അമൃതം
From Wikipedia, the free encyclopedia
Remove ads
From Wikipedia, the free encyclopedia
അമൃതം അഥവ മരണം എന്തെങ്കിലും കൊണ്ട് ഒഴിവാക്കുവാൻ സാധിക്കുമോ അതാണ് അമൃതം എന്ന് പറയുന്നത്. മരിക്കാതിരിക്കുക എന്നു മാത്രമല്ല മരിച്ചവർ ജീവിക്കുക എന്നതുകൂടി അമൃതംമൂലം സാധ്യമായിത്തീരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
അമൃതത്തെ ബ്രഹ്മാനന്ദമായി ഉപനിഷത്തുകളിൽ നിർദ്ദേശിച്ചിട്ടുണ്ട്. യജ്ഞാത്വാമൃതമശ്നുതേ എന്നിങ്ങനെ ആത്മജ്ഞാനത്തിന്റെ ഫലം അമൃതാനുഭൂതിയാണെന്നു ഭഗവദ്ഗീതയിലും പ്രസ്താവിച്ചിരിക്കുന്നു. യജ്ഞശിഷ്ടത്തെ (യാഗത്തിൽ ദേവതയ്ക്കു സമർപ്പിച്ചതിനുശേഷം ദ്രവ്യത്തെ) അമൃതമെന്നു വ്യവഹരിക്കുന്നുണ്ട്. അതു ഭുജിക്കുന്നവർ എല്ലാ പാപത്തിൽ നിന്നും മുക്തരാകുന്നു എന്നു ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ട്.
ഗോരൂപം ധരിച്ച ഭൂമിദേവിയെ തന്റെ ആജ്ഞയ്ക്കുവശംവദയാക്കി പൃഥുചക്രവർത്തി അവരവർക്കിഷ്ടമുള്ളതു കറന്നെടുക്കാൻ നിർദ്ദേശിച്ചപ്പോൾ ദേവൻമാർ ദുഗ്ധരൂപേണ കറന്നെടുത്തതു അമൃതമാണെന്നു പുരാണത്തിൽ പറഞ്ഞിട്ടുണ്ട്. ദേവൻമാർ ദുർവാസാവിന്റെ ശാപംകൊണ്ട് ജരാബാധിതരായപ്പോൾ അസുരൻമാരുമായി സഖ്യം ചെയ്ത് ഇരുവരുംകൂടി പാലാഴിമഥനം നടത്തുകയും അതിൽനിന്നും ലഭിച്ച വിഭവങ്ങളിൽ സർവപ്രധാനം അമൃതമായിരുന്നു എന്നു പ്രസിദ്ധമാണ്. കർണാമൃതം, നേത്രാമൃതം തുടങ്ങിയ ഭാഷാപ്രയോഗങ്ങൾ അമൃതത്തിന്റെ മഹനീയതയെ ദ്യോതിപ്പിക്കുന്നു. ചന്ദ്രൻ അമൃതകിരണനാണെന്നും പ്രസിദ്ധിയുണ്ട്. ദേവൻമാർ ഭക്ഷിക്കുന്നതുകൊണ്ട് കൃഷ്ണപക്ഷത്തിൽ ചന്ദ്രൻ ഓരോ കലയായി കാണാതാകുന്നു എന്ന് പൌരാണികർ വിശ്വസിച്ചിരുന്നു. ചന്ദ്രനിലെ ഒരിക്കലും ക്ഷയിക്കാത്ത ഒരൊറ്റകലയ്ക്ക് അമൃതകല എന്നാണ് പേർ. ജീമൂതവാഹനന്റെ പ്രാണത്യാഗത്താൽ പശ്ചാത്താപഭരിതനായ ഗരുഡൻ അമൃതം സമ്പാദിച്ചു വർഷിക്കുകയാൽ അസ്ഥിശേഷരായിരുന്ന നാഗങ്ങളെല്ലാം ജീവിച്ചു എന്നു ജാതകകഥകളെ ആസ്പദമാക്കിയെഴുതിയ നാഗാനന്ദം നാടകത്തിൽ വർണിതമായിട്ടുണ്ട്. രാവണവധത്താൽ സന്തുഷ്ടരായ ദേവൻമാർ ശ്രീരാമനെ അഭിനന്ദിച്ച ഘട്ടത്തിൽ ദേവേന്ദ്രൻ അദ്ദേഹത്തോടു വരം ചോദിക്കുവാൻ നിർദ്ദേശിച്ചു. യുദ്ധത്തിൽ തനിക്ക് ഉപകാരം ചെയ്തു മരിച്ച വാനരൻമാർ ജീവിക്കണമെന്നും അംഗവൈകല്യം സംഭവിച്ചവർ മുമ്പത്തെപ്പോലെ സ്വസ്ഥരാകണമെന്നും ആഗ്രഹം പ്രദർശിപ്പിക്കുകയുണ്ടായി. ദേവരാജൻ അമൃതവർഷംകൊണ്ട് ആ അപേക്ഷ നിറവേറ്റിക്കൊടുത്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.