശ്വാസത്തിനു തെളിവായി അവതരിപ്പിക്കാവുന്നതിൽ ഏറ്റവും ശക്തമായ വാദമായി അൻസെം ഇതിനെ കരുതി. മറ്റു തെളിവുകളുടെയൊന്നും പിന്തുണയില്ലാതെ ദൈവാസ്തിത്വം സ്ഥാപിക്കാൻ സ്വയംസിദ്ധമായ ഈ വാദം മാത്രം മതിയാവുമെന്ന് അദ്ദേഹം വിശ്വസിച്ചു.[12] എങ്കിലും അവതരിപ്പിക്കപ്പെട്ട ഉടൻ തന്നെ അത് തീവ്രമായി വിമർശിക്കപ്പെട്ടു. അൻസമിന്റെ സമകാലികനായിരുന്ന ഗൗണീലോ എന്ന സന്യാസിയായിരുന്നു ഈ വാദത്തിന്റെ ആദ്യത്തെ പ്രധാന വിമർശകൻ. അൻസം ഉപയോഗിച്ച യുക്തി പിന്തുടർന്നാൽ ദൈവത്തിന്റെയെന്നപോലെ, സങ്കല്പസാദ്ധ്യമായതിൽ ഏറ്റവും വലിയ ദ്വീപിന്റെയോ അതു പോലെയുള്ള മറ്റെന്തിന്റെയ്ങ്കിലുമോ ഒക്കെക്കൂടിയും അസ്തിത്വം തെളിയിക്കാൻ പറ്റുമെന്ന് ഗൗണീലോ വാദിച്ചു. തന്റെ വാദം പഴുതുകളടച്ച് പുതിയ രൂപത്തിൽ വീണ്ടും അവതരിപ്പിക്കാൻ അൻസമിനെ പ്രേരിപ്പിക്കാൻ മാത്രം ശക്തമായിരുന്നു ഗൗണീലോയുടെ വിമർശനം.[10]

പിൽക്കാലഗതി

പിൻകാലങ്ങളിൽ തത്ത്വചിന്തയുടെ ലോകത്തിലെ വലിയ മനസ്സുകൾ ഈ വാദത്തെ സമഗ്രമായ വിശകലനത്തിനു വിധേയമാക്കിയിട്ടുണ്ട്. അക്വീനാസിനേയും ദെക്കാർത്തിനേയും ലെയ്ബിനിസിനേയും കാന്റിനേയും, ഹേഗലിനേയും പോലുള്ള ചിന്തകന്മാരിൽ ചിലരുടെയൊക്കെ അംഗീകാരവും മറ്റുള്ളവരുടെ തിരസ്കാരവും അതിനു കിട്ടി. അക്വീനാസ് ഇതിനെ "കഴമ്പില്ലാത്ത ന്യായപ്പിരട്ട്" (sophistry) എന്നു വിളിച്ചപ്പോൾ[12], ദെക്കാർത്തും ലെയ്ബ്നിറ്റ്സും, ഹേഗലും ഉപാധികളോടെയെങ്കിലും ഇതിനു പിന്തുണ നൽകി. ആധുനിക ചിന്തകന്മാരിൽ അതിന്റെ ഏറ്റവും വലിയ വിമർശകൻ വിഖ്യാതജർമ്മൻ ദാർശനികൻ ഇമ്മാനുവേൽ കാന്റ് ആയിരുന്നു. ഓൺടൊളോജിക്കൽ വാദം എന്ന പ്രസിദ്ധമായ പേര് അതിനു നൽകിയതും കാന്റ് ആയിരുന്നു. തന്റെ നിശിതവിമർശനത്തോടെ ഈ വാദത്തിന്റെ കഥ കഴിഞ്ഞെന്ന് കാന്റ് വിശ്വസിച്ചിരുന്നു. എന്നാൽ, ഒരു സഹസ്രാബ്ദക്കാലത്തെ പരിഗണക്കു ശേഷവും ഓൺടൊളോജിക്കൽ വാദം തത്ത്വചിന്തയിലെ ഒരു ജീവൽസങ്കല്പമായി നിലനിൽക്കുന്നു. അതിനെ തിരസ്കരിച്ച ഇരുപതാം നുറ്റാണ്ടിലെ ചിന്തകൻ ബെർട്രാൻഡ് റസ്സലിനെപ്പോലുള്ളവരും അതുന്നയിക്കുന്ന സമസ്യയുടെ സങ്കീർണ്ണത അംഗീകരിച്ചും അതിന്റെ 'കുലീനമായ' ചരിത്രം പരിഗണിച്ചും, അതിനെ ബഹുമാനപൂർവം സമീപിച്ചു.[8]

'കർ ഡ്യൂയെസ് ഹോമോ'

ക്രൈസ്തവസങ്കല്പത്തിലെ മനുഷ്യരക്ഷയെക്കുറിച്ചുള്ള ദൈവശാസ്ത്രസമസ്യയെ തന്റെ ചിന്തയുടെ പരിഗണനക്കു വിധേയമാക്കുകയാണ് ഈ രചനയിൽ അൻസെം ചെയ്തത്.[13] പാപത്താൽ കളങ്കപ്പെട്ട മനുഷ്യവർഗ്ഗത്തെ സമുദ്ധരിക്കാൻ, ദൈവപുത്രന്റെ മനുഷ്യാവതാരമല്ലാതെ വഴിയുണ്ടായിരുന്നില്ലെന്ന് അൻസെം ഇതിൽ വാദിച്ചു. മനുഷ്യനെ രക്ഷിക്കാതിരിക്കുക എന്നത്, സർവനന്മയായ തന്നെ പ്രാപിക്കാനായി മനുഷ്യനെ സൃഷ്ടിച്ച സർവശക്തനായ ദൈവത്തിന്റെ പദ്ധതിയുടെ തകർച്ചയാവുമെന്നതിനാൽ അസാദ്ധ്യമാണ്. ദൈവത്തിന്റെ കരുണ മനുഷ്യന്റെ പാപത്തെ അവഗണിക്കുകയെന്നാൽ, പ്രപഞ്ചത്തിലെ ധാർമ്മികവ്യവസ്ഥയെ അട്ടിമറിക്കുകയാവും ഫലം. അധാർമ്മികനാവുകയെന്നത് ദൈവസ്വഭാവത്തിനു നിരക്കാത്തതുമാണ്. പാപത്തിന്റെ പരിഹാരം മനുഷ്യൻ തന്നെ ചെയ്തേ മതിയാവൂ. എന്നാൽ പരിഹാരമായി നൽകാൻ മനുഷ്യന് ദൈവത്തിൽ നിന്നു ലഭിച്ചതല്ലാതെ മറ്റൊന്നുമില്ലാത്തതിനാൽ കേവലമനുഷ്യനാൽ പരിഹാരം സാദ്ധ്യമല്ല. അതിനാൽ ദൈവത്തിന്റെ മനുഷ്യാവതാരം മാത്രമായിരുന്നു മനുഷ്യരക്ഷ സാധിക്കാനുള്ള ന്യായമായ വഴി. ദൈവപുത്രൻ ഉണ്ടെന്നിരിക്കെ, ദൈവപിതാവിന്റെ മനുഷ്യാവതാരവും സാദ്ധ്യമല്ല. അതു സംഭവിച്ചാൽ പിതാവു കൂടി പുത്രനായി രണ്ടു പുത്രന്മാരുണ്ടാവുകയെന്നതാവും ഫലം. അതിനാൽ ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു ആകെയുണ്ടായിരുന്ന മാർഗ്ഗം എന്ന് അൻസെം വാദിച്ചു.[9]

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.