ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
മലയാള ചലച്ചിത്ര, ടെലി-സീരിയൽ അഭിനേതാവായിരുന്ന കലാകാരനാണ് കലാശാല ബാബു (1950-2018) നാടകട്രൂപ്പിലൂടെ സിനിമയിലെത്തിയ ബാബു സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് പുത്തൻ ഭാവതലങ്ങൾ നൽകിയ നടനാണ്. കസ്തൂരിമാൻ(2003), എൻ്റെ വീട് അപ്പൂൻ്റേം(2003), റൺവേ(2004), തൊമ്മനും മക്കളും(2005) എന്നിവയാണ് കലാശാല ബാബുവിൻ്റെ ശ്രദ്ധേയമായ സിനിമകൾ.[1][2][3][4]
കലാശാല ബാബു | |
---|---|
ജനനം | 1950 |
മരണം | (വയസ്സ് 68) |
തൊഴിൽ | നടൻ |
സജീവ കാലം | 1977–2018 |
ജീവിതപങ്കാളി(കൾ) | ലളിത |
കുട്ടികൾ | ശ്രീദേവി, വിശ്വനാഥൻ |
മാതാപിതാക്ക(ൾ) | കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ |
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ കലാമണ്ഡലം കൃഷ്ണൻ നായരുടേയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടേയും മകനായി 1950-ൽ ജനിച്ചു. 1970-കളിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ റേഡിയോ നാടകങ്ങളിലൂടെയാണ് കലാരംഗപ്രവേശനം. പിന്നീട് രണ്ട് വർഷം കാളിദാസ കലാകേന്ദ്രത്തിൽ നാടകനടനായി പ്രവർത്തിച്ചു. ഒ.മാധവൻ്റെയും കെ.ടി.മുഹമ്മദിൻ്റേയും സഹപ്രവർത്തകനായിരുന്നു.
1977-ൽ റിലീസായ ശ്രീ മുരുകൻ എന്ന സിനിമയാണ് ആദ്യ ചലച്ചിത്രം. ഈ സിനിമയിൽ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിൻ്റെ പേര് ബാബു എന്നായിരുന്നു. തുടർന്ന് 1982-ൽ ജോൺ പോളിൻ്റെ ഇണയെത്തേടി എന്ന സിനിമയിൽ ബാബു നായകനായി അഭിനയിച്ചു. സിനിമയിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നാടകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.
നാടകരംഗത്തേക്ക് മടങ്ങിയെത്തിയ ബാബു തൃപ്പൂണിത്തുറയിൽ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നൽകി. പിന്നീട് നാടകക്കമ്പനിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്തതിനെ തുടർന്നാണ് കലാശാല ബാബു എന്നറിയപ്പെടാൻ തുടങ്ങിയത്. തിലകൻ, സുരാസു, പി.ജെ.ആൻ്റണി, ശ്രീമൂലനഗരം വിജയൻ, എൻ.എൻ.പിള്ള, തുടങ്ങിയ മലയാള നാടകവേദിയിലെ പ്രമുഖരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അന്നത്തെ മറ്റൊരു പ്രധാന നാടക കമ്പനിയായ ചാലക്കുടി സാരഥിയിലെ പ്രധാന നടനും കൂടിയായിരുന്നു ബാബു.
നാടകവേദികളിലൂടെ ശ്രദ്ധേയനായ ബാബുവിന് പിന്നീടാണ് സിനിമകളിൽ അവസരം ലഭിക്കുന്നത്. 2003-ൽ എ.കെ.ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന സിനിമയിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. പിന്നീട് പല സിനിമകളിലൂടെ സഹനടനായും വില്ലൻ വേഷങ്ങളിലും തിളങ്ങിയ ബാബു മലയാളത്തിൽ ഇതുവരെ 100-ലധികം സിനിമകളിലും 28 ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുത്തം വന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിൽ മലയാളികൾക്ക് സുപരിചിതനാണ് കലാശാല ബാബു.[5][6]
മരണം
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ 2018 മെയ് 13ന് 68-ആം വയസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതനായി.[7][8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.