കരകുളം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
8.7671°N 76.6901°E തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കരകുളം. നെടുമങ്ങാട് ബ്ലോക്കിൽ ആണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലാണ് കരകുളം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ൽ സംസ്ഥാനരൂപീകരണത്തിന് ശേഷം 1996 വരെയുള്ള 40 വർഷക്കാലയളവിൽ ഇവിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് തെരെഞ്ഞടുപ്പ് നടന്നത് വെറും നാലു തവണ മാത്രമാണ്. അതുകൊണ്ടുതന്നെ കേവലം 5 വർഷക്കാലാവധിക്കു വേണ്ടി തെരെഞ്ഞടുക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 8 മുതൽ 16 വർഷം വരെ അധികാരത്തിൽ തുടരേണ്ടിവന്നു. കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യപഞ്ചായത്തുസമിതി 10 വർഷക്കാലം ഭരണത്തിൽ തുടരുകയുണ്ടായി. 1963-ൽ രണ്ടാമത്തെ തെരഞ്ഞെടുപ്പായപ്പോഴേക്കും വാർഡുകളുടെ എണ്ണം ഏഴിൽ നിന്നും പത്തിലേക്കുയർന്നു. എന്നാൽ ഭരണസമിതിയിലെ അംഗങ്ങളുടെ എണ്ണം പതിനൊന്നായിരുന്നു. പഞ്ചായത്തിലെ ആദ്യവനിതാപ്രതിനിധിയായി ചെല്ലമ്മ പ്രസാദ് നോമിനേറ്റ് ചെയ്യപ്പെട്ടു. മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ പ്രസിഡന്റായുള്ള ഈ ഭരണസമിതി പതിനാറ് വർഷത്തോളം അധികാരത്തിലിരുന്നു. 1953-ൽ കരകുളം പഞ്ചായത്ത് രൂപീകൃതമായ സമയത്ത്, കരകുളം, ഏണിക്കര, ചെക്കക്കോണം, പുരവൂർക്കോണം, നെടുമൺ, പന്തപ്ലാവ്, കഴുനാട് എന്നിങ്ങനെ ഏഴ് വാർഡുകളാണുണ്ടായിരുന്നത്. നിലവിൽ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
ജില്ല | തിരുവനന്തപുരം |
ബ്ലോക്ക് | നെടുമങ്ങാട് |
വിസ്തീര്ണ്ണം | 25.01 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 40,503 |
പുരുഷന്മാർ | 20,184 |
സ്ത്രീകൾ | 20,319 |
ജനസാന്ദ്രത | 1,619 |
സ്ത്രീ : പുരുഷ അനുപാതം | 1,007 |
സാക്ഷരത | 91.86% |
സാക്ഷരത (പുരുഷന്മാർ) | 95.12% |
സാക്ഷരത (സ്ത്രീകൾ) | 88.65% |
വാർഡ് | വാർഡിന്റെ പേര് | ജനപ്രതിനിധി | പാർട്ടി |
01 | വട്ടപ്പാറ വെസ്റ് | ഗിൽഡ ബായി | സി.പി.ഐ (എം) |
02 | വട്ടപ്പാറ ഈസ്റ് | പുഷ്പ കുമാരി.എം | സി.പി.ഐ (എം) |
03 | കരയാളത്തുകോണം | ലേഖ റാണി.യു | സി.പി.ഐ (എം) |
04 | പ്ലാത്തറ | ശ്രീകുമാർ.ആർ | ബി.ജെ.പി |
05 | വേങ്കോട് | ആർ.പ്രീത | സി.പി.ഐ (എം) |
06 | കിഴക്കേല | അഡ്വ. എ. എർഷാദ് | സി.പി.ഐ (എം) |
07 | ചെക്കക്കോണം | രവീന്ദ്രൻ. വി | സി.പി.ഐ (എം) |
08 | അയണിക്കാട് | ശശികല.എ | ഐ.എൻ.സി |
09 | തറട്ട | അനില. എം. എസ് | സി.പി.ഐ (എം) |
10 | കാച്ചാണി | ഹരികുമാർ. വി. എം | സി.പി.ഐ (എം) |
11 | മുദിശാസ്തംകോട് | രാജമ്മ സുകുമാരൻ | ഐ.എൻ.സി |
12 | വഴയില | ചിത്ര. എസ് | സി.പി.ഐ |
13 | ആറാംകല്ല് | വീണാ ചന്ദ്രൻ. ജി.പി | സി.പി.ഐ (എം) |
14 | കരകുളം | ആർ. പ്രമോദ്കുമാർ | സി.പി.ഐ (എം) |
15 | മുക്കോല | സുനിൽ കുമാർ | സി.പി.ഐ (എം) |
16 | ഏണിക്കര | അനിൽകുമാർ | ബി.ജെ.പി |
17 | നെടുംപാറ | പുഷ്പലീല | ഐ.എൻ.സി |
18 | കല്ലയം | പത്മജകുമാരി. എസ് | ഐ.എൻ.സി |
19 | പ്ലാവുവിള | വസന്തകുമാരി. എം. എസ് | ഐ.എൻ.സി |
20 | നെടുമൺ | അനിത. പി | ബി.ജെ.പി |
21 | മരുതൂർ | പി.എൻ മധു | സി.പി.ഐ (എം) |
22 | കഴുാട് | എസ്. ബിജുകുമാർ | സ്വതന്ത്രൻ |
23 | ചിറ്റാഴ | ഐ. ക്രിസ്തുദാനം | സി.പി.ഐ (എം) |
ആദ്യതെരെഞ്ഞടുപ്പിൽ മേൽപ്പറഞ്ഞ വാർഡുകളിൽ നിന്നും യഥാക്രമം പി.തങ്കപ്പൻപ്പിള്ള, പി.കുഞ്ഞൻപിള്ള, മുഹമ്മദ് ഹനീഫ, പത്മനാഭൻ നാടാർ, അസറിയാദേവദാസ്, ജ്ഞാനപ്രകാശം, നാരായണൻ നായർ എന്നിങ്ങനെ അക്കാലത്തെ പ്രമുഖരായ സാമൂഹ്യനായകന്മാരായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 1953 ജൂലൈ 31-ന് ചേർന്ന പഞ്ചായത്തുകമ്മിറ്റിയുടെ ആദ്യയോഗം പി.കുഞ്ഞൻപിള്ളയെ പ്രസിഡന്റായി തെരെഞ്ഞടുത്തു. 1953 ആഗസ്റ്റ് 15 രാവിലെ 8 മണിക്ക് ആർ.കേശവൻനായർ എം.എൽ.എ പഞ്ചായത്തോഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കായി ദീർഘനാൾ ഈ കെട്ടിടം വാടക വാങ്ങാതെ വിട്ടുതന്നത് ഏണിക്കര അകത്തുംവിളാകത്ത് വീട്ടിൽ ചെല്ലമ്മയാണ്. പഞ്ചായത്തുപ്രസിഡന്റിന്റെ കൈയിൽ നിന്നടുത്ത 25 രൂപയായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രവർത്തനഫണ്ട്.
വാതിലുകളില്ലാതെ കൽപ്പാളികൾ കൊണ്ടുമാത്രം പണിതീർത്ത തിരുമാനൂർ മഹാദേവക്ഷേത്രം (ആനൂർ), പഴക്കവും നിർമ്മാണവൈവിധ്യവും അതിലുപരി ഐതിഹ്യപ്രാധാന്യവും കൊണ്ട് പ്രശസ്തമാണ്. ബുദ്ധമതവിശ്വാസികളും കൃഷിക്കാരുമായിരുന്നു ഈ പ്രദേശത്തെ ആദിമനിവാസികളെന്നു കരുതപ്പെടുന്നു. തിരുച്ചിറപ്പള്ളി, കല്ലമ്പള്ളി, കളത്താപ്പള്ളി എന്നീ സ്ഥലനാമങ്ങൾ ബുദ്ധമതസങ്കേതങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ കാലാന്തരത്തിൽ ഹിന്ദുമതമുന്നേറ്റത്തിൽ ഈ വിഹാരങ്ങളും അവിടങ്ങളിലെ ജനതയും അമർച്ച ചെയ്യപ്പെട്ടതായും കരുതാം. ഇതിനെതിരെ ചെറുത്തുനിന്നവരെ കൂട്ടമായി കഴുവേറ്റിയതുകൊണ്ടാണ് കഴുനാട് എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു. കുരുമുളക്, അടയ്ക്കാ തുടങ്ങിയ കാർഷികവിഭവങ്ങളുടെ ക്രയവിക്രയത്തിനായി മുസ്ലീം കച്ചവടക്കാർ വളരെ മുമ്പേതന്നെ ഇവിടെ എത്തിയിരുന്നു. മലഞ്ചരക്കുകൾ സംഭരിച്ച് വ്യാപാരം ചെയ്തിരുന്ന ഇക്കൂട്ടർ ക്രമേണ കുടംബസമേതം ഉൾപ്രദേശങ്ങളിൽ കുടിയേറി. അവരുടെ വംശപരമ്പര കാലക്രമത്തിൽ നെടുമങ്ങാട്ടും തൊട്ടടുത്ത കരകുളത്തും എത്തി. ഇങ്ങനെ ഈ പഞ്ചായത്തുപ്രദേശത്ത് കുടിയേറിയ മുഹമ്മദീയരുടെ വംശപരമ്പരയിൽപ്പെട്ടവർ നിർമ്മിച്ചതാണ് ചെക്കകോണം വാർഡിലെ കുമ്മിപ്പള്ളി എന്നു വിശ്വസിക്കപ്പെടുന്നു. ക്രിസ്തീയ ജനവിഭാഗങ്ങൾ ഈ പ്രദേശത്ത് ഏറെ വൈകിയാണ് എത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. 1890-ാമാണ്ടിൽ ചെങ്കൽ ഭാഗത്തുനിന്ന് കുടിയേറി തണ്ണിപൊയ്കയിൽ താമസമായ യോവാൻ ആയിരുന്നു ആദ്യകുടിയേറ്റക്കാരൻ. തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് ക്രിസ്തുമതവിശ്വാസികളായ വളരെയേറെ ആളുകൾ മരുതൂരിന്റെ പല ഭാഗത്തും താമസമായി. മരുതൂരിലെ സി.എസ്.ഐ പള്ളി പഞ്ചായത്തുപ്രദേശത്തെ പഴക്കമേറിയ ക്രൈസ്തവാരാധനാലയങ്ങളിലൊന്നാണ്. അക്കാലത്ത് ക്രിസ്തുമതവിശ്വാസികൾ ആരാധനയ്ക്കായി ബഹുദൂരം കാൽനടയായി പാളയം, തുമ്പൈക്കോണം തുടങ്ങിയ പള്ളികളിൽ പോയിവരാറായിരുന്നു പതിവ്. ഇത് ബുദ്ധിമുട്ടായതിനാൽ അവർ സ്വന്തം സ്ഥലത്തുതന്നെ ആരാധന നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് മങ്കാരത്തു മോശമേസ്തിരിയുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് ആരാധന നടത്തിതുടങ്ങുകയും ചെയ്തു. ക്രമേണ ഇവിടെയൊരു പള്ളി സ്ഥാപിക്കണമെന്നുള്ള താൽപര്യം ഉളവാകുകയും റവ.പാർക്കർ മിഷണറിയുടെ അനുവാദപ്രകാരം തണ്ണിപൊയ്ക എന്ന സ്ഥലത്ത് ഒരു ഓലപ്പുര സ്ഥാപിച്ച് അവിടെ ആരാധന നടത്തിപ്പോരുകയും ചെയ്തു. ഈ ആരാധനാലയമാണ് ദക്ഷിണേന്ത്യ സഭയുടെ കീഴിലുള്ള ദക്ഷിണ കേരള മഹായിടവകയിലെ പ്രധാനപ്പെട്ട സഭകളിലൊന്നായ മരുതൂർ സഭ.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ബ്രീട്ടിഷ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങൾക്കിരയായവർ ഇന്നാട്ടിൽ ഏറെയാണ്. കരകുളം കെ.പി.തുരുത്തിപള്ളി തങ്കപ്പൻപിള്ള, എ.കെ.കരകുളം മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടികുട്ടൻപിള്ള, മൂലൈകട്ടയ്ക്കാൽ കൃഷ്ണപിള്ള, കയ്പാടി അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കൽ തങ്കപ്പൻപിള്ള, പാറയിൽ രാമൻപിള്ള ഇനിയും ഇവിടേക്ക് ചേർത്തുവയ്ക്കേണ്ട ത്യാഗവര്യൻമാരുടെ പേരുകൾ പലതുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സ് യോഗം ചേരുന്നത് സർക്കാർ നിരോധിച്ച കാലം. സർ.സി.പി.യുടെ വിലക്ക് ലംഘിച്ച് സ്റ്റേറ്റ് കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നൽകാൻ ആരും മുന്നോട്ട് വരാൻ തയ്യാറാകാത്ത സാഹചര്യം. ഈ കാലഘട്ടത്തിൽ നെടുമങ്ങാടുമായി ബന്ധപ്പെട്ട ഒരു സമ്മേളനം നടത്തേണ്ടത് കോൺഗ്രസ്സിന്റെ ആവശ്യമായിരുന്നു. ഇത്തരമൊരു ചുറ്റുപാടിൽ കോൺഗ്രസ്സിന് യോഗംചേരാൻ സർവ്വവിധസംരക്ഷണവും സഹായവും നൽകാൻ പ്രബലനായ മുല്ലശ്ശേരി നാരായണപിള്ള മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ, സംരക്ഷണത്തിൻ കീഴിൽ 1119 മീനം 9-നു കരകുളം മുക്കോലയിൽ വച്ച് നടന്ന സമ്മേളനമായിരുന്നു കരകുളം സമ്മേളനം.
യുവരാജവായ മാർത്താണ്ഡവർമയും പ്രബല ക്ഷത്രിയവിഭാഗമായ[അവലംബം ആവശ്യമാണ്] എട്ടുവീടരും തമ്മിലുണ്ടായ സംഘർഷത്തിന്റെ ചരിത്രമുറങ്ങുന്ന പ്രദേശമാണിത്. എട്ടുവീട്ടിൽ പിള്ളമാരുടെ സഹായിയും യുദ്ധനിപുണനും തദ്ദേശിയ ജന്മിയുമായിരുന്ന കരകുളം പിള്ള, ഈ പ്രദേശം ഒരു കാലത്ത് ബുദ്ധമതവിശ്വാസികളുടെ കേന്ദ്രമായിരുന്നുവത്രെ. തിരുവിതാംകൂറിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം.
കരകുളം കെ.പി. തുരത്തിപ്പള്ളി തങ്കപ്പൻപിള്ള, എ.കെ. കരകുളം, മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടി കുട്ടൻപിള്ള, മുലൈകട്ടയ്ക്കാð കൃഷ്ണപിള്ള, കായ്പ്പാടി അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കൽ തങ്കപ്പൻ പിള്ള, പാറയിൽ രാമൻപിള്ള തുടങ്ങി ഒട്ടനവധി സ്വാതന്ത്ര്യസമരസേനാനികൾ ഈ പഞ്ചായത്തുകാരാണ്. സ്റേറ്റു കോൺഗ്രസ്സിന്റെ കരകുളം സമ്മേളനം പ്രസിദ്ധയോഗങ്ങൾ സർക്കാർ നിരോധിച്ചിരുന്നു; അതുകൊണ്ട് രഹസ്യസങ്കേതങ്ങളിലായിരുന്നു സമ്മേളനങ്ങൾ. തുടർന്ന് ചിറയിൻകീഴിയിലും, നെയ്യാറ്റിൻകരയിലും സമ്മേളനങ്ങൾ സംഘടിപ്പിച്ചു. സർ. സി.പി.യുടെ വിലക്കു ലംഘിച്ച് സ്റേറ്റ് കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നൽകാൻ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിൽ, 1119 മീനം 9 മു കരകുളം മുക്കോലയിൽ വച്ച് സമ്മേളനം നടത്താൻ മുൻപിട്ടിറങ്ങിയ ആളാണ് മുല്ലശ്ശേരി നാരായണപിള്ള, ഈ സമ്മേളനമാണ് കരകുളം സമ്മേളനം കോയിക്കൽ സമ്മേളനം, കല്ലയം സമ്മേളനം, കാരമൂട് സമ്മേളനം തുടങ്ങിയ പ്രദേശിക സമ്മേളനങ്ങൾ സ്വാതന്ത്ര്യസമരത്തിന് വളരെയേറെ ശക്തി പകർന്നിട്ടുണ്ട്.
1973-ൽ കെൽട്രോൺ ഈ പഞ്ചായത്തിൽ ഒരു യൂണിറ്റ് ആരംഭിച്ചു. 1953-ൽ ഹരിജൻ ഗ്രന്ഥശാലയായീ മണ്ണന്തല മുക്കോലയിൽ പ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാല 1978-ൽ എ.കെ.ജി. സ്മാരക ശാലയായി പുനർനാമകരണം ചെയ്യപ്പെട്ടു.
പ്രധാനമായും ഉല്പന്നങ്ങൾ കൊണ്ടുപോകുന്നതിനും യാത്രയ്ക്കും ജലമാർഗ്ഗമാണ് ഉപയോഗിക്കുന്നത്. അനന്ത വിക്ടോറിയ മാർത്താണ്ഡം കനാൽ എന്ന പഴയ ജലവിതരണം തേങ്ങാപട്ടണത്തെയും പൂവാറിനെയും ബന്ധിപ്പിച്ചിരുന്നു. ഇത് സമുദ്രത്തിലേക്കുള്ള കവാടമായിരുന്നു.
സർക്കാർമേഖലയിൽ തന്നെ മൂന്ന് വിഭാഗത്തിൽപ്പെടുന്ന അലോപ്പതി, ആയൂർവേദ, ഹോമിയോ ആശുപത്രികളുള്ള പഞ്ചായത്താണ് കരകുളം. വട്ടപ്പാറ കേന്ദ്രീകരിച്ചാണ് ആയൂർവേദ ആശുപത്രിയും, പ്രാഥമിക ആരോഗ്യകേന്ദ്രവും സ്ഥിതി ചെയ്യുന്നത്. ഗവ.ഹോമിയോ ആശുപത്രി കരകുളത്ത് സ്ഥിതി ചെയ്യുന്നു. 1950 കളിൽ പഞ്ചായത്തിൽ കുടിവെള്ളം എന്നത് ഒരു പ്രശ്നമായിരുന്നില്ല. അന്നുണ്ടായിരുന്ന വീടുകൾക്ക് സമീപം ഒന്നുകിൽ കിണറോ, നീർച്ചാലുകളോ ഉണ്ടായിരുന്നു. കുടിയ്ക്കാനും മറ്റു ആവശ്യങ്ങൾക്കും ധാരാളം ജലം ലഭ്യമായിരുന്നു. പഞ്ചായത്തിന്റെ മിക്കവാറും പ്രദേശങ്ങളിൽ കുളങ്ങൾ ദൃശൃമായിരുന്നു. ഈ കുളങ്ങൾ ക്രമേണ നികത്തുകയും ചിറകളും ജലശേഖരങ്ങളും ഇല്ലതായതോടു കൂടി പഞ്ചായത്തിലെ ജലലഭ്യത വളരെയധികം കുറയാൻ കാരണമാവുകയും ചെയ്തു. 1950-ലാണ് കരകുളം പഞ്ചായത്തിലെ സർവ്വീസ് സഹകരണ ബാങ്ക് ആരംഭിച്ചത്. പഞ്ചായത്തിൽ 8 വായനശാലകളും 4 ഗ്രന്ഥശാലകളുമുണ്ട്. ഇവയിൽ 1953-ൽ ഹരിജൻ ഗ്രന്ഥശാലയായി മണ്ണന്തല മുക്കോലയിൽ പ്രവർത്തനമാരംഭിച്ച ഗ്രന്ഥശാലയാണ് 1978-ൽ എ.കെ.ജി സ്മാരക ഗ്രന്ഥശാലയായി പുനർനാമകരണം ചെയ്യപ്പെട്ടത്.
ദശാബ്ദങ്ങൾക്കുമുമ്പ് കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെൽട്രോൺ) പ്രഥമവും പ്രധാനവുമായ ഫാക്ടറി സ്ഥാപിതമായിരിക്കുന്നത് കരകുളത്താണ്. ലോക ഇലക്ട്രോണിക്സ് ഭൂപടത്തിൽ കരകുളത്തിന് സ്ഥാനം നൽകിയ ഈ സംരംഭം കരകുളത്തിന്റെ സമ്പദ്ഘടനയെ ചെറുതായൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്.
എല്ലാ പ്രദേശങ്ങളേയും കൂട്ടിയിണക്കത്തക്കവിധത്തിൽ സാമാന്യം മെച്ചപ്പെട്ട ഒരു റോഡുശൃംഖല കരകുളം പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ കഴുനാട്, പന്തപ്ലാവ് വാർഡുകളെയും മരുതൂർ, ചിറ്റാഴ വാർഡുകളെയും വേർതിരിക്കുന്ന എം.സി.റോഡ് മരുതൂർ മുതൽ വട്ടപ്പാറ കണക്കോട് വരെയുള്ള 4 കിലോമീറ്റർ ദൂരം പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കൂടാതെ വഴയില നിന്നു തുടങ്ങി കരകുളം-കെൽട്രോൺ പ്രദേശത്തു കൂടി അന്തർസംസ്ഥാനപാതയായ തിരുവനന്തപുരം-ചെങ്കോട്ട റോഡും കടന്നു പോകുന്നു. പ്രധാനപ്പെട്ട ഈ റോഡുകളിലൂടെയാണ് കരകുളം, വട്ടപ്പാറ മേഖലകളിലെ ജനങ്ങൾക്ക് തിരുവനന്തപുരം, നെടുമങ്ങാട് നഗരപ്രദേശങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നത്. 1954-ൽ ഇന്നത്തെ കരകുളം പാലം ജംഗ്ഷൻ വരെ മാത്രമേ അന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് സിറ്റി സർവ്വീസ് ഉണ്ടായിരുന്നുള്ളൂ. അതുതന്നെ രാവിലെയും വൈകിട്ടും മാത്രമായിരുന്നു. അരുവിക്കര, ഇരുമ്പ മുതലായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചികിത്സാ ആവശ്യങ്ങൾക്കും മറ്റും ആശുപത്രിയിൽ പോകുവാൻ വേണ്ടി ഈ ബസ് സർവ്വീസ് എട്ടാമതു മൈൽകുറ്റി വരെ (8-ം കല്ല്) നീട്ടിക്കൊടുക്കണമെന്ന് അന്നത്തെ പഞ്ചായത്തുകമ്മിറ്റി പ്രമേയം പാസാക്കിയതായി രേഖകളിൽ കാണുന്നു (ജൂലായ് 3,1954).
പണ്ടുകാലത്ത് ഇന്നാട്ടുകാർക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി മൈലുകൾ താണ്ടി പോകേണ്ടിവന്നിരുന്നു. ഇതിനൊരു പരിഹാരമുണ്ടായത് കരകുളം ഗവൺമെന്റ് ഹൈസ്ക്കുൾ സ്ഥാപിതമായതോടെയാണ്. നാട്ടുകാരുടെ സാമ്പത്തികസഹായത്തോടെ കരകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ പ്രാരംഭഘട്ടത്തിൽ എട്ടാം ക്ലാസ്സുവരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. സ്ക്കൂളിന് കെട്ടിടമില്ലാഞ്ഞതിനാൽ ആറന്നൂർകോണം പത്മനാഭൻപിള്ളയുടെ വീടിനോടനുബന്ധിച്ച് ഒരു ഓലഷെഡ് കെട്ടിയാണ് ക്ലാസ്സ് ആരംഭിച്ചത്. തുടർന്ന് സ്കൂളിന് സ്വന്തമായി ഒരു മന്ദിരം നിർമ്മിക്കുകയും ക്രമേണ ഇന്നതു വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി പരിണമിക്കുകയും ചെയ്തു.
കേരളത്തിന്റെ വിഭവസമ്പന്നമായ ഭൂവിഭാഗമായ ഇടനാടിന്റെ ഉത്തമമാതൃകയാണെന്ന് പേരുകൊണ്ടുതന്നെ വിളിച്ചറിയിക്കുന്ന കരകുളം എന്ന മനോഹരമായ ഗ്രാമം. പച്ചപ്പണിഞ്ഞു തലയുർത്തിനിൽക്കുന്ന കുന്നുകൾ. കുത്തിറക്കമുള്ള ചെരിവുകൾ, കുന്നിൻതടങ്ങളിലെ വയൽപ്പണകൾ, സമതലങ്ങൾ എല്ലാം ചേർന്ന് കരയും കുളവുമൊരുക്കുന്ന ഈ മണ്ണ് കൃഷീവലന്റെ സ്വർഗ്ഗമാണെന്ന് പറയാം. ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി കരകുളം പഞ്ചായത്തുപ്രദേശത്തെ ഒരു മലനാടൻഗ്രാമം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഉയർന്ന കുന്നുകളും താഴ്വരകളും കുന്നുകൾക്കിടയിലെ നിരപ്പായ വെള്ളക്കെട്ടുകളും ഇടകലർന്നുകിടക്കുന്ന ഒരു ഭൂവിഭാഗമാണിത്. തിരുവനന്തപുരം താലൂക്കിനോട് തൊട്ടുകിടക്കുന്നതും നെടുമങ്ങാട് താലൂക്കിന്റെ തെക്കൻ പ്രദേശവുമായ ഈ പഞ്ചായത്ത് കരകുളം, വട്ടപ്പാറ എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നതാണ്. ഭൂമിയുടെ കിടപ്പനുസരിച്ച് മിക്ക കുന്നുകളുടെ മുകളിലും സമനിരപ്പായ സ്ഥലങ്ങളുണ്ട്. ഉയർന്ന ലാറ്ററേറ്റ് ഭൂവിഭാഗമായ ഈ പ്രദേശം മൊത്തം കൃഷിയിടത്തിന്റെ 20 ശതമാനത്തോളം വരും. കുന്നിൻമുകളിലെ നിരപ്പു കഴിഞ്ഞാൽ പിന്നെയുള്ളത് ചരിവുകളാണ്. 15-20 ഡിഗ്രി മുതൽ 65-70 ഡിഗ്രി വരെയുള്ള ചരിഞ്ഞ പ്രദേശങ്ങളാണ് ഇവയിലധികവും. കരകുളം പഞ്ചായത്തിന്റെ ഒരു പ്രധാന സവിശേഷത ഭൂവിസ്തൃതിയിൽ ഗണനീയമായ ഒരു ഭാഗം പാറക്കെട്ടുകളാണെന്നുള്ളതാണ്. കിള്ളിയാർ ഏകദേശം 4.5 കിലോമീറ്റർ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ പ്രദേശത്ത് ഒരുകാലത്ത് ധാരാളം കുളങ്ങൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കരകുളം എന്ന പേര് കിട്ടിയതെന്നും കേൾക്കുന്നു. വില്ലേജോഫീസ് രജിസ്റ്ററുകൾ പരിശോധിക്കുമ്പോൾ തന്നെ ഇതു സത്യമാണെന്ന് ബോധ്യപ്പെടും. കരകുളം എന്ന നാമത്തിലെ കുളം എന്ന പദത്തിൽ ഒളിഞ്ഞിരിക്കുന്ന ജലസമൃദ്ധി പരമാവധി ഉപയോഗപ്പെടുത്തിയ ഒരു ജനതയായിരുന്നു ഇവിടുണ്ടായിരുന്നത്. തിരുവിതാംകൂർ രാജാവിന്റെ ധാന്യപുരയിലേക്ക് ഒഴുകിയെത്തിയ കാർഷികസമ്പത്തിൽ ചെറുതല്ലാത്തൊരു ഭാഗം കരകുളത്തെ ജനങ്ങളുടെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ആകെത്തുകയായിരുന്നു.
കരകുളം ജുമാ മസ്ജിദ്,തിരുമാനൂർ മഹാദേവർ ക്ഷേത്രം, കുന്നൂർക്കൽ ക്ഷേത്രം,പതിയനാട് ശ്രീ ഭദ്രകാളി ക്ഷേത്രം,മാങ്കോട് ഇലങ്കത്ത് ദേവത, മുദിശാസ്താംകോട് ക്ഷേത്രം, മരുതൂർ സഭ മേലതിൽ തമ്പുരാൻ ക്ഷേത്രം ഏണിക്കര ശിവ ക്ഷേത്രം പ്രധാന ആരാധനാലയങ്ങൾ.1836 ൽ സ്ഥാപിതമായ ക്രൈസ്റ്റ്നഗർ പള്ളിയും തിരുവിതാംകൂർ രാജവംശം സ്ഥാപിച്ച തെക്കേടം തമ്പുരാൻ ക്ഷേത്രവും വളരെ പുരാതനമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.