കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിൽ കടൽത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി (18 മീ) ഉയരമുള്ള ശ്രീ പരമേശ്വരന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള മനോഹരമായ ശിൽപ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം.[1] കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്. ജാതിമത ഭേദമന്യേ വിശ്വാസികളായ എല്ലാവർക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.[2][3]
ആഴിമല ശിവ ക്ഷേത്രം | |
---|---|
പേരുകൾ | |
മറ്റു പേരുകൾ: | പുളിങ്കുടി മഹാദേവ ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തിരുവനന്തപുരം |
സ്ഥാനം: | പുളിങ്കുടി |
ഉയരം: | 22 മീ (72 അടി) |
നിർദേശാങ്കം: | 8°21′25″N 77°00′40″E |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ |
പ്രധാന ഉത്സവങ്ങൾ: |
|
വാസ്തുശൈലി: | ദ്രാവിഡ വാസ്തുവിദ്യ |
ഭരണം: | ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് |
സ്ഥാനം
തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം-പൂവാർ പാതയിൽ നിന്നും 0.8 കി.മീ (0.50 മൈ) മാറി കടൽത്തീരത്തോട് ചേർന്നുള്ള പാറക്കെട്ടിന് സമീപമാണ് ക്ഷേത്രം നിലകൊള്ളുന്നത്.[4]
ക്ഷേത്ര ഭരണം
ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതല.[2] വാർഷിക ഉത്സവം സംഘടിപ്പിക്കുന്നതും ക്ഷേത്ര കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ഈ ട്രസ്റ്റാണ്.
വാസ്തുവിദ്യ
ക്ഷേത്രത്തിന്റെ വാസ്തുശൈലി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുമായി വളരെ സാമ്യമുള്ളതാണ്. ക്ഷേത്ര കവാടവും ഗോപുരങ്ങളും ഗണപതി, മഹാവിഷ്ണു, മുരുകൻ, അയ്യപ്പൻ, ഹനുമാൻ തുടങ്ങിയ വിവിധ ഹൈന്ദവ ദേവതകളുടെ വർണ്ണാഭമായ ശിൽപ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. പ്രധാന പ്രതിഷ്ഠയായ ശിവന്റെയും മറ്റ് ഉപദേവതകളുടെയും ശ്രീകോവിലുകൾ മനോഹരമായ കൊത്തുപണികൾ, ചുമർചിത്രങ്ങൾ എന്നിവയാൽ കമനീയമായി അലങ്കരിച്ചിരിക്കുന്നു.[5]
ഗംഗാധരേശ്വര ശിൽപ്പം
58 അടി (18 മീ) ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള കോൺക്രീറ്റ് ശിൽപ്പം സ്ഥാപിച്ചതിന് ശേഷമാണ് ക്ഷേത്രം കൂടുതൽ പ്രസിദ്ധി നേടിയത്.[6] ആഴിമല സ്വദേശിയായ പി.എസ്. ദേവദത്തൻ എന്ന ആളാണ് ഇതിന്റെ ശിൽപ്പി.[7][8] 2014 ൽ ആണ് ശിൽപ്പത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2020 ഓടെ നിർമ്മാണം പൂർത്തിയാക്കി അതേ വർഷം ഡിസംബർ 31 ന് ശിൽപ്പം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.[9][10]
ഗംഗാദേവിയെ ജടയിൽ നിന്നും മോചിപ്പിക്കുന്ന ചതുർഭുജങ്ങളോട് കൂടിയ ശിവനെയാണ് ശിൽപ്പം ചിത്രീകരിക്കുന്നത്.[11] ശിൽപ്പത്തിന്റെ പിന്നിലെ വലത് കൈയിൽ ഡമരുവും, മുൻ വലത് കൈ വലത് തുടയിലും, പിന്നിലെ ഇടത് കൈയിൽ ത്രിശൂലവും, മുൻ ഇടതു കൈ ജടയ്ക്കുള്ളിലൂടെ ഉയർത്തിയ നിലയിലുമാണ്. 20 അടി (6.1 മീ) ഉയരമുള്ള ഒരു പാറയിലാണ് ഈ ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്. കടലിനോട് വളരെ ചേർന്നുള്ളതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപ്പന. ശിവരൂപത്തിന് താഴെ മൂന്ന് നിലകളിലായി 3500 ചതുരശ്ര അടി വിസ്‌തീർണമുള്ള ധ്യാനമണ്ഡപവും നിർമിക്കുന്നുണ്ട്.
ഗുഹാസമാനമായ മണ്ഡപത്തിലേക്ക് ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തെ ചെറിയ കവാടത്തിലൂടെ 27 പടികൾ കടന്നാണ് പ്രവേശിക്കുന്നത്. മണ്ഡപത്തിൽ ശിവൻറെ ശയന ശിൽപ്പം, അർദ്ധനാരീശ്വര ശിൽപ്പം, ഒമ്പത് നാട്യഭാവങ്ങൾ, ശിവരൂപത്തിനെ താങ്ങിനിൽക്കുന്ന തൂണുകളിൽ ശിവചരിതം പറയുന്ന ശിൽപ്പങ്ങൾ എന്നിവയും കൊത്തിവെച്ചിട്ടുണ്ട്.
പ്രതിമ നിൽക്കുന്ന സ്ഥലത്ത് യോഗികൾ തപസ്സിരുന്നുവെന്നാണ് ഐതിഹ്യം. പഞ്ചപാണ്ഡവൻമാർ വനവാസ കാലത്ത് ഇവിടെ വന്നതായും ഐതിഹ്യമുണ്ട്. ശ്രീനാരായണ ഗുരുവിൻറെ നിർദേശാനുസരണമാണ് ഇവിടെ ക്ഷേത്രം സ്ഥാപിക്കുന്നത്. ആയിരക്കണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് ആഴിമലയിലേക്ക് എത്തുന്നത്. ഇതോടെയാണ് സംസ്ഥാന ടൂറിസം വകുപ്പിൻറെ പിൽഗ്രിം ടൂറിസം സർക്യൂട്ടിലേക്ക് ആഴിമലയെ കൂടി സർക്കാർ ഉൾപ്പെടുത്തി .[12][13]
പ്രതിഷ്ഠകൾ
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ഗണപതിയും ശ്രീ പാർവതിയുമാണ് ഉപദേവതകൾ.[14] ഭഗവാനെ ആരാധിച്ചു ഇവിടെ പ്രതിഷ്ഠിച്ച യോഗീശ്വരന് ഒരു ചെറിയ ശ്രീകോവിലുമുണ്ട്.
ഉത്സവങ്ങൾ
മലയാള മാസമായ മകരത്തിലാണ് (ജനുവരി-ഫെബ്രുവരി) ക്ഷേത്രത്തിലെ വാർഷിക ഉത്സവം നടക്കുന്നത്. ധനുമാസത്തിലെ തിരുവാതിര, മഹാശിവരാത്രി, പ്രദോഷ ശനിയാഴ്ച, പാർവതി പ്രധാനമായ നവരാത്രി, തൃക്കാർത്തിക എന്നിവയാണ് മറ്റ് വിശേഷ ദിവസങ്ങൾ.[15] വിദൂരസ്ഥലങ്ങളിൽ നിന്നും ധാരാളം ഭക്തർ വിശേഷ അവസരങ്ങളിൽ ക്ഷേത്രദർശനത്തിന് എത്തിച്ചേരുന്നു. ചൊവ്വാഴ്ചയാണ് സാധാരണയായി ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസം.
പ്രധാന ദിവസങ്ങൾ
ശിവപ്രധാനമായ ഞായർ, തിങ്കൾ, പ്രദോഷ ശനിയാഴ്ച, ജന്മ നക്ഷത്ര ദിവസം, മലയാളം-ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി, പാർവതി പ്രധാനമായ തിങ്കൾ, ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി ദിവസങ്ങൾ ദർശനത്തിന് പ്രധാനമാണ്.[2]
പൂജകൾ, വഴിപാടുകൾ
ഉദയാസ്തമയ പൂജ, പ്രദോഷ പൂജ, ഉമാമഹേശ്വരപൂജ, ദിവസ പൂജ, സ്വയംവര പുഷ്‌പാഞ്‌ജലി, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ അർച്ചന, ആയുർസൂക്ത പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, കൂവളഹാര സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന വഴിപാടുകൾ.
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.