From Wikipedia, the free encyclopedia
ഫോസിൽ ഡയാറ്റ നിക്ഷേപങ്ങൾ വഴി രൂപമെടുക്കുന്ന അവസാദ ശിലാസമൂഹത്തെ ഡയാറ്റമേഷ്യസ് എർത്ത്. ക്വിസെൽഗുർ (Kieselguhr) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സമുദ്രജലത്തിലും ശുദ്ധജലതടാകങ്ങളിലും ചതുപ്പുനിലങ്ങളിലും ഇവ രൂപമെടുക്കാറുണ്ട്. ഡയാറ്റങ്ങളുടെ കോശങ്ങൾ അഴുകി നശിക്കുമ്പോൾ സിലിക്കാമയമായ കോശഭിത്തിക്കു മാറ്റം സംഭവിക്കുന്നില്ല. ഇവ ജീവിക്കുന്ന ജലാശയത്തിന്റെ അടിത്തട്ടിൽത്തന്നെ നിക്ഷേപിക്കപ്പെടുകയാണ് പതിവ്. ഇത്തരത്തിൽ അനുകൂലമായ പരിസ്ഥിതിയിൽ തുടർച്ചയായി അടിഞ്ഞുകൂടുമ്പോൾ കനം വർധിക്കാനിടയാകുന്നു. ഇങ്ങനെയാണ് ഡയാറ്റമേഷ്യസ് എർത്ത് രൂപം കൊള്ളുന്നത്.
ഭൂമിയിൽ പലയിടങ്ങളിലും ഇത്തരം നിക്ഷേപങ്ങൾ കണ്ടു വരുന്നു. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഇത്തരം നിക്ഷേപങ്ങളുണ്ട്. സമുദ്ര പരിതഃസ്ഥിതിയിൽ രൂപമെടുക്കുന്ന ഡയാറ്റമേഷ്യസ് എർത്ത് ഡയാറ്റൊമൈറ്റ് എന്ന പേരിലറിയപ്പെടുന്നു. മുൻകാലങ്ങളിൽ പ്ലവക ഡയാറ്റമുകളുണ്ടായിരുന്ന ശുദ്ധജല തടാകങ്ങളിലാണ് ഇത്തരം നിക്ഷേപങ്ങളധികവുമുള്ളത്. സമുദ്രജല സ്പീഷീസിൽ നിന്നുണ്ടാകുന്ന നിക്ഷേപങ്ങളെക്കാൾ കനം കുറഞ്ഞവയാണ് ശുദ്ധജല സ്പീഷീസിൽ നിന്നുണ്ടാകുന്ന നിക്ഷേപങ്ങൾ. സമുദ്രജല സ്പീഷീസിൽ നിന്നുണ്ടാകുന്ന നിക്ഷേപങ്ങൾ ജിയോളജീയ മാറ്റം മൂലം കരയിലേക്കു ഉയർത്തപ്പെടാറുണ്ട്.
ഇതു വരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡയാറ്റമേഷ്യസ് എർത്ത് കാലിഫോർണിയയിലെ സാന്താമരിയാ എണ്ണപ്പാടങ്ങളിലുള്ളതാണ്. ഈ പ്രദേശത്ത് 915 മീ. വരെ കനമുള്ള അന്തർഭൗമനിക്ഷേപങ്ങളുണ്ടെന്ന് ഇവിടങ്ങളിൽ കുഴിക്കുന്ന എണ്ണക്കിണറുകൾ സാക്ഷ്യം നൽകുന്നു. കാലിഫോർണിയയിലെതന്നെ ലോംപോക്കിലാണ് ഏറ്റവും വലിയ ഉപരിതല നിക്ഷേപവും കാണപ്പെട്ടിട്ടുള്ളത്. 245 മീറ്ററിലധികം കനമുള്ള ഡയാറ്റമയമണ്ണ് കിലോമീറ്ററുകളോളം നീളത്തിൽ ഇവിടെ കാണപ്പെടുന്നുണ്ട്.
ഡയാറ്റമയമണ്ണ് വളരെ വാണിജ്യ പ്രാധാന്യമുള്ളതാണ്. സിൽവർ പോളിഷുകളും, ടൂത്ത് പേസ്റ്റുകളും, പെയിന്റുകളും, പ്ലാസ്റ്റിക്കുകളും ഉണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ ഡൈനാമൈറ്റ് നിർമ്മാണത്തിനും ഇത് ഉപയോഗിച്ചിരുന്നു. പഞ്ചസാര ശുദ്ധീകരണശാലകളിൽ ശുദ്ധീകരണത്തിനായും ബോയിലറുകളിലും ബ്ലാസ്റ്റു ഫർണസുകളിലും മറ്റും ഇൻസുലേഷനുകൾക്കും ഉപയോഗിക്കുന്നത് ഡയാറ്റമയമണ്ണാണ്. ചുട്ടു പഴുക്കുന്ന ചൂടിൽ പോലും നശിച്ചു പോവാത്തതിനാൽ ഇത് ഫലപ്രദമായ ഒരു താപരോധിയാണ്. മാത്രമല്ല ദ്രാവകങ്ങൾ അരിക്കുന്നതിനും ഇത് ഉപയോഗപ്പെടുത്താറുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയാറ്റമേഷ്യസ് എർത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.