Remove ads
From Wikipedia, the free encyclopedia
മണിക്കൂറിൽ 200ഉം അതിൽക്കൂടുതലും കിലോമീറ്റർ വേഗതയിൽ ഓടുന്ന തീവണ്ടികളെ അതിവേഗതീവണ്ടികൾ എന്നു പറയുന്നു.[1] ജപ്പാനിലെ ഷിൻകാൻസെൻ, ചൈനയിലെ സി.ആർ.എച്., ഇംഗ്ലണ്ടിലെ ക്ലാസ് 395, സ്പെയിനിലെ ഏവ് തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു.
ഇവയെ ബുള്ളറ്റ് തീവണ്ടികൾ എന്നും പറയാറുണ്ട്. ജപ്പാനിലാണ് ഇത്തരം വണ്ടികൾ ആദ്യമായി പാളത്തിലിറക്കപ്പെട്ടത്. ഈ പദ്ധതിയുടെ പ്രാരംഭകാലത്ത് ജാപ്പാൻ സർക്കാർ അതിനെ ബുള്ളറ്റ് തീവണ്ടികൾ എന്നർത്ഥം വരുന്ന ഒരു ജാപ്പനീസ് പേരിട്ട് വിളിച്ചിരുന്നു. തുടർന്ന് ആഗോളവ്യാപകമായി ബുള്ളറ്റ് തീവണ്ടി എന്ന പേർ ഉപയോഗിക്കാൻ തുടങ്ങി.
ഇന്റർനാഷണൽ യൂണിയൻ ഓഫ് റെയിൽവേയ്സിന്റെ നിബന്ധനകൾ പ്രകാരം 250 കി.മീ./മ യിൽ കൂടുതൽ വേഗത്തിലോടുന്ന വണ്ടികളോ, 200 കി.മീ./മ യിൽ കൂടുതൽ വേഗത്തിലോടാൻ പാകത്തിൽ മെച്ചപ്പെടുത്തിയ റെയിൽപ്പാതകളിൽ ആ വേഗത്തിൽ ഓടുന്ന വണ്ടികളോ ആണ് അതിവേഗതീവണ്ടികളായി കണക്കാക്കപ്പെടുന്നത്[2]
അന്താരാഷ്ട്രതലത്തിൽ ഹിറ്റാച്ചി, ആൽസ്തോം, സീമെൻസ്, ബൊംബാർഡിയർ, കാവസാക്കി തുടങ്ങിയ കമ്പനികൾ അതിവേഗതീവണ്ടികൾ വികസിപ്പിച്ചെടുത്ത് വിപണനം ചെയ്യുന്നുണ്ട്.
ജപ്പാനിലെ അതിവേഗതീവണ്ടിശൃംഖലയാണ് ഷിൻകാൻസെൻ. ഇവിടെ ഇതുവരെ പ്രാവർത്തികമായ എറ്റവും കൂടിയ വേഗം, മണിക്കൂറിൽ 320കിലോമീറ്റർ ആണ്. എന്നാൽ ഇതേ സ്ഥാപനം 1996ൽ മണിക്കൂറിൽ 446കിലോമീറ്റർ വേഗതയുള്ള വണ്ടികളും മണിക്കൂറിൽ 581 കിലോമീറ്റർ വേഗതയുള്ള മാഗ് ലെവ് വണ്ടികളും പരീക്ഷിക്കുകയുണ്ടായി.
യൂറോപ്പിൽ എറ്റവും കൂടുതൽ ദൂരം അതിവേഗതീവണ്ടികളോടുന്നത് സ്പെയിനിലാണ്. സ്പാനിഷ് അതിവേഗതീവണ്ടിശൃംഖലയെ അവരുടെ ഭാഷയിൽ ഏവ് (AVE - Alta Velocidad Espanola) എന്നു വിളിക്കുന്നു. ഏവ് എന്ന വാക്കിന് ആ ഭാഷയിൽ പക്ഷി എന്നും അർത്ഥമുണ്ട്. മണിക്കൂറിൽ 310കിലോമീറ്റർ വേഗതയിൽ 3100ഓളം കിലോമീറ്റർ നീളത്തിൽ ഇത് ഓടിക്കപ്പെടുന്നു. ഇവിടെ വേഗത താരതമ്യേന കുറഞ്ഞ തീവണ്ടികളും ഏവ് വണ്ടികളും ഒരേ പാളങ്ങൾ ഉപയോഗിക്കുന്നു.[4] മാഡ്രിഡിൽ നിന്ന് സെവില്ലിലേക്കുള്ള ഇതിന്റെ യാത്ര പരസ്യപ്പെടുത്തിയതിനേക്കാൾ അഞ്ചു മിനിട്ടിൽ കൂടുതൽ വൈകുകയാണെങ്കിൽ യാത്രക്കാർക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകാറുണ്ടത്രേ[5].
ബ്രിട്ടനിലെ അതിവേഗതീവണ്ടികളെ ക്ലാസ് 395 എന്നാണ് പൊതുവേ പറയുന്നത്. ആറു ബോഗികളുള്ള ഇവ 25 കിലോ വോൾട്ട് പ്രത്യാവർത്തിധാരാ വൈദ്യുതി (ഏ.സി)യിലും 750 വോൾട്ട് നേർധാരാ വൈദ്യുതി (ഡി.സി.)യിലും ഓടാൻ കഴിവുള്ളവയാണ്. ജപ്പാനിലെ ഹിറ്റാച്ചി കമ്പനിയാണ് നിർമാതാക്കൾ. അതിവേഗപാതകളിൽ പ്രത്യാവർത്തിധാരാ വൈദ്യുതി ഉപയോഗിച്ച് മണിക്കൂറിൽ 225കിലോമീറ്റർ വേഗതയിലും സാധാരണപാതകളിൽ നേർധാരാ വൈദ്യുതി ഉപയോഗിച്ച് മണിക്കൂറിൽ 100കിലോമീറ്റർ വേഗതയിലും ഇവ ഓടിക്കുന്നു. 2012ലെ വേനൽക്കാല ഒളിമ്പിക്സിനായി ഓടിച്ചിരുന്ന ഇത്തരം വണ്ടികൾക്ക് ഒളിമ്പിക് ജാവലിൻ ഷട്ടിലുകൾ എന്നായിരുന്നു പേർ. അതേത്തുടർന്ന് ഈ വണ്ടികളെ മൊത്തത്തിൽ ജാവലിൻ എന്നും പറയാറുണ്ട്.
ഫ്രാൻസിലും അതിവേഗതീവണ്ടികൾ പ്രചാരത്തിലായിട്ടുണ്ട്. അവയെ ടി.ജി.വി. (TGV)എന്നു പറയുന്നു. (French: Train à Grande Vitesse, high-speed train). പാരീസ് കേന്ദ്രമാക്കിയുള്ള ഈ ശൃംഖല ഫ്രാൻസിലെയും സമീപരാജ്യങ്ങളിലേയും വിവിധ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഇവിടെ ശരാശരി വേഗത മണിക്കൂറിൽ 320കിലോമീറ്റർ ആണെങ്കിലും 2007 ഏപ്രിലിൽ ഒരു പരീക്ഷണഓട്ടത്തിനിടെ ഒരു ടി.ജി.വി. തീവണ്ടി മണിക്കൂറിൽ 574.8കിലോമീറ്റർ വേഗതയിലോടി ലോക റിക്കാർഡ് നേടിയിരുന്നു. ഫ്രാൻസിൽ നിന്ന് താലിസ് ശൃംഖല എന്ന പേരിൽ സ്വിറ്റ്സെർലൻഡ്, ഇറ്റലി, ജർമനി, ബൽജിയം, നെതെർലാൻഡ് എന്നീ രാജ്യങ്ങളുമായി ടി.ജി.വി. ബന്ധങ്ങളുണ്ട്. യൂറോസ്റ്റാർ എന്ന പേരിൽ ഫ്രാൻസും ബ്രിട്ടനും ബൽജിയവുമായി മറ്റൊരു ടി.ജി.വി. ശൃംഖലയുമുണ്ട്[6].
ചൈനയിലും അതിവേഗതീവണ്ടികൾ ഓടുന്നുണ്ട്. അവയെ സി.ആർ.എച്. (C.R.H. -- Chaina railway Highspeed train) എന്നു പറയുന്നു. 2007 ഏപ്രിലിൽ തുടങ്ങിയ ഇതിന് ഇന്ന് 9300 കി.മീ. യിൽ കൂടുതൽ മൊത്തം ദൈർഘ്യമുണ്ട്. ഈ അതിവേഗതീവണ്ടിശൃംഖല ലോകത്തിലെ ഏറ്റവും വലുതാണ്. ഈ ശൃംഖലയിൽ ബീജിങ്ങിനും ഗാങ്ങ്ഷൂവിനുമിടയിൽ ഓടുന്ന (2298 കിലോമീറ്റർ) തീവണ്ടിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്നത്. സാധാരണ തീവണ്ടികൾ 22 മണിക്കൂറെടുക്കുന്ന ഈ ദൂരം അതിവേഗതീവണ്ടികൾ എട്ടുമണിക്കൂർ കൊണ്ട് ഓടിയെത്തുന്നു. ഈ പാത 2015-ഓടെ ഷെൻഷെൻ വഴി ഹോങ്ങ്കോങ്ങ് വരെ നീട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്[7].
.
ആദ്യകാലത്ത് ചൈന സീമെൻസ്, കവസാക്കി, ബൊംബാർഡിയർ തുടങ്ങിയ കമ്പനികളിൽ നിന്ന് വണ്ടികൾ ഇറക്കുമതി ചെയ്യുകയായിരുന്നു. തുടർന്ന് രാജ്യത്തിനകത്തുതന്നെ വണ്ടികൾ രൂപകല്പന ചെയ്ത് നിർമ്മിക്കാൻ തുടങ്ങി. 2011ൽ വെൻഷൂ നഗരത്തിനടുത്തുണ്ടായ ഒരു വമ്പൻ അപകടത്തെ തുടർന്ന് ചൈനയിലെ അതിവേഗതീവണ്ടിശൃംഖലയുടെ വളർച്ച മന്ദഗതിയിലായിട്ടുണ്ട്.
വൈദ്യുതി എഞ്ചിനുകൾ കൂടാതെ മാഗ്നെറ്റിക് ലെവിറ്റേഷൻ ഉപയോഗപ്പെടുത്തുന്ന അതിവേഗതീവണ്ടികളും ചൈനയിൽ ഓടുന്നുണ്ട്.[8].
ഷാങ്ഹായ് നഗരവും ഷാങ്ഹായ് അന്താരാഷ്ട്രവിമാനത്താവളവും തമ്മിൽ ബന്ധിപ്പിക്കുന്ന 30.5 കിലോമീറ്റർ പാതയിലാണ് മാഗ് ലെവ് തീവണ്ടി ഓടുന്നത്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഒരു തീവണ്ടിയൂണിറ്റാണ് ഇത്. 2004ൽ പ്രവർത്തനം തുടങ്ങിയ ഇത് 431 കിലോമീറ്റർ വേഗതയോടേ, വേഗത്തിനുള്ള തീവണ്ടികളുടെ ലോകറെക്കൊർഡ് നിലനിർത്തുന്നു. അതിന്റെ യാത്രക്ക്, അതായത് 30.5 കിലോമീറ്റർ ദൂരത്തിന്, 7.5 മിനിട്ട് മതി. ലോകത്തിലെ ആദ്യത്തെ മാഗ് ലെവ് അതിവേഗതീവണ്ടിയും ഇതാണ്.
അമേരിക്കൻ ഐക്യനാടുകളിൽ തീവണ്ടികളുടെ വേഗം ഇപ്പോഴും 170 കി.മീ./മ യിൽ കൂടുതൽ ആയിട്ടില്ല. അതുകൊണ്ട് അവയെ അതിവേഗതീവണ്ടികളുടെ കൂട്ടത്തിൽ പെടുത്താറില്ല.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.