Remove ads
From Wikipedia, the free encyclopedia
ചൈനയിലെ നാല് മഹത്തായ തലസ്ഥാനങ്ങളിൽ ഏറ്റവും പഴക്കമേറിയതും[1] സിൽക്ക് റൂട്ടിന്റെ ഉദ്ഭവസ്ഥാനവുമാണ്[2] സിയാൻ അഥവാ ചാങ്ങാൻ[2](西安, Xi'an, Sian or Chang'an). ഇന്ന് ശാൻസി പ്രവിശ്യയുടെ തലസ്ഥാനവും വടക്കുപടിഞ്ഞാറൻ ചൈനയുടെ സാംസ്കാരിക-വ്യാവസായിക-വിദ്യാഭ്യാസ കേന്ദ്രവുമാണ് സിയാൻ. 2010-ലെ കണക്കുകൾ പ്രകാരം 55,66,711 പേർ സിയാൻ നഗരത്തിലും മറ്റൊരു മുപ്പതുലക്ഷം പേർ സമീപപ്രദേശങ്ങളിലും താമസിക്കുന്നു.[3][4]
西安 എന്ന വാക്കിന്റെ അർത്ഥം "പടിഞ്ഞാറൻ സമാധാനം" എന്നാണ്. ഴൗ രാജവംശത്തിന്റെ കാലത്ത് ഈ നഗരത്തിന്റെ പടിഞ്ഞാറു പകുതിയുടെ പേര് ഫെങ് എന്നും നദിയുടെ മറുകരയിലുള്ള കിഴക്കൻ പകുതിയുടെ പേര് ഹാഓ എന്നുമായിരുന്നു.[5] ഹാൻ രാജവംശത്തിന്റെ കാലത്ത് (ബീ. സി. 206 - ക്രിസ്തുവർഷം 220) ചാങ്ങാൻ ("അക്ഷരമായ സമാധാനം") എന്നും സിജിങ്ങ് (西京, "പടിഞ്ഞാറൻ തലസ്ഥാനം") എന്നും അറിയപ്പെട്ടു. പിന്നീട് പലപ്പോഴായി ഡാക്സിയാൻ (大興), ഫെങ്-യുവാൻ (奉元), ആൻക്സി (安西), ജിങ്ഴാഓ (京兆) എന്നീ പേരുകളാൽ അറിയപ്പെട്ടു. 1369-ലാണ് സിയാൻ എന്ന പേര് ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്.
അഞ്ചുലക്ഷം വർഷം പഴക്കമുള്ള ഒരു മനുഷ്യശരീരവും, ആറായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഒരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും നഗരത്തിനടുത്തായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.[6][7][8][9][10] ബീ. സി. പതിനൊന്നാം നൂറ്റാണ്ടോടെയാണ് സിയാൻ ചൈനയുടെ ഭരണകേന്ദ്രമായത്. എന്നാൽ ബീ. സി. 770-ൽ തലസ്ഥാനം കിഴക്കുദേശത്തേക്കു നീക്കി.[11] 221-ൽ കിൻ രാജവംശം സിയാൻ കേന്ദ്രമാക്കി ഭരണം ആരംഭിച്ചു.[12] 200 ബീ. സി. യിൽ ലിയു ബാങ് ചക്രവർത്തിക്കുവേണ്ടി ലോകത്തിൽ ഇന്നേവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിലൽ വച്ച് ഏറ്റവും വലിയ കൊട്ടാരമായ വെയ്യാങ്ങ് കൊട്ടാരം (未央宮) പണിതു.[13] 4.8 ചതുരശ്രകിലോമീറ്റർ വലിപ്പമുണ്ടായിരുന്ന ഈ കൊട്ടാരം ടാംഗ് ഭരണകാലത്ത് നശിപ്പിക്കപ്പെട്ടു. ഏഴാം നൂറ്റാണ്ടിൽ ഹുയേൻ സാങ് ഇന്ത്യയിൽനിന്നും കൊണ്ടുവന്ന ഗ്രന്ഥങ്ങൾ സൂക്ഷിക്കാനും വിവർത്തനം ചെയ്യുവാനുമായി രണ്ട് പഗോഡകൾ നിർമ്മിക്കപ്പെട്ടു. 904-ൽ സിയാൻ നിവാസികൾക്ക് നഗരത്തിൽനിന്നും പലായനം ചെയ്യേണ്ടിവന്നു. 1949-ൽ കുമിന്താങ് സേനയെ തോൽപ്പിച്ച് കമ്മ്യൂണിസ്റ്റ് പട്ടാളം നഗരം പിടിച്ചെടുത്തു.[14]
ഏട്ട് നദികൾ സൃഷ്ടിച്ച ഒരു സമതലത്തിലാണ് സിയാൻ നഗരം സ്ഥിതിചെയ്യുനത്. സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 400 മീറ്റരും വാർഷിക മഴയളവ് 553 മില്ലീമീറ്റരുമാണ്. വേനൽക്കാലം നനഞ്ഞതും ചൂടുള്ളതും, ശീതകാലം വളരെ തണുത്തതുമായിരിക്കും. ശരാശരി താപനില 13.7 °C.
കാൽനട, ഇലക്ട്രിക് സൈക്കിൾ, ബസ്, കാർ[15] എന്നിവയാണ് പ്രധാന ഗതാഗത മാർഗ്ഗങ്ങൾ. ആറു പാതകളുള്ള മെട്രോയുമുണ്ട്.[16][16][17][18] ടാക്സികൾ കൂടുതലും പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്. ആറ് തീവണ്ടിനിലയങ്ങളും[19] അന്താരാഷ്ട്ര വിമാനത്താവളവും[20] ലഭ്യമാണ്.
ലാവോ സേയും കുങ് ഫൂ സൂവും രൂപം നൽകിയ ചൈനയുടെ പരമ്പരാഗത വിശ്വാസങ്ങളാണ് മിക്കവരും പിന്തുടരുന്നത്. ബുദ്ധമതവും സാധാരണമാണ്. 635-ൽ ക്രിസ്തുമതവും ഇസ്ലാമും പ്രചരിച്ചു തുടങ്ങി.[21] ഇന്ന് അൻപതിനായിരത്തോളം മുസ്ലിങ്ങൾ സിയാനിലുണ്ട്.[22]
സിയാൻ ജിയാവോടോങ് സർവകലാശാല, ചാങ്ങാൻ സർവകലാശാല, വടക്കുപടിഞ്ഞാറൻ സർവകലാശാല, വടക്കുപടിഞ്ഞാറൻ രാഷ്ട്രീയ-നിയമ സർവകലാശാല, സംഗീത സർവകലാശാല തുടങ്ങി നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഈ നഗരത്തിലുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.