അന്തരീയം
From Wikipedia, the free encyclopedia
പ്രാചീന വേദകാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അന്തരീയം. അന്തരീയം, ഉത്തരീയം, കായബന്ധം എന്നീ മൂന്നു വസ്ത്രങ്ങൾ ചേരുന്നതായിരുന്നു സാധാരണജനങ്ങളുടെ സാമാന്യവേഷം. [1] അരയ്ക്കു താഴെ ധരിക്കുന്ന മുണ്ടു പോലുള്ള ഒരു ഒറ്റവസ്ത്രമാണ് അന്തരീയം. അന്തരീയത്തെ ഉറപ്പിച്ചു നിർത്താൻ അരയ്ക്കു ചുറ്റും ബൽറ്റ് പോലെ കെട്ടുന്ന തുണിയാണ് കായബന്ധം. അരയ്ക്കു മുകളിൽ ഉടലിനെ മറയ്ക്കാൻ ധരിക്കുന്ന വസ്ത്രമാണ് ഉത്തരീയം.[2] അലങ്കാരങ്ങളിലുള്ള വ്യത്യാസം ഒഴിച്ചാൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണരീതി ഒരുപോലെയായിരുന്നു.[3]
ധരിക്കുന്ന വിധം
കാലുകൾക്കിടയിലൂടെ എടുത്ത് അന്തരീയം ധരിക്കുന്ന രീതിയെ കച്ഛാ ശൈലി എന്നറിയപ്പെടുന്നു. അന്തരീയം പല തരത്തിലാണ് പ്രാചീന കാലത്ത് ആളുകൾ ധരിച്ചിരുന്നത്. ധരിക്കുന്ന ആളുടെ സാമൂഹ്യസ്ഥിതി, പ്രായം, ലിംഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ അന്തരീയത്തിന്റെ നീളം, ധരിക്കുന്ന രീതി, അലങ്കാരങ്ങളുടെ സാന്നിധ്യം ഒക്കെ മാറിയിരുന്നു. തുടയുടെ മേൽഭാഗവും ഗുഹ്യഭാഗങ്ങളും മാത്രം മറയുന്ന രീതിയിൽ മുതൽ പാദം വരെ മറയുന്ന രീതിയിൽ വരെ അന്തരീയം ധരിച്ചിരുന്നു. സ്ത്രീകൾ ധരിക്കുന്ന അന്തരീയം ആദ്യകാലത്ത് അതാര്യമായിരുന്നെങ്കിലും പിൽക്കാലത്ത് ക്രമേണ കൂടുതൽ കൂടുതൽ സുതാര്യമായി വന്നു. സ്ത്രീകൾ അന്തരീയത്തോടൊപ്പം പട്ക എന്നൊരു അലങ്കാരവും കൂടി ധരിച്ചിരുന്നു.[4]
പിൽക്കാല ബുദ്ധമതസാമ്രാജ്യങ്ങളുടെ കാലത്തും അന്തരീയം വ്യാപക പ്രചാരത്തിലുണ്ടായിരുന്നു, അക്കാലത്ത് രാജ്ഞിമാർ പോലും അന്തരീയം ധരിച്ചിരുന്നു എന്ന് നാഗാർജ്ജുനകൊണ്ടയിൽ നിന്നു ലഭിച്ച ശില്പങ്ങൾ തെളിയിക്കുന്നു.[5]
അന്തരീയത്തെ കുറിച്ച് പല സംസ്കൃതഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്. അന്തരീയത്തിൽ നിന്നുണ്ടായിട്ടുള്ള ഒരു വസ്ത്രമാണ് ആധുനിക വസ്ത്രമായ ധോത്തി.
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.