From Wikipedia, the free encyclopedia
മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്നു പ്രൊഫ. എം.എൻ. വിജയൻ (ജനനം: 1930 ജൂൺ 8, മരണം: 2007 ഒക്ടോബർ 3)
M.N. VIJAYAN | |
---|---|
ജനനം | |
മരണം | ഒക്ടോബർ 3, 2007 77) | (പ്രായം
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
തൊഴിൽ | നിരൂപകൻ , പ്രൊഫസ്സർ |
ജീവിതപങ്കാളി(കൾ) | ശാരദ |
കുട്ടികൾ | വി.എസ്. അനിൽ കുമാർ, വി.എസ്. സുജാത, വി.എസ്. സുനിത |
മാതാപിതാക്ക(ൾ) | പതിയാശ്ശേരിൽ നാരായണമേനോൻ, മൂളിയിൽ കൊച്ചമ്മു അമ്മ |
1930 ജൂൺ 8-നു കൊടുങ്ങല്ലൂരിൽ ലോകമലേശ്വരത്ത് പതിയാശ്ശേരിൽ നാരായണമേനോന്റെയും മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി എം.എൻ. വിജയൻ ജനിച്ചു. പതിനെട്ടരയാളം എൽ.പി. സ്കൂളിലും കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂർത്തിയാക്കിയില്ല. മദിരാശി സർവ്വകലാശാലയിൽ നിന്ന് മലയാളം എം.എ. 1952-ൽ മദിരാശി ന്യൂ കോളെജിൽ അദ്ധ്യാപകനായി. 1959-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ അദ്ധ്യാപകനായി ചേർന്നു. 1960-ൽ തലശ്ശേരി ബ്രണ്ണൻ കോളെജിൽ മലയാളവിഭാഗം അദ്ധ്യാപകനായി ചേർന്നു. 1985-ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു.
ശാരദയാണ് ഭാര്യ. ചെറുകഥാകൃത്തും കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസസ് ഡയറക്ടറുമായ വി.എസ്. അനിൽകുമാർ, കേരള കാർഷിക സർവകലാശാലയിൽ റിസർച്ച് ഓഫീസറായ വി എസ് സുജാത, കൊച്ചിയിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥയായ വി എസ് സുനിത എന്നിവർ മക്കളാണ്.
കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു, അത്. എം.പി.ശങ്കുണ്ണിനായർ കണ്ണീർപാടത്തെക്കുറിച്ച് എഴുതിയ പഠനം മനഃശാസ്ത്രപരമായ സൂചനകൾ നല്കുന്നുണ്ടെങ്കിലും ആനൽ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മനഃശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകൻ എം.എൻ. വിജയനാണ്.മാർക്സിന്റെ സമൂഹ ചിന്തയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.കാളിദാസൻ, കുമാരനാശാൻ,ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ ,വൈലോപ്പിള്ളി, ബഷീർ എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്.
ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മനഃശാസ്ത്രവും എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു
ആദ്യ കാലത്ത് പൊതുപ്രവർത്തന രംഗത്ത് അത്ര സജീവമല്ലാതിരുന്ന വിജയൻ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ സഹയാത്രികനായിരുന്നു. തുടർന്ന് ഔദ്യോഗിക ചുമതലകൾ ഒഴിവായതിനു ശേഷം അദ്ദേഹം പു.ക.സ.യുമായി അടുത്ത് അതിന്റെ പ്രവർത്തകനാവുകയും പിന്നീട് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തു. സി. പി. ഐ. എം ന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം. മലപ്പുറം സമ്മേളനത്തിനു മുൻപ് ആ പാർട്ടിയിൽ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ "പാഠം" മാസികയുടെ [അവലംബം ആവശ്യമാണ്]പത്രാധിപ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ഏറ്റവും പരമപ്രധാനമായി അംഗീകരിക്കപ്പെടുന്ന അച്ചടക്കം [അവലംബം ആവശ്യമാണ്]ഒരു പാർട്ടി അംഗമല്ല എന്നതിനാൽ അദ്ദേഹത്തിന് ബാധകമല്ല എന്നു സാങ്കേതികമായി അംഗീകരിക്കാമെങ്കിലും[അവലംബം ആവശ്യമാണ്], സി.പി.ഐ.എം. മലപ്പുറം സമ്മേളനം കഴിയുന്നത് വരെ അദ്ദേഹം സി. പി. ഐ.എം. ൻറെ സാംസ്കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി തുടർന്നു. സമ്മേളനാനന്തരം അദ്ദേഹം ദേശാഭിമാനിയുടെ വാരികയുടെ പത്രാധിപ ചുമതല രാജിവക്കുകയും, "പാഠം" പത്രാധിപചുമതല തുടരുകയും അദ്ദേഹത്തിൻറെ പ്രവർത്തനത്തിലെ മൂന്നാം പർവ്വത്തിലേക്ക് കടക്കുകയും ചെയ്തു.
ഇടതുപക്ഷചിന്തകൻ എന്നാണ് എം.എൻ.വിജയനെ പൊതുവേ വിശേഷിപ്പിക്കുന്നത്. സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കൽ മാർക്സിസത്തിന്റേയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത നവീനമായ കാഴ്ചപ്പാടുകൾ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകൻ എന്ന് വിളിക്കപ്പെടാൻ കാരണം. റീഹിന്റെ ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാൽ സി.പി.ഐ.എം ഒരു വിപ്ലവ പാർട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണ് എന്ന ഇദ്ദേഹത്തിന്റെ വിലയിരുത്തൽ വിവാദമായി.[അവലംബം ആവശ്യമാണ്]
2007 ഒക്ടോബർ 3-ന് ഉച്ചയ്ക്ക് 12 മണിയോടെ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ വച്ച് വിജയൻ മാഷ് അന്തരിച്ചു. 77 വയസ്സായിരുന്നു അദ്ദേഹത്തിന്. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ ഒരു പത്രസമ്മേളനം നടത്തുന്നതിനിടയിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. കേൾക്കണമെങ്കിൽ ഈ ഭാഷ വേണം എന്നതായിരുന്നു അവസാനമായി പറഞ്ഞ വാചകങ്ങൾ. മൃതദേഹം പിറ്റേന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ കൊടുങ്ങല്ലൂർ ലോകമലേശ്വരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശാരദ 2017 ജൂലൈ 23-ന് അന്തരിച്ചു; ഇളയ മകളായ സുനിത 2021 മാർച്ച് 28-നും.
ചിതയിലെ വെളിച്ചം 1982-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി[1][2].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.