ആംഗ്ലോ-ഇന്ത്യൻ സമൂഹം
From Wikipedia, the free encyclopedia
യൂറോപ്യൻ വംശജരുടെ ഇന്ത്യയിലെ പിന്മുറക്കാരാണ് ആംഗ്ലോ-ഇന്ത്യക്കാർ എന്നറിയപ്പെടുന്നത്. [1] യൂറോപ്യൻ വംശജർക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണവർ. അതുകൊണ്ട് ഇവർ ഒരു സങ്കരവർഗ്ഗമാണ്. കേരളത്തിലും, ഗോവയിലും, മാംഗളൂരുമാണ് ആംഗ്ലോ ഇന്ത്യക്കാർ കൂടുതലായി വസിക്കുന്നത്. പോർത്തുഗീസ്,ഡച്ച്, ഇംഗ്ലീഷ്, ജർമ്മൻ, സ്വിസ്സ്, ഇറ്റാലിയൻ, ഓസ്ട്രിയൻ വംശജരുടെ പിന്മുറക്കാരാണ് ഇവർ.കേരളത്തിൽ നൂറ്റാണ്ടുകളായി വസിക്കുന്ന ആംഗ്ലോ-ഇന്ത്യക്കാർ കേരള സംസ്കാരത്തിനും കേരളീയർക്കും ഒട്ടേറേ സംഭാവനകൾ നൽകിയിട്ടുണ്ട്. സാംസ്കാരികമായ വിനിമയവും സമന്വയവും സംഭവിച്ചിട്ടുണ്ടെങ്കിലും ആംഗ്ലോ-ഇന്ത്യൻ സമൂഹത്തെ കേരളീയര്ക്കു പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ജനിച്ചു വളർന്ന ഈ മണ്ണിൽ അവരിന്നും അന്യരായിട്ടാണ് ജീവിക്കുന്നത്. ഇന്ത്യയിലെ മിക്കയിടങ്ങളിലും വസിക്കുന്ന അവർ ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടതോടെ അസ്തിത്വം നഷ്ടപ്പെട്ട ജനതയെപ്പോലെയായിരിക്കുന്നു. ശരിയായ സംജ്ഞ യൂറേഷ്യൻ എന്നാണ് എങ്കിലും ആംഗ്ലോ-ഇന്ത്യൻ എന്ന നാമമാണ് സാർവ്വത്രികമായി ഉപയോഗിച്ചുവരുന്നത്. യൂറേഷ്യർ എന്ന പദത്തിനു പകരം ആംഗ്ലോ-ഇന്ത്യൻസ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് 1840-ൽ ബ്രിട്ടീഷുകാരാണ്.
ചരിത്രം
1498-ൽ വാസ്കോ ഡ ഗാമ കേരളത്തിലെത്തിയതാണ് ആംഗ്ലോ ഇന്ത്യക്കാരുടെ ഇന്ത്യയിലെ ചരിത്രത്തിന്റെ തുടക്കം. ആ വർഷം ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ വഴിത്തിരിവുകളിലൊന്നാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളുടെ സമന്വയമായ പുതിയ സങ്കരവർഗ്ഗം അതോടെ കേരളത്തിലും ഗോവയിലും ഉടലെടുത്തു. പോർട്ടുഗീസുകാരെത്തുടർന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് വംശജരും ഇന്ത്യയിലെത്തി. ഇവര്ക്കൊപ്പം ജർമ്മൻ, സ്വീസ്സ്, ഇറ്റാലിയൻ വംശജരും കുറഞ്ഞ അളവിലെങ്കിലും കേരളത്തിലെത്തിയിരുന്നു. [2]
മലയാളികളുടെ ജാതി വിവരിക്കുന്നതിൽ കേരളോല്പത്തി ഗ്രന്ഥം ചട്ടത്തിപ്പിക്കാർ എന്ന ഒരു വിഭാഗത്തെപ്പറ്റിയും പറയുന്നുണ്ട്. കുടിയേറ്റ വ്യാപാരികളെന്നാണ് വിവരണം. പറങ്കി, ലന്ത, പരിന്തിരിസ്, ഇങ്കിരിസ് എന്നിങ്ങനെ നാലു ജാതിക്കാരാണ് ഇതെന്നും പറയുന്നുണ്ട്. പറങ്കികള് പോർച്ചുഗീസുകാരും, ലന്തക്കാർ ഡച്ചുകാരും പരിന്തിരിസ് ഫ്രഞ്ചുകാരും ഇങ്കിരീസ് ഇംഗ്ലീഷുകാരുമാണ്. കേരളത്തിലെത്തിയ പോർച്ച്ഗീസുകാരെ പറങ്കികൾ എന്നു വിളിച്ചത് അറബികളാണ്. വിദേശികൾ എന്നർത്ഥത്തിലാണ് ആ പദം ഉപയോഗിച്ചത്. അന്നുവരെ വ്യാപാരത്തിന്റെ കുത്തക അവർക്കായിരുന്നതും അവർ നാട്ടുകാരുമായി ഇടപഴക്കിക്കഴിഞ്ഞിരുന്നതും പോർച്ചുഗീസുകാരെ വിദേശികൾ എന്ന് വിളിക്കാൻ അവരെ പ്രേരിപ്പിച്ചിരുന്നിരിക്കാം. എന്നാൽ ഈ പദം രണ്ടാം കിട ആംഗ്ലോ-ഇന്ത്യാക്കാരെ കുറിക്കാനാണെന്ന് ഇംഗ്ലീഷുകാർ വരുത്തിത്തീർക്കുകയായിരുന്നു. ഇന്ത്യക്കാരെ വിവാഹം ചെയ്ത ഡച്ചുകാരെ വാലൻഡസ് എന്നാണ് ആദ്യകാലങ്ങളിൽ വിളിച്ചിരുന്നത്. പോർച്ചുഗീസുകാരും ഡച്ചുകാരും ഉൾപ്പെടുന്ന വിദേശികളെ കേരളത്തിനു പുറത്ത് ഈസ്റ്റ് ഇന്ത്യൻസ് എന്നു വിളിച്ചിരുന്നു. എന്നാൽ അവരിൽ ചിലർ ഏഷ്യക്കാരെ വിവാഹം ചെയ്തതു മുതൽ യുറേഷ്യൻ എന്ന് വിളിക്കാനാരംഭിച്ചു. ഈ പേരിട്ടത് ഹേസ്റ്റിംഗ്സ് പ്രഭുവാണ്.
ഇംഗ്ലീഷുകാര് പറങ്കികളുടെയും ഡച്ചുകാരുടേയും പിന്മുറക്കാരെ വിവാഹം ചെയ്തു എങ്കിലും ചരിത്രം അവർക്ക് യോജിച്ച രീതിയിൽ എഴുതപ്പെടുന്നതിനു വേണ്ടിയാണ് ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന ഹാർഡിംഗ് പ്രഭു സങ്കരവർഗ്ഗക്കാരെ സൂചിപ്പിക്കാൻ ആംഗ്ലോ-ഇന്ത്യൻ പദം ഉപയോഗിക്കാന് ശുപാർശ ചെയ്തത്.
ആംഗ്ലോ-ഇന്ത്യൻ പദം സ്വീകരിച്ചെങ്കിലും ഭൂരിപക്ഷം പേരും പോർച്ചുഗീസ് ഭാഷ മാത്രം കൈകാര്യം ചെയ്തിരുന്നവരായിരുന്നു. ഇംഗ്ലീഷ് ഭാഷ അവർക്ക് വശമില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് കേരളത്തിൽ വന്ന ഇംഗ്ലീഷുകാർ പ്രധാന പട്ടണങ്ങളിൽ ആംഗ്ലോ-ഇന്ത്യൻ വിദ്യാലയങ്ങൾ സ്ഥാപിച്ച് അവരെയെല്ലാം ഇംഗ്ലീഷ് പഠിപ്പിച്ചത്.
മെസ്റ്റിസിസുകൾ
പോർച്ചുഗീസുകാർ മെസ്റ്റിസിസ് എന്ന പൊതുനാമത്തിലും അറിയപ്പെട്ടിരുന്നു, മെസ്റ്റിക്കോ എന്ന പോർച്ചുഗീസ് പദത്തിൽ നിന്നാണ് ഇത് രൂപം കൊണ്ടത്. മിശ്രവിവാഹം കൊണ്ടവർ എന്നായിരുന്നു പദത്തിന്റെ സൂചനാർത്ഥം. (തെക്കേ അമേരിക്കയിലും വെസ്റ്റിൻഡീസിലും ആദിവാസികളും പോർച്ചുഗീസുകാരും തമ്മിലുണ്ടായ സങ്കരവർഗ്ഗത്തെ മെസ്റ്റിസിസ് എന്ന് വിളിക്കുന്നുണ്ട്) മിശ്രവിവാഹം ചെയ്ത പോർച്ചുഗീസുകാരെയാണെങ്കിൽ ലൂസോ-ഇന്ത്യക്കാർ എന്നും വിളിച്ചിരുന്നു.
ടോപാസികൾ
പോർച്ചുഗീസുകാരെ കീഴടക്കിയ ഡച്ചുകാരെയാണ് ടോപാസികൾ എന്ന് വിളിച്ചിരുന്നത്. യൂറോപ്യന്മാർക്കും ഇന്ത്യക്കാർക്കും ഇടയിൽ ദ്വിഭാഷികളായി പ്രവർത്തിച്ചിരുന്നതിനാലാണ് ഈ പേര് വന്നതെന്ന് ചിലർ കരുതുന്നു. ഡച്ച് ഗവർണ്ണരായിരുന്ന വാൻ റീഡാണ് ആദ്യമായി ഈ പദം ഉപയോഗിച്ചുകാണുന്നത്. പോർച്ചുഗീസുകാലത്തു ടോപാസി എന്ന പദം ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ പുന്നൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ചട്ടക്കാർ
ഡച്ചുകാരെ ലന്തക്കാർ (ഹോലന്ത, ഹോളണ്ട്) എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. കാലിൽനീണ്ട കുപ്പായം(ട്രൗസർ) ധരിക്കുന്നവെന്ന അർത്ഥത്തിൽ അവരെ ചട്ടക്കാരെന്നും തദ്ദേശീയർ വിളിച്ചുവന്നു. പിന്നീട് ആംഗ്ലോ-ഇന്ത്യക്കാരെ പൊതുവെ ചട്ടക്കാർ എന്ന് വിളിക്കാൻ തുടങ്ങി
ഭരണഘടനയിൽ
ബ്രിട്ടീഷുകാരുടെ കാലത്ത് സർക്കാർ സർവ്വീസിൽ ആംഗ്ലോ-ഇന്ത്യാക്കാർക്കു ജോലിയിൽ മുൻഗണന ഉണ്ടായിരുന്നു. റെയിൽവേ, കമ്പിത്തപാൽ, പ്രതിരോധം തൂടങ്ങി പല തുറകളിലും അവർക്കു ജോലി നൽകിയിരുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.