From Wikipedia, the free encyclopedia
സംഘടിതഭരണകൂടവും നിയമവ്യവസ്ഥയും സാമൂഹികജീവിതത്തിൽ ആവശ്യമില്ലെന്നു വാദിക്കുന്ന രാഷ്ട്രീയസിദ്ധാന്തമാണ് അരാജകത്വവാദം(anarchism) സമാധാനപൂർണമായ സാമൂഹികജീവിതത്തിനു ഭരണകൂടം എന്നല്ല നിയമങ്ങളോ അവ നടപ്പാക്കാനുള്ള സ്ഥാപനങ്ങളോ പോലും ആവശ്യമില്ല. അതിനു പരസ്പരധാരണ മതിയാകും. ഈ ധാരണ വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും തനിയേ ഉണ്ടായിക്കൊള്ളും. ഇതാണ് ചുരുക്കത്തിൽ അരാജകത്വവാദം. അരാജകത്വം എന്ന വാക്കിന് രാജാവില്ലാത്ത അവസ്ഥ എന്നാണ് അർഥം; അതായത് സമൂഹത്തെ നിയന്ത്രിക്കാനും നയിക്കാനും ഒരു ശക്തികേന്ദ്രം ഇല്ലാത്ത സ്ഥിതി. ഈ അവസ്ഥയാണ് അഭികാമ്യമെന്നു കരുതുന്നവരെ അരാജകത്വവാദികൾ എന്നു പറയുന്നു.
അരാജകത്വവാദികളുടെ വിശ്വാസപ്രമാണങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം. മനുഷ്യർ യഥാർഥത്തിൽ നല്ലവരായിട്ടാണ് ജനിക്കുന്നത്. എന്നാൽ അധികാരസ്ഥാപനങ്ങൾ അവരെ ചീത്തയാക്കുന്നു. മതം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികവ്യവസ്ഥ എന്നിവയെല്ലാം അവരുടെ സഹജനന്മയെ നശിപ്പിക്കുന്നു. സമൂഹമായി ജീവിക്കുക എന്നതാണ് മനുഷ്യരുടെ ജന്മവാസന. പരസ്പരസഹകരണത്തിലൂടെ സമാധാനവും സംതൃപ്തിയും കൈവരുത്താൻ കഴിവുള്ളവരാണവർ. പക്ഷേ, ഭരണകൂടം ഈ നിസർഗസിദ്ധികളെ നിഹനിക്കുന്നു. ഭരണകൂടവും സ്വകാര്യസ്വത്തും മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ഉപകരണങ്ങളാണ്. അവയ്ക്ക് നിയമവ്യവസ്ഥ പിൻബലം നല്കുന്നു. അധികാരത്തിന്റെ ഏതൊരു രൂപവും, അത് ജനാധിപത്യഗവൺമെന്റായാലും സോഷ്യലിസ്റ്റുസമ്പദ്വ്യവസ്ഥയായാലും, വ്യക്തിവികാസത്തെ ദുർബലപ്പെടുത്തുന്നു. വ്യവസായവത്കരണമാണ് മറ്റൊരു ദോഷം. യന്ത്രങ്ങൾ മനുഷ്യരെ അടിമകളാക്കുന്നു; അവരുടെ വ്യക്തിത്വത്തെ പരിമിതപ്പെടുത്തുന്നു; സർഗശക്തിക്ക് കൂച്ചുവിലങ്ങിടുന്നു. ഇത്തരം സാമൂഹികവ്യവസ്ഥിതിക്കു സമൂലപരിവർത്തനം ഉണ്ടാകണം. സ്വകാര്യസ്വത്ത്, വർഗവ്യത്യാസം, ഭരണകർത്താക്കളും ഭരണീയരും എന്ന വിവേചനം എന്നിവയെല്ലാം അസ്തമിക്കണം. ഇതെങ്ങനെ സാധ്യമാക്കാം? രാഷ്ട്രീയ സംഘടനകൾക്കും, തൊഴിലാളിയൂണിയനുകൾക്കും ഇതിനു കഴിവില്ല. കാരണം അവ സാമൂഹിക പരിവർത്തനത്തിൽ പഴയ തിന്മയ്ക്കു പകരം പുതിയ തിന്മയെ പ്രതിഷ്ഠിക്കയാണു പതിവ്. അവ അധികാരത്തിന്റെ സന്തതികളുമാണ്. അതിനാൽ സാമൂഹികപരിവർത്തനം പരപ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വ്യക്തികൾ ചേർന്ന സമൂഹത്തിന്റെ താത്പര്യസാക്ഷാത്കരണമായിരിക്കണം. അങ്ങനെ ഭരണകൂടമില്ലാത്ത സാമൂഹികസംവിധാനം അഭികാമ്യമെന്നു മാത്രമല്ല പ്രയോഗക്ഷമവുമായിരിക്കും.
സ്ഥിതിസമത്വത്തിനുവേണ്ടി വാദിക്കുന്ന അരാജകത്വവാദികൾ സോഷ്യലിസ്റ്റുകൾ ആണെന്നാണ് അവരിൽ പലരുടെയും വിശ്വാസം. എന്നാൽ ഭൂരിപക്ഷം സോഷ്യലിസ്റ്റുകളും നിയമവ്യവസ്ഥയിലും ഗവൺമെന്റ് എന്ന സ്ഥാപനത്തിലും വിശ്വസിക്കുമ്പോൾ, അവരിലെ അരാജകത്വവാദികൾ അങ്ങനെ വിശ്വസിക്കുന്നില്ല. മിക്ക അരാജകത്വവാദികളും വിപ്ളവകാരികളാണ്. ചിലർ ബലപ്രയോഗത്തിലൂടെയുള്ള വിപ്ളവത്തിൽ വിശ്വസിക്കുമ്പോൾ മറ്റു ചിലർ അനുനയമാർഗ്ഗത്തെ അനുകൂലിക്കുന്നു. ഹെന്റി ഡേവിഡ് തോറോ, ലിയോ ടോൾസ്റ്റോയ്, മഹാത്മാഗാന്ധി എന്നിവർ അനുനയമാർഗ്ഗത്തിലും സിവിൽ നിയമലംഘനത്തിലും വിശ്വസിച്ചവരാണ്. ടോൾസ്റ്റോയ് അരാജകത്വവാദി എന്ന സംജ്ഞ സ്വയം സ്വീകരിക്കാതെതന്നെ ആ ചിന്താഗതിക്ക് പിൻതുണ നല്കി. ഏറെക്കുറെ ഈ ചുവടു പിടിച്ചാണ് ഗാന്ധിജിയും ഈ വിഷയത്തിൽ സഞ്ചരിച്ചത്. 'ഏറ്റവും കുറച്ചു മാത്രം ഭരിക്കുന്ന ഗവൺമെന്റാണ് ഏറ്റവും നല്ലത്' എന്ന വാദം അംഗീകരിച്ചു എന്നു മാത്രമല്ല, 'ഭരിക്കയേ ചെയ്യാത്ത ഗവൺമെന്റാണ് അത്യുത്തമം' എന്നു കൂടി അദ്ദേഹം വിശ്വസിച്ചു. ഗ്രാമസ്വരാജ് വിഭാവനം ചെയ്ത ഗാന്ധിജി പ്രാധാന്യം കല്പിച്ചത് 'ഗ്രാമതലത്തിലെ സ്വമേധയായുള്ള സഹകരണത്തിനാണ്'. ആദർശപരമായ ആ വ്യവസ്ഥിതിയിൽ രാഷ്ട്രീയാധികാരം എന്നൊന്നില്ല. ഓരോരുത്തനും അവനവന്റെ ഭരണകർത്താവാണ്. ഗാന്ധിജി ഈ വാദത്തെ തത്ത്വത്തിൽ അനുകൂലിച്ചിരുന്നു. എങ്കിലും ഈ വിഷയത്തിൽ അദ്ദേഹം സിദ്ധാന്തവത്കരണത്തിനു മുതിർന്നിട്ടില്ല.
അരാജകത്വവാദത്തിന്റെ ആശയാങ്കുരങ്ങൾ സ്റ്റോയിക്കു (ടീശര) കളുടെ സിദ്ധാന്തങ്ങൾ മുതല്ക്കേ കണ്ടെത്താൻ കഴിയും. എന്നാൽ 18-ാം ശ.-ത്തിൽ ഉണ്ടായ വ്യാവസായിക വിപ്ളത്തോടുകൂടിയാണ് അതിന് ഇന്നത്തെ അർഥവ്യാപ്തി കൈവന്നത്. ഇംഗ്ളീഷ് ഗ്രന്ഥകാരനായ വില്യം ഗോഡ്വിൻ (1756-1836) 1793-ൽ പ്രസിദ്ധീകരിച്ച എൻക്വയറി കൺസേണിങ് ദ് പ്രിൻസിപ്പിൾസ് ഒഫ് പൊളിറ്റിക്കൽ ജസ്റ്റിസ് എന്ന കൃതിയിൽ ഭരണകൂടമില്ലാതെ, പൊതുവുടമസമ്പ്രദായത്തിൽ സ്വയംനിർണയാവകാശമുള്ള ഒരു സാമൂഹികസംവിധാനത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം സാമൂഹികപരിവർത്തനത്തിനു വിപ്ളവമാർഗ്ഗം നിർദ്ദേശിച്ചില്ല. എന്നാൽ ജനങ്ങൾ സ്വയം വിദ്യാഭ്യാസം നേടി ഭരണകൂടത്തെ ബഹിഷ്കരിക്കുന്നതിനു ബലപ്രയോഗം ആവശ്യമായി വരുമെന്ന് അഭിപ്രായപ്പെട്ടു. അരാജകത്വവാദം എന്ന പദം ഗോഡ്വിൻ ഉപയോഗിക്കുകയുണ്ടായില്ല. ഫ്രഞ്ചുവിപ്ളവകാലത്ത് തീവ്രവാദികളെ നീരസത്തോടുകൂടി വിളിക്കുന്നതിന് മിതവാദികൾ ഉപയോഗിച്ചിരുന്ന പദമാണ് അരാജകത്വവാദികൾ എന്നത്. അരാജകത്വവാദം എന്ന പദത്തിന് ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ സാങ്കേതികാർഥം നല്കിയത് പിയർ ജോസഫ് പ്രൂധോൻ ആണ്. ക്വെസ്ത് - സെ ക്വെ ലാ പ്രിയേത്? എന്ന ഗ്രന്ഥത്തിൽ 'സ്വത്ത് എന്നാൽ മോഷണമാണ്' എന്ന് പ്രൂധോൻ പ്രഖ്യാപിച്ചു. ഗവൺമെന്റ് എന്നൊന്നില്ലാത്ത ഒരു സമൂഹത്തിൽ നിയന്ത്രിതമായ ഉടമാവകാശം മാത്രം ആവാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ജർമനിയിൽ വ്യക്തിവാദാധിഷ്ഠിതമായ അരാജകത്വത്തെ നീഷേ എന്ന ദാർശനികൻ അനുകൂലിച്ചു. കാറൽ മാർക്സിന്റെ സമകാലീനനും എതിരാളിയുമായിരുന്ന മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ (1814-76) എന്ന റഷ്യൻ ചിന്തകന്റെ അനുയായികളാണ് അരാജകത്വവാദത്തിനു രാഷ്ട്രീയ പ്രാധാന്യം നല്കിയത്.
അരാജകത്വവാദികളുടെ ഒരു പ്രമുഖ നേതാവായിരുന്നു റഷ്യൻ ചിന്തകനായ പ്രിൻസ് പീറ്റർ അലക്സിവിച്ച് ക്രോപോട്കിൻ (1842-1921). മ്യൂച്വൽ എയ്ഡ്: എ ഫാക്റ്റർ ഇൻ എവല്യൂഷൻ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഡാർവിന്റെ പരിണാമവാദത്തെ നിശിതമായി എതിർത്തു. 'അർഹതയുള്ളതുമാത്രം നിലനില്ക്കുന്നു' എന്ന സിദ്ധാന്തത്തെ അദ്ദേഹം നിഷേധിച്ചു. പ്രാകൃതസമൂഹത്തിൽ മാത്രമല്ല മൃഗങ്ങൾക്കിടയിൽ പോലും സംഘടനയുടെ അസ്തിവാരം പരസ്പരസഹകരണമാണ്. അദ്ദേഹം പറയുന്നു: 'നമുക്കു ഗവൺമെന്റുകൾ അത്യാവശ്യമാണെന്നു വിശ്വസിപ്പിച്ചാണ് നമ്മെ വളർത്തുന്നത്. എന്നാൽ മാനവചരിത്രം മറിച്ചുള്ള തെളിവുകളാണ് നല്കുന്നത്. എപ്പോഴെല്ലാം മനുഷ്യവർഗവിഭാഗങ്ങൾ ഭരണാധികാരികളെ പരാജിതരാക്കി തങ്ങളുടെ പുരാതനമായ അവകാശങ്ങൾ വീണ്ടെടുത്തുവോ ആ കാലഘട്ടങ്ങളെല്ലാം സാമ്പത്തികമായും മേധാപരമായും വമ്പിച്ച പുരോഗതിയുടെ യുഗങ്ങളായിരുന്നു. വ്യക്തിയുടെ സ്വാതന്ത്യ്രത്തിന്റെ പ്രത്യക്ഷാനുപാതികമായിട്ടാണ് അയാൾ പുരോഗമിക്കുന്നത്'. പ്രവൃത്തിവിഭജനവും പണമിടപാടുകളും ഇല്ലാത്ത ഒരു കമ്യൂണിസ്റ്റ് സമസൃഷ്ടിക്കുവേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണകൂടമാറ്റത്തിന് വിപ്ളവമായിരുന്നു അദ്ദേഹം നിർദ്ദേശിച്ച മാർഗം. എന്നാൽ വിപ്ളവം നടത്തുന്നത് ഏതെങ്കിലും സംഘടിത പ്രസ്ഥാനമോ കക്ഷിയോ ആയിരിക്കരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. മറ്റൊരു അരാജകത്വവാദിയായ ജോർഗസ് സോറൽ വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യനന്മയ്ക്കും വലിയ പ്രാധാന്യം കല്പിച്ചില്ല. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ മുതലാളിത്തഭരണകൂടത്തെ പിഴുതെറിയണമെന്ന് ആഹ്വാനം ചെയ്തു. 'പൊതുപണിമുടക്ക്' ആണ് അദ്ദേഹം നിർദ്ദേശിച്ച മുഖ്യ സമരായുധം. തൊഴിലാളി യൂണിയനുകളെ ഇതിനുവേണ്ടി ഉപയോഗിക്കാമെന്ന് ഈ അരാജകത്വവാദി സിദ്ധാന്തിച്ചു.
അരാജകത്വവാദം ഒരു വിഭാഗീയ ചിന്താപദ്ധതിയാണ്. ഇതിന്റെ പ്രമാണങ്ങൾ ഓരോന്നും പ്രത്യേകമെടുത്തു പരിശോധിച്ചാൽ അവയ്ക്ക് മറ്റു പല സിദ്ധാന്തങ്ങളുമായി സാധർമ്യമുണ്ടെന്നു കാണാം. 'ഉദാരതാവാദത്തെ'പ്പോലെ ഇത് വ്യക്തിമാഹാത്മ്യത്തെ ഉയർത്തിപ്പിടിക്കുന്നു; അധികാരകേന്ദ്രത്തെ നിരാകരിക്കുന്നു; സമൂഹതാത്പര്യങ്ങളുടെ സ്വച്ഛന്ദസഹകരണം വിഭാവനം ചെയ്യുന്നു. സോഷ്യലിസത്തെയും, കമ്യൂണിസത്തെയും പോലെ ഇതു സ്വകാര്യസ്വത്തവകാശം നിരോധിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതിയെ പിന്താങ്ങുന്ന ഭരണകൂടത്തെ നിഷേധിക്കുന്നു; ഭരണകൂടപ്രവർത്തനത്തിനു വിപ്ളവമാർഗങ്ങൾ നിർദ്ദേശിക്കുന്നു. മനുഷ്യസമത്വത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ സ്വഭാവം ജനാധിപത്യപരമാണ്. അതേ സമയം വ്യാവസായികസമൂഹത്തെ സംശയത്തോടെ വീക്ഷിക്കുന്നതിൽ ഇത് അങ്ങേയറ്റം യാഥാസ്ഥിതികവുമാണ്. ചില അരാജകത്വവാദികൾ ഭീകരപ്രവർത്തനങ്ങളെ അനുകൂലിച്ചിരുന്നു. മർദനഭരണം നടത്തുന്നു എന്നു കരുതപ്പെട്ട ഭരണകർത്താക്കളെ വധിക്കുവാൻ പോലും അവർ തയ്യാറായി. ഫ്രഞ്ചുപ്രസിഡന്റ് സാദികാർണോ (1894-1901), ഇറ്റലിയിലെ രാജാവ് ഹംബെർട്ട് I, യു.എസ് പ്രസിഡന്റ് വില്യം മക്കിൻലി എന്നിവർ അരാജകത്വവാദികളാൽ വധിക്കപ്പെടുകയുണ്ടായി.
അരാജകത്വവാദം ഒരു വക 'ഉട്ടോപ്യനിസ'മാണ്. എന്നാൽ മറ്റ് ഉട്ടോപ്യൻ ആശയഗതികളിൽനിന്ന് ഇതിനുള്ള പ്രത്യേകത ഇതിന്റെ ലക്ഷ്യത്തോടൊപ്പം മാർഗവും നിഷ്കർഷിക്കപ്പെടുന്നു എന്നതാണ്. മറ്റുള്ളവയെപ്പോലെ അരാജകത്വവാദവും ഭാഗികമായി ഒരു മാനസികാവസ്ഥയാണ്; ഭാഗികമായി ഒരു നിശ്ചിതസിദ്ധാന്തവും. എല്ലാ വ്യക്തികളിലും അല്പസ്വല്പം അരാജകത്വപ്രവണത കുടികൊള്ളുന്നു എന്നത് ഒരു സാമൂഹികസത്യമാണ്. അധികാരകേന്ദ്രത്തെ അനുസരിക്കാൻ സാമാന്യേന എല്ലാവരും സന്നദ്ധരാണ്. എന്നാൽ നിബന്ധനകളാൽ നിയന്ത്രിക്കപ്പെടാതിരുന്നെങ്കിൽ താൻ എന്താകുമായിരുന്നു എന്ന് ജീവിതത്തിലൊരിക്കലെങ്കിലും ചിന്തിച്ചുപോകാത്തവരായി ആരുമുണ്ടായിരിക്കയില്ല. ഗവൺമെന്റിടപെടലുകളെ പ്രതിഷേധിക്കുന്ന ബിസിനസുകാരനും, മാനേജ്മെന്റിന്റെ നിയമങ്ങളെ നിഷേധിക്കുന്ന തൊഴിലാളിയും, പാർട്ടിത്തീരുമാനങ്ങൾക്കു മുന്നിൽ നിസ്സഹായനായി നില്ക്കുന്ന സാധാരണ അംഗവും, അധികൃതരുടെ ചട്ടങ്ങൾക്കു വിധേയനാകുന്ന വിദ്യാർഥിയും സ്വതന്ത്രമായും സ്വച്ഛന്ദമായും പ്രവർത്തിക്കുവാൻ യഥാർഥത്തിൽ ആഗ്രഹമുള്ളവരാണ്.
20-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിൽ അരാജകത്വവാദത്തിന്റെ പ്രാധാന്യം ഏറെക്കുറെ അസ്തമിച്ചു. എന്നിരുന്നാലും സിദ്ധാന്തപരമായ അതിന്റെ സ്വാധീനത തുടർന്നുകൊണ്ടിരുന്നു. മനുഷ്യപ്രവർത്തനത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വികേന്ദ്രീകരണം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഈ ചിന്താപദ്ധതി ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്. ചെറുസമൂഹങ്ങളുടെ ഭരണകൂടരഹിതമായ ഒരു സംവിധാനത്തിന്റെ രൂപത്തിലുള്ള വികേന്ദ്രീകരണം ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസത്തോടുകൂടി അനുപേക്ഷണീയമായിത്തീർന്നിട്ടുണ്ട്. ആൽഡസ് ഹക്സ്ലി, ജോർജ്ജ് ഓർവെൽ, ഹെർബർട്ട് റീഡ് എന്നീ പണ്ഡിതന്മാരാണ് ഈ ചിന്താഗതിയുടെ പ്രധാന ഉപജ്ഞാതാക്കൾ. ആധുനിക ചിന്താപദ്ധതിയിൽ ഈ ആശയഗതിയുടെ സ്വാധീനത വർധിച്ചു വരുന്നുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അരാജകത്വവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.