From Wikipedia, the free encyclopedia
ഇസ്ലാമിക സാമ്രാജ്യത്തിലെ ഖിലാഫത്തുകളിൽ മൂന്നാമത്തേതായിരുന്നു അബ്ബാസി ഖിലാഫത്ത് (അറബി: العبّاسيّون, al-‘Abbāsīyūn). അബ്ബാസി രാജവംശത്തിലെ ഖലീഫമാരാണ് ഇതിൽ ഭരണം നടത്തിയത്. അന്തലൂസ് (ഇന്നത്തെ സ്പെയിൻ) ഒഴികെയുള്ള ഭാഗങ്ങളിൽ നിന്നെല്ലാം ഉമയ്യ ഭരണാധികാരികളെ തുരത്തിയാണ് ബാഗ്ദാദ് തലസ്ഥാനമാക്കി ഈ രാജവംശം സ്ഥാപിക്കപ്പെട്ടത്.
അബ്ബാസി ഖിലാഫത്ത് الخلافة العباسية الإسلامية al-‘Abbāsīyūn | |||||||||||
---|---|---|---|---|---|---|---|---|---|---|---|
750–1258 | |||||||||||
അബ്ബാസി സാമ്രാജ്യം അതിന്റെ വിസ്തൃതിയേറിയ കാലത്ത് (ക്രി.വ. 850) | |||||||||||
പദവി | സാമ്രാജ്യം | ||||||||||
തലസ്ഥാനം | ബാഗ്ദാദ് | ||||||||||
പൊതുവായ ഭാഷകൾ | അറബി (ഔദ്യോഗികം), അറമൈകർമേനിയൻ, ബർബർ, ജോർജ്ജിയൻ, ഗ്രീക്ക്, ഹീബ്രു, Middle Persian, ടർക്കിഷ്, കുർദിഷ്[1] | ||||||||||
മതം | ഇസ്ലാം (സുന്നി) | ||||||||||
ഗവൺമെൻ്റ് | ഖിലാഫത്ത് | ||||||||||
• 721–754 | അസ്സഫ്ഫാഹ് | ||||||||||
• 786–809 | ഹാറൂൻ-അൽ-റഷീദ് | ||||||||||
• 1261–1262 | അൽ-മുസ്തനാസിർ | ||||||||||
• 1242–1258 | അൽ-മുസ്തഅ്സിം | ||||||||||
ചരിത്രം | |||||||||||
• സ്ഥാപിതം | 750 | ||||||||||
• ഇല്ലാതായത് | 1258 | ||||||||||
വിസ്തീർണ്ണം | |||||||||||
10,000,000 കി.m2 (3,900,000 ച മൈ) | |||||||||||
Population | |||||||||||
• | 50000000 | ||||||||||
നാണയവ്യവസ്ഥ | അബ്ബാസി ദീനാർ | ||||||||||
| |||||||||||
¹ അമീറുൽ മുഅ്മിനീൻ (أمير المؤمنين), ഖലീഫ (خليفة) |
മുഹമ്മദ് നബിയുടെ അമ്മാവനായ അബ്ബാസിബ്നു അബ്ദിൽ മുത്തലിബിന്റെ പിൻമുറക്കാരാണ് അബ്ബാസി ഖിലാഫത്ത് സ്ഥാപിച്ചത്. ഹർറാനിൽ ക്രി.വ. 750-ൽ സ്ഥാപിക്കപ്പെട്ട സാമ്രാജ്യം 762-ൽ തലസ്ഥാനം ബാഗ്ദാദിലേക്കു മാറ്റി. രണ്ടു നൂറ്റാണ്ടോളം ഖിലാഫത്ത് അതിന്റെ ഉന്നതിയിൽ തുടർന്നു. എന്നാൽ ഇതിനുശേഷം തങ്ങൾ തന്നെ സൃഷ്ടിച്ച തുർക്കിഷ് പട്ടാളമായ മംലൂക്കുകൾ ശക്തിയാർജ്ജിച്ചതോടെ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി. പേർഷ്യയിൽ അധികാരം നേടി ഒന്നര നൂറ്റാണ്ടായപ്പോഴേക്കും തദ്ദേശരാജാക്കന്മാരായ അമീറുമാർക്ക് രാജ്യം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അന്തലൂസ് രക്ഷപ്പെട്ട ഉമയ്യ ഭരണാധികാരികൾക്കും മഗ്രിബ്, ഇഫ്രിഖിയ എന്നീ ഭാഗങ്ങൾ സ്വതന്ത്ര രാജവംശങ്ങളായ അഗ്ലബികൾക്കും ഫാത്വിമികൾക്കും വിട്ടുകൊടുക്കേണ്ടിയും വന്നു.
1258-ൽ ഹുലാഗു ഖാന്റെ നേതൃത്വത്തിലുള്ള മംഗോൾ അധിനിവേശം കീഴ്പ്പെടുത്തിയതോടെ അബ്ബാസി ഭരണത്തിന് താത്ക്കാലികമായി അന്ത്യമായി. ഈജിപ്തിലെ മംലൂക്കിൽ 1261-ൽ തുടർന്ന ഭരണം മതപരമായ കാര്യങ്ങളിൽ അധികാരം അവകാശപ്പെട്ടു. 1519-ൽ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴ്പ്പെടുകയും തലസ്ഥാനം ഇസ്താംബുളിലേക്ക് മാറ്റുകയും ചെതതോടെ ഖിലാഫത്തിന് തിരശ്ശീല വീണു.
മുഹമ്മദിന്റെ പിതൃസഹോദരൻ അബ്ബാസിബ്നു അബ്ദിൽ മുത്തലിബിന്റെ പിൻതുടർച്ചക്കാരായതിനാൽ തങ്ങൾക്കാണ് ഉമയ്യ ഭരണാധികാരികളെക്കാൾ ഖിലാഫത്തിനുള്ള അവകാശം എന്ന വാദവുമായാണ് അബ്ബാസികൾ മുന്നോട്ടുവന്നത്. ഉമയ്യ ഇബ്നു അബ്ദുഷംസിന്റെ വംശാവലിയിലെ ഉമവികൾ ഖുറൈശ് ഗോത്രത്തിൽ പെട്ടവരായിരുന്നെങ്കിലും മുഹമ്മദുമായി ബന്ധമുണ്ടായിരുന്നില്ല. ശിയാക്കളെ കൂട്ടുപിടിച്ചാണ് അബ്ബാസികൾ അധികാരത്തിലേറിയത്[2]. ഉമവികളുമായി എന്നും ശത്രുതയിലായിരുന്ന ശിയ മുസ്ലിംകളുടെ സഹായം ലഭിക്കാൻ അബ്ബാസികൾ അന്യായപരമായി ഭരണം നടത്തിയിരുന്ന ഉമവി ഭരണത്തിനെതിരെയുള്ള അവരുടെ പോരാട്ടത്തിൽ പങ്കുകൊള്ളുകയും ചെയ്തു.
ഉമവികളുടെ ധാർമ്മികമൂല്യങ്ങളെയും ഭരണത്തെയും മോശമായി കാണിച്ചു. ഇറ ലാപിഡസിന്റെ അഭിപ്രായത്തിൽ അബ്ബാസി വിപ്ലവത്തെ സഹായിച്ചത് അറബികൾ, പ്രത്യേകിച്ച് മർവിലെ താമസക്കാരും യമനികളും, മവാലികളും, ആയിരുന്നു[3]. അനറബ് മുസ്ലിംകളായിരുന്ന മവാലികളുടെയും സഹായം അബ്ബാസികൾക്കുണ്ടായിരുന്നു. ബന്ധങ്ങളിൽ അധിഷ്ഠിതമായ അറബ് സമൂഹത്തിന് എന്നും പുറത്തായിരുന്ന ഇവർ താണ വർഗ്ഗമായായിരുന്നു ഉമവി കാലത്ത് കണക്കാക്കപ്പെട്ടിരുന്നത്. ഉമറിബ്നു അബ്ദിൽ അസീസിന്റെ ഭരണകാലത്ത് അബ്ബാസിന്റെ പ്രപൗത്രനായിരുന്ന മുഹമ്മദിബ്നു അലി മുഹമ്മദിന്റെ കുടുംബാധികാരം തിരിച്ചുകൊണ്ടുവരാനായി ഹാഷിമികൾക്ക് ഭരണനേതൃത്വം നൽകണമെന്ന് പേർഷ്യയിൽ വാദിച്ചു.
മർവാൻ രണ്ടാമന്റെ കാലത്ത് അബ്ബാസിന്റെ നാലാം തലമുറയിലെ ഇമാം ഇബ്രാഹീമിന്റെ നേതൃത്വത്തിലുള്ള കലാപത്തിന് ഇത് വഴിവച്ചു. ഇറാനിലെ ഖുറാസാന്ൽ നിന്നുള്ള സഹായം മൂലം അദ്ദേഹത്തിന് കുറച്ചൊക്കെ വിജയം നേടാനായെങ്കിലും 747-ൽ പിടിക്കപ്പെടുകയും കാരാഗൃഹത്തിൽ വച്ച് മരണപ്പെടുകയും ഉണ്ടായി; അദ്ദേഹം വധിക്കപ്പെടുകയായിരുന്നുവെന്നും കരുതുന്നവരുണ്ട്. അബൂ അബ്ബാസിസ്സഫ്ഫാഹ് എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സഹോദരൻ അബ്ദള്ള വിപ്ലവത്തിന്റെ നേതൃസ്ഥാനത്തെത്തുകയും 750-ൽ സാബ് നദിയുടെ തീരത്ത് വിജയം വരിക്കുകയും ചെയ്തു. ഖലീഫയായി സഫ്ഫാഹ് അവരോധിക്കപ്പെട്ടു.
സിറിയയിലെ ഡമാസ്കസിൽ നിന്ന് ഇറാഖിലെ ബാഗ്ദാദിലേക്ക് തലസ്ഥാനം മാറ്റുകയാണ് അബ്ബാസികൾ ആദ്യമായി ചെയ്തത്. പേർഷ്യൻ മവാലികളുടെ കൂറ് നേടാനും അവരോട് കൂടുതൽ അടുത്താകാനുമായിരുന്നു ഈ മാറ്റം. പേർഷ്യൻ സംസ്കാരവും സാഹിത്യവുമായി കൂടുതൽ ബന്ധപ്പെട്ടിരുന്ന മവാലികൾ സാമ്രാജ്യത്തിലെ അറബ് മേൽക്കോയ്മ കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ടൈഗ്രിസ് നദിയുടെ തീരത്ത് 762-ലാണ് ബാഗ്ദാദ് സ്ഥാപിച്ചത്. കേന്ദ്രത്തിന്റെ അധികാരം കുറയ്ക്കാനായി vizier എന്ന അധികാരസ്ഥാനം ഉണ്ടാക്കുകയും തദ്ദേശ അമീറുമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്തു. അബ്ബാസി ഖലീഫമാർക്ക് ഉമവി കാലവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഔപചാരികമായ ഒരു സ്ഥാനം മാത്രം ഉണ്ടാകാൻ ഇത് കാരണമായി. Vizier മാർ കൂടുതൽ സ്വാധീനം കാണിക്കാൻ തുടങ്ങിയതോടെ അറബ് പ്രഭുക്കന്മാരുടെ സ്ഥാനം പേർഷ്യൻ ബ്യൂറോക്രസി കൈയടക്കിത്തുടങ്ങി[4].
ഉമവികളെ അബ്ബാസികൾക്ക് സ്ഥാനഭ്രഷ്ടരാക്കാൻ സാധിച്ചതിൽ പേർഷ്യക്കാർക്ക് പ്രധാന പങ്കുണ്ടായിരുന്നു. അൽ-മൻസ്വൂർ കൊട്ടാരത്തിൽ അനരബ് മുസ്ലിംകളെ കൂടുതലായി സ്വാഗതം ചെയ്തത് അറബ്-പേർഷ്യൻ സംസ്കാരങ്ങൽ തമ്മിൽ കൂടുതലായി ഇടപഴകാൻ സഹായിച്ചെങ്കിലും അറബ് തുണക്കാരെ, പ്രത്യേകിച്ച് ഉമവികൾക്കെതിരിൽ സഹായിച്ചിരുന്ന ഖുറാസാനികളെ അകറ്റുന്നതിൽ കലാശിച്ചു.
ഇത് ഉടൻ തന്നെ പ്രശ്നങ്ങൾക്ക് വഴിവച്ചു. ഉമവികൾ ഭരണനിഷ്കാസിതരായിരുന്നുവെങ്കിലും പൂർണ്ണമായി നസിപ്പിക്കപ്പെട്ടിരുന്നില്ല. കൂട്ടക്കൊല ചെയ്യപ്പെട്ട ഉമവി രാജകുടുംബത്തിലെ അവശേഷിച്ച ഏക അംഗമായിരുന്ന അബ്ദുറഹ്മാൻ ഒന്നാമൻ സ്പെയിനിലേക്ക് രക്ഷപ്പെടുകയും അവിടെ സ്വതന്ത്ര അമീറാവുകയും ചെയ്തു. കൊർഡോവ തലസ്ഥാനമാക്കി അന്തലൂസ് സാമ്രാജ്യം സ്ഥാപിക്കുന്നതിൽ വിജയിച്ച അബ്ദുറഹ്മാൻ മൂന്നാമൻ 929-ൽ ഖലീഫയായി സ്വയം അവരോധിച്ചു. ഇസ്ലാമിക സാമ്രാജ്യത്തിന്റെ യഥാർത്ഥ തലസ്ഥാനം എന്ന പദവിക്ക് ബാഗ്ദാദിന് എതിരാളിയായി കൊർഡോവ മാറി.
ഉമവികളുമായുള്ള യുദ്ധത്തിൽ തങ്ങളെ സഹായിച്ചിരുന്ന ശിയാക്കളുമായും പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. അബ്ബാസികളും ശിയാക്കളും മുഹമ്മദുമായുള്ള കുടുംബബന്ധം വഴി അദികാരത്തിനുള്ള അവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെറ്റിരുന്നു. ഭരണത്തിലേറിയതോടെ അബ്ബാസികൾ ശിയ വിശ്വാസത്തിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. അനേകം കലഹങ്ങൾക്ക് ഇത് വഴിവച്ചു. 786-ൽ മക്കയിൽ കലാപമുണ്ടായി. ഇതിനെത്തുടർന്ന് നാടാകെ രക്തച്ചൊരിച്ചിലുണ്ടാവുകയും ശിയാക്കളിലധികവും മഗ്രിബിലേക്ക് നാടുവിടുകയും ചെയ്തു. അവിടെവച്ച് അവർ ഇദ്രീസി സാമ്രാജ്യം സ്ഥാപിച്ചു. മുഹമ്മദിന്റെ പിൻതുടർച്ചക്കാരും ശിയാ ഇമാമുമാരുമായിരുന്നവരെ അബ്ബാസികൾ വധിച്ചു.ഇമാം ജഅ്ഫർ സാദിഖും സമൂഹത്തിൽ ഉന്നതസ്ഥാനമുണ്ടായിരുന്ന അനേകം പ്രഭുക്കന്മാരും ഇതിൽ പെടുന്നു. 801-ൽ വടക്കേ ആഫ്രിക്കയിൽ ബർബർ ഖവാരിജുകൾ സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചു. അരനൂറ്റാണ്ടുകൊണ്ട് മഗ്രിബിലെ ഇദ്രീസികളും ഇഫ്രീഖിയയിലെ അഗ്ലബികളും പിന്നീട് മിസ്റിലെ തുലൂനിദുകളും ഇക്ഷിദിദുകളും ആഫ്രിക്കയിൽ സ്വതന്ത്രസാമ്രാജ്യങ്ങളായി മാറി.
സാമ്രാജ്യത്തിന്റെ വിസ്തൃതിയും വിവിധ ഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിലെ പോരായ്മകളും മൂലം പ്രശാസനത്തിൽ മാറ്റങ്ങൾ വരുത്താൻ എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രാപ്തരായ ഖലീഫമാരുടെയും അവരുടെ മന്ത്രിമാരുടെയും കീഴിൽ അബ്ബാസി ഭരണത്തിന് നന്നായി അധ്വാനിക്കേണ്ടി വന്നു[5]. സിറിയയിലും അനറ്റോളിയയിലും ബൈസന്റൈൻ സാമ്രാജ്യം അബ്ബാസികൾക്കെതിരെ യുദ്ധം നടത്തിയിരുന്ന ഇക്കാലത്ത് സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ടിരുന്ന ഗവർണ്ണർമാരെ വരുതിയിലാക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടിവന്നതിനാൽ അബ്ബാസി സൈനികനീക്കങ്ങൾ കുറവായിരുന്നു. സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമെന്നപോലെ ഭരണം നടത്തിയിരുന്ന ഗവർണ്ണർമാർ തങ്ങളുടെ പദവികൾ പാരമ്പര്യമായി കണക്കാക്കാൻ തുടങ്ങി എന്നതും നെതൃത്വത്തിന് തലവേദനകൾ സൃഷ്ടിച്ചു[4].
തലസ്ഥാനത്തിനടുത്തും അബ്ബാസി ഭരണം പ്രശ്നങ്ങൾ നേരിട്ടു. മുമ്പ് തങ്ങളെ സഹായിച്ചിരുന്ന ഒരു കൂട്ടം വിഘടിച്ച് വടക്കൻ പേർഷ്യയിലെ ഖുറാസാനിൽ സ്വതന്ത്രസാമ്രാജ്യം സ്ഥാപിച്ചു. രാജ്യത്ത് അധികാരമേറിവന്ന പേർഷ്യൻ കുടുംബമായിരുന്ന ബറാമിക്കുകൾക്ക് ഹാറൂൻ-അൽ-റഷീദ് ആദ്യം ഒത്താശ നൽകിയിരുന്നെങ്കിലും പിന്നീട് ഇവർക്കെതിരെ തിരിയുകയും കുടുംബത്തെ ഏതാണ്ട് ഒന്നടങ്കം വധിക്കുകയും ചെയ്തു[6].
അറബ് മുസ്ലിംകൾ ജ്യോതിശാസ്ത്രം, ആൽക്കെമി, ആരോഗ്യശാസ്ത്രം, ഗണിതം എന്നിവ വിജയകരമായി പഠിക്കാൻ തുടങ്ങി. അബ്ബാസി സാമ്രാജ്യത്തിൽ ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ ചരിത്രത്തിൽ അതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര കണ്ടുപിടിത്തങ്ങളുണ്ടായി - കാരൻ ആംസ്ട്രോങ്ങ്[7]
എട്ടാം നൂറ്റാണ്ടിൽ അബ്ബാസി ഖിലാഫത്തിന്റെ ഉയർച്ച, ഡമാസ്കസിൽ നിന്ന് ബാഗ്ദാദിലേക്കുള്ള തലസ്ഥാനമാറ്റം എന്നിവയോടെയാണ് ഇസ്ലാമിക സുവർണ്ണകാലത്തിന് തുടക്കമായത്[8]. ഖുർആനിലെയും ഹദീസിലെയും "പണ്ഡിതന്റെ മഷി രക്തസാക്ഷിയുടെ രക്തത്തെക്കാൾ വിശുദ്ധമാണ്" എന്നതുപോലുള്ള ജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന വചനങ്ങളാണ് അബ്ബാസികൾക്ക് പ്രചോദനമായത്. ബാഗ്ദാദിൽ ബൈത്തുൽ ഹിക്മ സ്ഥാപിക്കപ്പെട്ടതോടെ ഇക്കാലത്ത് മുസ്ലിം ലോകം ശാസ്ത്രം, തത്ത്വചിന്ത, ആരോഗ്യശാസ്ത്രം, വിദ്യാഭ്യാസം എന്നിവയുടെ ലോകത്തിലെത്തന്നെ കേന്ദ്രമായി മാറി. ബൈത്തുൽ ഹിക്മയിൽ മുസ്ലിം-അമുസ്ലിം പണ്ഡിതന്മാർ പ്രാചീനകാലത്തെ അറിവുകളെല്ലാം ശേഖരിക്കുകയും അറബിയിലേക്ക് തർജ്ജമ നടത്തുകയും ചെയ്യുന്നതിൽ ഏർപ്പെട്ടു. നഷ്ടപ്പെട്ടുപോകുമായിരുന്ന പല പുരാതനകൃതികളും ഇങ്ങനെ അറബിയിലേക്കും പേർഷ്യനിലേക്കും പിന്നീട് ടർക്കിഷ്, ഹീബ്രു, ലാറ്റിൻ എന്നീ ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടതിനാൽ നിലനിന്നു. ഇക്കാലത്ത് മുസ്ലിം ലോകം റോമൻ, ചൈനീസ്, ഇന്ത്യൻ, ഈജിപ്ഷ്യൻ, വടക്കേ ആഫ്രിക്കൻ, ഗ്രീക്ക്, ബൈസന്റൈൻ സംസ്കാരങ്ങളിൽ നിന്ന് അറിവുകൾ ശേഖരിക്കുകയും ഉദ്ഗ്രഥനം നടത്തുകയും പുരോഗമിപ്പിക്കുകയും ചെയ്തു.
ഹാറൂൻ-അൽ-റഷീദിന്റെയും പിൻഗാമികളുടെയും ഭരണം മഹത്തായ ധൈഷണികനേട്ടങ്ങളുടെ കാലത്തിന് വഴിവച്ചു. ഉമവി ഭരണത്തിൽ ഭരണം നിലനിർത്താൻ സഹായിച്ചിരുന്ന അറബികൾക്കുണ്ടായിരുന്ന മേൽക്കോയ്മയിൽ നിന്ന് അബ്ബാസി കാലഘട്ടത്തിൽ അനറബികളും സ്വാഗതം ചെയ്യപ്പെട്ടതിലേക്കുള്ള മാറ്റമാണ് ഇതിന് പ്രധാനമായും വഴിവച്ചത്. അബ്ബാസികൾ സസ്സനിദ് രീതികളെ അടിസ്ഥാനമാക്കിയായിരുന്നു ഭരണം ചിട്ടപ്പെടുത്തിയത്[9]. ഒരു അബ്ബാസി ഖലീഫയുടെ പേർഷ്യക്കാരിയായിരുന്ന മാതാവ് ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു : "പേർഷ്യക്കാർ ഒരായിരം വർഷം ഭരിച്ചപ്പോഴും അറബികളെ ഒരു ദിവസം പോലും ആവശ്യം വന്നിരുന്നില്ല. എന്നാൽ ഒന്നോ രണ്ടോ നൂറ്റാണ്ടുകളായി അവരെ ഭരിക്കുന്ന നമുക്ക് അവരെക്കൂടാതെ ഒരു മണിക്കൂറുപോലും നിലനിൽക്കാനാവുകയില്ല."[10]
ഇസ്ലാമിക ഭരണത്തിനു കീഴിലെ ചിന്തകരും ശാസ്ത്രജ്ഞരും ഇസ്ലാമിക ശാസ്ത്രം പാശ്ചാത്യർക്ക് എത്തിച്ചുകൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇവരുടെ പ്രവർത്തനഫലമായാണ് അരിസ്റ്റോട്ടിൽ യൂറോപ്പിൽ അറിയപ്പെട്ടത്. യൂക്ലിഡ്, ടോളമി മുതലായവരുടെ ഗണിതം, ജ്യാമിതി, ജ്യോതിശാസ്ത്രം എന്നിവയിലെ അലക്സാണ്ട്രിയൻ വിജ്ഞാനം ഇക്കാലത്ത് വീണ്ടെടുക്കപ്പെട്ടു. ഇവ പിന്നീട് ഇസ്ലാമിക പണ്ഡിതർ, പ്രത്യേകിച്ച് പേർഷ്യൻ ശാസ്ത്രജ്ഞരായ അൽ-ബിറൂനി, അബൂനസ്ർ മൻസൂർ എന്നിവർ, വികസിപ്പിച്ചു.
പേർഷ്യൻ ശാസ്ത്രജ്ഞനായ മുഹമ്മദ് ഇബ്നു മൂസ അൽ ഖവാരിസ്മി തന്റെ കിതാബ് അൽജബർ വൽ മുഖാബല എന്ന ഗ്രന്ഥത്തിലൂടെ ബീജഗണിതത്തെക്കുറിച്ചും പ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. ഈ ഗ്രന്ഥത്തിന്റെ പേരിൽ നിന്നാണ് ആൾജിബ്ര എന്ന പദം ഉണ്ടായത്. അൽ-ഖവാരിസ്മി ബീജഗണിതത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു[11] . അൽഗൊരിസം, അൽഗൊരിതം എന്നീ വാക്കുകളും ഹിന്ദു-അറബിക് സംഖ്യാവ്യവസ്ഥ ഇന്ത്യൻ ഉപഭൂഖണ്ടത്തിനു പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച അദ്ദേഹത്തിന്റെ പേരിൽ നിന്ന് ഉദ്ഭവിച്ചതാണ്.
ഇബ്നൽ ഹയ്തം (അൽഹാസൻ) തന്റെ പ്രകാശികത്തെക്കുറിച്ചുള്ള പുസ്തകത്തിൽ ഒരു ആദ്യകാല ശാസ്ത്രീയരീതി വികസിപ്പിച്ചു[12]. വ്യത്യസ്ത സിദ്ധാന്തങ്ങളിൽ നിന്ന് ശരിയേത് എന്ന് തിരിച്ചറിയാൻ പരീക്ഷണങ്ങളെ ഉപയോഗിക്കുക എന്ന കൂടുതൽ പ്രായോഗികമായ രീതി മുസ്ലിം ശാസ്ത്രജ്ഞൻമാർ പിൻതുടർന്ന ഈ ശാസ്ത്രീയരീതിയിലെ പ്രധാന അംശമായിരുന്നു. അൽഹാസൻ പ്രകാശത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങളുടെ പേരിൽ[13][14] പ്രകാശികത്തിന്റെ പിതാവായി അറിയപ്പെടുന്നു. ബ്രാഡ്ലി സ്റ്റെഫെൻസ് ശാസ്ത്രീയരീതിയുടെ വികസനത്തിന്റെ പേരിൽ അദ്ദേഹത്തെ ആദ്യത്തെ ശാസ്ത്രജ്ഞനായി കണക്കാക്കുന്നു[15].
ആരോഗ്യശാസ്ത്രവും അബ്ബാസികളുടെ കീഴിൽ മധ്യകാല ഇസ്ലാമികസാമ്രാജ്യത്തിൽ കാര്യമായ പുരോഗതി നേടി. ഒമ്പതാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ 800-ലേറെ ഭിഷഗ്വരന്മാരുണ്ടായിരുന്നു. ശരീരഘടനയെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അനേകം സുപ്രധാനകാര്യങ്ങൾ ഇക്കാലത്ത് കണ്ടെത്തി. മീസിൽസ്, വസൂരി എന്നിവ തമ്മിലുള്ള ചികിത്സാസംബന്ധിയായ വ്യത്യാസം ഇക്കാലത്താണ് തെളിയിക്കപ്പെട്ടത്. പാശ്ചാത്യർ അവിസെന്ന എന്നപേരിലറിയപ്പെടുന്ന ഇബ്നുസീന The Canon of Medicine, The Book of Healing എന്ന ഗ്രന്ഥങ്ങളിൽ ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ട അറിവുകളെല്ലാം ക്രോഡീകരിച്ചു. ആധുനികവൈദ്യശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹം ചിലപ്പോൾ കണക്കാക്കപ്പെടാറുണ്ട്. നവോത്ഥാനകാലത്തെയും അതിന് ഏറെ ശേഷവുമുള്ള യൂറോപ്യൻ ശാസ്ത്രജ്ഞന്മാരുടെ പടനങ്ങളിൽ അദ്ദേഹവും മറ്റ് മുസ്ലിം വൈദ്യശാസ്ത്രജ്ഞന്മാരും സ്വാധീനം ചെലുത്തി.
അൽ-ബത്താനിയായിരുന്നു ഇക്കാലത്തെ ജ്യോതിശാസ്ത്രജ്ഞന്മാരിൽ പ്രമുഖൻ. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണത്തിന്റെ അളവ് വർദ്ധിച്ച കൃത്യതയോടെ അദ്ദേഹം അളന്നു. അൽ-ബത്താനി, അവെറോസ്, നാസിർ അദ്ദീൻ അൽതുസി, മുഅയ്യിദുദ്ദീൻ ഉർദി, ഇബ്നുൽ ഷാതിർ എന്നിവർ ഭൂകേന്ദ്രവ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ പിന്നീട് കോപ്പർനിക്കസിന്റെ സൗരകേന്ദ്രവ്യവസ്ഥയിൽ സംയോജിപ്പിക്കപ്പെട്ടു. ആസ്ട്രോലേബ് കണ്ടുപിടിച്ചത് ഗ്രീക്കുകാരായിരുന്നെങ്കിലും ഇക്കാലത്തെ മുസ്ലിം ജ്യോതിശാസ്ത്രജ്ഞന്മാരും എഞിനീയർമാരുമാണ് ഇതിനെ അവികലമാക്കുകയും യൂറോപ്പിലെത്തിക്കുകയും ചെയ്തത്.
ഇസ്ലാമികലോകത്തുനിന്നുള്ള സാഹിത്യത്തിൽ ഏറ്റവും പ്രശസ്തമായത് ആയിരത്തൊന്നു രാവുകൾ (അറേബ്യൻ രാവുകൾ). ആണെന്നു പറയാം. ഇസ്ലാമിനുമുമ്പുള്ള പേർഷ്യൻ കഥകളിലാണ് ഇവയുടെ വിത്തുകൾ എങ്കിലും ഇവയുടെ രൂപവത്കരണം പ്രധാനമായും നടന്നത് പത്താം നൂറ്റാണ്ടിലാണ്. വിവിധ കൈയെഴുത്തുപ്രതികളിലെ കഥകളിൽ വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഈ കഥകൾ പരിണമിച്ച് ഇന്നത്തെ രൂപത്തിലായത് പതിനാലാം നൂറ്റാണ്ടിലായിരുന്നു[16]. ആയിരത്തൊന്നു രാവുകൾ എന്ന കൃതിയുടെ ഭാഗമായവയും അല്ലാത്തവയുമായ അറേബ്യൻ കഥകളൊക്കെത്തന്നെ അറേബ്യൻ രാവുകൾ എന്ന പേരിലാണ് പാശ്ചാത്യലോകത്ത് അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ആന്ത്വാൻ ഗാലാന്തിന്റെ ആദ്യ തർജ്ജമയോടെ തന്നെ പാശ്ചാത്യരിൽ ഈ കൃതിക്ക് സ്വാധീനം കൈവന്നു[17]. ഈ കഥകളിലെ അലാവുദ്ദീൻ, സിന്ദ്ബാദ്, ആലി ബാബ മുതലായ കഥാപാത്രങ്ങൾ പാശ്ചാത്യരുടെയിടയിലും സാംസ്കാരികബിംബങ്ങളാണ്. ഫ്രഞ്ചിലും മറ്റ് ഭാഷകളിലും ആയിരത്തൊന്നു രാവുകൾക്ക് അനേകം അനുകരണങ്ങൾ ഉണ്ടായിട്ടുണ്ട്[18].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.