Remove ads

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന കണ്ണാടികളിൽ നിന്ന് വ്യത്യസ്തമായി ചില്ലിന് പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് [1]. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് [1]. മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ ചില്ലുകണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.

കണ്ണാടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണാടി (വിവക്ഷകൾ) എന്ന താൾ കാണുക. കണ്ണാടി (വിവക്ഷകൾ)
Thumb
ആറന്മുള കണ്ണാടി

ജൂലൈ 2011 വരെ ഇന്ത്യയിൽ ഏകദേശം 153 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശ സൂചിക ബഹുമതി(Geographical Indication tag)ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും, നവര അരിയും പാലക്കാടൻ മട്ടയും ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു[2]

ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും കേരളത്തിൽ നിന്നുള്ള ആറന്മുളക്കണ്ണാടി സ്ഥാനംപിടിച്ചിട്ടുണ്ട്.

Remove ads

ചരിത്രം

പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിർത്തുമ്പോൾ,ഏതാണ്ട് നാല് ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ആറന്മുളക്കണ്ണാടി. ബി.സി.2000 - മാണ്ടിൽ ഇറ്റലിയിലും, ബി.സി.3000-മാണ്ടിൽ ഗ്രീസിലും, പ്രചുരപ്രചാരം നേടിയിട്ടുള്ളതും, ഇന്നേക്ക് 500 കൊല്ലങ്ങൾക്കു മുൻപ് പശ്ചിമ ഇന്ത്യയിൽ നിലവിലിരുന്നതും,ഹാരപ്പ-മോഹഞ്ജ്ദാരോയിൽ നിന്നും 1922-ൽ കുഴിച്ചെടുക്കപ്പെടുകയും ചെയ്തതുമായ ലോഹക്കണ്ണാടികളുമായി ആറന്മുളകണ്ണാടിയ്ക്ക് പരസ്പരബന്ധമുള്ളതായി കാണുന്നു. ദൈവിക കാലത്തെ സുന്ദരിമാരുടെ സുഖഭോഗവസ്തുക്കളിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്ന ലോഹകണ്ണാടികൾ സപാതസിന്ധുവിൽ നിലനിന്നിരുന്നതും ദക്ഷിണേന്ത്യയിൽ എത്തിച്ചേർന്നതുമാണ്‌.

4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കഥകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കഥ ഇങ്ങനെ പറയപ്പെടുന്നു. / ഏകദേശം ശതാബ്ദങ്ങൾക്കു മുൻപ് ആറന്മുളക്ഷേത്രത്തിന്റെ നിർമ്മാണ പ്രക്രിയകൾക്കും ക്ഷേത്രത്തിലെ ദിവസവുമുള്ള മറ്റു കാര്യങ്ങൾക്കും വേണ്ടിയുള്ള പൂജാവിളക്കുകൾ,പൂജാപാത്രങ്ങൾ, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വേണ്ടി തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ എന്ന സ്ഥലത്തുനിന്നും ഏതാനും വിശ്വകർമ കുടുംബങ്ങളെ ആറന്മുളയിൽ വിളിച്ചുവരുത്തി താമസസൗകര്യം അടക്കം എല്ലാ ആനുകൂല്യവും അവർക്കു നൽകി. കാലക്രമേണ ജോലിയിൽ അലസരായി തീർന്ന ഇവരിൽ രാജാവിനു നീരസം തോന്നുകയും , അവർക്കു നൽകിപ്പോന്നിരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുകയും ചെയ്തു. രാജാവിനെ പ്രീതിപ്പെടുത്താൻ വേണ്ടി ഒരു കിരീടം നിർമ്മിച്ച് അദ്ദേഹത്തിന്‌ നൽകുവാൻ അവർ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികൾ നടത്തുമ്പോൾ അതിന്‌ പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീടുള്ള നിരന്തരമായ പ്രയത്നത്താലും തിരുവാറന്മുളയപ്പന്റെ കാരുണ്യത്താലും കണ്ണാടി നിർമ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യേക നിർദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂർ മഹാരാജാവിന്‌ ഉപഹാരമായി ഒരു കണ്ണാടി നിർമ്മിച്ചു നൽകി. ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്. പിന്നീട് വാൽക്കണ്ണാടിയുടെ രൂപത്തിൽ ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളിൽ ഒന്നായി അഷ്ടമംഗല്യത്തിൽ വാൽക്കണ്ണാടി ഉപയോഗിച്ചു വരുന്നു.

Thumb
ആറന്മുള കണ്ണാടി അഷ്ടമംഗല്യ തട്ടിൽ
Thumb
ആറന്മുള കണ്ണാടി പൂർണ്ണതയ്ക്ക് മുൻപ്
Thumb
ആറന്മുള കണ്ണാടി പൂർണ്ണതയ്ക്ക് മുൻപ്
Remove ads

ആറന്മുള കണ്ണാടിയുടെ നിർമ്മാണ രീതി

മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സംബ്രദായമാണ് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ [3] കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു. ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഇന്ന് ഏഴു കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശനമേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു. വൈദിക കാലത്തെ ലോഹകണ്ണാടിയുടെ ഋഗ്വേദത്തിലെ പരാമർശം വളരെ ശ്രദ്ധേയമാണു. ഋഗ്വേദത്തിൽ വിവരിക്കുന്ന ഈ ലോഹകണ്ണാടിയെ പ്രൊഫസ്സർ മാക്ഡോണൽ കണ്ണാടിയായി ഉപയോഗിക്കുന്ന മിനുസപ്പെടുത്തിയ ലോഹം എന്നാണ്‌ വിവരിച്ചിരുന്നത്. ഈജിപ്റ്റിൽ ഇത്തരം കണ്ണാടി പ്രചാരത്തിലുണ്ടായിരുന്നു. സിന്ധു തടത്തിലെ മാഹി എന്ന സ്ഥലത്തുള്ള ശവക്കല്ലറയിൽ നിന്നും ലഭിച്ച ലോഹകണ്ണാടി കരകൗശല വൈദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്‌. 1920-ൽ നോവലീഷസ്(ഫിലിപ്പെൻസ്) എന്ന സ്ഥലത്തു നിന്നും കണ്ടെടുത്ത ലോഹകണ്ണാടികൾ ക്രിസ്താബ്ദ്ത്തിനു മുൻപ് ഭാരതത്തിൽ ദീർഘകാലം നില നിന്നിരുന്ന കച്ചവട ബന്ധത്തിനിടയിൽ അവിടെ എത്തിയതാണെന്ന് പുരാവസ്തു ഗവേഷകനായ ബേയർ പറയുന്നു. ഭാരതത്തിൽ ലോഹകണ്ണാടികൾ ഉപയോഗത്തിലിരുന്നു എന്നതിന്റെ തെളിവുകളാണിവ.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഇതും കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads