Remove ads
From Wikipedia, the free encyclopedia
പദാർഥങ്ങളുടെ ഭൗതികപരിമാണം നിർണയിക്കുന്നതിനുള്ള ഉപാധിയാണ് അളവ്. അളന്നതിനു് ശേഷം കിട്ടുന്ന ഫലത്തെ സൂചിപ്പിക്കുവാനും ഈ പദം ഉപയോഗിക്കുന്നു. പല രാജ്യങ്ങളിലും വിവിധതരം അളവുരീതികൾ പ്രചാരത്തിലുണ്ടെങ്കിലും സാർവലൌകികമായി അംഗീകാരം സിദ്ധിച്ചിട്ടുള്ളവയാണ് ബ്രിട്ടീഷ് രീതിയും മെട്രിക് രീതിയും. അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം 1960ൽ അംഗീകരിച്ച ദശാംശാടിസ്ഥാത്തിലുള്ള ആധുനിക ഏകകസമ്പ്രദായമായ അന്താരാഷ്ട്ര ഏകകവ്യവസ്ഥയാണ് ശാസ്ത്രസാങ്കേതികരംഗത്ത് കൂടുതലായി ഉപയോഗിച്ചുവരുന്നത്.
ദൈർഘ്യം, വിസ്തീർണ്ണം, വ്യാപ്തം, ഭാരം എന്നിവയാണ് അളവുകളിലും തൂക്കങ്ങളിലും സാധാരണയായി ഉൾപ്പെടുന്നത്. ശക്തി, വിദ്യുത്-ധാര, താപം, പ്രകാശം എന്നീ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നപ്പോൾ വേഗം, മർദ്ദം, ഊർജ്ജം, വിദ്യുച്ഛക്തി, താപമാനം, ദീപ്തി എന്നിവ അളക്കാനുള്ള മാത്രകളും ആവശ്യമായിത്തീർന്നു. ശാസ്ത്രാവശ്യങ്ങൾക്കു വേണ്ടിവരുന്ന ആങ്സ്ട്രോം (A0: ഒരു മില്ലിമീറ്ററിന്റെ ഒരു കോടിയിലൊരംശം) മുതലായ അതിസൂക്ഷ്മങ്ങളായ അളവുകളും പ്രയോഗത്തിൽ വന്നിട്ടുണ്ട്. ബൃഹത്തായ അളവുകളിൽ ഒന്നാണ് പ്രകാശവർഷം (light-year). 3 ലക്ഷം കി.മീ./സെ. ആണ് പ്രകാശത്തിന്റെ വേഗം. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം ആണ് ഒരു പ്രകാശവർഷം.
സാധാരണാവശ്യങ്ങൾക്ക്, ശാസ്ത്രാവശ്യങ്ങൾക്ക് എന്നിങ്ങനെ ലക്ഷ്യവ്യത്യാസം അനുസരിച്ച് അളവുകളും തൂക്കങ്ങളും തരംതിരിക്കാം. ഇതനുസരിച്ച് വ്യത്യസ്തമായ അളവുപകരണങ്ങൾ ഉപയോഗിച്ചുവരുന്നു. അളവുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖയാണ് അളവുശാസ്ത്രം (Metrology).
ചരിത്രാതീതകാലം മുതൽതന്നെ അളവുകളും തൂക്കങ്ങളും മനുഷ്യൻ ഉപയോഗിച്ചിരുന്നു. പ്രാചീന രേഖകളിൽനിന്നും ഈജിപ്തിലെ പിരമിഡ്, ക്ഷേത്രങ്ങൾ മുതലായവയിലെ ആലേഖനങ്ങളിൽനിന്നും മറ്റു രേഖകളിൽനിന്നും ആണ് ആദ്യകാലത്തെ അളവുകളെക്കുറിച്ചും തൂക്കങ്ങളെക്കുറിച്ചും അറിവു കിട്ടിയിട്ടുള്ളത്. അപൂർണവും പരസ്പരവിരുദ്ധവുമായ അടിസ്ഥാനങ്ങളും അവയുടെ ഭിന്നവ്യാഖ്യാനങ്ങളും ചേർന്നാൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങൾ ഈ അളവുകളുടെ നിർവചനങ്ങളിലും നിഴലിക്കുന്നതായി കാണാം. ഒരേ പേരിൽ അറിയപ്പെടുന്ന മാനങ്ങൾക്കു വ്യത്യസ്തമായ വ്യാഖ്യാനങ്ങളും ഉണ്ട്. കാലദേശവ്യത്യാസങ്ങളും ഈ അളവുകൾക്കുണ്ടായിട്ടുണ്ട്.
പ്രാചീനകാലത്തെന്നപോലെ പിന്നീടും അളവുകൾക്ക് ഐകരൂപ്യം ഇല്ലാതിരുന്നു എന്നതിനു ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. യു.എസ്സിലെ ഗാലൻ 231 ഘന-ഇഞ്ച് ആണ്. എന്നാൽ പഴയ ബ്രിട്ടീഷ് രീതിയനുസരിച്ച് ഗാലൻ 282 ഘന-ഇഞ്ച് ആയിരുന്നു. കാനഡയിലാകട്ടെ ഗാലൻ 277.42 ഘന-ഇഞ്ച് ആണ്. ആദ്യകാല ബാബിലോണിയയിൽ രണ്ടുമുഴം (double-cubit) എന്നത് സെക്കണ്ടിൽ ഒന്നുവീതം അടിക്കുന്ന പെൻഡുലത്തിന്റെ നീളം ആയിരുന്നു. കേരളത്തിൽത്തന്നെ, ഇടങ്ങഴിക്ക് പ്രാദേശികഭേദം അനുസരിച്ച് 3, 4, 5 നാഴി എന്നിങ്ങനെ വ്യത്യസ്തമായ തോതു നിലവിൽ ഉണ്ടായിരുന്നു. ഈ വൈവിധ്യം മാറ്റാൻ പല രാഷ്ട്രങ്ങളും ഏകീകൃതസമ്പ്രദായങ്ങൾ സ്വീകരിച്ചു നടപ്പാക്കിവരുന്നു. അന്തർദേശീയ വിപണനമേഖലയിൽ എല്ലാ രാഷ്ട്രങ്ങളും എത്തുന്നതിനാൽ ആ തലത്തിൽത്തന്നെ ഒരു ഏകീകരണം നടപ്പാക്കേണ്ടതായി വന്നു. അന്താരാഷ്ട്രമാത്രാസമ്പ്രദായം മിക്ക രാഷ്ട്രങ്ങളും സ്വീകരിച്ചത് ഇക്കാരണത്താലാണ്.
ചരിത്രാതീതകാലത്ത് വിരലിട, ചാൺ, മാറ്, ചുവട് എന്നിപ്രകാരം മനുഷ്യശരീരഭാഗങ്ങളെ ആധാരമാക്കിയുള്ള ദൈർഘ്യത്തിന്റെ അളവുകൾ ആയിരുന്നു ഉപയോഗിച്ചുവന്നത്. ഈ മാനകങ്ങൾ ക്ലിപ്തമല്ല. ചെറിയ ഭാരത്തെ അളന്നിരുന്ന നെൻമണി, കുന്നിക്കുരു, മഞ്ചാടിക്കുരു എന്നിവയും ക്ളിപ്തമായ മാനകങ്ങൾ അല്ല.
ജ്യോതിഃശാസ്ത്രത്തിലും ഭൂമാപനത്തിലും കൂടുതൽ ക്ളിപ്തമായ മാനകങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. കക്കത്തോടുകളും ധാന്യങ്ങളും ഭാരത്തിന്റെയും ആട്ടിൻതോലും കുട്ടയും മറ്റും വ്യാപ്തത്തിന്റെയും മാനകങ്ങളായിത്തീർന്നു. പ്രചാരത്തിലിരുന്ന ചുവടളവുതന്നെ പിന്നീട് ഏകീകൃത രൂപത്തിൽ റോമാക്കാർ ബ്രിട്ടനിൽ കൊണ്ടുവന്നു. ആധുനിക സമ്പ്രദായങ്ങളിലുള്ള അടി (foot) ആയി അതു പരിഷ്കരിക്കപ്പെട്ടു. കൈമുട്ടു മുതൽ നടുവിരലറ്റംവരെയുള്ള നീളമാണ് മുഴം. ഇത് ലോകത്തിലെവിടെയും ഉപയോഗിച്ചിരുന്ന ഒരു അളവുമാനകമാണ്. പെരുവിരൽ വീതിയായിരുന്നു ഇഞ്ച്. റോമാക്കാരുടെ ഇഞ്ച് 1/12 അടി ആയിരുന്നു. ഇതാണ് ബ്രിട്ടീഷ് സമ്പ്രദായത്തിൽ വന്നുചേർന്നത്. 5 റോമൻ അടി ആണ് ഒരു 'പേസ്' (pace). 1,000 പേസ് ഒരു മൈൽ 16-ാം ശ. വരെ ബ്രിട്ടനിൽ 5,000 അടി ആയിരുന്നു ഒരു മൈൽ. ട്യൂഡർ ആധിപത്യത്തിലാണ് (മിക്കവാറും ഹെന്റി VII-ന്റെ കാലത്ത്) ഒരു മൈലിന് 5280 അടി എന്ന രീതി നടപ്പിലായത്. എലിസബത്ത് I-ന്റെ കാലത്ത് ഇതിന് നിയമപ്രാബല്യം ലഭിച്ചു. ഏതെങ്കിലും ധാന്യം ഉപയോഗിച്ച് ഭാരം അളക്കുകയെന്നത് സാർവത്രികമായി നിലവിലിരുന്ന പഴക്കമുള്ള ഒരു മാനക സമ്പ്രദായമാണ്. ധാന്യം സ്ഥലഭേദം അനുസരിച്ച് ഗോതമ്പ്, നെല്ല് എന്നിങ്ങനെ മാറിയിരുന്നു.
റഷ്യ, ഫ്രാൻസ്, പേർഷ്യ, ചൈന എന്നീ രാജ്യങ്ങളിലും പുരാതനകാലം മുതൽ വ്യത്യസ്ത അളവു തൂക്ക സമ്പ്രദായങ്ങൾ ഉണ്ടായിരുന്നു.
പ്രാചീനകാലത്ത് ഇന്ത്യയിൽ നിലവിലിരുന്ന അളവുതൂക്കസമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിച്ചു കാണുന്നത് കൌടല്യന്റെ അർഥശാസ്ത്രത്തിലാണ്. (ബി.സി. 4-ാം ശ.). ഇന്ത്യയിൽ വേദകാലത്തുതന്നെ അളവുസമ്പ്രദായങ്ങൾ ഉണ്ടായിരുന്നു. നീതിശാസ്ത്ര (Ethics)ത്തിലാണ് ഇവ പ്രതിപാദിച്ചുകാണുന്നത്. പാണിനിയുടെ അഷ്ടാധ്യായി (ബി.സി. 6-ാം ശ.) എന്ന ഗ്രന്ഥത്തിലും മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി, ബൃഹത് സംഹിത, വസിഷ്ഠസ്മൃതി, അഷ്ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളിലും അളവുകളും തൂക്കങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
വേദകാലത്ത് ദൈർഘ്യം അളക്കുന്നതിന് അംഗുലി, ബാഹു മുതലായ മാത്രകൾ നിലവിലുണ്ടായിരുന്നു. അഷ്ടാധ്യായിയിൽ അംഗുലി, വിതസ്തി, പൗരുഷഹസ്തി, കാണ്ഡം, കിങ്കു, യോജനഎന്നീ മാത്രകൾ ഉപയോഗിച്ചിരുന്നു.
ത്രുടി, ലവം, നിമിഷം, കാഷ്ഠ, കല, നാളിക, മുഹൂർത്തം, പൂർവഭാഗം, അപരഭാഗം, പകൽ, രാത്രി, പക്ഷം, മാസം, ഋതു, അയനം, സംവത്സരം, യുഗം എന്നിങ്ങനെയായിരുന്നു കാലത്തിന്റെ അളവുകൾ. അർഥശാസ്ത്രപ്രകാരം 4 മാഷ തൂക്കം സ്വർണംകൊണ്ട് 4 അംഗുലം നീളമുള്ള ശലാക ഉണ്ടാക്കി അതു കൊള്ളത്തക്ക ദ്വാരം ഒരു കുടത്തിൽ ഉണ്ടാക്കിയാൽ ആ ദ്വാരത്തിലൂടെ 4 ആഢകം വെള്ളം വാർന്നുപോകുവാൻ വേണ്ട സമയം ആണ് ഒരു നാളിക (പട്ടിക നോക്കുക)
പ്രാചീനേന്ത്യയിൽ സ്വർണം, വെള്ളി, എന്നിവ തൂക്കാൻ ഉപയോഗിച്ചിരുന്ന മാത്രകൾ ആണ് മാഷങ്ങളും സുവർണങ്ങളും. 25 പലം ആണ് ഒരു പ്രസ്ഥം (ഇടങ്ങഴി അരി വേകുന്നതിനുളള വിറക്).
ലളിതവിസ്തരം (1-ാം ശ.) എന്ന ബൗദ്ധഗ്രന്ഥത്തിൽ, പരമാണുരജസ്, യോജന എന്നീ ദൈർഘ്യമാനങ്ങൾ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഇഞ്ചിന്റെ 1,12,99,00,996-ൽ 3 ഭാഗം ആണ് ഒരു പരമാണു രജസ്; യോജന ഏകദേശം 4 1/2 മൈലും. വരാഹമിഹിരന്റെ ബൃഹത്സംഹിത (6-ാം ശ.)യിലും പരമാണു, രജസ് എന്നീ അളവുകളുടെ പരാമർശം കാണാം. എന്നാൽ ഇവിടെ ഒരു ഇഞ്ചിന്റെ 1,04,857-ൽ 3 ഭാഗം ആണ് ഒരു പരമാണു. ഭാസ്കരാചാര്യന്റെ ലീലാവതി(12-ാം ശ.)യിൽ പരമാണു എന്നതിനു ത്രസരേണു എന്ന പദം ആണ് ഉപയോഗിച്ചിരിക്കുന്നത്. ദണ്ഡ്, യോജന എന്നിവയും പരാമൃഷ്ടമായിട്ടുണ്ട്.
ഇന്ന് ഉപയോഗിച്ചുവരുന്ന പല മാനകങ്ങളും പ്രാചീനേന്ത്യയിലും വ്യവഹാരത്തിൽ ഉണ്ടായിരുന്നവയാണ്. അംഗുലം, ചാൺ, മുഴം, ഗജം, മാറ്, കാതം, നാഴിക, യോജന എന്നീ ദൈർഘ്യമാനങ്ങളും ത്രുടി, നിമിഷം, വിനാഴിക, നാഴിക, ദിവസം, മാസം, വർഷം, യുഗം എന്നീ കാലയളവുകളും ആഴക്ക്, ഉഴക്ക്, ഉരി, നാഴി, ഇടങ്ങഴി, പറ, ഒറ എന്നീ അളവുകളും നെൻമണി, കുന്നിക്കുരു, മഞ്ചാടി, പണമിട, പലം എന്നീ തൂക്കങ്ങളും പഴയ മാനങ്ങളാണ്.
മുസ്ലിം ഭരണകാലത്താണ് 'ഗജ്' (ഗജം) എന്ന മാനകം ഉപയോഗിച്ചിരുന്നതായി കാണുന്നത്. ഇത് ക്ലിപ്തമായ ഒരു അളവ് അല്ലായിരുന്നു. സിക്കന്തർ ലോദിയുടെ കാലത്ത് (1488-1547) ഏകദേശം 30 ഇഞ്ച് ആയിരുന്നു ഒരു ഗജം. ഹുമായൂണിന്റെ കാലത്ത് 30 ഇഞ്ചിൽ കവിഞ്ഞും അക്ബറിന്റെ കാലത്ത് (1542-1605) 'ഇലാഹി ഗജ്' എന്ന പേരിൽ 29.63819 ഇഞ്ചും അതിന്റെ അളവുകൾ ആയിരുന്നു.
'1889, 1939-നിയമങ്ങൾ' അനുസരിച്ച് ഇന്ത്യയിൽ (ബ്രിട്ടീഷ് ഭരണകാലത്ത്) ബ്രിട്ടീഷ് സമ്പ്രദായം (F P S) നടപ്പിലാക്കി. 1956-ൽ 'സ്റ്റാൻഡേർഡ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ആക്റ്റി'ലൂടെ മെട്രിക് സമ്പ്രദായം അംഗീകരിക്കപ്പെട്ടു. 1958 മുതൽ അതു നടപ്പിൽ വരികയും ചെയ്തു.
ബാബിലോണിയരുടെ അളവുകളെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വാണിജ്യാവശ്യങ്ങൾക്കായി അവർ അളവുകൾ ഉപയോഗിച്ചിരുന്നെന്നും ആ സമ്പ്രദായം പിന്നീടു പരിഷ്കരിച്ച നിലയിൽ മറ്റു മധ്യ പൗരസ്ത്യരാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നെന്നും അറിവായിട്ടുണ്ട്. 20.9 ഇഞ്ച് അഥവാ 530 മി.മീ. ഉള്ള മുഴം (cubit) ആയിരുന്നു അവരുടെ അടിസ്ഥാന-അളവ്; കസ് (kus) എന്നാണ് ഇതിനു പേര്. 0.69 ഇഞ്ച് അഥവാ 17.6 മി.മീ. ഉള്ള ഷൂസി (shusi) എന്ന അളവ് 1/30 മുഴം (cubit) ആണ്. 2/3 മുഴം ആണ് ബാബിലോണിയൻ അടി (foot). മിന (mina) എന്ന തൂക്കത്തിന് ഒരു രീതിയിൽ 978.3 ഗ്രാമും മറ്റൊരു രീതിയിൽ 640.485 ഗ്രാമും ആയിരുന്നു.
തൂക്കങ്ങൾക്ക് ഏകതാനമായ ഒരു നാമകരണരീതി ഈജിപ്തുകാർ പ്രാചീനകാലത്തുതന്നെ സ്വീകരിച്ചിരുന്നു; അടിസ്ഥാന-അളവ് കൈറ്റ് (kite) ആയിരുന്നു; 10 കൈറ്റ് ഒരു ദീബൻ (diben); 10 ദീബൻ ഒരു സെപ് (sep). ഘന-അളവുകളുടെ അടിസ്ഥാന ഏകകം സെക്സ്റ്റെ (sexte) ആയിരുന്നു. ദ്രവമാകുമ്പോൾ 0.57 ക്വാർട്ടറും (quarter) ഖരമാകുമ്പോൾ 0.48 ക്വാർട്ടറും ആയിരിക്കും ഒരു സെക്സ്റ്റെ. ബ്രിട്ടീഷ് കണക്കനുസരിച്ച് 0.48 ക്വാർട്ടറോ മെട്രിക് രീതിയനുസരിച്ച് 0.54 ലിറ്ററോ ആണ് ഗ്രീക് സെക്സ്റ്റെ.
അടിസ്ഥാന-ഏകകം അടി (pes) 11.64 ഇഞ്ച് (295.7 മി.മീ.) ആണ്. സെക്സ്റ്റേരിയസ് (sextarius) എന്ന ഘന-അളവിനെ ആധാരമാക്കിയാണ് റോമൻ അളവുകൾ ഉണ്ടായിട്ടുള്ളത്. 0.53 ലിറ്റർ ഒരു സെക്സ്റ്റേരിയസ്. ക്വാർട്ടേരിയസ് (1/4 സെക്സ്റ്റേരിയസ്), അസറ്റാബുലം (acetabulum: 1/8 സെക്സ്റ്റേരിയസ്), ലിഗുല (ligula: സെക്സ്റ്റേരിയസ്) എന്നിവയാണ് ഉപമാത്രകൾ. 0.722 പൗണ്ട് അഥവാ, 327.45 ഗ്രാം ആണ് അടിസ്ഥാന തൂക്കമായ ലിബ്ര. ലത്തീൻ ഭാഷയിലെ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ലിബ്രയുടെ ഭിന്നത്തൂക്കങ്ങളും അവർ ഉപയോഗിച്ചിരുന്നു.
റോമൻ ആക്രമണത്തിന്റെ പരിണതഫലമായി നിലവിൽ വന്നതാണ് ബ്രിട്ടനിലെ പല അളവുകളും. ഹെന്റി VII-ന്റെ കാലത്തെ ബുഷൽ, എലിസബത്ത് I-ന്റെ കാലത്തെ ഹൺഡ്രഡ് വെയ്റ്റ് എന്നിവയടക്കം പല അളവുകളും തുടർന്നു നിലനിന്നു. ലണ്ടനിലെ 'ജൂവൽ ടവറി'ൽ (Jewel Tower) ഈ പ്രാമാണിക-അളവുകൾ സൂക്ഷിച്ചുവച്ചിരിക്കുന്നു. സ്റ്റെർലിങ്ജഗ് അഥവാ സ്കോട് പൈന്റ് (1618), ചോപ്പിൽ അഥവാ ഹാഫ് പൈന്റ് (1555) എന്നിവ 1960 കാലത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന ദേശങ്ങളിൽ പ്രയോഗത്തിൽ വന്നു. ഇന്നത്തെ രീതിയിൽ അളവുകളും തൂക്കങ്ങളും സ്ഥിരപ്പെടുത്തിയത് 19-ാം ശ.-ത്തിന്റെ ആദ്യകാലത്താണ്. ആൻ രാജ്ഞിയുടെ കാലത്തെ 231 ഘന-ഇഞ്ച് ഉള്ള ഗാലനും 282 ഘന-ഇഞ്ച് ഉള്ള ഗാലനും 1824-ൽ ഉപേക്ഷിക്കപ്പെട്ടു; പകരം 277.42 ഘന-ഇഞ്ച് ഉള്ള ഗാലൻ അംഗീകരിക്കപ്പെട്ടു.
'വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ആക്റ്റ്, 1878' അനുസരിച്ച്, സ്വർണക്കട്ടികളിൽ ആലേഖനം ചെയ്ത് ഒരു പ്രത്യേക സങ്കരലോഹബാറിൽ പതിച്ചുവച്ചിരിക്കുന്ന രണ്ടു ക്ലിപ്തരേഖകൾ തമ്മിൽ 62 °F-ൽ ഉള്ള ദൂരത്തെ 'നമ്പർ I സ്റ്റാന്റേഡ് യാർഡ്' എന്ന പേരിൽ വാര (യാർഡ്) നിർവചിക്കപ്പെട്ടിരിക്കുന്നു. 1.35 ഇഞ്ച് ഉയരവും 1.15 ഇഞ്ച് ഛേദവ്യാപ്തവും ഉള്ള ശുദ്ധ പ്ളാറ്റിനം വൃത്തസ്തംഭത്തിന് നിർവാതമേഖലയിൽ ഉള്ള ഭാരത്തെ ബ്രിട്ടീഷ് പൌണ്ട് ആയി നിർവചിച്ചിരിക്കുന്നു. ഇതിന് അവെർഡുപോയ്സ് പൗണ്ട് എന്നും പറയുന്നു. 30 ഇഞ്ച് രസം കാണിക്കുന്ന മർദവും 62 °F താപനിലയും ഉള്ള 10 അവെർഡുപോയ്സ് പൗണ്ട് ശുദ്ധജലം അതേ താപനിലയും മർദവും ഉള്ള വായുവിൽ ഘന സെ.മീ.-ന് 8.143 ഗ്രാം തൂക്കമുളള പിച്ചളക്കട്ടികൊണ്ടു തൂക്കി എടുക്കുന്ന വ്യാപ്തം (volume) ഗാലന് 277.42 ഘന-ഇഞ്ച് ഉണ്ടായിരിക്കും.
1975-ൽ ബ്രിട്ടനിലും മെട്രിക് സമ്പ്രദായം പ്രയോഗത്തിലായി.
ആദ്യകാലത്ത് യു.എസ്സിൽ ഉപയോഗിച്ചിരുന്നത് പഴയ ബ്രിട്ടീഷ് സമ്പ്രദായം തന്നെയായിരുന്നു. 1830-ൽ യു.എസ്. സെനറ്റിന്റെ നിർദ്ദേശപ്രകാരം അളവുകളെയും തൂക്കങ്ങളെയും പറ്റി പഠനം നടന്നു. അല്പം ചില മാറ്റങ്ങൾ പിന്നീട് വരുത്തി. അവെർഡു പോയ്സ്, ട്രോയ്, അപ്പോത്തക്കരി എന്നീ മൂന്നു തൂക്കസമ്പ്രദായങ്ങൾ യു.എസ്സിൽ ഉണ്ട്. ഈ മൂന്നിലും ഗ്രെയിൻ ഒരേ അളവുതന്നെ ആണ്; എന്നാൽ ഔൺസ് വ്യത്യസ്തമാണ്. അവെർഡുപോയ്സ് ഔൺസ് 437 1/2 ഗ്രെയിനും ട്രോയ് ഔൺസും അപ്പോത്തക്കരി ഔൺസും 480 ഗ്രെയിൻ വീതവും ആണ്. 4 ക്വാർട്ടർ (8 പൈന്റ്) ആണ് ഒരു യു.എസ്. ഗാലൻ; അപ്പോത്തക്കരി സമ്പ്രദായത്തിൽ 16 ദ്രവ ഔൺസ് (128 ഡ്രാം) ഒരു പൈന്റ്; യു.എസ്. ബുഷൽ 4 പെക്ക് (64 പൈന്റ്).
മെട്രിക് സമ്പ്രദായം സ്വീകരിച്ചില്ലെങ്കിലും മീറ്റർ, കിലോമീറ്റർ എന്നീ മെട്രിക് പ്രമാണങ്ങളെ ആധാരമാക്കി വാര (യാർഡ്) തുടങ്ങിയവ നിർവചിക്കപ്പെട്ടതോടെ യു.എസ്. സമ്പ്രദായം ഏറെക്കുറെ ഏകതാനമായി.
1959 ജൂല. 1 മുതൽ ആസ്ത്രേലിയ, കാനഡ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ യു.കെ., യു.എസ്. എന്നിവിടങ്ങളിലെന്നപോലെതന്നെ താഴെപ്പറയുന്ന രീതികൾ സ്വീകരിക്കപ്പെട്ടു: 1 വാര = 0.9144 മീ.; 1 പൗണ്ട് = 0.45359237 കി.ഗ്രാം; ഒരു ഇഞ്ച് = 2.54 സെ.മീ.
ഗുരുത്വാകർഷണംകൊണ്ടുണ്ടാകുന്ന ത്വരണം 980.665 സെ.മീ./സെ.2 ആണെന്ന്, 1913-ൽ 'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ വെയ്റ്റ്സ് ആൻഡ് മെഷേഴ്സ്,' (അഞ്ചാം സമ്മേളനം) അംഗീകരിച്ചു.
അളവുകൾക്കും തൂക്കങ്ങൾക്കും അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശസമ്പ്രദായമാണ് ഇത്. മീ., കി.ഗ്രാം എന്നീ അടിസ്ഥാന ഏകകങ്ങളെ ആധാരമാക്കിയാണ് ഇത് ഏർപ്പെടുത്തിയിട്ടുളളത്. 1791-ൽ പാരിസ് ശാസ്ത്ര അക്കാദമിക് (Paris Academy of Science ) ഫ്രഞ്ച് നാഷണൽ അസംബ്ളി സമർപ്പിച്ച റിപ്പോർട്ടിൽ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ലിയോൺസ് സെന്റ് പോൾ ഭദ്രാസനപ്പള്ളിയിലെ മേലധ്യക്ഷനായിരുന്ന ഗബ്രിയൽ മൗട്ടൺ ആണ് ആദ്യമായി ദശാംശസമ്പ്രദായം അവതരിപ്പിച്ചത് (1670).
മെട്രിക് സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ പിന്നീട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭൂരേഖാംശത്തിന്റെ 4 കോടിയിലൊരംശം ദൈർഘ്യം ആണ് ആദ്യകാലത്തെ മീ. 19-ാം ശ.-ത്തിൽ ഈ നിർവചനം നിലവിലിരുന്നു. 0.1 മീ. വശങ്ങളുള്ള ക്യൂബിന്റെ വ്യാപ്തം ആയിരുന്നു ഒരു ലിറ്റർ.
മെട്രിക് സമ്പ്രദായത്തിന്റെ പ്രാധാന്യം പരിഗണിച്ച്, അത് അന്താരാഷ്ട്ര നിലവാരത്തിൽ ഏകീകരിക്കാനും വികസിപ്പിക്കാനുംവേണ്ടി, 'ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ്' എന്നൊരു സ്ഥാപനം ഏർപ്പെടുത്താനുള്ള അന്താരാഷ്ട്രസഖ്യം (1875 മേയ് 20) ഉണ്ടായി. പാരിസിൽ സെവേർസ് (Sevres) എന്ന സ്ഥലത്താണ് ഇതു സ്ഥാപിതമായത്. മീ., കി.ഗ്രാം. എന്നിവയ്ക്ക് പുതിയ നിർവചനം കണ്ടെത്തുക എന്നതായിരുന്നു ഈ ബ്യൂറോയുടെ ആദ്യത്തെ ലക്ഷ്യം. 1960 ഒ. 25-ന് മീറ്ററിന്റെ നിർവചനം അംഗീകരിക്കപ്പെട്ടു. നിശ്ചിതമായ വ്യവസ്ഥയിൽ ക്രിപ്റ്റോൺ - 86-ന്റെ ഓറഞ്ച്-ചെമപ്പ് രശ്മിയുടെ തരംഗദൈർഘ്യത്തെ 16,50,763.73 കൊണ്ട് ഗുണിച്ചുണ്ടാകുന്ന തുകയ്ക്കു തുല്യം ആണ് മീ.. ബ്യൂറോയിൽ സൂക്ഷിച്ചിരിക്കുന്ന നിശ്ചിതമായ പ്ലാറ്റിനം-ഇറിഡിയം കട്ടയുടെ ഭാരം ആണ് ഒരു കി.ഗ്രാം. 0.001 ഘനമീറ്ററിനെ ഒരു ലിറ്റർ ആയി, 12-ാം പൊതുസമ്മേളനം അംഗീകരിച്ചു (1964).
മെട്രിക് സമ്പ്രദായത്തിനാണ് പരക്കെ അംഗീകാരമുള്ളത്. യു.എസ്സിൽ 1866 ജൂല. 28-ന് നിയമാനുസരണം ഇതിനു പ്രയോഗാനുമതി നല്കപ്പെട്ടു; വാണിജ്യാവശ്യങ്ങൾക്കായി യു.കെ.-യിൽ 1897-ലും. M K S A (മീ., കി.ഗ്രാം., സെക്കണ്ട്, ആമ്പിയർ) സമ്പ്രദായം അഥവാ അന്താരാഷ്ട്രമാത്രാസമ്പ്രദായം (S1) 11-ാം പൊതുസമ്മേളനം 1960-ൽ അംഗീകരിച്ചു.
താപം, മർദം, ഗുരുത്വാകർഷണം എന്നീ ഭൗതിക പ്രതിഭാസങ്ങൾ അളവുമാനത്തെ ബാധിക്കുന്നു. അതുകൊണ്ട് പ്രമാണങ്ങൾ നിർവചിക്കപ്പെടുമ്പോൾ ഇവകൂടി പരിഗണിക്കേണ്ടതുണ്ട്. പൊതുവേ മെട്രിക് പ്രമാണങ്ങൾക്കു നിശ്ചയിച്ചിരിക്കുന്ന താപമാനം 0°C ( = 32°F) ആണ്. 710 മുതൽ 790 മി.മീ. വരെ മർദം മീറ്ററിൽ വരുത്തുന്ന വ്യത്യാസം 0.00005 മി.മീ. മാത്രമാണ്. ദൈർഘ്യം അളക്കുമ്പോൾ അന്തരീക്ഷമർദം അവഗണിക്കുകയാണ് പതിവ്. എന്നാൽ ദ്രവ്യമാനം എടുക്കുമ്പോൾ വായുമർദവും താപമാനവും ആർദ്രതയും കണക്കിലെടുക്കാറുണ്ട്. വായുവിന്റെ പ്ലവനപ്രഭാവം (buoyant effect) ദ്രവ്യമാനത്തെ സ്വാധീനിക്കുന്നു. 0°C-ൽ നിർവാതമേഖലയിൽ 8.4 ഗ്രാം/സെ.മീ.3 സാന്ദ്രതയുള്ള പിച്ചള ലോഹത്തെ പ്രമാണമായി സ്വീകരിച്ചാണ് യു.എസ്സിൽ വാണിജ്യാവശ്യങ്ങൾക്കായി തൂക്കങ്ങൾ തിട്ടപ്പെടുത്തുന്നത്. അളവുകളിലും തൂക്കങ്ങളിലും സാധാരണ സ്വീകാര്യമായ പ്രാമാണിക വായുമർദം 0 °C-ൽ 13.5951 ഗ്രാം /സെമീ.3 സാന്ദ്രതയുള്ള (980.665 സെ.മീ./ സെ.2 ഗുരുത്വാകർഷണത്തിൽ) രസത്തിന്റെ 760 യൂപത്തിന്റേതിനു തുല്യമാണ്. സ്ഥലവ്യത്യാസം അനുസരിച്ച് ഗുരുത്വാകർഷണം വ്യത്യസ്തമായതിനാൽ ഒരേ വസ്തുവിന്റെ തൂക്കം വ്യത്യസ്തസ്ഥലങ്ങളിൽ വ്യത്യസ്തമായിരിക്കും. അളവുതൂക്കപ്പട്ടികകൾ താഴെ ചേർത്തിരിക്കുന്നു.
നീളം കോൽ അളവായും, വീതിയും കനവും വിരൽ അളവായും എടുത്ത് ഇവ മൂന്നും കൂടി ഗുണിച്ചാൽ കിട്ടുന്നതാണ് പെരുക്കം.
ഈർന്ന മരത്തിന്റെ നീളം കോൽ ആയും, വീതി വിരൽ ആയും കണക്കാക്കി എത്ര നൂൽ ഈർന്നിട്ടുണ്ടോ ആ എണ്ണവും ചേർത്ത് ഗുണിച്ചു കിട്ടുന്നത് കോൽ-പെരുക്കം ആയിരിക്കും.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അളവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.