From Wikipedia, the free encyclopedia
ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്നു ഹിലാരി ജെർമെയ് നി എഡ്ഗാർ ഡെഗാ(19 ജൂലൈ 1834 – 27 സെപ്റ്റംബർ 1917). ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാനാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്.
1834 ജൂലൈ 19-ന് പാരിസിൽ ജനിച്ചു. 1855-ൽ ഇക്കോൾ ഡി ബ്യൂക്സ് ആർട്സിൽ ചേർന്ന് ചിത്രകലാപഠനം തുടങ്ങി. അവിടെ പഠിക്കവേ ലൂയിസ് ലാമോതെയുമായി ചേർന്ന് ഏതാനും രചനകൾ നിർവഹിച്ചു. 1856-57 കാലയളവിൽ ഇദ്ദേഹം ക്വാട്രോസെന്റോ ചിത്രകല പരിശീലിച്ചു. തുടർന്ന് റോം, നേപ്പിൾസ്, ഫ്ളോറൻസ് എന്നിവിടങ്ങളിൽച്ചെന്ന് പഠനം നടത്തുകയുണ്ടായി. ആദ്യകാലത്ത് ഛായാചിത്രങ്ങളായിരുന്നു വരച്ചിരുന്നത്. ചങ്ങാതിയായ മാനെറ്റിന്റെ നിരവധി ചിത്രങ്ങൾ വരച്ച് 1864-ൽ ഇദ്ദേഹം ഒരു പ്രദർശനം നടത്തി. എങ്കിലും 1865-ലെ ലേഡി വിത്ത് ക്രിസാന്തമംസ് എന്ന ചിത്രത്തോടെയാണ് ഇദ്ദേഹത്തിന്റെ കലാജീ വിതം ലോകത്തിനു പരിചിതമായിത്തീർന്നത്.
ഇദ്ദേഹത്തിന്റെ കലാജീവിതത്തെ മൂന്നു കാലഘട്ടങ്ങളായി തിരിക്കാം. ആദ്യകാലഘട്ടം നിയോക്ലാസിക് രചനകളുടേതാണ്. മധ്യകാലഘട്ടത്തെ 1865-നു ശേഷമുള്ളതും 70-നു ശേഷമുള്ളതു മായ രണ്ടു വിഭാഗങ്ങളായി കണക്കാക്കിപ്പോരുന്നു. 1880-നു ശേഷമുള്ള അവസാനകാലഘട്ടത്തിൽ താരതമ്യേന ലളിതമായ ചിത്രങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആധുനിക ചിത്രകലയിലെ ആചാര്യന്മാരിലൊരാളായ ഇദ്ദേഹം അടിസ്ഥാനപരമായി ഇംപ്രഷനിസ്റ്റ് ശൈലി നിലനിറുത്തിക്കൊണ്ടുതന്നെ അതിൽനിന്നു വ്യത്യസ്തമായ ഒരു പുതിയ ശൈലി വികസിപ്പിച്ചെടുത്തു.
ആദ്യകാലഘട്ടത്തിലെ രചനകളിൽ പ്രധാനപ്പെട്ട ഒന്നാണ് യങ് സ്പാർട്ടൻ ഗേൾസ് ചലെഞ്ചിങ് സ്പാർട്ടൻ ബോയ്സ് (1860). ഇതിവൃത്തപരമായി നിയോ ക്ലാസിക് ആണെങ്കിലും മനുഷ്യരൂപത്തെക്കുറിച്ചുള്ള യഥാതഥ സങ്കല്പങ്ങളോട് ചായ്വു പ്രകടിപ്പിക്കുന്ന രചനാശൈലിയാണ് ഇതിലുള്ളത്. ഇക്കാലയളവിൽ നിരവധി ചരിത്രമുഹൂർത്തങ്ങൾ ചിത്രങ്ങളാക്കിയെങ്കിലും അവയൊന്നും അത്ര മികച്ചവയായില്ല. എടുത്തു പറയേണ്ടുന്ന മറ്റൊരു രചന ദ ബാലെ ഫാമിലി (1860-62) യാണ്.
1865 ആയപ്പോഴേക്കും ഇദ്ദേഹം ക്ലോഡ് മോണെ, സോള തുടങ്ങിയ ഇംപ്രഷനിസ്റ്റുകളുമായി സൗഹൃദത്തിലായി. ഛായാചിത്രങ്ങളായിരുന്നു ഇക്കാലത്തെ മികച്ച രചനകൾ. അവയിൽ ഹോർ ട്ടെൻസ് വാൽപിൻകോൺ (1869) അതിപ്രശസ്തമാണ്. 1870-കളിൽ ജാപ്പനീസ് രചനാശൈലി ഇദ്ദേഹത്തെ ഗണ്യമായി സ്വാധീനിച്ചു. ഫോട്ടോഗ്രാഫിയും മറ്റൊരു സ്വാധീനമായി. ഇക്കാലയളവിൽ നർത്തകിമാരുടേയും പ്രഭുക്കന്മാരുടേയും മറ്റും ചിത്രങ്ങളാണ് ഇദ്ദേഹം ധാരാളമായി വരച്ചത്. 1874-ൽ ഇദ്ദേഹം ഇംപ്രഷനിസ്റ്റ് പ്രദർശനത്തിൽ തന്റെ ചിത്രങ്ങളും ഉൾപ്പെടുത്തി. ഡാൻസിങ് ക്ലാസ്, ബാലെ റിഹേഴ്സൽ എന്നിവ അക്കൂട്ടത്തിലെ മികച്ച രചനകളാണ്. 1877-ലെ ആൾ ദ് സീ സൈഡ്, വുമൺ സീറ്റഡ് അറ്റ് എ കഫേ ടെറസ് എന്നീ ചിത്രങ്ങളും മധ്യകാലരചനകളിൽ ശ്രദ്ധേയമായവയാണ്.
1880-നു ശേഷമുള്ള അവസാനകാലഘട്ടത്തിൽ ചെറുചിത്രങ്ങൾ ധാരാളമായി വരയ്ക്കുന്ന പതിവാണ് ഇദ്ദേഹമവലംബിച്ചത്. ഡാൻസേഴ്സ് ഓൺ സ്റ്റേജ് എന്ന ചിത്ര പരമ്പര ഇക്കാലത്തു വരച്ചതാണ്. ദ് മില്ലെനെറി ഷോപ്പ് (1885), ദ് മോർണിങ് ബാത്ത് (1890) എന്നിവയാണ് അന്ത്യദിനങ്ങളിൽ രചിച്ച മാസ്റ്റർപീസുകൾ. വുമൺ അയണിങ് (1882), വുമൺ അറ്റ് ദെയർ ടോയ്ലറ്റ് (1885-98) തുടങ്ങിയവ സ്ത്രീയുടെ ഇരുപ്പും നടപ്പും കുളിയും ഉറക്കവുമെല്ലാം വിഷയമാക്കി രചിച്ച ചിത്രങ്ങളാണ്. ഇത്തരം നിരവധി ചിത്രങ്ങൾ ഇക്കാലത്തു രചിക്കപ്പെട്ടു.
1889 മുതൽ 92 വരെ ഇദ്ദേഹം ഫ്രാൻസിലൂടെ വ്യാപകമായൊരു പര്യടനം നടത്തി. ഇതിനിടയ്ക്ക് നാല്പതോളം പ്രകൃതി ദൃശ്യങ്ങളുടെ സ്കെച്ചുകൾ തയ്യാറാക്കി. അവയുടെ ഒരു പ്രദർശനം 1892 ഒ.-ൽ ഡുറാന്റ-റുവേലിൽ നടത്തി. ഇതായിരുന്നു ഡേഗാ ആദ്യമായും അവസാനമായും നടത്തിയ ഏകാംഗപ്രദർശനം.
വരയ്ക്കുക എന്നാൽ കാണുന്നതിനെ രേഖപ്പെടുത്തുകയല്ല, മറ്റൊരാൾ കാണേണ്ടതെന്താണെന്നതിനെ അടയാളപ്പെടുത്തുകയാണ് - എന്നതായിരുന്നു ഡേഗായുടെ മതം. അതുകൊണ്ട് നേർ വടിവുകളുടെ സുഖകരമായ സംഗീതമല്ല, സാങ്കല്പിക വടിവുകളുടെ അലോസരപ്പെടുത്തുന്ന ക്രമരാഹിത്യമാണ് ഇദ്ദേഹത്തിന്റെ രചനകളിൽ നിഴലിച്ചത്.
ഇദ്ദേഹം അവിവാഹിതനായാണ് ജീവിതകാലം കഴിച്ചുകൂട്ടി യത്. മുഴുവൻ സമയവും കലോപാസകനായി, കലയുമായി അഭിരമിച്ചു കഴിയുകയായിരുന്നു ഇദ്ദേഹത്തിനിഷ്ടം. 1890 കഴിഞ്ഞപ്പോൾ കാഴ്ച നന്നേ കുറഞ്ഞുവന്നു. 1898-നു ശേഷം ചിത്രരചന ഇദ്ദേഹത്തിനു സാധിക്കാതെയായി. 1917 സെപ്. 27-ന് ഡേഗാ അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.