From Wikipedia, the free encyclopedia
വീടുകളിൽ കാണപ്പെടുന്ന പറക്കുന്ന ഷഡ്പദങ്ങളിൽ ഏറ്റവും സാധാരണയായ പ്രാണിയാണ് ഈച്ച. ഇതു കൂടതെ ,തേനീച്ച, മണിയനീച്ച എന്നിങ്ങനെ വിവിധ തരം ഈച്ചകളുണ്ട്. ശവത്തിൽ പോലും മുട്ടയിട്ട് പെറ്റുപെരുകുന്ന ഇനം ഈച്ചകളുണ്ട്. ഈച്ചകളാണ് മനുഷ്യരിൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന പരാദവും. ഇംഗ്ലീഷിൽ ഹൌസ് ഫ്ലൈ (House fly) എന്ന് വിളിക്കപ്പെടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ ആവാസ വ്യവസ്ഥയുള്ളതും ഈച്ചകൾക്കാണ്.
ഈച്ച Housefly | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Section: | Schizophora |
Family: | Muscidae |
Genus: | Musca |
Species: | M. domestica |
Binomial name | |
Musca domestica Linnaeus, 1758 | |
Subspecies | |
|
സാധാരണയായി , ഭക്ഷണം തേടി വീട്ടിനുള്ളിൽ വരുന്നത് ൩ ഇനങ്ങളാണ്.
സാധാരണ പ്രായപൂർത്തിയായ ഈച്ചകൾ 6–9 mm വരെ നീളമുണ്ടാവും. ഇവയുടെ നെഞ്ചിന്റെ മുകൾ ഭാഗം സാധാരണ ചാരനിറത്തിലായിരിക്കും. നാലു വരകൾ കറുത്ത നിറത്തിൽ പുറത്തുകാണാം. വയറിന്റെ അടിഭാഗം മഞ്ഞനിറത്തിലും ആയിരിക്കും. ശരീരം ആകെ രോമങ്ങൾ നിറഞ്ഞിരിക്കും. പെൺ ഈച്ചകൾക്കു ആൺ ഈച്ചകളേക്കാൾ അൽപ്പം വലിപ്പം കൂടുതൽ കാണും. അവയുടെ കണ്ണുകൾക്കും വലിപ്പം കൂടുതലായിരിക്കും.[1]
ഈച്ചയുടെ ശരീരത്തെ ശിരസ്സ് , വക്ഷസ്സ് , ഉദരം എന്നീ മൂന്നു ഭാഗങ്ങളായി തിരിക്കാം.
ശിരസ്സു / തലയ്ക്ക് അർധഗോളാകൃതിയാണുള്ളത്. തലയുടെ ഇരുവശത്തും ഓരോ സങ്കീർണ ചുവപ്നേത്രമുണ്ട്. ഉടലിനോടു താരതമ്യപ്പെടുത്തുമ്പോൾ ഈച്ചയുടെ നേത്രങ്ങൾ വളരെയധികം വലിപ്പമേറിയതാണ്. ഇത് ഈച്ചയുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. തലയുടെ മുന്നറ്റത്തായി ഒരു ജോഡി ശൃംഗിക (antenna) കാണപ്പെടുന്നു. ഈ ശൃംഗികകൾ മുമ്മൂന്നു ഖണ്ഡങ്ങൾ ചേർന്നാണ് രൂപമെടുത്തിരിക്കുന്നത്. ഇതിൽ അഗ്രഭാഗത്തായുള്ള ഖണ്ഡത്തിൽ സൂക്ഷ്മരോമങ്ങളുണ്ട്. തലയുടെ അടിഭാഗത്തായി അഗ്രഭാഗം തടിച്ച ചൂഷകാംഗം (sucker) ഉണ്ട്. ഈ ഭാഗത്തെ ലേബല്ലം (labellum) എന്നു പറയുന്നു. ദ്രവരൂപത്തിലുള്ള ആഹാരസാധനങ്ങളെ വലിച്ചെടുക്കാനായി ലേബല്ലം ഉപയോഗിക്കുന്നു. ആഹാരസാധനങ്ങളെ സ്വന്തം ഉമിനീരിൽ അലിയിച്ചശേഷമാണ് വലിച്ചെടുക്കുന്നത്. ഈ പ്രക്രിയ രോഗ പകർചക്കു കാരണം. [2]
വക്ഷസ്സ് / ഉടലിന് അണ്ഡാകൃതിയാണുള്ളത് ഇതിനടിയിലായി മൂന്നു ജോഡി കാലുണ്ട്. കാലിന്റെ അഗ്രഭാഗത്തായി ചെറിയ നഖങ്ങൾ പോലെയുള്ള ഘടന കാണപ്പെടുന്നു. ഓരോകാലിലും ഇത്തരം ഒരു ജോഡി ചെറിയ നഖങ്ങൾ വീതമുണ്ട്. നഖങ്ങൾക്കിടയിൽ സൂക്ഷ്മരോമങ്ങൾ കാണപ്പെടുന്നു. ചില സൂക്ഷ്മരോമങ്ങൾ പൊള്ള ആയതിനാൽ അവയ്ക്കുള്ളിൽ രോഗാണുക്കൾ കൂട്ടമായി കാണപ്പെടാറുണ്ട്. ഈ സൂക്ഷ്മരോമങ്ങൾക്ക് എപ്പോഴും നനവുണ്ടായിരിക്കും. ഒരു പ്രത്യേക ദ്രാവകത്തിന്റെ സാന്നിധ്യമാണ് ഇതിനു കാരണം. മിനുസമുള്ള പ്രതലങ്ങളിലൂടെയുള്ള ഈച്ചയുടെ ചലനങ്ങൾക്ക് ഈ ദ്രാവകം പ്രയോജനപ്പെടുന്നു. ശരീരം വെടിപ്പായി സൂക്ഷിക്കുന്നതിന് കാലിന്റെ അഗ്രഭാഗത്തുള്ള സൂക്ഷ്മരോമങ്ങൾ സഹായിക്കുന്നു.
ഉടലിന്റെ രണ്ടാം ഖണ്ഡത്തിൽ നിന്നാണ് ഒരു ജോഡി ചിറകുകൾ ഉദ്ഭവിക്കുന്നത്. ചിറകുകൾ ഏതാണ്ടു ത്രികോണാകൃതിയിലാണ്. അവ കട്ടികുറഞ്ഞതും സുതാര്യവുമാണ്. ചിറകുകൾക്ക് പിന്നിലായി ഒരു ജോഡി സ്പർശിനികൾ (halters)ഉണ്ട്. ഇവയാണ് പറക്കുമ്പോൾ സമതുലനാവസ്ത കാത്തുസൂക്ഷിക്കുന്നത്. വളരെ വേഗത്തിൽ പറക്കാൻ കഴിവുള്ള ജീവിയാണ് ഈച്ച. ഒരു സെക്കൻഡിൽ അത് നാനൂറിലേറെ പ്രാവശ്യം ചിറകുകൾ ചലിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
ഉദര ഖണ്ഡങ്ങളുടെ എണ്ണം പരിശോധിച്ച് ആൺ-പെണ്ണീച്ചകളെ തിരിച്ചറിയാൻ കഴിയും: ആണീച്ചക്ക് എട്ടും പെണ്ണിച്ചക്ക് ഒൻപതും ഖണ്ഡങ്ങൾ ഉണ്ട്.[3] വളർച്ചയെത്തിയ ഒരു പെൺ ഈച്ച 500 മുതൽ 2000 വരെ മുട്ടകളിടുന്നു. മനുഷ്യന്റെയും ജെന്തുക്കളുടെയും വിസർജ്യങ്ങൾ, സസ്യങ്ങളുടെയും ജീവികളുടെയും അഴുകുന്ന അവശിഷ്ടങ്ങൾ, ചപ്പു ചവറു കൂമ്പാരങ്ങൾ മുതലായവയിലാണ് ഈച്ച സാധാരണയായി മുട്ടയിടുന്നത്. അതായത്, അഴുകുന്ന എല്ലാ ജൈവ വസ്തുക്കളും ഈച്ച ഭക്ഷിക്കുകയും അവിടെത്തന്നെ മൂട്ട ഇട്ട് പെറ്റു പെരുകുകയും ചെയ്യും. മുട്ടയ്ക്ക് അണ്ഡാകൃതിയും വെള്ളനിറവും ആയിരിക്കും. സാധാരണയായി എട്ടു മണിക്കൂർ മുതൽ മൂന്നു ദിവസം വരെയാണ് മുട്ടവിരിഞ്ഞിറങ്ങാനുള്ള കാലയളവ്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കാലയളവിനു വ്യത്യാസം കണ്ടുവരുന്നു. അന്തരീക്ഷ താപനിലയുടെ വ്യത്യാസമാണ് ഇതിനു കാരണം. വിരിഞ്ഞിറങ്ങുന്ന ലാർവകളുടെ ശരീരം നീണ്ട്, ഉരുണ്ട്, തല വശം കൂർത്ത ആകൃതിയിൽ ഇരിക്കുന്നു. വിളറിയ മഞ്ഞനിറത്തോടുകൂടിയ ഈ ലാർവകളുടെ ശരീരത്തിന് പതിമൂന്നു ഖണ്ഡങ്ങളുണ്ട്; വികാസം പ്രാപിച്ച തലയും കാലുകളും ഇല്ല. എന്നാൽ ആറാംഖണ്ഡം മുതൽ ശരീരത്തിന്നടിഭാഗത്തായി തുഴകൾപോലെ സൂക്ഷ്മങ്ങളായ അവയവങ്ങളുണ്ട്; ലാർവയെ ഇഴയാൻ സഹായിക്കുന്നത് ഇവയാണ്. ചുറ്റുമുള്ള അഴുകുന്ന ജൈവ വസ്തുക്കൾ ആണ് ലാർവയുടെ ഭക്ഷണം. ലാർവ മൂന്നു പ്രാവശ്യം പടം പൊഴിച്ചശേഷം ഒരാഴ്ച്ചകൊണ്ട് വളർച്ചയെത്തുന്നു. മൂന്നാമത്തെ ഉറയൂരലിലൂടെ ലഭ്യമായ തൊലി ഉപയോഗിച്ച് ഒരു കവചമുണ്ടാക്കി സമാധിസ്ഥ ദശയിലേക്കു കടക്കുന്നു. ഈ സമയം അവ ഉറച്ച പ്രതലത്തിലേക്ക് കുടിയേറും. ഈ ഘട്ടത്തിൽ ഇതിനെ പ്യൂപ്പ (pupa) എന്നാണ് വിളിക്കുന്നത്. പ്യൂപ്പ ചലനരഹിതമാണ്. ഒരഴ്ചത്തെ സമാധിക്കുശേഷം കവചം പൊട്ടി പൂർണവളർച്ചയെത്തിയ് ഈച്ച പുറത്തുവരും. അനുകൂല സാഹചര്യങ്ങളിൽ ഒരാഴ്ചക്കുള്ളിൽ തന്നെ , മുട്ടയിൽ നിന്നും പൂർണ വളർച്ച എത്തിയ ഈച്ച ആയി അവസ്ഥാന്തരം പ്രാപിക്കും[4]
മസ്ക (Musca) ജീനസിൽപെട്ട ഏതാണ്ട് 80-ഓളം സ്പീഷീസുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറിയപ്പെട്ടിട്ടുണ്ട്. ഇതിൽ മിക്കവയുടെയും സ്വഭാവവിശേഷങ്ങൾ മസ്ക ഡൊമസ്റ്റിക്ക എന്ന വീട്ടീച്ചയുടേതുതന്നെ. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന മസ്ക വിസിന (M. vicina) സ്പീഷിസിലെ ആൺ ഈച്ചകളുടെ ശരീരത്തിന്റെ മുൻഭാഗം അല്പം കൂർത്തിരിക്കും. ആഫ്രിക്കയിലും പസഫിക്ക് ദ്വീപുകളിലും ഉള്ളത് മസ്ക സോർബൻസ (M. sorbens) സ്പീഷീസാണ്. ആസ്ട്രേലിയൻ സ്പീഷീസ് മസ്ക വെറ്റുസ്റ്റിസ്സിമ (M. vetustissima) എന്ന പേരിൽ അറിയപ്പെടുന്നു.[5]
മസ്ക സ്പീഷീസുമായി ബന്ധമുള്ള മസ്കീന സ്റ്റാബുലൻസ് (Muscina stabulans) എന്നയിനം ഈച്ച വീടുകളിലും കടന്നുപറ്റാറുണ്ട്. സ്റ്റൊമോക്സിസ് കാൽസിട്രൻസ് (Stomoxys calcitrans) എന്നയിനം വീട്ടീച്ച് മനുഷ്യരെ കുത്തി മുറിവേല്പിക്കാറുണ്ട്. പോളിയോമൈലൈറ്റീസ് (പിള്ളവാതം) രോഗാണുക്കളുടെ വാഹകരാണ് ഈയിനം ഈച്ചകൾ എന്നു കരുതപ്പെടുന്നു. കന്നുകാലികളുടെ കൊമ്പിന്റെ അടിഭാഗത്തായി കൂട്ടം കൂടിയിരുന്നു ശല്യംചെയ്യുന്ന ഇനം ഈച്ച ഹീമറ്റോബിയ സ്റ്റിമുലൻസ (Haematobia stimulans) സ്പീഷീസിൽ പെട്ടവയാണ്.[6]
വെള്ളത്തിൽ കൂടിയും ,ആഹാര പദാർത്ഥങ്ങളിൽ കൂടിയും പകരുന്ന വിവിധയിനം രോഗങ്ങളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് ഈച്ചകൾക്കുണ്ട്. വയറിളക്കം , പിള്ളവാതം,ടൈഫോയ്ഡ്, അതിസാരം, കോളറ,വയറുകടി , മഞ്ഞപ്പിത്തം (Hepatits A), ആന്ത്രാക്സ്, ക്ഷയം, കഞ്ജങ്ക്റ്റീവൈറ്റിസ് (കണ്ണുരോഗം) എന്നിവയുടെ രോഗാണുക്കൾ, ചില വിരകളുടെ മുട്ടകൾ എന്നിവ ഈച്ചകൾ വഴിയാണ് വ്യാപിക്കുന്നത്. നിരുപദ്രവികളെന്ന് ഒരു കാലത്ത് കണക്കാക്കിയിരുന്ന ഈച്ചകൾക്ക് രോഗം പകർത്തുന്നതിൽ പങ്കുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞത് സൂക്ഷ്മദർശിയുടെ ആവിർഭാവത്തോടെയാണ്. ഈച്ചയുടെ ശരീരവും കാലുകളും രോമാവൃതമാണ്.[7] കാലിന്റെ അഗ്രത്തുള്ള ഉരുണ്ട മൃദുവസ്തുവും (pulvillus),അതിനു നടുവിലുള്ള പൊള്ള ആയ രോമവും (empodium) ,അതിനോടു ബന്ധപ്പെട്ടുകാണുന്ന ഒട്ടുന്ന ഒരു ദ്രാവകവും രോഗാണുക്കളെ യാന്ത്രികമായി (mechanical ) പരത്താൻ സഹായിക്കുന്നു. ഈച്ച ആഹാരസാധനങ്ങളിൽ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഈച്ചയുടെ ശര്ദി-വിസർജ്യങ്ങളിലുടെയും രോഗവ്യാപനം സാധാരണമാണ് . ഇവയ്ക്ക് രോഗാണുക്കളെ വ്യാപിപ്പിക്കുന്നതിനുള്ള കഴിവിനെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഒരു സംഘം ഗവേഷകർ എട്ട് ഈച്ചകളെ പിടിച്ച് അവയിൽ രോഗാണുക്കളെ പ്രവേശിപ്പിച്ച ശേഷം രോഗാണു വിമുക്തമായ ആഹാരപദാർഥത്തിലേക്കു വിട്ടു. 15 മിന്നിറ്റിനുള്ളിൽ 7000 രോഗാണുക്കൾ ആഹാരപദാർഥത്തിൽ നിന്നും ലഭ്യമായി. അഞ്ചുമണിക്കൂറു കഴിഞ്ഞപ്പോൾ ഈ സംഖ്യ 35 ലക്ഷമായി ഉയർന്നു. ഈച്ചകൾ അവയുടെ കാലുകൾ വഴിമാത്രമല്ല രോഗാണുക്കളെ പരത്തുന്നത്. ആഹാരപദാർഥങ്ങൾ ശേഖരിക്കുന്ന ഒരു സഞ്ചി മിക്ക ഈച്ചകളുടെ ശരീരത്തിലും കാണാറുണ്ട്. വായിക്കടുത്തുള്ള ഈ സഞ്ചിയിൽ നിന്ന് പിന്നീട് ആഹാരപദാർഥത്തെ ഉദരത്തിലേക്ക് മാറ്റുന്നു. ഈ പ്രക്രിയയിൽ രോഗണുസമ്മിശ്രമായ അല്പം ആഹാരപദാർഥത്തെ വെളിയിൽ തള്ളുന്നു. ഇതുവഴിയും രോഗങ്ങൾ വ്യാപിക്കാറുണ്ടെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു.[8] ഈച്ചകളുടെ സാന്നിദ്ധ്യം, ആ സ്ഥലത്തെ മോശപ്പെട്ട മാലിന്യ സംസ്കരണത്തെയും ജനങ്ങളുടെ ശുചിത്വ രാഹിത്യത്തെയും ആണ് സൂചിപ്പിക്കുന്നത് . അത് വഴി രോഗ വ്യാപനത്തിനുള്ള വർദ്ധിച്ച സാദ്ധ്യതയും.
ഈച്ചകളോടുള്ള അമിതമായ ഭയത്തിനു പറയുന്ന പേരാണ് എപ്പിഫോബിയ.
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഈച്ചകളെ പാടെ നിയന്ത്രിക്കാം. ഇവയുടെ പ്രത്യുത്പാദനം, അഴുകുന്ന ജൈവ വസ്തുക്കളിൽ ആണു.(decomposing organic materials) . സാനിട്ടരി കക്കുസുകളുടെ ഉപയൊഗവും നല്ല മാലിന്യ സംസകരണ രീതികളും ഈച്ചയുടെ വർദ്ധന തടയും ആഹാരസാധനങ്ങൾ മൂടിവയ്ക്കുകവഴി ഈച്ചശല്ല്യം ഒരു പരിധിവരെ ഒഴിവാക്കാം. കർപ്പൂരം വെളിച്ചെണ്ണയിൽ ചാലിച്ച് ചെറിയൊരു പാത്രത്തിലാക്കി ഈച്ച ശല്യമുള്ളയിടത്തു വച്ചാൽ ആ പരിസരത്ത് ഈച്ച വരില്ല. കീടനാശിനികളും ഇപ്പോൾ ലഭ്യമാണ്;ഡി. ഡി. റ്റി., ബി. എച്ച്. സി., ഡയൽഡ്രിൽ, ക്ലോർഡേൻ, ഡയാസിനോൻ തുടങ്ങിയ കീടനാശിനികൾ ഉപയോഗിച്ച് ഈച്ചകളെ നിയന്ത്രിക്കാം. പക്ഷെ മിക്ക കീടനാശിനികൾക്കുമെതിരെ ഈച്ചകൾ പ്രതിരോധം നേടിക്കൊണ്ടിരിക്കുകയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.