അന്ത്യന്യായവിധി

From Wikipedia, the free encyclopedia

അന്ത്യന്യായവിധി

ക്രിസ്തുമതവിശ്വാസപ്രകാരം ലോകാവസാനത്തിൽ ദൈവം (യാഹോവ) നടത്തുന്ന സാർവത്രിക വിധിയാണ് അന്ത്യന്യായവിധി (Last Judgment). ദൈവം യഹൂദേതര ജനതകളുടെമേൽ വിധി കല്പിക്കുമെന്നും അവരെ ശിക്ഷിക്കുമെന്നും ഇസ്രായേൽക്കാർ വിശ്വസിച്ചു. ജലപ്രളയം, സോദോമിന്റെ നാശം എന്നിവ ഇത്തരം വിധികൾക്ക് ഉദാഹരണമാണ്. ശത്രുക്കളുടെ പരാജയവും സമൂലനാശവും യഹോവ (യാഹ്‌വേ) നടത്തുന്ന വിധിയാണ്.

Thumb
അന്ത്യന്യായവിധി 15-ആം നൂറ്റാണ്ടിൽ ലോച്ച്നർ വരച്ചത്
Thumb
അന്ത്യന്യായവിധി 1467-1471

അന്ത്യദിനം

യഹോവയുടെ ദിനത്തിൽ (അന്ത്യദിനം) ദൈവം ഇസ്രായേലിന്റെ ശത്രുക്കളെ വിധിക്കുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്യും. അന്ന് യോസഫാത്തിന്റെ താഴ്വരയിൽവച്ച് വിജാതീയരുടെ സൈന്യങ്ങളെ ദൈവം നശിപ്പിക്കും [1]. എങ്കിലും വിധി ഇസ്രായേലിനെക്കൂടി ബാധിക്കുമെന്ന് പ്രവാചകന്മാർ പഠിപ്പിച്ചു. ഇസ്രായേലിന്റെ പരാജയവും അടിമത്തവും ദൈവം നടത്തുന്ന ന്യായവിധിയാണ്. സെഫനിയിസിന്റെ പ്രവചനപ്രകാരം ഈ ന്യായവിധി സാർവത്രികമാണ്. അത് വലിയൊരു വിഭാഗത്തെ നശിപ്പിക്കും; എങ്കിലും ചെറിയ ഒരു വിഭാഗം രക്ഷപ്രാപിക്കും. മറ്റു മതാനുയായികളിലും കുറേപ്പേർ രക്ഷപ്പെടും. ദാനിയേലും ദൈവത്തിന്റെ സാർവത്രികന്യായവിധിയെപ്പറ്റി പഠിപ്പിക്കുന്നു. സമൂലനാശം വിധിയുടെ ഒരു വശമാണെങ്കിലും നാശം പുതിയ ഒരു യുഗത്തിന്റെ ആരംഭമാണ്. സുകൃതികൾ നിത്യസമ്മാനത്തിനായി ഉയിർത്തെഴുന്നേൽക്കും. ദുഷ്ടർ നിത്യമായ അപമാനം അനുഭവിക്കും. മിശിഹാ (അഭിഷിക്തൻ) നടത്തുന്ന വിധിക്കുശേഷം സമാധാനപൂർണമായ ഒരു ഘട്ടവും അതിനു ശേഷം അന്ത്യവിധിയും ഉണ്ടെന്ന് വെളിപ്പാട് ഗ്രന്ഥങ്ങളിൽ പറയുന്നു. [2]

ന്യായവിധി ആസന്നമായിരിക്കുമെന്ന് യേശു സൂചിപ്പിച്ചു. ജാഗരൂകരായിരിക്കുവിൻ എന്ന മുന്നറിയിപ്പു വിധിയുടെ അത്യാസന്നത അറിയിക്കുന്നു. പഴയനിയമത്തിലെപ്പോലെ ന്യായാധിപൻ ദൈവമാണ്. [3] ദൈവപുത്രനായ യേശുവിന് ന്യായം വിധിക്കാനുള്ള അധികാരം നൽകിയിരിക്കുന്നു. അതുകൊണ്ട് വിധിദിവസത്തെ യേശുവിന്റെ പ്രത്യക്ഷപ്പെടലിന്റെ ദിവസം, യേശുവിന്റെ ദിവസം എന്നെല്ലാം പറയുന്നു. [4]

ദൈവവിധി

യേശുവിലൂടെ ദൈവം വിധിക്കും. മാലാഖമാരും വിശുദ്ധരും അവനോടൊത്തുണ്ടായിരിക്കും. ക്രിസ്തു തന്റെ മഹത്ത്വത്തിൽ സർവമനുഷ്യരെയും വിധിക്കുവാൻ വീണ്ടും വരും. തന്നിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ സർവരേയും യേശു വിധിക്കും. വിധിയുടെ മാനദണ്ഡം ക്രിസ്തുവിനോടുള്ള ഓരോരുത്തരുടെയും മനോഭാവമായിരിക്കും. യേശുവിനെ ഏറ്റുപറയുവാൻ ലജ്ജിക്കുന്നവർ തിരസ്കരിക്കപ്പെടും. ഇദ്ദേഹത്തിൽ വിശ്വസിക്കാത്തവരും ഇദ്ദേഹത്തിന്റെ സന്ദേശവാഹകരെ സ്വീകരിക്കാത്തവരും വിധിക്കപ്പെടും [5] ഓരോരുത്തനേയും അവനവന്റെ പ്രവർത്തിക്കനുസരിച്ച് ക്രിസ്തു വിധിക്കും. സഹജീവികൾക്കു ചെയ്യുന്ന നന്മയും തിന്മയും ക്രിസ്തുവിനു ചെയ്തതായി ഗണിക്കുന്നതാണ്. ക്രിസ്തുവിനെ അറിയാത്തവർ അവരുടെ മനസാക്ഷിയുടെ നിയമപ്രകാരം വിധിക്കപ്പെടും. ക്രിസ്തുവിനെ അനുഗമിക്കുന്നവർ ആകട്ടെ, സുവിശേഷനിയമപ്രകാര [6]മായിരിക്കും വിധിക്കപ്പെടുക.

ഓരോരുത്തരുടെയും ഹൃദയരഹസ്യങ്ങൾ അന്ന് വെളിപ്പെടും [7] ദുഷ്ടർ ലജ്ജിതരായിത്തീരും എന്നെല്ലാം ക്രൈസ്തവർ വിശ്വസിക്കുന്നു.

സ്നേഹത്താൽ ബന്ധിക്കപ്പെട്ട സമൂഹം

Thumb
അന്ത്യന്യായവിധി (റഷ്യൻ ചിത്രരചന)

അന്ത്യന്യായവിധി ഒരു വിധിപ്രസ്താവന മാത്രമല്ല; ഇതുമൂലം, മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു. യേശു ഓരോരുത്തനും അവനവന്റെ ആത്മാവിന്റെ സ്ഥിതിക്കനുസൃതമായ ശരീരം കൊടുക്കുന്നു. ദൈവികോദ്ദേശ്യത്തോടുള്ള വിധേയത്വത്തിലും ദൈവസ്നേഹത്തിലും സ്ഥിരീകൃതരായവർ മഹത്ത്വത്തിന്റെ ശരീരവും അല്ലാത്തവർ അപമാനത്തിന്റെ ശരീരവും സ്വീകരിക്കുന്നു. ഈ പ്രവൃത്തി ഇരുകൂട്ടരേയും വേർതിരിക്കുന്നതു കൂടാതെ ദൈവത്തോടു സ്നേഹത്താൽ ബന്ധിക്കപ്പെട്ടവരുടെ ഒരു സമൂഹം സൃഷ്ടിക്കുകയും ചെയ്യുന്നു. തദ്വാരാ സൃഷ്ടികർമത്തിൽ ദൈവത്തിന്റെ ഉദ്ദിഷ്ടലക്ഷ്യം നിറവേറ്റപ്പെടുന്നു എന്നു ക്രൈസ്തവ ദർശനത്തിൽ പ്രസ്താവമുണ്ട്.

ആധുനിക വ്യാഖ്യാനം

ക്രിസ്തുവിന്റെ സ്വർഗാരോഹണവും പുനരാഗമനവും സത്താപരം (essential) മാത്രമാണ് എന്ന് ചില ആധുനിക ദൈവശാസ്ത്രജ്ഞർ വാദിക്കുന്നു. സ്വർഗാരോഹണം ക്രിസ്തു തന്റെ മഹത്ത്വത്തിലേക്ക് പ്രവേശിക്കുന്നതിനെ സൂചിപ്പിക്കുന്നു. യേശു സർവസൃഷ്ടിയുടെയും മേൽ ദൈവത്തിനുള്ള പരമാധികാരത്തിൽ ഭാഗഭാക്കാകുന്നു. പുനരാഗമനം ക്രിസ്തുവിന്റെ ശക്തിയോടുകൂടിയ സാന്നിധ്യമാണ്, ശാരീരികമായുള്ള തിരിച്ചു വരവല്ല. ഈ സാന്നിധ്യം മനുഷ്യരുടെ ആത്മീയ ഉണർവിലാണ് പ്രകടമാകുന്നത്. ദൈവികശക്തി ഫലപ്രദമാംവിധം പ്രവർത്തിച്ചുകൊണ്ട് യേശു വീണ്ടും ലോകത്തിൽ സന്നിഹിതനാകുന്നു. ലോകത്തിന്റെമേലുള്ള തന്റെ പരമാധികാരം പ്രയോഗിച്ചുകൊണ്ട് അദ്ദേഹം ലോകത്തെ പൂർണതയിൽ എത്തിക്കുന്നു. പുനരാഗമനം, ഉയിർപ്പ്,അന്ത്യന്യായവിധി എന്നിവ ഒരേ ദൈവികപ്രവൃത്തിയുടെ വിവിധവശങ്ങളാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നു വിവരിക്കപ്പെടുന്ന പ്രകൃതിക്ഷോഭങ്ങളും അത്ഭുതപ്രതിഭാസങ്ങളും അപ്പോകാലിപ്സ് സാഹിത്യത്തിന്റെ പ്രത്യേകതകളായി മനസ്സിലാക്കിയാൽ മതിയെന്നാണ് പ്രസ്തുത ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.

മൈക്കൽ ആഞ്ജലോ രചിച്ച പ്രസിദ്ധമായ ചുവർ ചിത്രം

Thumb
മൈക്കൽ ആഞ്ജലോ രചിച്ച പ്രസിദ്ധമായ ചുവർ ചിത്രം.

മാർപാപ്പാമാരുടെ ആസ്ഥാനമായ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ മൈക്കൽ ആഞ്ജലോ രചിച്ച പ്രസിദ്ധമായ ചുവർ ചിത്രം. 1534-ൽ പോൾ മൂന്നാമൻ മാർപാപ്പയുടെ നിർദ്ദേശമനുസരിച്ചാണ് ചിത്രം രചിക്കപ്പെട്ടത്. ഈ ചിത്രം പൂർണമാക്കുന്നതിന് അഞ്ചുവർഷം വേണ്ടിവന്നു. ഇതിനുമുമ്പ് 1508-ൽ ജൂലിയസ് രണ്ടാമൻ മാർപാപ്പായുടെ നിർദ്ദേശാനുസരണം ഇദ്ദേഹം ചാപ്പലിന്റെ മുകൾത്തട്ടു മുഴുവൻ ബൈബിൾ പ്രമേയങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു (1508-12). അന്ത്യവിധി അൾത്താരയുടെ പിന്നിലുള്ള ചുവരിലാണ് രചിച്ചത്. 20.12 മീറ്റർ നീളവും 7 മീറ്റർ ഉയരവുമുണ്ട് ചിത്രതലത്തിന്. മുകൾത്തട്ടിലെ ചിത്രങ്ങൾ ഉജ്ജ്വലമാണെങ്കിൽ അന്ത്യവിധി മ്ലാനവും ഗൌരവപൂർണവുമാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിൽ, മരിച്ചവരെയും ജീവനുള്ളവരെയും ന്യായം വിധിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രമധ്യത്തിൽ മഹിമയുടെ സിംഹാസനത്തിൽനിന്ന് എഴുന്നേൽക്കുന്ന ഭാവത്തിൽ ക്രിസ്തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്മാർ തങ്ങൾ അനുഭവിച്ച പീഡകൾ വിവരിക്കുന്നു. തങ്ങളെ പീഡിപ്പിക്കുന്നതിനും കൊല്ലുന്നതിനും പീഡകർ ഉപയോഗിച്ച മാരകായുധങ്ങൾ അവർ എടുത്തുകാട്ടുന്നു. ബാർത്തലോമിയോ പുണ്യവാളന്റെ കൈയിൽ മനുഷ്യശരീരത്തിൽനിന്ന് ഊരിയെടുത്ത തുകലുണ്ട്. (ഈ വിശുദ്ധനെ തൊലിയുരിച്ചു കൊല്ലുകയാണുണ്ടായത്). ഈ തുകലിന്റെ ചുളിവിൽ ഒരു മുഖംകൂടി വരച്ചു ചേർത്തിട്ടുണ്ട്. അത് മൈക്കൽ ആഞ്ജലോയുടേതുതന്നെയാണ്. നരകത്തിലും പാതാളത്തിലും കിടക്കുന്ന മനുഷ്യരൂപങ്ങൾ വിവിധതരം തീവ്രയാതനകൾ അനുഭവിച്ചു ഞെളിയുകയും പിരിയുകയും പ്രലപിക്കുകയും ചെയ്യുന്നു. ഇറ്റാലിയൻ മഹാകവി ദാന്തേയുടെ ഡിവൈൻ കോമഡിയിൽ വർണിച്ചിട്ടുള്ള രീതിയിലാണ് നരകവും പാതാളവും ചിത്രീകരിച്ചിട്ടുള്ളത്. ഈ ഭീകരതകൾ കണ്ടിരിക്കുവാൻ കഴിവില്ലാത്ത കന്യകാമാതാവ് മുഖം തിരിച്ചുപിടിക്കുന്നു.

മൈക്കൽ ആഞ്ജലോ രചിച്ച മനുഷ്യരൂപങ്ങളെല്ലാം നഗ്നമായിരുന്നു. ഒരു വിശുദ്ധ ദേവാലയത്തിൽ ഇത്തരം ചിത്രണം പാടില്ലെന്നു കരുതിയ പിൽക്കാല മാർപാപ്പാമാർ അവയുടെ മേൽ വസ്ത്രങ്ങൾ ആലേഖനം ചെയ്തു ചേർപ്പിച്ചു. പോൾ നാലാമന്റെ കാലത്ത് ഡാനിയൽ ഡാ വോൾട്ടെറായും 18-ആം നൂറ്റാണ്ടിൽ ക്ലെമന്റ് പന്ത്രണ്ടാമന്റെ കാലത്ത് പോസ്സോയും ഇപ്രകാരം അന്ത്യന്യായവിധിയെ പരിഷ്കരിച്ചിട്ടുണ്ട്. യാതനാഗ്രസ്തമായ മനുഷ്യത്വത്തിന്റെ ചിത്രമത്രേ അന്ത്യന്യായവിധി. മൈക്കൽ ആഞ്ജലോയ്ക്ക് മനുഷ്യന്റെ ഭാഗധേയങ്ങളോടുള്ള അത്യഗാധമായ അനുഭാവത്തെയാണ് ഈ ചിത്രം പ്രകാശിപ്പിക്കുന്നത് അവസാനത്തെ വിധിന്യാസി ജഡ്ജിയുടെ ജിയോണോ എന്ന വിമോചനത്തിനായുള്ള തിന്മക്ക് വേണ്ടി ഇരട്ട ഇരട്ടി പകരംവീട്ടുന്ന വിശുദ്ധ -ജോൺ, ചന്ദ്രൻ-സൂര്യൻ.

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.