Remove ads
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ From Wikipedia, the free encyclopedia
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ (തെലുഗു:సర్వేపల్లి రాధాకృష్ణ, തമിഴ്:சர்வேபள்ளி ராதாகிருஷ்ணன்) (സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975). ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദർശനമാണ്. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. എല്ലാ നേട്ടങ്ങളും സംഭാവനകളും നൽകിയിട്ടും, രാധാകൃഷ്ണൻ ജീവിതത്തിലുടനീളം അധ്യാപകനായി തുടർന്നു. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയുടെ സ്മരണയെ മാനിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ അധ്യാപകരുടെ പ്രാധാന്യത്തെ അനുസ്മരിക്കുന്നതിനുമാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്. [1][2]
സർവേപള്ളി രാധാകൃഷ്ണൻ (എസ്. രാധാകൃഷ്ണൻ) | |
---|---|
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി | |
ഓഫീസിൽ മേയ് 13, 1962 – മേയ് 13, 1967 | |
മുൻഗാമി | രാജേന്ദ്രപ്രസാദ് |
പിൻഗാമി | സാക്കിർ ഹുസൈൻ |
ഇന്ത്യയുടെ ഉപരാഷ്ട്രപതി | |
ഓഫീസിൽ 1952–1962 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 5, 1888 തിരുത്തണി,തമിഴ്‌നാട്, ഇന്ത്യ |
മരണം | ഏപ്രിൽ 17, 1975 |
പങ്കാളി | ശിവകാമമ്മ |
കുട്ടികൾ | അഞ്ച് പുത്രിമാർ, ഒരു പുത്രൻ , സർവേപള്ളി ഗോപാൽ |
ജോലി | രാഷ്ട്രീയപ്രവർത്തകൻ, തത്ത്വചിന്തകൻ, പ്രൊഫസർ |
1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.[3][4] ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു.[5] ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[6]
മദ്രാസിന്(ഇപ്പോൾചെന്നൈ) 64 mph വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണൻ മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു അദ്ദേഹത്തിൻറെ മാതാപിതാക്കൾ.[7] ആറു മക്കളായിരുന്നു ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളും.[8] തിരുത്തണി, തിരുവള്ളൂർ, തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി.
തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി .[9] 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ ചേർന്നു. ഉപരിപഠനത്തിനായി വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവൻ ബാദ്ധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു.[10]
രാധാകൃഷ്ണൻ തന്റെ പതിനാറാമത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെൺകുട്ടികളും, ഒരാൺകുട്ടിയുമുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. 1956 ൽ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകൻ സർവേപ്പള്ളി ഗോപാൽ അറിയപ്പെടുന്നൊരു ചരിത്രകാരൻ കൂടിയാണ്.[11] by lucifer antony
1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1918 മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും രാധാകൃഷ്ണൻ ധാരാളമായി എഴുതുമായിരുന്നു. ദ ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ എന്ന ആദ്യത്തെ പുസ്തകം പൂർത്തീകരിക്കുന്നത് ഈ കാലയളവിലാണ്.[12] തന്റെ രണ്ടാമത്തെ പുസ്തകമായ ദ റീൻ ഓഫ് റിലീജിയൻ ഇൻ കണ്ടംപററി ഫിലോസഫി പൂർത്തിയാക്കുന്നത് 1920 ലാണ്.[13] 1921 ൽ കൽക്കട്ടാ സർവ്വകലാശാലയിൽ ഫിലോസഫി പ്രൊഫസറായി ചേർന്നു. ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ചു നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ട സർവ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.[14]
1921-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിതമായി. 1926 ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സർവ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തിൽ കൽക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഹവാർഡ് സർവ്വകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു.
1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി. പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ ദൈവശാസ്ത്രത്തിന്റെ സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.
1952 ൽ സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.[15] ദേശീയവും അന്തർദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. 13 മെയ് 1962 ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. ലോക തത്ത്വശാസ്ത്രശാഖക്ക് ലഭിച്ച് അംഗീകാരം എന്നാണ് ബെർട്രാൻഡ് റസ്സൽ രാധാകൃഷ്ണനു ലഭിച്ച ഈ രാഷ്ട്രപതി പദവിയെ വിശേഷിപ്പിച്ചത്.[16] അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു.[17]
ഒരു അടിയന്തരാവസ്ഥയിൽ ഒപ്പു വെക്കുന്ന ആദ്യത്തെ രാഷ്ട്രപതി കൂടിയായി രാധാകൃഷ്ണൻ. 1962 കാലത്തിലെ ചൈനീസ് അധിനിവേശ സമയത്തായിരുന്നു ഇത്.[18]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.